താൾ:ഉമാകേരളം.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരും വിതർക്കമിയലുന്നൊരവന്റെ പുണ്യ-
ചാരുത്വമാർന്ന തനു കണ്ടു തെളിഞ്ഞു തമ്പാൻ
ചേരുന്ന മൈത്രിയൊടു തന്നുടെ പേരുമെന്ന-
ല്ലൂരും കഴിഞ്ഞ കഥയും മുഴുവൻ കഥിച്ചു       122

ആജാനപാവനനപാരകൃപാസരസ്വാ-
നാജാനുബാഹുയുഗനത്ഭുതചാരുവൃത്തൻ
രാജാർച്ചിതാംഘ്രി മുനിയും നിജമാം ചരിത്രം
പൂജാർഹനാം സചിവനോടുരചെയ്തു സർവം       123

വൈകല്യമറ്റിരുവരും ദൃഢസഖ്യമൊന്നു
പാകത്തിലന്നവിടെവച്ചു മുറയ്ക്കു ചെയ്തു
ശോകം ശമിപ്പതിനു പണ്ടൊരു കാലമൃശ്യ-
മൂകത്തിൽവച്ചിനജരാഘവരെന്നപോലെ       124

ധീയിൽപ്പെരുത്തുയരെനിൽക്കുമമാത്യനൊട്ട-
സ്സായിപ്പുമായ് സുദൃഢമൈത്രി ലഭിച്ചനേരം
ഹ്രീയിൽപ്പരുങ്ങി വലയാതെയരാതി ഹാനി -
ക്കായിപ്പതുക്കെയവനൊത്തവിടം വെടിഞ്ഞു       125

മൂന്നാം സർഗ്ഗം സമാപ്തം


നാലാം സർഗ്ഗം

അന്നിമ്മട്ടാമന്ത്രിപോകെ പ്രമോദം
കുന്നിക്കും ഹൃത്താർന്നമാവാസ്യരാവിൽ
ഒന്നിച്ചഷ്ടാഗാരർ ചേർന്നാർ, ശ്മശാനം-
തന്നിൽ ഭൂതശ്രേണിപോൽ, ഗോഷ്ഠിയിങ്കൽ       1

ആരാവിങ്കൽക്കൊണ്ടൽതൻ പങ്‌ക്തി വാനും
സ്ഫാരാടോപം ഫേരവശ്രേണി പാരും
ആരാവത്താൽ പൂർണ്ണമാക്കിച്ചമച്ചു
പാരാവാരം വൻതരംഗവ്രജംപോൽ       2

വൻദർപ്പത്താലിന്ദുഹര്യക്ഷഭീവി-
ട്ടുന്നമ്രധ്വാന്തേഭയൂഥം ചരിച്ചു
കന്ദർപ്പച്ചൂടേറ്റ വേശ്യാഗണംപോൽ
മിന്നൽക്കൂട്ടം പാഞ്ഞു തെക്കും വടക്കും നടക്കും       3

ആരാവിൻ വീടെത്തുവാൻ ധ്വാന്തഭീയാൽ
താരാനാഥൻ റാന്തൽ കത്തിച്ചിടുമ്പോൾ
ആരാൽക്കാറ്റിൽക്കെട്ട തീക്കോലിനേറ്റം
നേരായ്ക്കൂടെക്കൂടെ വിദ്യുത്തു മിന്നി       4

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/37&oldid=205782" എന്ന താളിൽനിന്ന് ശേഖരിച്ചത്