താൾ:ഉമാകേരളം.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമസ്സിനാൽത്തന്റെ സഗർഭ്യനാകുമാ-
ക്കുമർത്ത്യനീയൂഴി വെടിഞ്ഞുപോകയാൽ
അമന്ദമാം ശോകമുയർന്നമൂലമോ
ശ്രമം നിശയ്ക്കേറി പിരിഞ്ഞു മാറുവാൻ?        80

ക്രമാദ്വിയത്തോളമുയർന്ന വഹ്നിതൻ
ഹിമാംശുജാലത്തെയുമാവിയാക്കുകിൽ
അമാന്തമാമെന്നു നിനയ്ക്കമൂലമോ
വിമാന്യമന്യത്ര മറഞ്ഞുപോയ് വിധു?        81

പെരുത്തു രാജാവിനനർത്ഥസഞ്ചയം
വരുത്തിടും കാഴ്ചകൾ കണ്ടു നിൽക്കുവാൻ
കരുത്തുവിട്ടോ ദിവി വന്നതില്ല നൽ-
ഗ്ഗുരുത്വമുള്ളോരുഡുരാജി രാത്രിയിൽ?        82

കടന്നു സൗധത്തിലിരുട്ടിലക്രമം
തുടർന്ന കള്ളശ്ശിഖിയെപ്പിടിക്കുവാൻ
സ്ഫുടം നിനച്ചോ ഹൃദി പൗരരെത്തിനാർ
പടർന്ന കോപത്തൊടു നാലുഭാഗവും?        83

പഴിക്കുവോർക്കും തുണചെയ്തു ജീവിതം
കഴിക്കുവോർ സത്തുകളെന്നു കാട്ടിയോ,
വഴിക്കിരുട്ടിൽ പ്രജകൾക്കു ഹേതിയാൽ
മിഴിക്കു നൽക്കാഴ്ചയണച്ചു പാവകൻ?        84

വിഷപ്പടിക്കുൾപ്പനിയേറി നിർഭരം
വിഷണ്ണരാം കാണികൾതൻ ഭയത്തൊടും
ഉഷർബുധൻ കിഞ്ചനകെട്ടമർന്നവാ-
റുഷസ്സു ഭുരംഗമലങ്കരിച്ചുതേ.        85

മലർന്നു നന്മിത്രസമാഗമോത്സവം
കലർന്നനേരം ഹരിദിങ്മുഖാംബുജം;
വിലങ്ങുവെട്ടീടിന ബന്ദിപങ്‌ക്തിപോൽ
ചലൽപതത്രം ദിവി പാഞ്ഞു പക്ഷികൾ.        86

ജനിച്ച വന്മാലൊടിരുട്ടറയ്ക്കകം
തനിച്ചു മേവും സചിവാഗ്ര്യനേകനെ
അനിച്ഛയാൽ തീണ്ടിയതില്ല ഭാസ്കരൻ
സനിശ്ചയം പഞ്ചമനെ ദ്വിജാതിപോൽ.        87

അനന്തരം രാജസദസ്സിൽ മന്ത്രി മാർ-
ക്കനർഘരത്നത്തിനെയാനയിക്കുവാൻ
അനൽപരോഷം നൃപനോതി; തോന്നുകി-
ല്ലനർത്ഥകാലങ്ങളിൽ വേണ്ടതാർക്കുമേ.        88

തരത്തിലല്പം വിഷമോ കൃപാണമോ
കരത്തിലില്ലാഞ്ഞു വലഞ്ഞൊരപ്പുമാൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/22&oldid=204483" എന്ന താളിൽനിന്ന് ശേഖരിച്ചത്