തളിത്തൊത്തുകൾ/നീ മൗനം ഭജിച്ചാലോ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നീ മൌനം ഭജിച്ചാലോ

വിസ്തൃതം കാലത്തിന്റെ ഹൃദയം, കവേ, തെല്ലും
വിഹ്വാനാകായ്ക നീയിന്നത്തെക്കൊടുങ്കാറ്റിൽ.
നിൻ നാമം ലോകാഹ്ലാദത്തൈമുല്ലത്തലപ്പിന്മേൽ
നിന്നുകൊള്ളട്ടെ മുഗ്ദ്ധകോരകമായിത്തന്നെ.
അറിയേണ്ടതിൽത്തിങ്ങും സൌരഭത്തിനെപ്പറ്റി-
ക്കരിതേക്കുവാൻ മാത്രം കഴിയും നിശീഥങ്ങൾ
നിൻ നിഴൽച്ചിലന്തിനൂൽക്കെട്ടു നീങ്ങിയാലാദ്യം
നിർമ്മലനീഹാരാഭമഴവിൽപ്പൊടി വീശി,
ഇതളോരോന്നായ് മെല്ലെ വിടർത്തും-മൃദുമന്ദ-
സ്മിതധാരയിലതുപൊതിയും പ്രപഞ്ചത്തെ.
അന്നതിൻ സൌരഭ്യത്തിലലിയും നവലോക-
സ്പന്ദനം-ശതാബ്ദങ്ങൾ മുരളും ചുറ്റും ചുറ്റി.
ആ വാടാമലർ ചൂണ്ടിക്കാണിച്ചു ചൊല്ലും കാലം;
"ആവസിച്ചു നീയെന്നിലജ്ഞാതാനായി
ഇന്നു നിൻ മൂടുപടം നീക്കി ഞാ, നിനി നിന്റെ
മന്ദഹാസത്തിൻ നേർക്കു കൂപ്പുകൈയുയർന്നോളും...."
മീട്ടുക കവേ, വീണ്ടും നിൻ മണിവീണക്കമ്പി
മീട്ടുക, നൈരാശ്യത്തിൽ നീ മൌനം ഭജിച്ചാലോ!....

                        -22-8-1936