കേരളോല്പത്തി/തമ്പുരാക്കന്മാരുടെ കാലം/മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളോല്പത്തി
മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ
കേരളോല്പത്തി

[ 111 ]

൪. മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ.


൧. പിന്നെ ഏറനാടും പെരിമ്പടപ്പും തമ്മിൽ പണ്ടു പടയുണ്ടല്ലൊ എന്നാൽ പെരിമ്പടപ്പു സ്വരൂപത്തിൽ ചേകവരായിട്ടു വളരെ ആൾ ഉണ്ടു. ൫൨ [ 112 ] കാതം ൧൮ മാടമ്പികൾ, ൪൨ കാര്യയ്യക്കാരും അതിൽ ബാല്യത്തച്ചൻ മുമ്പൻ.

പറവൂർ എന്ന കോവിലും മാടത്തിങ്കൽ കോവിലും കൊച്ചിയിൽ ഇളയ കോവിലും അങ്ങിനെ ഇരിക്കും കാലത്ത് കൊച്ചിയിൽ നടുമുറ്റത്ത് ഒരു ചെറു നാരകം ഉണ്ടു, നാരങ്ങ കാച്ച് മൂത്താൽ ഇളയതാവഴിയും ആളുകളും കൂടിവന്നു പറിച്ചു കൊണ്ട് പോയ്ക്കളയും. അക്കാലം രേവതി പട്ടദാനം കഴിഞ്ഞ ഒരു പട്ടത്തിരി അവിടേക്കു എഴുന്നെള്ളി, രേവതി പട്ടദാനത്തിന്റെ ഊട്ടും സംഭാരവും ചോദിച്ചു, മൂത്ത താവഴിയിന്നു ഊട്ടും സംഭാരങ്ങളും പറഞ്ഞു നാരങ്ങക്കറിയുടെ യോഗങ്ങളും കേൾപിച്ചു "ഈ ചെറുനാരങ്ങ മൂപ്പിച്ചു എനിക്കു തരേണം" എന്നരുളിച്ചെയ്തു ഭട്ടത്തിരി, നാരങ്ങ മൂത്താൽ ഇളയതാവഴിയും ആളുകളും കൂട വന്നു പറിച്ചു പോയിക്കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളിച്ചെയ്തു ഭട്ടത്തിരി, "താമൂതിരിയുടെ ആളെ പാർപ്പിച്ചാൽ നാരങ്ങ മൂത്തു കിട്ടും എന്നൽ ഒരാളെ കൂട പാർപ്പിച്ചു പോകേണം" എന്നരുളിച്ചെയ്തു മൂത്തതാവഴിയിന്നു എന്നാറെ തന്റെ വാല്യക്കാരനെ കൂടി നൃത്തി "വെട്ടിക്കൊന്നുപോയാൽ ചോദ്യം എന്ത്" എന്നു അവൻ ചോദിച്ചു. "വെട്ടിക്കൊന്നു പോയാൽ താമൂതിരിയെ കൊണ്ടു കൊച്ചിക്കോട്ടയുടെ ഓടു ചവിട്ടിച്ചേക്കുന്നുണ്ടു എന്നു ഭട്ടത്തിരി അരുളിച്ചെയ്തു അവനെ പാർപ്പിച്ചു എഴുന്നെള്ളി. എന്നാറെ നാരങ്ങ മൂക്കുകയും ചെയ്തു. ഇളയ താവഴിയും ആളുകളും വന്നു നാരങ്ങ പറിപ്പന്തുടങ്ങിയപ്പോൾ "നാരങ്ങ പറിക്കരുത്" എന്നവൻ പറഞ്ഞു അതു കേളാതെ [ 113 ] നാരങ്ങ പറിച്ചു തുടങ്ങി, എന്നാറെ നൊമ്പടെ തമ്പുരാന്റെ തൃക്കാലനെ ഇട്ടു ആണ കേളാതെ നാരങ്ങ പറിച്ചു; എന്നാറെ, പറിച്ചവന്റെ കൈയും വെട്ടി അവനെയും കൊന്നു. അതു കേട്ട ഭട്ടത്തിരി കൊച്ചിയിൽ എഴുന്നെള്ളി ൩ ഓട് എടുത്തു തന്നുടെ ഇല്ലത്തെ വന്നു വീരാളിപ്പട്ടിൽ പൊതിഞ്ഞു താമൂതിരികോവിലകത്ത് എഴുന്നെള്ളി നൊമ്പടെ തമ്പുരാൻ തിരുമുൽകാഴ്ച വെച്ചു "ഇത് എന്ത്" എന്ന് അരുളിച്ചെയ്തു തമ്പുരാൻ "ബ്രാഹ്മണർക്ക് സത്യം പറകയാവു അസത്യം പറയരുത് താമൂതിരിയുടെ ആളെ കൊച്ചിക്കോട്ടയിന്നു കൊച്ചിയിൽ ഇളയവതാഴിയും ആളുകളും കൂടി വെട്ടിക്കൊന്നു അതിന്നു കൊച്ചിക്കോട്ടയുടെ ഓടാകുന്നിതു: തൃക്കാലടി എടുത്തു ചവിട്ടിക്കളകേ വേണ്ടു" എന്നു ഭട്ടത്തിരി ഉണർത്തിച്ചു നൊമ്പടെ തമ്പുരാൻ തൃക്കൺ ചുവന്നു തിരുമേനി വിയർത്തു തിരുവിൽ ചിറക്കലേക്കു എഴുന്നെള്ളി, ൩0000ത്തിനും ൧0000ത്തിന്നും പയ്യനാട്ടു ലോകർക്കും തിരുവെഴുത്ത് എഴുതി വരുത്തി, ലോകർക്കു ചിലവിന്നും വെച്ചു. അച്ചനും ഇളയതും ഉണ്ടയും മരുന്നു കെട്ടിച്ചു, കൊച്ചിക്കോട്ടെക്കു നേരെ കൂട്ടി കോട്ടയും തച്ചു തകർത്തു പോന്നിരിക്കുന്നു എന്നു മുമ്പിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു.

൨ തേക്ക് വേണാട്ടടികളോടു കൂടി ജയിച്ചു കപ്പം വാങ്ങി ചേർത്തിരിക്കും കാലം എന്നെക്കും മാറിവരാതെ ഇരിപ്പാൻ കാഴ്ചയായി മഹാ മകത്തിന്നു ഒരു കൊടിയും കൊടുത്തു വിട്ടു. ആ കൊടി വേണാറ്റിൻ കൊടി എന്നു പറയുന്ന ഞായം. പിന്നെ ചെങ്ങന്നിയൂർമതിലകത്തുള്ളിൽ കോയ്മയും കൊടുത്തു, ആസ്ഥാന [ 114 ] ത്തേക്ക് തിരുമനച്ചേരി നമ്പൂതിരിപ്പാട്ടിന്നു മാനുഷ്യമായി ഇന്നും നടക്കുന്നു.

വേണാടടികളുടെ കൂലിച്ചേകക്കാരിൽ ഒരുത്തൻ കന്നെറ്റിക്കടവിൽ നിന്നു ഒരു ബ്രാഹ്മണനെ കുളിയും ഊക്കയും മുടക്കി (മുട്ടിച്ചു) തടുത്തു പാർപ്പിച്ചിരിക്കുന്നു. അന്നു മൂന്നാം കൂറായ (പാടായ) തമ്പുരാൻ യഥായോഗം അവിടെക്കെഴുന്നെള്ളി, അവനെയും വെട്ടിക്കൊന്നു ബ്രാഹ്മണന്റെ കുളിയും ഊക്കയും കഴിപ്പിച്ചു എഴുന്നെള്ളി ഇരിക്കുന്നു. അതിന്നു വേണാടടികൾ പരിഭവിച്ചു പുരുഷാരത്തെ കല്പിച്ചു "ചേറ്റുവായിൽ തെക്കോട്ട് നൊമ്പടെ തമ്പുരാന്റെ മേൽകോയ്മ സ്ഥാനം നടക്കരുത്" എന്നു കല്പിച്ചു അക്കാലം നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യോഗം തികച്ചു ചേറ്റുവായി കടന്നു കാഞ്ഞൂർ പുഴ കടന്നു വെപ്പിയൂടെ കൊച്ചി അഴി കടന്നു കൊച്ചിയിൽ കൂട പുറപ്പെട്ടു, ചിരങ്ങനാട്ടു കരപ്പുരത്തു കൂടി പയറ്റുക്കാട്ടു പാലം കടന്നു ആലപ്പുഴെക്ക് പുറപ്പെട്ടു തൃക്കുന്നത്തു പുഴെക്ക് കൂടി കാർത്തികപ്പള്ളി കടന്നു ഉടയനാട്ടു കരക്ക് എഴുന്നെള്ളുമ്പോൾ, വേണാടടികളും വന്നു നൊമ്പടെത് തൃക്കാൽക്കൽ അഭയം ചൊല്ലി, നൊമ്പടെത അഴിഞ്ഞ അർത്ഥവും വടക്കോട്ട് തിരിച്ചു വെച്ചു, കാളം തോക്കും പിഴ പോക്കുവാനായിട്ട് ആനയും ഇരുത്തി. അന്നു ദിഗ്ജയം കൊണ്ടു വീരമദ്ദളം അടിപ്പിച്ച് ആനക്കഴുത്തിൽ ഏറി, വടക്കോട്ട് എഴുന്നെള്ളി തിരുവനന്തപുരത്തു ഭഗവാനു വായിത്തരം (വൈചിന്ത്ര്യം, ഉത്തരം) കെട്ടിയ ദേശങ്ങളും കല്പിച്ചു, മഹാരാജാവും കുന്ദല കൊനാതിരി എന്നു കേട്ടിരിക്കുന്നു. കൊല്ലം ൮0൨ കുംഭഞ്ഞാ [ 115 ] യറു ൩o തിയ്യതി ബുധനാഴ്ച തൃക്കാവിൽ കോവിലകത്ത് നിന്നു തിരുമുടിപ്പട്ടം കെട്ടിതിരുനാടു വാണു ൪000 പ്രഭുക്കന്മാരും ചെകിച്ചു.

൩. ശേഷം കോലത്തിരിയോട് കൂടി ജയിപ്പാൻ പടകൂടിയപ്പോൾ, നൊമ്പടെ തമ്പുരാന്റെ തിരുനെറ്റിക്ക് നേരെ ൩൫൨000 പ്രഭു കോലത്തിരിയും കല്പിച്ചിട്ടില്ല; അക്കാലം പെരിഞ്ചല്ലൂർ ഗ്രാമക്കാരെ മുന്നിർത്തി തളിപ്പറമ്പത്ത് മതിലകത്തു കോലത്തിരികോയ്മയും കല്പിച്ചു കൊടുത്തു, മഹാരാജാവു. അവിടെ ഇന്നും പന്നിയൂർ കൂറായി നടക്കുന്നു. തളിപ്പറമ്പത്തപ്പൻ എന്നു വെരുന്തൃക്കോലപ്പന്നു വഴക്കം ചെയ്തു, അവന്റെ അംശം നടത്തി സ്ഥാനങ്ങളും കല്പിച്ചു കുന്നല കോനാതിരി.

കോലത്തിരി തമ്പുരാൻ വളർഭട്ടത്തു കോട്ടയിൽ മുപ്പത്തൈവർ പരദേവതമാരെ പരിപാലിച്ചു,൫0000 നായരെയും തല തികച്ചു ഒരു കോല്ക്കടക്കി, അവരെ കൊണ്ടു ഒരൊരൊ വകഭേദങ്ങളും തിരിച്ചു, അകത്തു ചാർന്നവർക്കും പുറത്തു ചാർന്നവർക്കും അടുക്കും ആചാരവും ഒരു പോലെ കല്പിച്ചു. തെക്കുംകൂറ്റിൽ മുരിക്കഞ്ചേരിക്കാരിഷത്തിന്നു മുമ്പെന്നല്ലൊ കല്പിച്ചുതു, മുണ്ടയോടൻ കാരിഷത്തിന്നു പിമ്പെന്നും കല്പിച്ചു, ൪ ഇല്ലത്തിലും ചെങ്ങുനി മുരിക്കഞ്ചേരി അകത്തു അതിൽ ചെങ്ങുനിക്ക് പിമ്പു, ചോമടവൻ മുണ്ടയോടൻ പുറത്ത് അതിൽ ചോമടവന്നു പിമ്പു. ഇന്നാൽ ഇല്ലത്തിന്നും കൂടി ഒരാചാരം തെക്കുംകൂറ്റിൽ കാരിഷം എന്നും അതിൽ ചെങ്ങുനിക്കും മുരിക്കഞ്ചേരിക്കും മുമ്പും കൈയും എന്നും ചൊമടവന്നു പിമ്പും കല്പനയും [ 116 ] എന്നും കല്പിച്ചു. മാടായിക്കോട്ടയിൽ ശിക്ഷാരക്ഷ നടത്തുവാൻ വടക്കും കൂറ്റിൽ കാരിഷവും അതിന്നു ചേണിച്ചേരിക്ക് വായും കൈയും മുമ്പും കല്പനയും അവകാശവും മാവില ഇല്ലത്തിന്നും കൂട ഒരാചാരവും കല്പിച്ചു കൊടുത്തു. തെക്കുന്നു വരുന്ന മാററാനെ തടുപ്പാനായിട്ടു കുന്നിവാകക്കോയിലകത്തു ഇരയ വർമ്മനെ തെക്കിളങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, മുക്കാതം നാടും കൊടുത്തു. കാഞ്ഞിരോട്ടഴി സമീപത്തു വിജയങ്കൊല്ലത്തു കോട്ടയിൽ കേളവർമ്മനെ വടക്കിളങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, കുടയനാടും ഐയർ പരദേവതമാരെയും കൊടുത്തു, ഇരുവരും രണ്ട് എതിർത്തലയും രക്ഷിച്ചു വന്നതിന്റെ ശേഷം, കരുവള്ളൂർ കോവിലകത്തു രാമവർമ്മനെ നാലാം കൂർത്തമ്പുരാൻ എന്നു കല്പിച്ചു സമീപത്തിരുത്തുകയും ചെയ്തു. ഏഴിമലയുടെ മുകളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴൊത്ത കോയിലകത്തിരുത്തി വസ്തുവും വേറെ തിരിച്ചു കൊടുത്തു താൻ കരിപ്പത്തു കോയിലകത്ത് എഴുന്നെള്ളുകയും ചെയ്തു. അനന്തരം ൧൮ ദ്വീപും അടക്കുവാന്തക്കവണ്ണം ഒരു ചോനകനെ കല്പിച്ചു, ദ്വീപിങ്കൽ ഒരു പട്ടവും കെട്ടി, ദ്വീപുരാജാവെന്നു കല്പിച്ചു. ൧൮ ദ്വീപടക്കി ൧൮ooo പണം കാലത്താൽ വളർഭട്ടത്ത് കോട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം കല്പിച്ചയക്കയും ചെയ്തു ഉദയവർമ്മൻ എന്ന കോലത്തിരി തമ്പുരാൻ.

നെടിയിരിപ്പുസ്വരൂപത്തിങ്കൽനിന്നു ഒരു രാജസ്ത്രീയെ കണ്ടു മോഹിച്ചു, ആരും ഗ്രഹിയാതെ രാത്രിയിൽ കൊണ്ടുപോയി കോലത്തിരി തമ്പുരാൻ ഭാർയ്യയായിവെച്ചുകൊണ്ടിരുന്നു. "ആ സ്ത്രീയെ അങ്ങൊട്ട് [ 117 ] തന്നെ അയച്ചുകളയാം എന്നുവെച്ചാൽ നേടിയിരിപ്പു തമ്പുരാക്കന്മാർ സമ്മതിക്കുകയില്ല" എന്നു വെച്ചു മക്കസ്ഥാനത്തിന്നു നീലേശ്വരം മുക്കാതം നാടും ൩000 നായരേയും കല്പിച്ചു കൊടുത്തു. ആയതത്രെ നീലേശ്വര രാജവംശം ആകുന്നതും. ഇന്നും നീലേശ്വരത്തു രാജാക്കന്മാരും നെടിയിരിപ്പു രാജാക്കന്മാരും തമ്മിൽ ചത്താലും പെറ്റാലും പുല ഉണ്ടു.