കേരളപാണിനീയം/ധാത്വാധികാരം/നിഷേധപ്രകരണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കേരളപാണിനീയം |
|---|
|
|
വിധി എന്നും നിഷേധം എന്നും വാക്യഗതി രണ്ടുവിധമാണെന്നു് ഇതിനു മുന്‍പുതന്നെ പ്രസംഗവശാല്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സംസ്കൃതം മുതലായ ആര്യഭാഷകള്‍ അഭാവാര്‍ത്ഥകമായ നിപാതംകൊണ്ടു് വിധി വാക്യക്രിയാപദത്തെ വിശേഷിപ്പിച്ചു് നിഷേധാര്‍ത്ഥം ഉളവാക്കുന്നു. ദ്രാവിഡങ്ങളില്‍ നിഷേധാര്‍ത്ഥം, അതിലേക്കു പ്രതേ്യകം ഉള്ള ചില രൂപഭേദങ്ങള്‍കൊണ്ടു സാധിക്കേണ്ടിയിരിക്കുന്നു.
സംസ്കൃതം
മലയാളം
വിധി നിഷേധം വിധി നിഷേധം
കരോതി ന കരോതി ചെയ്യുന്നു ചെയ്യായുന്നു, ചെയ്യുന്നില്ല. അകാര്‍ഷിതു് നാകാര്‍ഷിതു് ചെയ്തു ചെയ്യാഞ്ഞു, ചെയ്തില്ല. കരിഷ്യതി ന കര്‍ഷ്യതി ചെയ്യും ചെയ്യാ, ചെയ്യുവില്ല, ചെയ്കയില്ല, ചെയ്യില്ല. കരോതു ന കരോതു
ചെയ്യട്ടെ ചെയ്യാതിരിക്കട്ടെ, ചെയ്തുകൂടാ. ചെയ്യാം ചെയ്യാതിരിക്കാം, ചെയ്യരുതു്. കുര്യാതു് ന കുര്യാതു് ചെയ്യണം ചെയ്യേണ്ട. കൃത്വാ ന കൃത്വാ ചെയ്തു് ചെയ്യാതെ. കര്‍ത്തും ന കര്‍ത്തും ചെയ്യാന്‍ ചെയ്യായ്വാന്‍ - - ചെയ്ക ചെയ്യായ്ക - - ചെയ്കില്‍ ചെയ്യായ്കില്‍ കുര്‍വതു് അകുര്‍വതു് ചെയ്യുന്ന ചെയ്യായുന്ന കൃത അകൃത ചെയ്ത ചെയ്യാഞ്ഞ കരിഷ്യതു് അകരിഷ്യതു് ചെയ്യും ചെയ്യാ കരണം അകരണം ചെയ്യല്‍ ചെയ്യായല്‍
മേല്‍ക്കാണിച്ച പട്ടികയില്‍ സംസ്കൃതത്തെയും മലയാളത്തെയും വിധിനിഷേധങ്ങളെ ഉളവാക്കുന്ന വിഷയത്തില്‍ താരമ്യപ്പെടുത്തിയിരിക്കുന്നു. സംസ്കൃതത്തില്‍ ഏതു രൂപമായാലും ന എന്ന നിപാതത്തിന്റെ യോഗംകൊണ്ടു വിധി നിഷേധമാകും; സമാസമുള്ളിടത്തു മാത്രം ന എന്നല്ല, അ എന്നാണു് നിഷേധാര്‍ത്ഥക നിപാതം എന്നു മാത്രമേ വിശേഷമുള്ളു. ഭാഷയിലാകട്ടെ പലവിധത്തിലായിട്ടാണു് നിഷേധരൂപത്തിന്റെ നിഷ്പത്തി. നിര്‍ദ്ദേശകപ്രകാരത്തില്‍ ഏകദേശം സംസ്കൃതത്തോടു യോജിച്ചു് "ഇല്ല' എന്ന പദത്തിന്റെ യോഗംകൊണ്ടും നിഷേധരൂപം ഉളവാകുന്നു; എന്നാല്‍ അവിടെയും ഭാവി കാലത്തിനു പലേവിധം രൂപങ്ങളുണ്ടു്. വിധായകത്തില്‍ അനുപ്രയോഗമായ വേ ധാതുവിന്റെ ഭാവികാലത്തിലുള്ള നിഷേധരൂപമാണു് ഉപയോഗിക്കുന്നതു്. വേണ്ടും- വേണ്ട. നിയോജകത്തിലും അനുജ്ഞായകത്തിലും ശരിയായ നിഷേധരൂപമില്ല. കൂടാ, അരുതു് എന്നു വേറെ പദങ്ങളുടെ സഹായംകൊണ്ടും മുന്‍വിനയെച്ചത്തിലുള്ള നിഷേധരൂപത്തെ ഉപയോഗിച്ചിട്ടുമാണു് നിഷേധാര്‍ത്ഥം സമ്പാദിക്കുന്നതു്. ഇങ്ങനെ രൂപസിദ്ധി ഒാരോ ഇടത്തും ഒാരോ വിധം ആണെങ്കിലും എല്ലാ ഇടത്തും ഒന്നുപോലെ കാണുന്നതായിട്ടു് ഒരു ഭാഗമുണ്ടെന്നു സൂക്ഷിച്ചുനോക്കിയാല്‍ ബോധപ്പെടും. ഇതു് ആ എന്നുള്ള അംശമാണു്.
ചെയു് + ആ + ഉന്നു = ചെയ്യായുന്നു - വര്‍ത്തമാനം ചെയു് + ആ + ന്തു (=ഞ്ചു =ഞ്ഞു) = ചെയ്യാഞ്ഞു - ഭൂതം ചെയു് + ആ = ചെയ്യാ - ഭാവി വേണ്ടു് + ആ = വേണ്ടാ - വിധായകം കൂടു് + ആ = കൂടാ - നിയോജകം ഇല്‍ + ആ = ഇല്ലാ - (ഇല്ല ചേര്‍ന്ന രൂപങ്ങള്‍) ചെയു് + ആ + ക = ചെയ്യായ്ക - നടുവിനയെച്ചം ചെയു് + ആ + ആന്‍ = ചെയ്യാ (യ്വ്) ആന്‍- പിന്‍വിനയെച്ചം.
"ഇല്ല' എന്നതിനു് ദീര്‍ഘമില്ലാത്തതിനാല്‍ അതു് "ഇല്‍' എന്ന ധാതുവിന്റെ നടുവിനയെച്ചരൂപമായാല്‍ പോരയോ? ദീര്‍ഘം ചെയ്യാറുള്ളതു ബലത്തിനുവേണ്ടി യാണെന്നു കല്പിച്ചുകൊള്ളാം എന്നൊരു പക്ഷം പ്രഥമദൃഷ്ടിയില്‍ തോന്നാം. എന്നാല്‍ ഇല്ലായ്മ, ഇല്ലായ്ക, ഇല്ലാഞ്ഞു ഇത്യാദിയായ അതിന്റെ മറ്റു രൂപസിദ്ധികള്‍ നോക്കുമ്പോള്‍ അതിലും ആ-യുടെ സാന്നിദ്ധ്യമുണ്ടെന്നു തീര്‍ച്ചപ്പെടും. ഇല്ലപോലെതന്നെയാണു് അല്ല എന്നു വേറെ ഒരു പദമുള്ളതും. അതുകൊണ്ടു് അല്‍ ഇല്‍ എന്ന ധാതുക്കള്‍ സ്വയമേ നിഷേധാര്‍ത്ഥകങ്ങളാണെങ്കിലും അതുകളിലും ആ ചേര്‍ത്താലേ പ്രയോഗാര്‍ഹമായ പദമുണ്ടാകയുള്ളു എന്നു സിദ്ധിക്കുന്നു. അപ്പോള്‍ "അല്ല,ഇല്ല' എന്ന പദങ്ങളില്‍ നിഷേധാര്‍ത്ഥം ഇരട്ടിപ്പടിയായിത്തീരുന്നു എന്നൊരു തരക്കേടുണ്ട്; അതിനു നിര്‍വ്വാഹമില്ല. സംസ്കൃതത്തില്‍ ഏകഃ, ദ്വൗ, ത്രയഃ എന്ന സംഖ്യാവാചകങ്ങളിലെ വചനപ്രത്യയങ്ങള്‍ പോലെ പ്രകൃത്യര്‍ത്ഥവും പ്രത്യയാര്‍ത്ഥവും ഒന്നുതന്നെ ആകുമ്പോള്‍ അവയ്ക്കു തങ്ങളില്‍ അഭേദാന്വയം വരുന്നുവെന്നു സമാധാനപ്പെടണം.
ഇനി ഇൗ ആ- യുടെ സ്വഭാവം എന്തെന്നാലോചിപ്പാനുണ്ടു്. ഇതു് ഒരു അനുപ്രയോഗ ധാതുവോ, ഇടനിലയോ പ്രത്യയമോ? ധാതുവാണെങ്കില്‍ ഇല്ല, അല്ല എന്ന രൂപസിദ്ധി യോജിക്കയില്ല; ഒരു പ്രത്യയവും കൂടാതെ രണ്ടു ധാതുക്കള്‍ മാത്രം തങ്ങളില്‍ സമാസിക്ക പതിവില്ലല്ലൊ. ഇടനില എന്നതു് അംഗസംസ്കാരമാകയാല്‍ അതു സ്വതന്ത്രമായി നില്ക്കുന്നതു ന്യായമല്ല; പ്രത്യയത്തിന്റെയും പ്രകൃതിയുടെയും ഇടയ്ക്കു നില്ക്കുന്നതല്ലേ ഇടനില? അതുകൊണ്ടു പരിശേഷാല്‍ ആ ഒരു പ്രത്യയം തന്നെ എന്നു സ്വീകരണം. ഇ എന്ന പ്രയോജകപ്രത്യയംപോലെ ആ എന്നൊരു നിഷേധപ്രത്യയം വരുന്നതിനു വിരോധമില്ലല്ലോ, ഇല്ലാ അല്ലാ രണ്ടും അനുപ്രയോഗങ്ങള്‍. ഇതുകള്‍ക്കു പുറമേകൂടാ, വഹിയാ (വയ്യാ), ഒല്ലാ, അരുതു് എന്ന പദങ്ങള്‍ക്കും അനുപ്രയോഗത്തിന്റെ നിലതന്നെ. "ഇല്ല' "അല്ലാ' എന്ന രണ്ടിലും ആ സ്വാര്‍ത്ഥത്തില്‍; ശേഷം മൂന്നിലും നിഷേധംകുറിക്കുന്നു. കൂടാ= യോജിക്കയില്ല; വഹിയാ= ശേഷിയില്ല, ഒലാ(= വല്ലാ)= ശരിയല്ല. "ചെയ്തുകൂടാ' എന്നു കൂടാ എന്നതിനാല്‍ പ്രാക്പ്രയോഗത്തിനു ഭൂതമാണു് പതിവ്; ഇതൊരു ശെലി എന്നേ പറവാനുള്ളു. ചെയ്യവയ്യാ, ചെയ്യൊലാ (ചെയ്യവല്ലാ), ചെയ്യ + അരുത്= ചെയ്യരുതു് എന്ന മൂന്നിലും പ്രാക്പ്രയോഗത്തിനു നടുവിനയെച്ചം ന്യായംതന്നെ. അരുതു് എന്നതില്‍ നിഷേധാര്‍ത്ഥത്തിനു് ആ ചേര്‍ന്നിട്ടില്ല. അപൂര്‍വ്വം, അസാദ്ധ്യം എന്നര്‍ത്ഥമുള്ള അരു എന്ന ഭേദകപ്രകൃതിയില്‍ നിന്നുണ്ടായ നപുംസകരൂപമാണു് "അരുത്'. അതുകൊണ്ടു് അതിനു വാച്യമായിട്ടു നിഷേധമില്ല; സംസ്കൃതത്തില്‍ ദുസ്സാദ്ധ്യം ഇത്യാദികളിലോ ദുര്‍ എന്ന ഉപസര്‍ഗ്ഗത്തിനും ഇംഗ്ലീഷില്‍ hardly possible ഇത്യാദികളിലേ hardly എന്ന ക്രിയാവിശേഷണത്തിനും ഉണ്ടാകുന്നതുപോലെ നിഷേധാര്‍ത്ഥം വൃംഗ്യമായിട്ടു് ഉണ്ടാകുന്നതാണു്.
ആഗമപ്രകാരം നോക്കുമ്പോള്‍ മറ്റു ദ്രാവിഡങ്ങളുടെയും മട്ടിതുതന്നെ. ആ പ്രത്യയം ചേര്‍ത്തു നിഷേധകപ്രകൃതിയുണ്ടാക്കുകതന്നെയാണു് എല്ലാ ദ്രാവിഡങ്ങളും ആദികാലത്തു ചെയ്തുകൊണ്ടിരുന്നത്; ഇല്‍ അല്‍കളുടെ അനുപ്രയോഗം പിന്നീടുണ്ടായതാണു്. കാലഭേദം മലയാളത്തില്‍മാത്രമേ സ്ഥുടമായിട്ടുള്ളു; തമിഴു്, കര്‍ണ്ണാടകം, തെലുങ്കു് മൂന്നും പ്രായേണ ശീലഭാവിയെത്തന്നെ മൂന്നുകാലത്തിലും ഭേദം കൂടാതെ ഉപയോഗിക്കുന്നു. പുരുഷഭേദവും ശീലഭാവിയില്‍ മാത്രമേ കാണുന്നുള്ളു.
മേല്‍ക്കാണിച്ച പട്ടികയില്‍ ഒന്നാമതായി നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതു തമിഴില്‍ പുരുഷഭേദമുള്ള ശീലഭാവിരൂപങ്ങളാകുന്നു. അതിലൊന്നിലും ആ പ്രത്യയം കാണുന്നില്ല. മധേ്യ ഒരു പ്രത്യയവും ചേര്‍ക്കാതെ പുരുഷചിഹ്നങ്ങളെ നേരെ ധാതുവില്‍ത്തന്നെ തൊടുത്തിരിക്കുന്നു. അപ്പോള്‍ അതുകളില്‍ നിഷേധം കുറിക്കുന്നതിനു ചിഹ്നമൊന്നുമില്ലയോ? ഒരടയാളവും ഇല്ലാതിരിക്കുന്നതുതന്നെ നിഷേധത്തിനു് ഒരടയാളം എന്നായിരിക്കുമോ തമിഴരുടെ യുക്തി ? ചെയ്തേന്‍, ചെയ്വേന്‍, ചെയ്കിറേന്‍ എന്നു വിധി രൂപത്തില്‍ ഒാരോ കാലത്തെയും കുറിക്കുന്നതില്‍ വേറെ വേറെ പ്രത്യയമുള്ള സ്ഥിതിക്കു് ഒരു പ്രത്യയവും ചെയ്യാതിരുന്നാല്‍ അതു നിഷേധാര്‍ത്ഥം കാണിക്കാനുള്ള മാര്‍ഗ്ഗമാകണമല്ലോ. നിര്‍ദ്ദേശികാവിഭക്തി, നിയോജകമധ്യമപുരുഷന്‍, ഏകവചനം ഇതുകള്‍ക്കു വാചകമായിട്ടു രൂപവികാരമൊന്നും വേണ്ടെന്നേര്‍പ്പാടു ചെയ്തു ദ്രാവിഡഭാഷകളുടെ വ്യാകരണരീതി നോക്കുമ്പോള്‍ ഇൗവിധം സംഭവിക്കാവുന്നതുമാണു്. എന്നാല്‍ പുരുഷഭേദം ഉപേക്ഷിക്കുമ്പോള്‍ ആ പ്രത്യയം ചേര്‍ക്കുന്നതെന്തിനു് ? - എന്നൊരു യുക്തിഭംഗം ഇവിടെ വരുന്നുണ്ടു്. അതിനാല്‍ പുരുഷപ്രത്യയം ചേര്‍ന്ന ചെയ്യേന്‍, ചെയ്യായു് ഇത്യാദികളിലും ആ-യുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതിനാണു് ന്യായം. അങ്ങനെതന്നെ റവറന്റു് കാല്‍ഡെ്വല്ലും അഭിപ്രായപ്പെടുന്നു. ഏന്‍, ആയു്, ആന്‍ മുതലായ പുരുഷപ്രത്യയങ്ങളിലെ ആദ്യസ്വരങ്ങള്‍ വിധിരൂപങ്ങളിലെല്ലാം ദീര്‍ഘമായും ഹ്രസ്വമായും നില്ക്കാമെന്നിരിക്കെ നിഷേധരൂപങ്ങളില്‍ സര്‍വ്വത്ര ദീര്‍ഘമായിട്ടു മാത്രമേ കാണുന്നുള്ളു. അതുകൊണ്ടു് നിഷേധപ്രത്യയമായ ആ ഇൗ പുരുഷപ്രത്യയങ്ങളുടെ ആദ്യസ്വരങ്ങളില്‍ ലയിച്ചു് അതുകളെ ദീര്‍ഘീകരിച്ചതായിരിക്കണം എന്നുള്ള കാല്‍ഡെ്വല്ലിന്റെ യുക്തി ഹൃദയംഗമമായിരിക്കുന്നു.
പ്രാചീനം, മദ്ധ്യം, ആധുനികം എന്നു മലയാളത്തിനു കാണിച്ചതുപോലെ കാലക്രമത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഭേദങ്ങള്‍ മറ്റു ദ്രാവിഡങ്ങളെയും ബാധിച്ചിട്ടുണ്ടു്. അതുകളെ മലയാളവ്യാകരണത്തില്‍ വിസ്തരിച്ചിട്ടാവശ്യമില്ലെന്നുപേക്ഷിച്ചതാണു്. ആ ഭാഷകളിലും മലയാളത്തിലെപ്പോലെ ക്രമേണ അനുപ്രയോഗത്തിനു പ്രാധാന്യം വന്നുചേര്‍ന്നിട്ടുണ്ടു്. അതിനാലാണു് നിഷേധത്തെ അനുപ്രയോഗങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാമെന്നു ചിലേടത്തു പ്രസ്താവിച്ചിട്ടുള്ളതു്. വസ്തുസ്ഥിതി നോക്കുന്നതായാല്‍ പ്രകൃതി എന്ന ഇനത്തിലാണു് നിഷേധം ഉള്‍പ്പെടേണ്ടതു്. ഇ എന്ന പ്രത്യയം ചേര്‍ത്താല്‍ പ്രയോജകപ്രകൃതിയുണ്ടാകു മ്പോലെ ആ എന്നു പ്രത്യയം ചേര്‍ത്താല്‍ നിഷേധപ്രകൃതിയുണ്ടാകുന്നു. കേവലപ്രകൃതിയില്‍നിന്നു് ഏതെല്ലാം അര്‍ത്ഥവിശേഷം കുറിക്കുന്നതിനു പ്രത്യയങ്ങള്‍ ചേരുമോ അതെല്ലാം പ്രയോജകപ്രകൃതിയില്‍ നിഷേധപ്രകൃതിയില്‍നിന്നും ഒന്നുപോലെ ചേരുന്നുണ്ടു്. പഴയ സ്ഥിതി നോക്കുമ്പോള്‍ പ്രകൃതി എന്ന ഇനത്തിലും ഇപ്പോഴത്തെ സ്ഥിതി നോക്കുമ്പോള്‍ അനുപ്രയോഗത്തിലും നിഷേധത്തെ ഉള്‍പ്പെടുത്തേണ്ടിവന്നതില്‍ രണ്ടും ഉപേക്ഷിച്ചു മാര്‍ഗ്ഗഭേദം എന്നൊരു പുതിയ ഉപാധിയെ കല്പിക്കേണ്ടിവന്നു.
ഇനി നിഷേധമാര്‍ഗ്ഗത്തിലെ രൂപസിദ്ധികളെ സംഗ്രഹിക്കുന്നതിനു സൂത്രങ്ങളെ അവതരിപ്പിക്കാം;
ആ നിഷേധ പ്രത്യയമാം; ശീലഭാവിക്കതേ മതി, വരാം ഭൂതമതിന്മീതേ, വര്‍ത്തമാനം വിലുപ്തമായു്.
ധാതുവില്‍ ആ എന്നു പ്രത്യയം ചേര്‍ത്താല്‍ അതു നിഷേധാര്‍ത്ഥം കുറിക്കുന്ന പ്രത്യയമായിത്തീരും. പിന്നീടു് ഇൗ പ്രകൃതിയില്‍നിന്നു മുറയ്ക്കു കാലപ്രത്യയങ്ങള്‍ ചേര്‍ക്കാം, എന്നാല്‍ ഉം പ്രത്യയം കൂടാതെതന്നെ ശീലഭാവിരൂപം പ്രയോഗിക്കാം; "ചെയ്യായും' എന്നതിനു പകരം "ചെയ്യാ' എന്നുതന്നെ രൂപംചെയ്താല്‍ മതി. ഭൂതത്തില്‍ ആരാഞ്ഞു എന്നു് ആകാരാന്തധാതുവിന്റെ മുറയ്ക്കു് ചെയ്യാഞ്ഞു എന്നു രൂപം. ചെയ്യായുന്നു എന്നു വര്‍ത്തമാനരൂപം ഉന്നു എന്നു മാറുന്നതിനു മുമ്പുതന്നെ ഇൗ പ്രചാരലോപം സംഭവിച്ചിരിക്കയാല്‍" .ചെയ്യായുന്നു' എന്നു് ആധുനിക സമ്പ്രദായപ്രകാരമുള്ള രൂപം വളരെ അപൂര്‍വ്വമായിട്ടേ മലയാളസാഹിത്യത്തില്‍ കാണുകയുള്ളു. ഇക്കാലത്താകട്ടെ ആ ചേര്‍ന്ന രൂപം എല്ലാംതന്നെ സംഭാഷണത്തില്‍ അധികം നടപ്പില്ല; അനുപ്രയോഗം കൊണ്ടാണു് നിഷേധം കുറിക്കുക പതിവു്.
ഇല്ലയല്ലകള്‍ ചേര്‍ന്നിട്ടു- മുണ്ടാം കാലനിഷേധനം
വിധിരൂപത്തില്‍ ഇല്ല എന്നോ അല്ല എന്നോ അനുപ്രയോഗിച്ചാലും അതു നിഷേധരൂപമാകും; കാലങ്ങളെ നിഷേധിക്കുന്നതില്‍ ഇൗ സമ്പ്രദായമാണു് ഇപ്പോള്‍ നടപ്പു്. ഉദാ:
ചെയ്യുന്നു, ചെയ്യുന്നില്ല, ചെയ്തു, ചെയ്തില്ല, ചെയ്യും, ചെയ്യുവില്ല.
ഭാവിയില്‍ പ്രാക്പ്രയോഗത്തി- ലെച്ചമോ ധാതുവോ വരാം. ഭൂതത്തിലും വര്‍ത്തമാനത്തിലും വിധിരൂപമാണല്ലോ പ്രാക്പ്രയോഗം; അതുപോലെ ഭാവിയിലും ഭാവിയിലേ വിധിരൂപം ഉപയോഗിക്കാറുള്ളതിനു പുറമേ നടുവിനയെച്ചരൂപമോ കേവലധാതുതന്നെയോ ആയാലും മതിയാകും. ഉദാ:
ചെയ്യുവില്ല, ചെയ്കയില്ല, ചെയ്യില്ല.
അല്ല- ഇല്ലകള്‍ക്കു് അര്‍ത്ഥം ഒന്നാണെങ്കിലും പ്രയോഗഭേദമുണ്ട്: അല്ല നാമത്തോടേ ചേരൂ; അതു് "ആകുന്നില്ല' എന്നതിനു തുല്യമാകുന്നു. ക്രിയയില്‍ അന്വയിക്കാത്തതിനാല്‍ അതിനു കാലഭേദമൊന്നും വരാനില്ല. ഇല്ല ക്രിയയോടെ ചേരൂ; അതു് "ഉണ്ടാകുന്നില്ല' എന്നതിനു തുല്യമാകുന്നു; ക്രിയാന്വയമുള്ളതിനാല്‍ അതിനു കാലഭേദം കാണും. താര്‍ക്കികന്മാരുടെ സങ്കേതഭാഷയില്‍ അല്ല അനേ്യാന്യഭാവത്തെയും, ഇല്ല അത്യന്താഭാവത്തേയും കുറിക്കുന്നു എന്നു പറയാം. ഉദാഹരണം:
ആനയ്ക്കു കൊമ്പുണ്ടു്, കുതിരയ്ക്കു കൊമ്പില്ല, മുല്ല ഒരു വള്ളിയാണു്, വൃക്ഷമല്ല, ചെയ്യുന്നില്ല, ചെയ്തില്ല, ചെയ്യുവില്ല, ചെയ്യുന്നതല്ല, ചെയ്തതല്ല, ചെയു് വതല്ല.
ഇല്ല- യെ കവികള്‍ " ഇൗല' ആക്കാറുണ്ടു്. ഉദാ:
തിരിയുന്നീല തതസ്തു മാനസം മേ- ശാകു.
ഇല്ല- അല്ലകള്‍ നിഷേധാര്‍ത്ഥകധാതുക്കള്‍തന്നെ ആകയാല്‍ അതുകളെത്തന്നെ "ഉണ്ടാകുന്നില്ല', ആകുന്നില്ല' എന്നതുകള്‍ക്കുപകരം സ്വതന്ത്രമായി പ്രയോഗിക്കാം.
പ്രകാരങ്ങള്‍ അനുപ്രയോഗം കൊണ്ടുണ്ടാകുന്നവയാകയാല്‍ അനുപ്രയോഗ ധാതുവിന്റെ നിഷേധരൂപംതന്നെ ഉപയോഗിക്കുന്നതിനാണു് ന്യായം; വിധായകത്തില്‍ അതിന്‍പ്രകാരംതന്നെ നടപ്പും. നിയോജകാനുജ്ഞായകങ്ങളില്‍ അനുപ്രയോഗധാതുക്കളെക്കൂടെ മാറ്റാറുണ്ടു്. ഇതില്‍ അനുജ്ഞായകത്തില്‍ അനുപ്രയോഗമായ ആവുക ധാതുവിന്റെ "ആകാ' എന്ന നിഷേധരൂപം ഒരു വിധം യോജിക്കായ്കയില്ല; നിയോജകത്തിന്റെ അനുപ്രയോഗം വളരെ വികൃതമായിപ്പോയതിനാല്‍ ഒട്ടുംതന്നെ യോജിക്കയില്ല.
വിധായകത്തില്‍ വേണിന്റെ ശീലാഭാവി ശരിപ്പെടും; നിയോഗാനുജ്ഞകള്‍ക്കില്ല ശരിയായ നിഷേധകം. വയ്യാ കൂടാ അരുതൊലാ ഇതിലൊന്നു യഥോചിതം.
നിയോജകാനുജ്ഞായകങ്ങളില്‍ സ്വന്തമായ അനുപ്രയോഗം യോജിക്കായ്കയാല്‍ വയ്യാ, കൂടാ, അരുതു, ഒലാ എന്ന നാലു നിഷേധരൂപങ്ങളില്‍ ഒന്നു് ഉചിതംപോലെ ഉപയോഗിച്ചുവരുന്നു.
(വയ്യാ = വഹിയാ = ശരിയല്ല. അരുതു = ശ്രമസാധ്യം = അകാര്യം.
കൂടാ= കൂടുക (സാധിക്ക) ഇല്ല, ഒലാ = വല്ലാ = അശക്യം, അനുചിതം)
ഉദാഹരണം: വിധി
നിഷേധം നിയോ: ചെയ്യട്ടെ = ചെയ്തുകൂടാ ചെയ്യൊലാ, ചെയ്യാതിരിക്കട്ടെ. അനു : ചെയ്യാം= ചെയ്യവയ്യാ, ചെയ്യരുതു്.
ചെയ്യാതിരിക്കട്ടെ എന്നു വളച്ചുകെട്ടിയ രൂപമാണു് നിയോജകത്തിലധികം നടപ്പു്. ചെയ്യേണ്ട എന്നു വിധായകനിഷേധകവും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ടു്.
ശീലാര്‍ത്ഥക്ലീബരൂപത്താല്‍ പേരെച്ചം വിനയെച്ചവും.
"ചെയ്യാ' എന്ന ശീലാഭാവിയില്‍ തു എന്ന നപുംസകപ്രത്യയം ചേര്‍ത്തുണ്ടാകുന്ന രൂപത്തില്‍ മുറയ്ക്കുള്ള അ ചേര്‍ത്താല്‍ പേരെച്ചമുണ്ടാകും; ഏ എന്ന നിപാതയോഗത്തില്‍ വിനയെച്ചവുമായി. ചെയ്യാതു-ചെയ്യാതെ എന്നു പേരെച്ചം; ചെയ്യാത എന്നു വിനയെച്ചം. ക്ലീബരൂപത്തില്‍ നിന്നുണ്ടാകുന്നു എന്നുള്ളതുമാത്രമാണു് ഇതില്‍ വ്യത്യസ്തം. ശീലഭാവിതന്നെ പേരെച്ചത്തില്‍ വര്‍ത്തമാനകാലത്തിനും ഉപയോഗിക്കുന്നു; ചെയ്യായുന്ന എന്നു മുറയ്ക്കു വരേണ്ടുന്ന രൂപം ഉപയോഗിക്കാറില്ല. തകാരം ഇരട്ടിച്ചു് ആത ആത്ത ആയിട്ടുണ്ടെന്നുമാത്രം വിശേഷം. വിനയെച്ചത്തില്‍ ഭൂതത്തിനു "ചെയ്യാഞ്ഞ്' എന്നു മുറയ്ക്കുള്ള രൂപമുണ്ടെങ്കിലും "ആതെ' എന്ന ശീലഭാവിതന്നെ ഭൂതത്തിനും ഉതകും. "അറിഞ്ഞും അറിയാതെയും' ഇത്യാദ്യുദാഹരണഹങ്ങള്‍ നോക്കുക.
ശേഷമാകാരാന്തമായ ധാതുവില്‍ രൂപമാലതാന്‍.
വ്യത്യസ്തങ്ങളെ എടുത്തു പറഞ്ഞല്ലോ. അതുകള്‍ ഒഴിച്ചുള്ള രൂപമെല്ലാം നിഷേധക പ്രകൃതിയില്‍ ആ ചേര്‍ന്നു് ധാതു ആകാരന്തമാകുന്നതിനാല്‍ കേവലപ്രകൃതിയില്‍ ആകാരാന്തത്തിനുള്ള രൂപങ്ങള്‍തന്നെ. അതിനാല്‍ പിന്‍വിനയെച്ചം "ചെയ്യായ്വാന്‍; നടുവിനയെച്ചം "ചെയ്യായ്ക'; നിയോജകബഹുവചനം "ചെയ്യായ്വിന്‍; ഭൂതപേരെച്ചം "ചെയ്യാത്ത' എന്നും മറ്റും രൂപസിദ്ധി.
ഇവിടെ വിവരിച്ചപ്രകാരം മലയാളത്തില്‍ നിഷേധവാക്യം നിര്‍മ്മിക്കുന്നതിനു രണ്ടു മാര്‍ഗ്ഗങ്ങളുണ്ടു്. "അല്ല-ഇല്ല' നിര്‍ദ്ദേശകത്തിന്; "ഒലാ-അരുത്' നിയോജകവിധായങ്ങള്‍ക്കു്, "വഹിയാ' അനുജ്ഞായകത്തിനു് എന്നു് അനുപ്രയോഗങ്ങളെക്കൊണ്ടുണ്ടാവുന്നതു് ഒന്നാമതു്. ആ എന്നു പ്രത്യയം ചേര്‍ത്താലുളവാകുന്നതു് രണ്ടാമതു്. ഇവ തമ്മില്‍ അര്‍ത്ഥത്തില്‍ ചിലെടത്തു ഭേദം തോന്നുന്നുണ്ടു്.
എങ്ങനെ:
രാമന്‍ വന്നു -വന്നില്ല. വരാഞ്ഞു. രാമന്‍ വന്നിരുന്നു -വന്നിരുന്നില്ല, വരാതെയിരുന്നു.
ഇവയില്‍ വരാഞ്ഞു-വും വരാതെയിരുന്നു-വും സൂക്ഷ്മത്തില്‍ പര്യായങ്ങളാകുന്നു.
അനേകധാതുകങ്ങളായ ആഖ്യാതങ്ങളെ നിഷേധിക്കുമ്പോള്‍ പ്രാക്പ്രയോഗ ത്തിനോ അനുപ്രയോഗത്തിനോ ഇച്ഛപോലെ നിഷേധം ചേര്‍ക്കാവുന്നതിനാലും നിഷേധിപ്പാന്‍തന്നെ രണ്ടുവഴിയുള്ളതിലും ആ വകസ്ഥലങ്ങളില്‍ ഒന്നിലധികം നിഷേധരൂപം ഉത്ഭവിപ്പാന്‍ ഇടയുണ്ടു്. ഇൗമാതിരി ഒരവസരം വന്നാല്‍ പ്രാക്പ്രയോഗത്തില്‍ ആ-യെ ചേര്‍ക്കൂ, അനുപ്രയോഗത്തില്‍ ഇല്ല മുതലായ അനുപ്രയോഗങ്ങളെ ചേര്‍ക്കു എന്നാണു് കീഴ്നടപ്പിന്‍പടി ഏര്‍പ്പെട്ടിട്ടുള്ള പതിവു്. നിഷേധം ചേരുന്നതിനു തക്കതായി അര്‍ത്ഥവും സ്വല്പം ഭേദിക്കും. ഉദാഹരണം:
വിധി
നിഷേധം കാര്യം നടന്നുപോയി
ക്രാര്യം നടക്കാതെ പോയി കാര്യം നടന്നുപോയില്ല.