താൾ:ഉമാകേരളം.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരുവിൻ; തലപൊക്കിയൊക്കെ നോക്കാം;
വിരുതുള്ളോൻ വിധി; വിഷ്ടപം വിചിത്രം!       82

മലതൻ മകൾ മാലയിട്ട ദേവൻ
തലയിൽത്താങ്ങിടുമെന്റെ തമ്പുരാനെ!
പലനാളുകളിക്കിടാങ്ങളഞ്ചും
മലയാളത്തിനു മന്നരായിടട്ടെ.       83

ലയമറ്റൊരു രാജഭാ,സ്സനന്താ-
ലയവാസം, കൽ, വെണ്മ തൊട്ടതെല്ലാം
നിയമേന നിനക്കു മാത്രമല്ലി-
ജ്ജയമാളും തിരുമേനിമാർക്കുമില്ലേ?       84

മതിയായ നിനക്കു കൈയെടുക്കാം,
മതി ഞാണിൽക്കളി, താഴെ വന്നുചേർന്നാൽ
മതിശാലികൾ കൊച്ചുതമ്പുരാന്മാർ
മതിയാകുംപടി വേണ്ടതൊക്കെ നൽകും.       85

പകവിട്ടവരൊത്തു കേളിചെയ്താ-
ലകലും നിന്റെ കളങ്കമാകമാനം;
ശകലം ത്രപ വേണ്ട, തിങ്കളേ! വാ;
സകലം സത്സഹവാസസാദ്ധ്യമല്ലോ."       86

ഞൊടികൊണ്ടിതുമട്ടുരച്ചവർക്ക-
ക്കുടിലൻ പ്രത്യയപാത്രമായ് ഭവിച്ചു;
പൊടിയിട്ടു മയക്കിടുന്ന നാവി-
ന്നടിമപ്പെട്ടിടുമൂഴിയിങ്കലാരും.       87

ചതിയൻ ബത! വീണ്ടുമോതി: "നമ്മൾ-
ക്കിതിലും നല്ലൊരിടത്തിലേക്കു പോകാം;
ക്ഷിതി ചാർത്തിന പട്ടുപോലെ മിന്നും
മതി വർഷിപ്പൊരു പൂനിലാവിൽ മുങ്ങാം.       88

അരനാഴിക ദൂരമില്ല; ചെന്നാൽ-
ക്കരതിങ്ങിക്കവിയുന്ന വെള്ളമോടും
പരമുണ്ടൊരു രമ്യമാം തടാകം
ധരണിപ്പെണ്ണിനു ദർപ്പണംകണക്കെ.       89

അടിയന്റെ പഴങ്കിടാങ്ങൾ തൃക്കാൽ-
പ്പൊടിയെന്നും തലമേലണിഞ്ഞിടേണ്ടോർ
മടിയാതെയകമ്പടിക്കുകൂടി-
പ്പൊടിപാറ്റും വെടി; വേണ്ട കുത്തടിക്കും.       90

മലർ, പാ,ലവിൽ, സേവ, വത്സ,നപ്പം
പലമട്ടിൽപ്പഴമെന്നിതൊക്കെ മേണ്മേൽ
നിലവിട്ടിവിടത്തിലുണ്ടു, നാവിൽ-
ജ്ജലമൊന്നോർക്കുകിലൂറിടും വിധത്തിൽ.       91

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/76&oldid=172926" എന്ന താളിൽനിന്ന് ശേഖരിച്ചത്