കൃഷ്ണഗാഥ/രണ്ടാം ഭാഗം/സ്വർഗ്ഗാരോഹണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1ഭൂഭാരം തീർത്തു തന്മന്ദിരംതന്നിലേ
2 ശോഭാവാനായ് നിന്ന കർവർണ്ണന്താൻ
3 പിന്നെയുമോരോരോ കാര്യങ്ങളോർക്കുമ്പോൾ
4 തന്നിലേ നണ്ണിനാനന്നൊരുനാൾ
5 മന്നുടെ ഭാരം ഞാനെല്ലാമേ പോക്കിനേ
6 നെന്നല്ലൊ ചിന്തിച്ചുനില്ക്കുന്നിപ്പോൾ.
7 ഏതുമേ പോയിതില്ലെന്നതേ തോന്നുന്നു
8 യാദവന്മാരുടെ തിന്മ കണ്ടാൽ
9 ഇന്നിവർതന്നെയടക്കിനിന്നീടുവാൻ
10 മണ്ണിലും വിണ്ണിലുമാരുമില്ലേ.

11 പാലിച്ചുപോരുന്നൊരെന്നെയങ്ങോർക്കുമ്പോൾ
12 കാലനുംകൂടി നടുങ്ങുമത്രെ:
13 അന്യന്മാരായുള്ള മന്നവന്മാർ വന്നു
14 ഖിന്നന്മാരാക്കുന്നു പിന്നെയല്ലൊ.
15 രക്ഷിച്ചു നന്നായിപ്പോരുന്ന ഞാന്തന്നെ
16 ഭക്ഷിച്ചുവെന്നതും വന്നുകൂടാ :
17 തങ്ങളിൽ വമ്പുറ്റു വൈരവും പൊങ്ങിച്ചു
18 തങ്ങളിൽത്തല്ലിപ്പൂവെന്നേയാവൂ.
19 എന്നതിനുള്ളൊരു ഹേതുവിന്നെന്തുപോൽ ?
20 എന്നവൻ ചിന്തിച്ചു നിന്നനേരം

21 നാരദന്മുമ്പായ മാമുനിമാരെല്ലാം
22 ദ്വാരകതന്നിലെഴുന്നള്ളിനാർ.
23 ക്രീഡിച്ചുനിന്നുള്ള ബാലകന്മാരെല്ലാം
24 ഓടിച്ചെന്നങ്ങവർ ചാരത്തപ്പോൾ
25 നാരിമാർവേഷത്തിൽ പാരാതെ പൂകിച്ചു
26 വീരനായുള്ളൊരു സാംബന്തന്നെ
27 തോല്പിക്കവേണമിമ്മാമുനിമാരെയെ
28 ന്നാത്മത്തിൽ ചിന്തിച്ചുനിന്നു ചൊന്നാർ:
29 "അർഭഗന്തന്നെയും കാമിച്ചുനിന്നൊരു
30 ഗർഭിണിതാനിവളുണ്ടോ കണ്ടു?

31 എന്തിവളിന്നു പെറുന്നതെന്നിങ്ങനെ
32 ചിന്തിച്ചു ചൊല്ലണം നിങ്ങളിപ്പോൾ."
33 ഇങ്ങനെ കേട്ടുള്ള മാമുനിമാരപ്പോൾ
34 പൊങ്ങിന കോപവും പൂണ്ടു ചൊന്നാർ
35 "ധീരയായ്മേവുമിന്നാരി പെറുന്നതു
36 ഘോരമായുള്ളൊരു വന്മുസലം.
37 സംശയമില്ലതുമൂലമായ് നിങ്ങൾതൻ
38 വംശംവുകൂടി മുടിഞ്ഞുകൂടും."
39 ചിൽലീലപൂണ്ടുള്ള ധന്യന്മാരിങ്ങനെ
40 ചൊല്ലിനിന്നങ്ങു നടന്നനേരം

41 കൈതവമേയെന്നപ്പൈതങ്ങൾ ചിന്തിച്ചു
42 കൈകളും തല്ലിച്ചിരിച്ചു ചൊന്നാർ
43 "നന്മുനിമാരുടെ നൽവരംമൂലമായ്
44 നന്മകനുണ്ടായി സാംബനിപ്പോൾ
45 മംഗലം വേരറ്റ ബാലന്മാരിങ്ങനെ
46 തങ്ങളിൽ ഭാഷിച്ചു നിന്നനേരം
47 നോകുന്നുതെന്നങ്ങു ചൊല്ലിനിന്നീടിനാൻ
48 ആകുലനായിട്ടു സാംബനപ്പോൾ."
49 എന്തിതിങ്കാരണമെന്നങ്ങു ചിന്തിച്ചു
50 മന്ദരായെല്ലാരും നില്ക്കുന്നപ്പോൾ

51 നിന്നൊരു സാംബൻറെ നാഭിയും പൊട്ടിച്ചു
52 വന്നതു കാണായി വന്മുസലം
53 എന്നതു കണ്ടുള്ള ബാലകന്മാരെല്ലാം
54 ഏറിന പേടിയും പൂണ്ടു ചൊന്നാർ:
55 "നന്മുനിമാരുടെ ചൊല്ലെല്ലാമിങ്ങനെ
56 ഉണ്മയായ് ചെഞ്ചെമ്മേ വന്നുതല്ലൊ.
57 എന്തു നമുക്കിപ്പൊളിങ്ങനെ തോന്നുവാൻ
58 അന്ത്യമാം കാലമിതെന്നു വന്നു.
59 "പാരിലേ ലോകരിൽപ്പാപികൾ" എന്നൊഴി
60 ച്ചാരുമേ ചൊല്ലായിന്നമ്മെയിപ്പോൾ,

61 ഇങ്ങനെ ചൊന്നതുതന്നെയും കൈക്കൊണ്ടു
62 മന്ദിരംതന്നിലും ചെന്നു ചൊന്നാർ:
63 മാമുനിമാരുടെ ശാപത്തെക്കാണ്മിനി
64 മ്മാപാപിമാരായ ഞങ്ങൾമൂലം."
65 യാദവന്മാരതു കണ്ടൊരു നേരത്തു
66 ഖേദവും പൂണ്ട നടുങ്ങും നേരം
67 മൂക്കിന്മേൽ കൈവെച്ചു നോക്കിനിന്നീടിനാൻ
68 മൂർക്ക്വരെപ്പോലെയക്കാർവർണ്ണന്താൻ.
69 ഉഗ്രമായുള്ളൊരു ശാപത്തെക്കാണ്കയാൽ
70 വ്യഗ്രനായ് നിന്നുള്ളൊരുഗ്രസേനൻ

71 കമ്മാരെക്കൊണ്ടു പൊടിപ്പിച്ചുനിന്നുടൻ
72 തിണ്മയിൽനിന്നുള്ളൊരമ്മുസലം
73 ആഴിനീർതന്നിലങ്ങാക്കിയവ്വണ്ണമേ
74 ശേഷിച്ചുനിന്നൊരു ഖണ്ഡത്തെയും.
75 നീർമ്മേലേ മേന്മലേ വീണുള്ള ചൂർണ്ണങ്ങൾ
76 ഊർമ്മികൾ കൊണ്ടു വിതയ്ക്കയാലെ
77 തീർത്ത നീളെ മുളച്ചതു കാണായി
78 തേരകമെന്നൊരു പേരുമായി
79 ഖണ്ഡത്തെ വീണതു കണ്ടൊരുനേരത്തു
80 മണ്ടിച്ചെന്നങ്ങൊരു മീനനപ്പോൾ

81 വായ്ക്കൊണ്ടു ചാലെ വിഴുങ്ങിനനേരത്ത
82 ങ്ങൂക്കനായുള്ളൊരു ദാശനപ്പോൾ
83 ഓട്ടമാണ്ടീടുമമ്മീനനെത്തന്നെയും
84 കൂട്ടമേ കൂടിപ്പിടിച്ചു പിന്നെ
85 കാട്ടാളനായിട്ടു കാഴ്ചയായ് നല്കിനാൻ
86 കാട്ടുടെ പോകുമ്പൊളങ്ങതിനെ.
87 ഭക്ഷണം കൊണ്ടവനക്ഷണം ചെന്നു തൻ
88 പക്കണം തന്നിലും പുക്കു പിന്നെ
89 ഹേതിയെടുത്തതിലുളെളാരു ലോഹത്തെ
90 ക്കീറിയെടുത്തതു കൊണ്ടുതന്നെ

91 യോഗ്യമായുള്ളൊരു മാർഗ്ഗണം നിർമ്മിച്ചാൻ
92 മാർഗ്ഗമായാക്കുവാൻതന്നെ വിണ്ണിൽ,
93 പണ്ടു വന്നീടുന്നൊരിണ്ടലെപ്പോക്കുന്ന
94 കൊണ്ടൽനേർവ്വണ്ണന്താനന്നു നേരേ
95 ശാപത്തെക്കൊണ്ടുള്ളൊരാപത്തെച്ചിന്തിച്ചു
96 വേപിച്ചു മേവുന്ന ലോകരുമായ്
97 എന്തിനിച്ചെയ്വതെന്നിങ്ങനെ ചൊല്ലിക്കൊ
98 ണ്ടന്ധരെപ്പോലെയങ്ങായിക്കൊണ്ടാൻ
99 ശേഷിച്ചുനിന്നൊരു ഭാരവും ചെഞ്ചെമ്മേ
100 ശോഷിച്ചുകൂടിതായെന്നു നണ്ണി

101 പാരം തെളിഞ്ഞുള്ളൊരുള്ളവുമായവൻ
102 ദ്വാരകതന്നിൽ വിളങ്ങും നേരം
103 അംഭോജസംഭവൻ ജംഭാരിമുമ്പായു
104 ള്ളുമ്പരുമായി വന്നംബരത്തിൽ
105 സംഭാവിച്ചമ്പോടു വമ്പോലും വാക്കുകൊ
106 ണ്ടംഭോജനേത്രനേ വാഴ്ത്തിനിന്നാർ:
107 "വേദങ്ങളായുള്ള പാദപംതന്നുടെ
108 മീതേ നിറന്നൊരു ചെന്തളിരായ്
109 അമ്പിന നിമ്പാദമുമ്പോടു സന്തതം
110 കുമ്പിട്ടു കൂപ്പുന്നേൻ തമ്പുരാനേ!

111 കേവലനായൊരു നിന്നുടെ വൈഭവം
112 ആവതല്ലേതുമേ വാഴ്ത്തുവാനോ
113 ഏറ്റം തെളിഞ്ഞെന്നെപ്പാലിച്ചുകൊള്ളണം
114 പോറ്റി! എന്നേ ഞാനും ചൊല്ലവല്ലു.
115 എള്ളിൽ നിറഞ്ഞുള്ളൊരെണ്ണയെപ്പോലെ പോ
116 യുള്ളിൽനിറഞ്ഞു ജഗത്തിലെങ്ങും
117 സന്തതം നിന്നൊരു നിന്നെയും കാണാതെ
118 യന്ധരായ്േപാകാതോരാരിപ്പാരിൽ?
119 തോയങ്ങൾതോറും വിളങ്ങി നിന്നീടുന്ന
120 തോയജവല്ലഭനെന്നപോലെ

121 ജാതങ്ങളായുള്ള ഭൂതങ്ങളുള്ളത്തിൽ
122 ചേതനയായോനേ കൈതൊഴുന്നേൻ
123 ആദ്യങ്ങളായുള്ള വാക്യങ്ങൾകൊണ്ടെങ്ങും
124 വേദ്യനായുള്ളതു നീതാനല്ലൊ.
125 പാരെല്ലാമുണ്ടാവാൻ കാരണം നീയല്ലൊ
126 പാലിച്ചുനിന്നതും നീയല്ലൊതാൻ.
127 കേടുവരുന്നതിൻ കാരണമായതും
128 കേവലനായുള്ള നീതാനത്രെ
129 ഇന്ദ്രനായ് നിന്നതും ചന്ദ്രനായ് നിന്നതും
130 ചന്ദ്രക്കലാധരനായതും നീ.

131 മന്ത്രമായ് നിന്നതും തന്ത്രമായ് നിന്നതും
132 ചിന്തിച്ചുകാകിൽ മറ്റാരുമല്ലേ.
133 അന്തണരോതുന്ന വേദമായ് നിന്നതും
134 അന്തമില്ലാതൊരു നീതാനത്രെ.
135 ഓർക്കുന്നുതാകിലിന്നിന്നുടെ വൈഭവം
136 ആർക്കുമേ കാണാവതല്ലയേതും.
137 എന്തൊരു വേലയ്ക്കു ബന്ധമില്ലാതെ നീ
138 ബന്ധമുണ്ടെന്നതു തോന്നിക്കുന്നൂ?
139 ഒമ്പതു വാതിലുള്ളമ്പലം തന്നിൽപ്പു
140 ക്കമ്പു പൊഴിഞ്ഞു വസിച്ചു പിന്നെ

141 അമ്പലം തന്നെയെനിക്കുള്ളുതെന്നുമ
142 ങ്ങമ്പലമായതു ഞാൻതാനെന്നും
143 സന്തതമിങ്ങനെ ചിന്തിച്ചുകൊൾവാനായ്
144 രണ്ടായി നിന്നെപ്പകുത്തു പിന്നെ.
145 ഊണമുറക്കം തുടങ്ങിനതെല്ലാമേ
146 വേണമൊരുത്തന്നു പാർത്തുകണ്ടാൽ
147 മറ്റവനായ നിനക്കു നിനയ്ക്കുമ്പോൾ
148 മുറ്റും വിളക്കമേ മറ്റു വേണ്ടാ.
149 പന്തിരണ്ടുണ്ടതിൽ മാടങ്ങൾമേന്മേലേ
150 പന്തിരണ്ടാമതിൽ നിന്നിരിപ്പും.

151 ഓരോരോ വേലതൊട്ടോരോരോ നേരത്തു
152 കീഴേവതന്നിലുമുണ്ടുതാനും.
153 കാരിയമോരോന്നേ ചിന്തിച്ചുറപ്പാനായ്
154 ചാരത്തു നാൽവരുണ്ടെപ്പൊഴുതും
155 തന്നിൽ വരുന്നോരെപ്പാരാതെ ചൊൽവാന്തൻ
156 മുന്നലുണ്ടൈവരുണർന്നു നന്നായ്
157 വീടുപണിക്കു മറ്റൈവരുണ്ടങ്ങനെ
158 വാട്ടമകന്നുനിന്നെപ്പൊഴുതും
159 സഞ്ചരിച്ചീടുവാൻ ചഞ്ചലരായിനി
160 ന്നഞ്ചുപേരുണ്ടതിൽ തഞ്ചിയെങ്ങും.

161 മൂട്ടിൽ മുളച്ചങ്ങു മൂന്നായി മേവിനി
162 ന്നോട്ടയാം വള്ളികളുള്ളിലേ പോയ്
163 നീളെപ്പുറത്തുമകത്തുമായങ്ങനെ
164 മേളത്തിൽനിന്നവർ സഞ്ചരിപ്പൂ.
165 മദ്ധ്യത്തിൽനിന്നുള്ള വള്ളിതന്നുടെ പോ
166 യെത്തിനിന്നീടുന്നു നിന്നിരിപ്പിൽ.
167 അവ്വഴിതന്നെയറിഞ്ഞുനിന്നീടുവാൻ
168 ദിവ്യരായുള്ളവരേറ്റമില്ലേ.
169 അമ്പലം വീണു പൊളിഞ്ഞുനിന്നീടുമ്പോൾ
170 അമ്പിനോടന്യമാമമ്പലത്തിൽ

171 പിന്നെയും പൂകുന്നോമെന്തിതിൻ കാരണം
172 എന്നതു ചൊൽവോരെക്കണ്ടില്ലെങ്ങും.
173 മായതൻവൈഭവമെന്നുണ്ടു ചൊല്ലുന്നു
174 മാന്യരായ് നിന്നുള്ള മാമുനിമാർ:
175 അങ്ങനെയാകിലതങ്ങനെയാകട്ടെ
176 എങ്ങൾക്കോ ചേതമില്ലൊന്നുമോർത്താൽ;
177 നിന്നുടെ വൈഭവം കാണരുതെന്നതോ
178 നിർണ്ണയിച്ചീടിനേൻ പണ്ടു പണ്ടേ.
179 അന്നിനവെല്ലാമതങ്ങനെ പോകട്ടെ
180 ഇന്നിനി വേണ്ട്വതേ ചൊല്ലവേണ്ടു.

181 അംബുജംതന്നുടെ ഡംബരം പോക്കുമ
182 ന്നിന്വാദം കമ്പമറ്റെങ്ങളുള്ളിൽ
183 അമ്പിൽ നിന്നീടുന്നൊരമ്പു നീ നല്കുവാൻ
184 കുമ്പിടുന്നേൻ ചെമ്മേ തമ്പുരാനേ!"
185 ഉരുവായ മൊഴികൊണ്ട
186 ഗുരുവായ പരന്തന്നെ
187 പ്പരിചോടു പുകണ്ണവൻ തളർന്നനേരം
188 പെരിയോരു പുരുഹൂത
189 നരികേചെന്നുണർത്തിനാൻ
190 അരിയോരു ഹരിയോടു വിരവോടപ്പോൾ:

191 "ഉടയോനായ്മരുവും നിൻ
192 കനിവെന്നിൽ വരുവാനായ്
193 അടിയനുണ്ടരികേവന്നടികൂപ്പുന്നു.
194 എറുമ്പിന്നും പദംതന്നേ
195 കൊടുത്തീടും, കടക്കണ്കൊ
196 ണ്ടുരുമ്മേണം ചരപൂകന്നൊരെന്മേലിപ്പോൾ
197 അവനിതങ്കനമെല്ലാം
198 അഴകോടങ്ങകന്നുതായ്
199 ഇനി നിൻറെ മനക്കാണ്പിൽ നിനവെന്തിപ്പോൾ
200 മനുജന്മാർനയനങ്ങൾ

201 കൊതികൊള്ളും തിരുമേനി
202 ഇനിയും നിന്നനുവാസം ധരിക്കുമാറോ?
203 ഒരിക്കലും മനക്കാതൽ
204 തനിക്കു കാണരുതാതേ
205 മറക്കാതൽതന്നിൽവച്ചു മറയ്ക്കുമാറോ?
206 ഒരിക്കൽ നിന്തിരുക്കാല
207 ങ്ങരയ്ക്കാൽനാഴികനേരം
208 അനക്കാതെ മനക്കാണ്പിൽ ധരിക്കാകേണം.
209 കനത്തിൽ വന്നടുത്തീടും
210 മനത്താപം തളർപ്പാൻ മ

211 റ്റൊരുത്തനുണ്ടിവനെന്നു നിനയ്ക്കൊല്ലാതെ
212 അനല്പമായ്പലപ്പോൾ വ
213 ന്നലല്പാടങ്ങകറ്റുവാൻ
214 ഭവല്പാദം തന്നിൽ ചെമ്മേ തലപ്പെട്ടേഞ്ഞാൻ.
215 ജനിപ്പോരു വിനപ്പാടും
216 ഇനിപ്പോരുമെനിക്കെന്നു
217 മനക്കാപിൽപലപ്പോഴും നിനയ്ക്കാകേണം
218 ചെറുപ്പമായിരുന്നനാൾ
219 ചെറുപ്പിള്ളർ പലരുമായ്
220 ഉരത്തോരു വനത്തിൽപോയ് ചിലപ്പോഴെല്ലാം.

221 മനക്കാതൽ മയക്കിനീ
222 കളിക്കും നൽക്കളി കാണ്മാൻ
223 കൊതിക്കുന്നുതെനിക്കോയിന്നിരക്കണ്ണെല്ലാം
224 ഉമിണ്ണും വായ്മലർത്തേനും
225 അമിണ്ണോരു നിലന്തന്നിൽ
226 തമിണ്ണു നീയുരുണ്ടങ്ങു പുരണ്ടനേരം
227 അണഞ്ഞു വന്നഴിഞ്ഞൊന്നു
228 പുണർന്നില്ലെന്നതുകൊണ്ടു
229 പിണഞ്ഞീടുന്നകക്കാപിൽ കനമ്മാലിപ്പോൾ.
230 മരണം വന്നണഞ്ഞീടും

231 വ്യസനം കൊണ്ടുഴന്നീടും
232 കരണങ്ങൾതളർന്നങ്ങു വരുന്നനേരം
233 ശരണമായ് മുനികൾക്കു
234 മരുവും നിൻ ചരണങ്ങൾ
235 മരണമാലകറ്റുമാറരുളിടേണം.
236 ജഗദീശാ! പരന്നിന്നോ
237 ടഗതിയായ്മരുവും ഞാൻ
238 ജളതപൂണ്ടളവേറെപ്പറഞ്ഞതെല്ലാം
239 നമുക്കുള്ളോനിവന്താനെ
240 ന്നതു നണ്ണിപ്പൊറുക്കേണം

241 നമസ്കാരം, നമസ്കാരം നിനക്കെപ്പോഴും."
242 പുതിയ ചൊൽകൊണ്ടപ്പുരുഷന്തന്നെയ
243 പ്പുരുഹൂതന്നിന്നു പുകണ്ണപ്പോൾ
244 മുദിതരായുള്ള മുനികളെല്ലാമ
245 മ്മുകിൽവർണ്ണന്നെപ്പുകണ്ണാരേ:
246 "അരുതേതും നിൻറെ ചരിതങ്ങളെങ്ങൾ
247 ക്കുരചെയ്വാനയ്യോ, മുകിൽവർണ്ണാ!
248 മറകളായും തൽപ്പൊരുളായും പിന്നെ
249 മറഞ്ഞല്ലൊ നീതാൻ മരുവുന്നു.
250 ദഹനനായതും തപനനായതും

251 പവനനായതും പരനേ! നീ.
252 അവനിയായതും ഗഗനമായതും
253 അഴകിൽ വാണെഴും പരനേ! നീ.
254 അരുണനായതും വരുണനായതും
255 കരുണക്കാതലേ, പരന്നീയേ.
256 മദനനായ് ചെന്നു മനതാരിൽ നിന്നു
257 മലിനരാക്കുന്നോൻ ചിലരേ നീ.
258 അകതാരിൽ നല്ലൊരുറവുണ്ടാക്കിനി
259 ന്നഴൽ തീർത്തീടുന്നോൻ ചിലർക്കെല്ലാം
260 സമനായ്മേവുന്ന യമനായ് നിന്നങ്ങു

261 കമയൂട്ടീടുന്നോൻ ചിലരെ നീ.
262 നരകമായൊരു കടൽതന്നിൽനിന്നു
263 കരയേറ്റീടുന്നോൻ കനിവോടേ.
264 ചരണത്താരിൽ നിന്നടിമയായ് പുക്കു
265 മരുവുമെങ്ങളിൽ നിനവെന്തേ?
266 കുസുമം തന്നിലേ മണംപോലെ നിന്നു
267 ഭൂവനങ്ങളെങ്ങും നിറഞ്ഞോനേ!
268 കുടികൊൾകെങ്ങൾതന്മനക്കാപിൽ വന്നു
269 കവലയും വെല്ലും നിറത്തോനേ!
270 മരണമുണ്ടിനി വരുവാനെന്നോർത്തു

271 പരനേ, മാഴ്കുന്നു മനമയ്യോ!
272 കഴൽതൊഴുന്നെന്നിൽ കനിവുണ്ടാകണം
273 കരുണക്കാതലേ, വിരവോടേ.
274 കമലാതന്നുടെ കരതളിർതന്നാൽ
275 കലിതമായൊരു കഴലെന്നിൽ
276 വിലസേണം ചെമ്മേ മറുവില്ലാതൊരു
277 മുകുരം തന്നിലേ മുകം പോലെ.
278 നിടിയോരന്തകൻ കൊടുതായെങ്ങളെ
279 ക്കടുതായല്ലൊ വന്നണയുന്നു;
280 കമലക്കണ്മുന കനിവോടെങ്ങളോ

281 ടണയേണ്ടും കാലമണഞ്ഞുതേ.
282 ഇനിയുമെങ്ങൾക്കു ജനനിതന്നുടെ
283 ജഠരം പൂവാനോ മടിയുണ്ടേ.
284 അതിനു നിന്നുടെ കരുണയില്ലായ്കിൽ
285 കഴിവില്ലേതുമേ കടൽവർണ്ണാ !
286 പരനേ, നിന്നുടെ ചരണപ്പുമ്പൊടി
287 പലപ്പോഴുമെങ്ങൾതലതന്നിൽ
288 മരുവീടേണമേ പിറവിയുണ്ടാകിൽ
289 മലർമാതിൻമാർവ്വു പുണർവോനേ !
290 പെരുതായുള്ളൊരു ദുരിതവാരിധി

291 തരണമെങ്ങൾക്കു തരവേണം
292 അതിനു നിന്നുടെ ചരണസേവയാം
293 അരിയൊരു തോണിയരുളേണം.
294 അടിമയായ് പുക്കോരിവരേ ഞാനെന്നും
295 വെടിയുന്നീലെന്ന നിനവാലേ
296 അഴൽ തീർത്തീടും നിങ്കഴലിൽ ചേർപ്പൊരു
297 കനിവുണ്ടാകേണമിനിയയ്യോ!"
298 രുദ്രരും വരനാഗഭൂഷണ
299 മുദ്രിതാംഗകരായുടൻ
300 ഭസ്മധൂളി ധരിച്ചു വന്നിങ്ങു

301 പത്മനേത്രനെ വാഴ്ത്തിനാർ:
302 "ക്ഷീരസാഗരവാരിരാശിയിൽ
303 നാഗവീരവരാസനേ
304 താരിൽമാതൊടുകൂടി മേവിന
305 നീരജായതലോചനാ!
306 പാരുലാവിന നീരദാവലി
307 നേരെഴും തവ പൂവൽമെയ്
308 പാരമുള്ളിലെഴുന്നു തോന്നുക
309 ഘോരപാതകശാന്തയേ
310 പാരിടത്തിലുരത്തുനിന്നൊരു

311 ഭാരമമ്പൊടു പോക്കുവാൻ
312 പാരിൽ വന്നു പിറന്നുതെന്നതു
313 ചേരുന്നില്ലിതു ചെഞ്ചെമ്മേ;
314 പാരിടത്തെയകത്തെടുത്തൊരു
315 ചാരു നിന്നുടൽതന്നെയും
316 ആദരിച്ചു ധരിച്ചുനിന്നതു
317 മേദിനിക്കു പൊറുക്കുമോ?
318 നാമരൂപമകന്നുനിന്നൊരു
319 നാഥനേ, നളിനേക്ഷണാ !
320 നാരദാദിഭിരാനതം തവ

321 നാമരൂപമുപാസ്മഹേ.
322 വീതരാഗ മുനീന്ദ്രവന്ദിത
323 ബോധരൂപ ദയാനിധേ !
324 വീക്ഷണാന്തമതെന്നിൽ നല്കുക
325 മോക്ഷദം കരുണാസ്പദം.
326 ഏവമെന്നതു ദൂരമായതിൽ
327 മേവിനിന്നൊരു ദേവനേ!
328 വേദനാവലി വേർവിടുപ്പൊരു
329 പാദസേവ വഴങ്ങു നീ.
330 ധാരണാദികളാചരിച്ചെഴും

331 ആരണാദികളാദരാൽ
332 ഘോരരായ കൃതാന്തകിങ്കര
333 വാരണായ വനാന്തരേ
334 നിന്നു നീതിയിലുള്ളിൽ നണ്ണിന
335 നിമ്പദം നിഖിലേശ്വരാ !
336 ഊനമറ്റു തെളിഞ്ഞു തോന്നുക
337 മാനസേ മദലാലസേ.
338 കേശവാദികനാമമാണ്ടെഴും
339 ഈശ ! നിൻ നയനാഞ്ചലം
340 ക്ലേശപാശവിനാശമെങ്ങളിൽ

341 ഏശുമാറരുളേണമേ.
342 ദേവദേവ ! ദയാനിധേ ! തവ
343 ചേവടിത്തണൽ കേവലം
344 പാതകാതപശാന്തയേ മമ
345 നാഥ ! നല്കുക സാദരം.
346 വൃഷ്ണിവീര ! വിരിഞ്ചവന്ദിത !
347 കൃഷ്ണ ! രാമ ! കൃപാംബുധേ !
348 പുഷ്ക്കരേക്ഷണ ! പൂരിതാഖില !
349 നിഷ്ക്കളാത്മകനേ ! നമഃ
350 വേദസാരവിനോദനേ ! നമഃ

351 വേദപാലകനേ ! നമഃ
352 വേദവേദികൾവേദ്യനേ ! നമഃ
353 വേദമായവനേ നമഃ
354 ഉത്തമകാന്തി മെത്തിയിരുന്ന
355 നിത്യനെ നീതിയൊടെ
356 ഭക്തി പൊഴിഞ്ഞു ചിത്തമഴിഞ്ഞു
357 രുദ്രർ പുകണ്ണനേരം
358 അശ്വികളെന്നും വിശ്രുതരായി
359 മിശ്രിതരായ വാനോർ
360 അച്യുതസേവ ചെയ്വതിനായി

361 നിശ്ചലരായ് പുകണ്ണാർ:
362 "സന്തതമാണ്ട ബന്ധുരകാന്തി
363 ചിന്തിയെഴുന്ന നിന്മെയ്
364 അന്തികമാളുമന്തകഭീതി
365 ഉന്തിയകറ്റുവാനായ്
366 അന്ധതകൊണ്ടു മന്ദതപൂണ്ട
367 മന്മനക്കാപുതന്നിൽ
368 സുന്ദരമായി നിന്നു വിളങ്ങു
369 കെന്നുമെഴുന്നു മേന്മേൽ.
370 ഭാരതമായ പോരിലിഴിഞ്ഞു

371 വീരതപൂണ്ട മന്നോർ
372 നേരില്ലയാത ധീരതപൂണ്ട
373 പോരു തുടങ്ങുമപ്പോൾ
374 പാർത്ഥനിൽമേവുമാർത്തി കളഞ്ഞു
375 തേർത്തടമാണ്ട നിന്നെ
376 ചീർത്തെഴുമല്ലൽ തീർപ്പതിനായി
377 വാഴ്ത്തി വണങ്ങി നിന്നേൻ.
378 വിണ്ടലരുള്ളിലിണ്ടൽ തിരണ്ടു
379 മണ്ടിവരാതവണ്ണം
380 കണ്ടുകൊള്ളേണമിണ്ടൽകളഞ്ഞു

381 കൊണ്ടൽനേർവർണ്ണനെ ! നീ.
382 നിഷ്കളനായ നിൻകഴലെന്നിൽ
383 നില്ക്കുമാറാകവേണം
384 ഉല്ക്കടയായി നിത്യമെഴുന്ന
385 ദുഷ്കൃതി പോക്കുവാനായ്.
386 ഭക്തി പൊഴിഞ്ഞ മാമുനിമാർക്കു
387 മുക്തി കൊടുത്ത നാഥാ !
388 ദുഃസ്ഥിതി ചേർക്കുമത്തൽ കളഞ്ഞു
389 ചിത്തമഴിഞ്ഞു നിന്മെയ്
390 എത്തുക വന്നു മൃത്യുവശത്തിൽ

391 അത്തൽ പെടാതവണ്ണം.
392 സങ്കടമായ വങ്കടൽ തീർത്തു
393 തങ്കരയേറ്റുവാനായ്
394 നിങ്കനിവായ ജംഘകളൂക്കും
395 പങ്കജലോചന ! നീ
396 വങ്കനിവാണ്ടു നല്കുവതിന്നു
397 ശങ്ക കൊടുക്കൊല്ലാതെ.
398 മന്ദതപൂണ്ടു നിന്നെ മറന്നു
399 സുന്ദരിമാരുമായി
400 നന്ദന ലീല സന്തതമാണ്ടു

401 നിന്ദിതരായ ഞങ്ങൾ
402 ചെന്നിനി വീണു വൻ നരകത്തിൽ
403 നിന്നുഴലുന്ന കാലം
404 ഹൂംക്യതിപൂണ്ട കിങ്കരർ വന്നു
405 ശങ്ക കളഞ്ഞു ചാലേ
406 ചെങ്കനൽതന്നിലെങ്ങളെ വീഴ്ത്തു
407 സങ്കടമാക്കുമപ്പോൾ
408 പങ്കജമങ്ക കങ്കണമാണ്ട
409 തങ്കരപങ്കജത്താൽ
410 ചുബിതമായ നിൻപദമുറ്റു

411 വന്തുണയാകവേണം.
412 പിന്തുമയോർക്കിലന്ധകനാഥാ!
413 നിന്തുണയെന്നിയില്ലേ.
414 കൈതവമറ്റു നിങ്കഴൽ വന്നു
415 കൈതൊവോരു പുണ്യം
416 എങ്ങളിൽ വന്നു തങ്ങുകവേണം
417 ഇങ്ങനെ മേലിലെന്നും.
418 ഖേദിതയായ മേദിനിതന്നെ
419 വേദന തീർത്തു നന്നായ്
420 ആദരവോടു ഭാരമിറക്കി

421 നീതിയിൽ വയ്പതിനായ്
422 വൃഷ്ണികളാണ്ട ഭൂമിയിൽ വന്നു
423 കൃഷ്ണനായ് നിന്ന നിന്നെ
424 വമ്പെഴുമല്ലൽ തപെടുമാറി
425 ന്നമ്പൊടു കുമ്പിടുന്നേൽ."
426 ഉത്തമരായുള്ളശ്വികളേറ്റം
427 ഭക്തിപൊഴിഞ്ഞു പുകണ്ണുതെളിഞ്ഞു
428 അച്യുതപാദസരോരുഹയുഗ്മം
429 നിശ്ചലരായി വണങ്ങിനനേരം
430 ദ്വാദശരെന്നിപ്പാരിടമെങ്ങും

431 വേദിതരായുള്ളോദിത്യന്മാർ
432 ദ്വാരകതന്നിലിരുന്നു വിളങ്ങും
433 വാരിജനേത്രനെ വാഴ്ത്തിച്ചൊന്നാർ:
434 "കന്മഷനിവഹം കടുകപ്പോക്കും
435 നിൻപദമമ്പിൽ കുമ്പിട്ടെങ്ങൾ
436 പ്രാർത്ഥിക്കുന്നൂതൊന്നിനെയുണ്ടി
437 ന്നാർത്തത്രാണപരായണനേ ! കേൾ
438 "എന്നുടെ ദാസന്മാരിവ"രെന്ന
439 ങ്ങുന്നിച്ചീടും വങ്കനിവാലേ
440 തണ്മകളഞ്ഞന്നന്മവരുത്തും

441 കമുന നല്കുകയെങ്ങളിൽ മെല്ലെ.
442 ജനനമഹാംബുധിതന്നടുവേ വീ
443 ണനിശമുഴയ്ക്കും ജനനിവഹങ്ങൾ
444 സുതജനസഹജസ്നിഗ്ദ്ധന്മാരാം
445 മുതലൾ വായിൽ പാഞ്ഞും പാഞ്ഞും
446 ജായകളായുള്ളാവർത്തത്തിൽ
447 പോയിച്ചെന്നുടനാണും കേണും
448 ക്ലേശമിയന്നന്നാശകളെന്നും
449 വീചികൾതോറുമലഞ്ഞു കരഞ്ഞും
450 മായാകാരം തോയം തന്നിൽ

451 പായം പായം മുങ്ങീ നടുങ്ങി
452 ഒരു കരയെങ്ങുമണഞ്ഞു നിലാതെ
453 തെരുതെരെ നീന്തിത്താന്തന്മാരായ്
454 പെരുകിന താപമിയന്നു തളർന്നും
455 കരുതിനതോറുമുഴയ്ക്കുന്നല്ലൊ;
456 കരുണാവാനായ്പരിണതനാം നിൻ
457 ചരണസരോരുഹയുഗ്മം തന്നെ
458 കൈതവമെന്നതു കൈവിട്ടമ്പിൽ
459 കൈതൊഴുതീടുക വല്ലാഞ്ഞത്രെ.
460 മരണമണഞ്ഞു പിണഞ്ഞു ചമഞ്ഞു

461 മനതളിരനിശം മാഴ്കുന്നൂതേ
462 ചരണസരോജമൊഴിച്ചു ഹരേ ! തേ
463 ശരണം നൈവ നമുക്കു പുരാനേ!
464 പാർക്കെഴുമല്ലൽ തളർത്തുവതിന്നായ്
465 ഗോക്കളെ മേച്ചുനടന്ന പുരാനേ !
466 വാക്കുകളാർക്കുമൊരിക്കലുമോർത്താൽ
467 ചേർക്കരുതാത മറക്കരളേ ! നമഃ
468 രാധാപീനപയോധരകലികെ
469 യ്ക്കാധാരായിതമാറുടയോനേ!
470 വേദാന്താംബുധിതന്നിൽ നടക്കും

471 വേധോ വേദിതരുപ ! നമസ്തേ.
472 ബാധാഭണിതിയകന്നു വിളങ്ങും
473 ബോധാനന്ദമയാത്മകനായി
474 വേദാംഭോനിധിതന്നിലെഴും നിൻ
475 പാദാം ഭോജപരാഗലവം നാം
476 മായാധൂളിമലീമസമാമി
477 മ്മാനസമുകരം ശോധിപ്പാനായ്
478 കാരുണ്യാമൃതവാരിനിധേ! കേൾ
479 പാരം പാരം യാചിക്കുന്നു.
480 മുനിജനമാനസനിലയ ! മുരാരേ !

481 മുകിൽനിരതരമാം നിറമുടയോനേ !
482 ഹരിഹരവന്ദിതചരണ ! നമസ്തേ;
483 ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി
484 നരഹരിരൂപമിയന്നതികോപാൽ
485 അസുരമദത്തെയടക്കിയൊടുക്കി
486 നഖമുഖവിദലിതദനുജ! നമസ്തേ; ഹരി
487 നതജനപാതകനാശനനായി
488 ക്ഷിതിതലമാണ്ടു നടന്ന പുരാനേ!
489 നഗവരകല്പിതഛത്ര! നമസ്തേ; ഹരി
490 കടൽമകൾതൻറെ കരതളിർതന്നോ

491 ടുടമയിൽമേവും കഴലുടയോനേ!
492 കരതലകലിതദരാഢ്യ ! നമസ്തേ; ഹരി
493 കമലദലായതലോചന ! വിഷ്ണോ !
494 കമലാകാമുകനായ പുരാനേ!
495 കരിവരതുരഗകൃതാന്ത ! നമസ്തേ; ഹരി
496 മുഖരിതവംശനിനാദം കൊണ്ട
497 ങ്ങഖിലാനന്ദമിയറ്റുന്നോനേ!
498 വരതരവാരിജവദന ! നമസ്തേ; ഹരി
499 പൂതനതന്നുയിരൂമ്പിക്കൊണ്ടവൾ
500 പാതനനായ പരാപരമൂർത്തേ!

501 മറപൊരുളാകിന നാഥ ! നമസ്തേ: ഹരി
502 ബുധജനമാനസമധുപകുലാനാം
503 മധുജലപൂരിതജലരുഹമേ! കേൾ
504 മധുമഥനാഖിലനാഥ ! നമസ്തേ ; ഹരി
505 ഫണിവരമേനിക്കണിവായ് നില്ക്കും
506 ഗുണഗണമിയലും മെയ്യുടയോനേ!
507 ചിരതരമെന്നിൽ വസിക്ക നമസ്തേ; ഹരി
508 വ്രജകുലനാരികൾ പാൽ തയിർമൂലം
509 ചതുരതരം നൽച്ചതിയുടയോനേ!
510 ഉപനിഷദംബുജഹംസ ! നമസ്തേ; ഹരി

511 സുരവരകരതലസരസിരുഹത്തി
512 ന്നരിയനിലാവാം പെരിയ പുരാനേ !
513 വരമുനിസേവിതചരണ ! നമസ്തേ; ഹരി
514 മരതകനിരവന്നടിതൊഴുതീടും
515 വരതരനിറമാം പരിചുടയോനേ !
516 സുരവരപരിചിതചരിത ! നമസ്തേ;
517 ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി "
518 നിമേഷം വെടിഞ്ഞോർ നിരന്നീടിനോര
519 ന്നിജേ മന്ദിരേ നിർമ്മലേ സംവസന്തം
520 ഗുണാതീതരൂപം രമാധീശമേവം

521 ദിനാധീശ്വരന്മാർ പുകണ്ണോരുനേരം
522 നിലിമ്പാധിനാഥൻ ബലംകൊണ്ടു മേന്മേൽ
523 നലംചേർന്ന നാകേ വസിക്കും വസുക്കൾ
524 മറക്കാതലാമമ്മധുദ്വേഷിതൻറെ
525 മനക്കാണ്പിൽ മോദം പുലമ്പെപ്പുകണ്ണാർ:
526 "പിറപ്പും മരിപ്പും പിണഞ്ഞെത്രനാളു
527 ണ്ടലല്പാടിൽ വീണങ്ങുഴയ്ക്കുന്നുതെങ്ങൾ
528 അനദ്ധ്യായമെന്നും വരുത്തീടുമാറ
529 മ്മനത്താരിലേതും ദയാവില്ലയോ ചൊൽ;
530 ചലൽക്കുന്തളം ചഞ്ചലാപാംഗരമ്യം

531 മിളൽക്കുണ്ഡലോല്ലാസിഗണ്ഡാഭിരാമം
532 മൃദുസ്മേരമേവം മുഖാംഭോരുഹന്തേ
533 സ്മരിക്കായ്വരേണം മരിക്കുന്നനേരം
534 സരിൽകൂപതോയപ്രവേശന ഭാസ്വാൻ
535 ബഹുത്വേന രൂപേണ നിൽക്കുന്നപോലെ
536 സമസ്തേഷു ഭൂതേഷ്വനുസ്യൂതമീഡേ
537 നിരസ്താമയം ത്വാം മനസ്താപശാന്തെ്യെ.
538 ഘടഭാവകാലേ തദാകാശലേശം
539 മഹാകാശരൂപേണ നില്ക്കുന്നപോലെ
540 ശരീരാവസാനേ ശരീരം വിഹായ

541 സ്വരൂപേണ നില്ക്കും വിഭോ ! കൈതൊഴുന്നേൻ
542 മഹാമോഹമാളും മഹാലോകരിൽ തൻ
543 ഗുഹാവാസമീടും മഹാനായ നിന്നെ
544 അഹോ! കാണ്ക വല്ലാഞ്ഞലഞ്ഞങ്ങുമിങ്ങും
545 മുദാ കാണ്ക പായുന്നയീ കണ്ടുകൊൾവാൻ.
546 ശിലായാമൊരുത്തൻ ജലേ മറ്റൊരുത്തൻ
547 കലാലാദിശില്പേ പരൻ പാവകാദൗ;
548 കരാരൂഢപിണ്ഡം കനം കാണവല്ലാ
549 ഞ്ഞൊരോപാടു പായ്വൂ പയിച്ചെന്നപോലെ.
550 മനത്താരിലിന്നിങ്കഴൽത്താരുറപ്പി

551 ച്ചനർത്ഥാഗമം വേരനക്കിക്കളഞ്ഞ
552 ങ്ങിരിപ്പോരു പുണ്യം പലപ്പോഴുമിന്നീ
553 മരിപ്പോളവും കേൾ നമുക്കേകവേണം.
554 തടിക്കിങ്കരന്മാരടിക്കുന്നനേരം
555 തടുത്തീടവല്ലാരടുത്തോരുമാരും
556 കടൽക്കന്നിതൻറെ കരത്താമരത്താർ
557 പിടിച്ചന്നുവന്നങ്ങടുത്തെങ്ങൾമുന്നൽ
558 തടുത്തീടവേണം പൊറുത്തീടവല്ലാ
559 ഞ്ഞലൽക്കൊണ്ടലല്പെട്ടുഴയ്ക്കുന്നനേരം.
560 ജഗൽക്കന്ദമേ ! നന്ദഗോപാംഗഭാഗേ

561 മിളൽകൗതുകംവാണ കാരുണ്യരാശേ!
562 നിനക്കേഷ നിത്യം നിതാന്തം തൊഴുന്നേൻ
563 മനക്കാതൽമദ്ധ്യേ വസിക്കേണമേ നീ.
564 മഴക്കൊണ്ടൽ വന്നങ്ങഴല്ക്കൊണ്ടു നേരേ
565 കഴൽത്താർപിടിക്കും നിറത്തൊടു മേവി
566 വ്രജസ്ത്രികൾമദ്ധ്യേ കളിക്കുന്ന നിന്നെ
567 ക്കുറിക്കൊണ്ടു നിത്യം കുളുർക്കെഴുത്തൊഴുന്നേൻ.
568 ഉരോമദ്ധ്യദേശേ സരോജാലയാന്താം
569 പരീരംഭലോലാമ്മുദാ ധാരയന്തം
570 പുരാരാതിതൻറെ ശരീരാർദ്ധഭാഗേ

571 മുരാരേ! വസന്തം ഭവന്തം തൊഴുന്നേൻ.
572 കുയിൽപ്പേടചൊല്ലിൽ കനത്തീടിനോര
573 മ്മനസ്താപമേറ്റം കൊടുക്കുന്ന വേണോ !
574 സ്വവക്ത്രേണ നിന്മെയ്യണയ്ക്കുന്നനേര
575 ത്തുണർത്തീടു നീ ഞാനുഴയ്ക്കുന്നതെല്ലാം.
576 വ്രജസ്ത്രീകളെല്ലാം വിളിച്ചാശൂ നേരേ
577 കളിച്ചോടി നീന്തിക്കളിക്കുന്നനേരം
578 ഒളിച്ചമ്പിൽ മെല്ലെന്നകത്തൂട്ടു പുക്ക
579 ക്കലത്തിങ്കൽ നിന്നങ്ങെടുത്തോരു വെണ്ണ
580 സ്വഹസ്തേ ധരിക്കും വിഹസ്തേതരാത്മൻ !

581 സമസ്തേശ ! നിത്യം നമസ്തേ നമസ്തേ.
582 കമലാകരപരിലാളിതകഴൽതന്നിണ കനിവോ
583 ടമരാവലി വിരവോടഥ തൊഴുതീടിന സമയേ
584 വിവിധാഗമവചസാമപി പൊരുളാകിന ഭഗവാൻ
585 വിധുശേഖരനപഗമ്യ ച മധുസൂദനസവിധേ
586 ദ്വിജശാപജവിപദാണ്ടൊരു നിജവംശവുമഖിലം
587 വ്രജിനാർണ്ണവസലിലേ പരമവപാത്യ ച സഹസാ
588 അവശേഷിതമനീഭരം അഖിലം പരമഴകോ
589 ടവനോദിതലവോടെഴും അവനോടയമവദൽ.
590 ദലിതാഞ്ജനനിരയം വരവലശാസനമണിയും

591 കലിതാദരമടികുമ്പിടെ മരുതും നിറകലിതം
592 ഖലശാസന! നലമാണ്ടെഴും അണിമെയ്തവ തൊഴുതേൻ
593 മലർ മാനിനിമണിമാർവതു പരുകീടിന പരനേ !
594 ഫണിനായകനണിവായൊരു തിരുമെയ്തവ പുകഴ്വാൻ
595 പണിയാകിലുമണയായ്വരികനിശം മമ വചസാം
596 ഇരുൾവന്മുകിൽ തരമാം തവ കചകാനനനിചയം
597 പരിചോടയി ഹൃദയേ മ്മ കുടികൊള്ളുക കുടിലം
598 നിരകൊണ്ടാരു വരിവണ്ടൊടു തിറകൊണ്ടൊരു കുരുളി
599 ന്നിരുൾ കൊണ്ടലിൽ നിനവുണ്ടിനിയിരുതെണ്ടവുമിയൽവാൻ
600 വിധുപോതകമടികുമ്പിടം അഴകീടിമ നിടിലം

601 മധുകൈടഭമദനാശന! മഹിതം തവ തൊഴുതേൻ.
602 മധുമല്ലിക വളർവില്ലവ വളർവില്ലൊടു നിതരാം
603 ഉരതല്ലിന വരചില്ലികൾ വരമേകുക മ്മ തേ.
604 കടൽമാനിനിമുഖപങ്കജമധുപായിതമയി തേ
605 നയനാംബുജമിത ഞാനയി നരകാന്തക ! തൊഴുതേൻ.
606 നലമീടിന നയനാഞ്ചലം അഖിവോടയി തഴുകു
607 ന്നണികാതിണ തുണയാകയി മനക്കാമ്പിനു മ്മ തേ
608 തിലസൂനമിതലിനവോടയി പലപോതടിപണിയും
609 തിരുനാസിക തിറമോടിത തൊഴുതേനഹമകമേ.
610 ഉരുമണ്ഡനമണികണ്ഡലപരിമണ്ഡിതമിത ഞാൻ

611 അണിഗണ്ഡകയുഗളം തവ ജനിഖണ്ഡന ! തൊഴുതേൻ.
612 മലർമാനിനിമനക്കാമ്പിനു മദനാമയരുളും
613 മണിവായ്മമ മനക്കാമ്പിനൊരണിവായ് വരികനിശം.
614 പരിനിന്ദിതമൃദുകുന്ദകമുരുനന്ദികരസനം
615 വരദം തവ വരദന്തമിതസദന്തക ! തൊഴുതേൻ.
616 അണിപുഞ്ചിരി തുണയായെഴും അമലം തവ വചസാം
617 നിചയം മമ ചെവികൾക്കയി വശമായ് വരികിനിയും.
618 അഘസൂദന! മഘവന്മുഖ മഖഭോജികൾ തൊഴുമീ
619 മുഖപങ്കമഘപങ്കജ വിപദം കളകകലെ.
620 വളർകംബുവൊടളവേറിന കലഹം പരമിയലും

621 ഗളകാന്തിയിൽ വിളയാടുക ഗളിതാപദി മനതാർ.
622 പരിചോടയി കടൽമാനിനിതടവന്മുല മരുവും
623 തിരുമാറിടമിത ഞാനയി പരിപാലക ! തൊഴുതേൻ.
624 പരിതാപദമസുരാവലിമനതാരിലിതനിശം
625 കരതാർ തവ ദുരിതാപഹം ഇത ഞാനയി തൊഴുതേൻ.
626 മധുരം വലിപരിപൂരിതം ഉദരം തവ സുഭഗം
627 ദുരിതാവലിഭിദുരം മമ വരവേണമിതനിശം.
628 തരുണാരുണകിരണാവലി തരമീടിന വസനം
629 കരണേ മമ പരിഖേലതു കരുണാകര ! നിതരാം.
630 കലയേ ഹൃദി മണിമേഖല മതുവീടിന ജഘനം

631 കടൽമാനിനിസുകൃതാവലി വിലസീടിന നിലയം
632 വലസൂദനമണികമ്പമിതിടയും തുടയുഗളം
633 വടിവോടയി വരമേകുക വരദാധിപ ! മമ തേ.
634 പരിചീടിന കരികുംഭമിതുരുകുംപടി മരുവും.
635 വരജാനുകയുഗളം തവ മുരശാസന ! തൊഴുതേൻ
636 മലരമ്പനു തരമമ്പിന ശരധിദ്വയമിടയും.
637 വരംജംഘകൾ കരയേറ്റുക ദുരിതാർണ്ണവസലിലാൽ.
638 കമഠാകൃതി തൊഴുതീടിന സുഷമാപരികലിതം
639 പ്രപദം മമ വിപദം കളകപദം തവ വിപദാം.
640 ചരണായിതസരസീരുഹപരിശോഭിതദലമായ്

641 വിലസീടിന വിരൽതൻ നിര കരുതീടുക മനമേ !
642 മഖഭോജികൾമകുടാഞ്ചിതമണികോടികളുരസും
643 നഖമാലകൾ തൊഴുതേനഹം അഘജാലകമകൽവാൻ.
644 ദ്വിജപങ്കജവരരേഖകൾനിര ചിന്തിന കഴൽതൻ
645 തലമമ്പുക മമ ചേതസി മധുസൂദന ! സതതം.
646 പദനിന്ദിത മൃദുപങ്കജനഖനിന്ദിതഖഗ തേ
647 ഗളനിന്ദിതവരകംബുകുഭുജനിന്ദിതഭുജഗം
648 സ്മിതനിന്ദിതവരകുന്ദകമുഖനിന്ദിതശശഭൃൽ
649 കചനിന്ദിത തിമിരം തവതിരുമെയ് പരികലയേ.
650 കരവാരിജപരിശോഭിതദരവാരിജമമലം

651 വരവാരിജനിലയാകരപരിലാളിതചരണം
652 പദവാരിജപതിതാമയപരിനോദനനിപുണം
653 നവവാരിജനയനം തവ തിരുമെയ് പരികലയേ
654 നിഗമാവലി പുകഴും തവ ചരണാംബുജയുഗളം
655 നിയതം മമ മനകാണ്പിനു നിനവായ് വരികിനിയും.
656 പെരുതാകിന ദുരിതാമയപരിതാപഹമയി നിൻ
657 ചരിതാമ്യതമുരചെയ്കയി രസനാ മമ രസികാ.
658 ധരണീധര! കരുണാകര! ശരമാഗതജനതാ
659 പരിപാലനനിരതാഖിലദുരിതാപഹ ജഗതാം
660 കലിനാശന കബളീകൃതനവനഛഃശ ! തൊഴുതേൻ

661 വിലസീടുക നിയതം മയി നിരൃണാതവ കരുണാ.
662 ജഡരൂപക ജഗദാത്മക ജയ മാധവ ! ഭഗവൻ
663 ജയ ദേവകിതനയാദിമജയകാരണ ജഗതാം
664 ജയസുന്ദര ! യദുനന്ദന ! ജയമംഗലവസതേ
665 വ്രജമന്ദിര ! മുനിവന്ദചഃ ! ശരണം ഭവ സതതം.
666 കലുഷാപഹ! കമലാനന ! കലശോദധിമകൾതൻ
667 കരവാരിജപരിലാളിതചരണാംബുജ സതതം
668 കമലാസന വിമലാനന മുഖരീകൃതമഹിമൻ
669 കലിനാശന കരിനാശന കനമേകുക കരുണാം.
670 ദലിതാഞ്ജനനിരയും വരവലശാസനമണിയും

671 കലിതാദരമടികുമ്പിട മരുവും നിറകലിതം
672 ഖലശാസന! നലമാണ്ടെഴും അണിമെയ്തവ തൊഴുതേൻ
673 മലർമാനിനിമണിമാർവ്വതു പരുകീടിന പരനേ !
674 മുരശാസന ! നരകാന്തക ! മുഖരീകൃതമുരളീ
675 വിവശീകൃതജനമാനസസരസീരുഹവിതതേ !
676 ചരിതാമൃതവിശദീകൃതഭുവനാഖിലവസതേ !
677 നിരുപാധികനിയതം തവ തിരുമെയ് പരികലയേ.
678 യദുനന്ദന ! മുഖപങ്കജ പരിനിന്ദിതവിലസ
679 ച്ഛശിമണ്ഡല ! മണിമണ്ഡിത ! വരമണ്ഡന! ജഗതാം
680 ഭൂജമണ്ഡ പരിപിണ്ഡിതരിപുമണ്ഡല ! സതതം

681 വ്രജമന്ദിര ! മുനിവന്ദിതചരണാംബജു ! ശരണം."
682 ഇങ്ങനെ വാഴ്ത്തിനോരംഗജവൈരിയും
683 മംഗലദേവതാകാമുകനും
684 പങ്കജയോനിയും തങ്ങളിൽക്കൂടി നി
685 ന്നിങ്ങനെയെന്നു പറഞ്ഞു പിന്നെ
686 വന്ദിച്ചുനിന്നൊരു വാനോരുമായിത്തൻ
687 മന്ദിരം പൂകിനാർ മന്ദിയാതെ.
688 ഘോരങ്ങളായുള്ള ദുർന്നിമിത്തങ്ങള
689 ദ്ദ്വാരകതന്നിലെഴുന്നനേരം
690 വാരിജലോചനൻ ചൊല്ലിനിന്നീടിനാൻ

691 ദ്വാരകവാസികളെല്ലാരോടും:
692 "കൊന്നുനിന്നീടുന്ന ദുർന്നിമിത്തങ്ങളു
693 ണ്ടിന്നിലംതന്നിലേ വന്നെഴുന്നു.
694 ദ്വാരകതന്നെയും കൈവടിഞ്ഞിന്നു നാം
695 പാരാതെ പോകിനിയെന്നുവന്നു
696 ചൊല്ക്കൊണ്ടുനിന്നുള്ള സാഗരതീർത്ഥത്തി
697 ലിപ്പൊഴേ പോകണം" എന്നു ചൊല്ലി
698 ഭക്തനായ് നിന്നുള്ളൊരുദ്ധവർക്കായിട്ടു
699 മുക്തിയെത്തന്നെയും നല്കി നന്നായ്
700 യാതനായ്മേവിനാൻ യാദവന്മാരുമായ്

701 പൂതനതന്നുടെ ഘാതകന്താൻ.
702 ആഗസ്സു പോക്കുന്ന സാഗരതീർത്ഥത്തിൻ
703 വേഗത്തിൽചെന്നുള്ള യാദവന്മാർ
704 സ്നാനവും ചെയ്തു നല്ലാരണർക്കായിട്ടു
705 ദാനവുംചെയ്തു ഭുജിച്ചു പിന്നെ
706 തീരത്തുനിന്നങ്ങു സേവിച്ചുമേവിനാർ
707 മൈരേയമായുള്ള വീരമദ്യം.
708 ശാന്തരായുള്ളവർ മാനസമന്നേരം
709 ഭ്രാന്തരെപ്പോലെയങ്ങായിക്കൂടി.
710 ഒച്ചപ്പെടാതെ പറഞ്ഞുനിന്നീടുന്നോ.

711 ർക്കുച്ചത്തിലായിതേ വാർത്തയെല്ലാം.
712 ചാട്ടംതുടങ്ങിനാരോട്ടംതുടങ്ങിനാർ
713 പാട്ടുംതുടങ്ങിനാർ പാരമപ്പോൾ.
714 വാശിപൂണ്ടൊന്നൊന്നേപേശിത്തുടങ്ങിനാർ
715 കൂശാതെ വന്നുനിന്നങ്ങുമിങ്ങും.
716 ആയുധംകൊണ്ടു കളിച്ചുതുടങ്ങിനാർ
717 ആയുധചുഞ്ചുക്കളായോരെല്ലാം.
718 വന്മദംകൊണ്ടവർ തന്മനംപൂണ്ടുള്ള
719 സന്മതിതന്നെയും തണ്മപൂണ്ടു
720 ശൂരന്മാരായുള്ള വീരന്മാർക്കന്നേരം

721 കാരുണ്യമെന്നതു ദൂരമായി.
722 കഷ്ടമായ് നിന്നുള്ളന്നിഷ്ഠുരഭാഷണം
723 ഒട്ടേറേപ്പൊങ്ങിത്തുടങ്ങിതപ്പോൾ.
724 തങ്ങളിൽ നേരിട്ട ഘോഷവും പോന്നങ്ങു
725 പൊങ്ങിത്തുടങ്ങീതുപിന്നെപ്പിന്നെ.
726 തന്മുന്നൽ കാണുന്ന തങ്ങളെയെല്ലാമേ
727 തന്നുടെ വൈരികളെന്നു തോന്നി
728 മത്തരായ്നിന്നങ്ങു യുദ്ധം തുടങ്ങിനാ
729 രുത്തമശ്ലോകനുമൊന്നു വീർത്താൻ.
730 നിർഘൃണരായ് നിന്നു കൊന്നു തുടങ്ങിനാർ

731 മക്കളെത്തന്നെയും മന്ദിയാതെ
732 പ്രദ്യുമ്നസാംബന്മാർ തങ്ങളിൽനേരിട്ടു
733 പത്തഞ്ഞുറായിരം ബാണമെയ്താർ.
734 താതനായുള്ളവന്തന്മകന്തന്നൊടും
735 സോദരരായവർ തങ്ങളിലും
736 ഘോരമായ് നിന്നുള്ളൊരാഹവമുണ്ടായി
737 നേരിട്ടുനിന്നുള്ള വീരർക്കപ്പോൾ.
738 ആയുധജാലമൊടിഞ്ഞു നിന്നോരോന്നേ
739 പോയിതായ് വന്നൊരു നേരത്തപ്പോൾ
740 ഏരകപ്പുല്ലു പറിച്ചുകൊണ്ടല്ലാരും

741 പാരിച്ചു ചാട്ടിനാർ മേനിതന്നിൽ.
742 വേദനപൂരിച്ചു മെയ് പിളർന്നോരോന്നേ
743 മേദിനിതന്നിൽപതിക്കയാലേ
744 ആരണശാപത്താൽ മാരണമായിത
745 ദ്ദ്വാരകവാസികൾക്കേരകപ്പുൽ.
746 ചേതന വേർവ്വിട്ടു പോകുന്നനേരത്തു.
747 വേദനയുണ്ടായീതില്ലയാർക്കും
748 മാലോകർകണ്ണിന്നു പീയുഷമായൊരു
749 മാദവന്തന്മുഖം കാകയാലേ.
750 കണ്ണനെക്കണ്ടു മരിച്ചുനിന്നീടുവാൻ

751 പുണ്യതപൂണ്ടുള്ള യാദവന്മാർ
752 വാനവരായിട്ടു യാനത്തിലേറിപ്പോയ്
753 വാനത്തു മേവിനാർ നീളനീളെ;
754 വീരന്മാർ തങ്ങളിൽ നേരിട്ടു കോലുന്ന
755 പോരുകൾകൊണ്ടു പറഞ്ഞാർ തമ്മിൽ:
756 "സാത്വികനായൊരു സാത്യകിതന്നുടെ
757 തേർത്തടംതന്നെയും വീഴ്ത്തിപ്പിന്നെ
758 സാരനായുള്ളൊരു സാരണൻ കണ്ടാലും
759 വീരനായ് ചെന്നതു പോരിൽ നേരേ."
760 "പാതി മുറിഞ്ഞങ്ങു ഭുതലംതന്നിലേ

761 പാതിതനായൊരു യാദവന്താൻ
762 ചേതനയോടു പിരിഞ്ഞുനിന്നീടാതെ
763 വേദനപൂണ്ടതു കാണ്ക പാപം."
764 "കണ്ടിച്ചുമേവുന്ന കണ്ഠവുമായിട്ടു
765 തെണ്ടിച്ചു ഖിന്നനായ് നിന്നൊരന്യൻ
766 കൊണ്ടൽനേവർണ്ണർന്തന്നന്മുഖം കണ്ടുക
767 ണ്ടിണ്ടലെപ്പോക്കുന്നതുണ്ടോ കണ്ടു? "
768 "വില്ലു മുറിഞ്ഞൊരു വീരന്താൻ ചെന്നങ്ങു
769 തല്ലുന്നോൻ പിന്നെയും കാക പാപം."
770 "ശ്വാക്കൾക്കു നല്ലൊരു ഭോജനമുണ്ടായി

771 പാഴ്ക്കഴുകന്നുമക്കാകന്മാർക്കും."
772 "എന്നുടെ ദേഹത്തെപ്പിന്നെയും കണ്ടാലും
773 പന്നഗൻ വന്നു വലിച്ചതിപ്പോൾ."
774 "എന്നുടെ ദേഹത്തിൻചാരത്തു കണ്ടവ
775 മുന്നേവയല്ലയിശ്വാക്കളൊന്നും."
776 "വൃദ്ധനായുള്ളൊരു ശ്വാവിനെക്കണ്ടാലും
777 ഗ്യദ്ധ്റങ്ങൾ ചെന്നു പിണങ്ങുകയാൽ
778 ഏരകപ്പുല്ലുടെ നേരേപോയ്പാഞ്ഞങ്ങു
779 വാരിധിതന്നിലേ വീണതിപ്പോൾ."
780 "നിന്നുടെ ദേഹത്തിൻ കർണ്ണങ്ങൾ കണ്ടാലും

781 ഛിന്നങ്ങളായതു നാസികയും;
782 ശൂർപ്പണഖയ്ക്കൊരു കാന്തനായ്മേവുവാൻ
783 യോഗ്യതയുണ്ടിതു പാർക്കിലിപ്പോൾ."
784 തോമരമേറ്റു പൊളിഞ്ഞതു കണ്ടാലും
785 കോമളനായൊരു സാംബൻമാറിൻ."
786 "പുത്രനായുള്ളവനച്ഛനെച്ചെന്നണ
787 ഞ്ഞത്തൽപിണച്ചവൻ കണ്ഠദേശം
788 നിർദ്ദയനായി മുറിച്ചുനിന്നങ്ങനെ
789 വിദ്രുതനായതു കാണ്കെടോ. നീ."
790 "വിക്രമംപൂണ്ടുള്ള നക്രവരങ്ങളും

791 ഉഗ്രങ്ങളായുള്ള മീനങ്ങളും
792 തീരത്തു ചെന്നു വലിച്ചുതുടങ്ങിനാർ
793 ചാരത്തു കണ്ട ശവത്തെയെല്ലാം."
794 "മുഷ്കരമായൊരു നിർജ്ജീവദേഹത്തെ
795 യൊക്കവേ ചെന്നു വലിക്കയാലേ
796 നക്രങ്ങൾ തങ്ങളിൽ പേശിനിന്നീടുന്ന
797 തക്കത്തെക്കണ്ടൊരു മീനനപ്പോൾ
798 വൈകാതെ ചെന്നതു തിന്നുതുടങ്ങിനാൻ
799 വൈദഗ്ദ്ധ്യമാളുന്നോരെന്നു ഞായം."
800 "പൂതനവൈരിതൻ പൂവൽമെയ് കണ്ടുടൻ

801 ചേതന പോക്കിന വീരന്മാരെ
802 വേഗത്തിൽ ചെന്നുനിന്നാദരിച്ചീടിനാൻ
803 ആഗതനായൊരു ദേവദൂതൻ.
804 യാനങ്ങൾതോറും കരേറ്റിനിന്നീടുന്നോ
805 ന്മാനിച്ചു പിന്നെയും പിന്നെയും കാ."
806 "ചാമരം വീയുന്ന കാമിനിമാരെല്ലാം
807 കോമളമാരായി വന്നണഞ്ഞാർ."
808 "വീടികതന്നെയും പാണിയിൽ ചേർത്തുകൊ
809 ണ്ടാടോപം ചേരുന്ന മാതരെല്ലാം
810 പാടിനിന്നമ്പോടു വന്നതു കണ്ടാലും

811 പാടീരച്ചാറൂറും കൊങ്കയുമായ്;
812 നേരെപോയ് ചെന്നങ്ങു തിക്കു തുടങ്ങിനാർ
813 വീരന്മാർ വന്നൊരു നൽവഴിക്കേ."
814 "ആണ്മയിൽ ചെന്നങ്ങു വീരത ചെയ്കയാൽ
815 മേന്മ കലർന്നൊരു സാംബനുടേ
816 തോമരമേറ്റു പിളർന്നൊരു മാറിനെ
817 കാമിനി ചെന്നു പുണർന്നതു കാ."
818 "വന്നുവന്നീടുന്ന യാദവന്മാരെക്കൊ
819 ണ്ടംബരമെങ്ങും നിറഞ്ഞുതല്ലൊ.
820 ഒക്കവേ പോയിനി സ്വർഗ്ഗത്തിലാകുമ്പോൾ

821 തിക്കുമെന്നുള്ളതു നിർണ്ണയിക്കാം."
822 ഇങ്ങനെയോരോരോ വാർത്തകളാസ്ഥയാ
823 തങ്ങളിൽ ചൊന്നവർ നിന്നനേരം
824 നേരിട്ടുനിന്നുള്ള വീരന്മാരെല്ലാർക്കും
825 വൈരങ്ങൾ മേന്മലേ പൊങ്ങുകയാൽ
826 ഭൂവിന്നു ഭാരമായ്മേവിനോരെല്ലാരും
827 ദ്യോവിന്നു ഭാരമായ് വന്നുകൂടി.
828 യാദവന്മാരുടെ പാതത്തെത്തന്നെയും
829 മാധവന്തന്നുടെ ഭാവത്തെയും
830 ഇണ്ടൽകളഞ്ഞൊരു മേദിനിതന്നെയും

831 കണ്ടുനിന്നീടുന്ന കാമപാലൻ
832 വേഗത്തിൽ ചെന്നങ്ങു സാഗരതീരത്തു
833 യോഗസ്ഥനായി നുറുങ്ങുനേരം.
834 മേവിനിന്നങ്ങനെ കേവലയായൊരു
835 പാവകിയാകിയ ധാരണയാൽ
836 സ്ഥൂലമായുള്ളൊരു ദേഹവും കൈവിട്ടു
837 ലീലനായ്മേവിനാൽ കേവലങ്കൽ.
838 അഗ്രജന്തന്നുടെ സൽഗതി കണ്ടു നിർ
839 വ്യഗ്രനായുള്ളൊരു വാസുദേവൻ
840 വാമമായ് നിന്നുള്ളൊതുരുവിന്മീതേ തൻ

841 കോമളപ്പാദവും ചേർത്തു നന്നായ്
842 ധാത്രിതൻ ഭാരവും തീർത്തനിന്നാസ്ഥയോ
843 ടാൽത്തറമേലങ്ങിരുന്നനേരം
844 മത്സ്യത്തിന്നുള്ളിലേ ലോഹത്തെക്കൊണ്ടു പ
845 ണ്ടത്യുഗ്രബാണത്തെയാണ്ടവന്താൻ
846 കാട്ടുമൃഗങ്ങളെയാട്ടിനിന്നെങ്ങുമേ
847 കാട്ടിൽനിന്നങ്ങു വരുന്നനേരം.
848 ദൂരവെ കാണായി ദാരുക്കളുള്ളൂടെ
849 വാരിജലോചനമ്പാദം തന്നെ.
850 "എന്നെ വരുന്നതു കണ്ടൊരു ഭീതിയാൽ

851 തന്നെയും ചാലെ മറച്ചുനന്നായ്
852 മേവിനിന്നീടുന്നൊരേണത്തിന്നാനനം
853 കേവലം കാണായതെ"ന്നു നണ്ണി
854 വിപ്രന്മാർ ചൊന്നൊരു ശാപത്തിൻകോപത്താൽ
855 കെല്പുകലർന്നുള്ള ബാണം തന്നെ
856 വമ്പിൽ തൊടുത്തു വലിച്ചുവിട്ടീടിനാൻ
857 അമ്പില്ലയെന്നുമ്പൊളെന്തു ദീനം.
858 വല്ലവിമാരുടെ നന്മുഖംതന്നിലും
859 മല്ലപ്പോർകൊങ്കകൾ രണ്ടിലുമായ്
860 നിന്നുവിളങ്ങുന്നൊരോമനക്കാൽതന്നിൽ

861 ചെന്നു തറച്ചിതു ബാണമപ്പോൾ.
862 മാനെന്നു ചിന്തിച്ചു ബാണത്തിമ്പിന്നാലെ
863 താനങ്ങു വേഗത്തിൽ ചെന്നനേരം
864 കാവർണ്ണർന്തന്നുടൽ കാണായിതെന്നപ്പോൾ
865 കാതരനായവൻ കാല്ക്കൽ വീണാൻ.
866 ഭീതനായ് നിന്നെഴും വ്യാധനോടന്നേരം
867 പ്രീതനായ്ച്ചൊല്ലിനാന്മാധവന്താൻ:
868 മൽപ്രിയമായതു ചെയ്തതു നീയിപ്പോൾ
869 വിപ്രിയമെന്നു ഭയപ്പെടേണ്ട:
870 അല്പമായുള്ളൊരു മൽപ്രിയത്തിൻഫലം

871 അലിപമായല്ലതാൻ വന്നു ഞായം.
872 ഇപ്പൊഴേതന്നെ നീ സ്വർഗ്ഗത്തിൽ പോകണം
873 മൽപ്രിയം ചെയ്യുന്നോരെന്നു ഞായം."
874 ഇങ്ങനെ കേട്ടൊരു കാട്ടാളന്താനപ്പോൾ
875 പൊങ്ങിന പേടിയും പോക്കി നേരേ
876 തിണ്ണം തെളിഞ്ഞൊരു കണ്ണൻറെ ചൊല്ലാലേ
877 വിണ്ണിലും പൂകിനാൻ പുണ്യവാനായ്
878 മാർഗ്ഗണംകൊണ്ടുമമ്മോക്ഷദൻതൻപദം
879 മാർഗ്ഗമായ് പൂജിച്ചാനെന്നതല്ലൊ.
880 ഹേതുവായ് വന്നതപ്പാതകക്കാതലാം

881 വ്യാധനെപ്പോക്കുവാൻ വിണ്ണിലെന്നാൽ
882 പുഷ്പങ്ങൾ കൊണ്ടിനിപ്പൂജിച്ചുപോരുന്നോ
883 ർക്കെപ്ഫലം വന്നതിന്നെന്നു ചൊൽവൂ.
884 വ്യാധനെപ്പോക്കുവാൻ വിണ്ണിലങ്ങാക്കിയ
885 വ്യാധനെത്തന്നെയും വിണ്ണിലങ്ങാക്കിയ
886 മ്മാധവൻ പ്രീതനായ് നിന്നനേരം
887 ദാരുകനാകിന സാരഥിതാനപ്പോൾ
888 വാരിജലോചനന്തന്നെയെങ്ങും
889 ആരാഞ്ഞുപോയെങ്ങും കണ്ടുനിന്നീടാതെ
890 തേരുമായ് നീളെ നടന്നു പിന്നെ

891 സൗരഭ്യംപൂണ്ടങ്ങുവന്നൊരു തെന്നൽതൻ
892 സൗരഭ്യം തോഞ്ഞൊരു മാർഗ്ഗത്തൂടെ
893 ആരാഞ്ഞു ചെന്നപ്പോൾ ദൂരവെ കാണായി
894 വാരിജലോചനൻപൂവൽമേനി.
895 കണ്ടൊരുനേരത്തു കണ്ണുനീരോലോലെ
896 മണ്ടിച്ചെന്നങ്ങവൻ കാല്ക്കൽ വീണാൻ
897 ചൊല്ലിനിന്നീടിനാൻ "നിന്നെയും കാണാതെ
898 അല്ലലിൽ വീണതു ചൊല്ലവല്ലേൻ.
899 ദിഗ്ഭ്രമംകൊണ്ടു നടക്കരുതായുന്നു
900 തുൾഭ്രമംതന്നെയുമുണ്ടാകുന്നു.

901 വംശമേകൂടെ മുടിഞ്ഞുതായല്ലൊ കാ
902 സംശയമില്ലിനിയെന്നുവന്നു.
903 എന്തിനി നിന്നുടെ ചിന്തിതം ചൊല്ലണം
904 അന്ധകനാഥനാം തമ്പുരാനേ!
905 നിഞ്ചരണങ്ങളിൽ തഞ്ചിനോരെങ്ങളേ
906 വഞ്ചിച്ചുപോകുന്നോനല്ലയല്ലീ ?"
907 ദാരുകനിങ്ങനെ ചോദിച്ചനേരത്തു
908 തേരുതാൻ പാരമെഴുന്നു നേരെ
909 അംബരംതന്നിൽ മറഞ്ഞതു കാണായി
910 ചെമ്മുകലർന്നുള്ള ഹേതികളും.

911 എന്നതു കണ്ടു നടുങ്ങിന ദാരുകൻ
912 തന്നോടു ചൊല്ലിനാന്മല്ലവൈരി:
913 "പെട്ടെന്നു ചെന്നിനി ദ്വാരകതന്നിൽ നീ
914 ശിഷ്ടരായുള്ളവരോടു ചൊൽവൂ
915 "ദുർല്ലംഘ്യമായൊരു കാലത്തിൻ ശീലത്താൽ
916 ഇല്ലാതെയായി പണ്ടുള്ളോരെല്ലാം.
917 വ്യഗ്രത നീക്കി നൽ സ്വർഗ്ഗഗനാവതി
918 ന്നഗ്രഗനായാനെന്നഗ്രജനും.
919 സ്വസ്ഥനായുള്ള ഞാൻ ദുസ്ഥനായ് വന്നിപ്പൊ
920 ളിത്രമേലായതും ചൊല്ക പിന്നെ.

921 ദ്വാരകതന്നിലിരിക്കൊല്ലയാരുമേ
922 വാരിധി വന്നു തകർക്കുമിപ്പോൾ.
923 നാരികളോടു കലർന്നുനിന്നെല്ലാരും
924 പോരിക പാരാതെ നിങ്ങളിങ്ങേ."
925 അർജ്ജുനന്തന്നോടു ചൊല്ലുക നമ്മുടെ
926 വജ്രനേ മന്നവനാക്കിവയ്പാൻ;
927 ശേഷിച്ചുനിന്നുള്ള ലോകരെയെല്ലമേ
928 പാലിച്ചുകൊണ്ടുപോയ് വയ്ക്കയെന്നും"
929 എന്നതുകേട്ടൊരു ദാരുകസാരഥി
930 ഖിന്നനായ് മെല്ലവേ പോയനേരം

931 മേന്മകലർന്നുള്ള മാമുനിമാരുമായ്
932 നാന്മുനന്നിലംതന്നിൽ വന്നാൻ.
933 മൂലോകനാഥനായ് മേവിനിന്നൂടുമ
934 ക്കൈലാസവാസിയും കാമിനിയും
935 വാസവൻമുമ്പായ വാനോരുമെല്ലാരും
936 ആസന്നരായാരബ്ഭൂമിതന്നിൽ
937 കേശവന്തന്നുടെ കേവലരൂപത്തിൽ
938 മേവുന്ന വേലയെക്കാണ്മതിന്നായ്.
939 ചിന്തിച്ചതെല്ലാമേ ബന്ധിച്ചുകൂടീട്ടു
940 സന്തുഷ്ടനായുള്ള കണ്ണനപ്പോൾ

941 വന്ദിച്ചുനിന്നുള്ള വാനോരെയെല്ലാമേ
942 നന്ദിച്ചു നോക്കിനാന്മന്ദംമന്ദം
943 സ്വസ്തികമായുള്ളൊരാസനം തങ്കലേ
944 സുസ്ഥിതനായി നിവർന്നു പിന്നെ
945 മൂലസ്ഥനായുള്ള പാവകന്തന്നെയും
946 ചാലേ ജ്വലിപ്പിച്ചു ധാരണയാൽ
947 ദേഹസ്ഥനായുള്ള തന്നെയും മെല്ലവേ
948 കൂടസ്ഥനായുള്ള തങ്കലാക്കി
949 പൂർണ്ണമായ് നിന്നുള്ളൊരാനന്ദം തങ്കലേ
950 ചേർന്നുകൊണ്ടീടിനാൻ ചെവ്വിനോടേ.

951 ശ്യാമളകാന്തിയാൽ കോമളമായി നി
952 ന്നോമനയാകുമപ്പൂവൽമേനി
953 വിസ്മിതരായുള്ള വാനവർ നോക്കുമ്പോൾ
954 ഭസ്മമായ് വന്നതേ കണ്ടു പിന്നെ.
955 ഭസ്മത്തെത്തന്നെയും കുമ്പിട്ടു നിന്നിട്ടു
956 വിസ്മിതരായുള്ള വിണ്ടലരും
957 അന്തകവൈരിയും പങ്കജയോനിയും
958 മന്ദിരം പൂകിനാർ വന്നവണ്ണം.
959 ദ്വാരകതന്നിൽ വസിച്ചുനിന്നൂടു
960 ന്നോരാനകദുന്ദുഭിതാനുമായി

961 മേവിനിന്നീടുന്ന ദേവകി ചൊല്ലിനാൾ
962 വേവുറ്റു മേവുന്നോരുള്ളവുമായ്:
963 "തീർത്ഥത്തിൽ പോയുള്ള യാദവന്മാരുടെ
964 വാർത്തകളേതുമേ കേട്ടീലല്ലൊ.
965 എന്തവരിങ്ങനെ വൈകിച്ചുകൊള്ളുവാൻ
966 എന്നതേ ചിന്തിച്ചു വേകുന്നേൻ ഞാൻ.
967 എന്മകന്തന്നുടെ നന്മുഖം കാണാഞ്ഞു
968 ഉന്മേഷമില്ലെനിക്കുള്ളിലൊട്ടും.
969 ദക്ഷിണമാകുന്ന കണ്ണുമുണ്ടാടുന്നു
970 ലക്ഷണമല്ല നമുക്കു മേലിൽ.

971 അന്നന്നേ വന്നുള്ളതൊന്നൊന്നേ ചിന്തിച്ചാൽ
972 ദുർന്നിമിത്തങ്ങളേ കാണുന്നൂതും.
973 എന്മകന്തന്നെപ്പിരിഞ്ഞുനിന്നീടുവാൻ
974 എതുമേയാകുന്നില്ലിന്നിന്നിപ്പോൾ."
975 ആനന്ദകദുന്ദുഭിതാനുമായിങ്ങനെ
976 ദീനയായ് ദേവകി ചൊല്ലുന്നപ്പോൾ
977 ദാരുകൻ വന്നതു ദൂരവേ കാണായി
978 തേരോടും ധീരതയോടും വേറായ്.
979 എന്നതു കണ്ടൊരു ദേവകി ചൊല്ലിനാൾ:
980 "ഏന്മകൻ വന്നുതുടങ്ങിനാനേ.

981 എന്മകൻ വന്നതു പാർത്തുനിന്നിങ്ങനെ
982 മന്ദിച്ചുപോരുന്നു ദാരുകങ്കാ."
983 എന്നതു കേട്ടൊരു രുക്മിണീദേവിതാൻ
984 ചെന്നങ്ങു തന്നുടെ മന്ദിരത്തിൽ
985 ശയ്യയും ചാലെ വിരിച്ചുനിന്നീടിനാൾ
986 മെയ്യുമലങ്കരിച്ചാശൂ പിന്നെ.
987 പൊല്ക്കെണ്ടിതന്നിൽ പൊഴിഞ്ഞൊരു നീരുമായ്
988 നില്ക്കത്തുടങ്ങിനാൾ നോക്കി നോക്കി.
989 കാവർണ്ണനുണ്ടുപോൽ വന്നുതെന്നിങ്ങനെ
990 ദ്വാരകതന്നിലുമൊച്ചകൊണ്ടു.

991 ദ്വാരകവാസികളായുള്ളോരെല്ലാർക്കും
992 പാരമെഴുന്നിതു മോദമപ്പോൾ.
993 എത്രെടം വന്നുപോലെന്നങ്ങു തങ്ങളിൽ
994 സത്വരം ചോദിച്ചുനിന്നു പിന്നെ
995 വേദത്തിങ്കാതലിൽ പോയ്മറഞ്ഞീടുമ
996 ത്തേജസ്വരുപനെക്കാണ്മതിന്നായ്
997 ഓടിത്തുടങ്ങിനാർ മേഘത്തിൻനാദം കേ
998 ട്ടീടിന ചാതകജാലം പോലെ.
999 ദാരുകന്താനൊട്ടു ചാരത്തു ചെന്നപ്പോൾ
1000 ധീരത കൈവിട്ടു ദേവകിതാൻ

1001 "എന്മകനെങ്ങോൻ?" എന്നിങ്ങനെ ചോദിച്ചാൾ
1002 തന്മുഖം കണ്ടു ഭയപ്പെട്ടുടൻ
1003 എന്നതു കേട്ടൊരു ദാരുകന്താനപ്പൊ
1004 ളൊന്നുമേ വല്ലാതെ നിന്നനേരം
1005 പിന്നെയും പിന്നെയും ചോദിച്ചു മേവിനാൾ
1006 ഖിന്നമായ് വെന്തുള്ളോരുള്ളവുമായ്.
1007 ധീരത കൈവിട്ട ദാരുകന്താനപ്പൊ
1008 ളേറിന വേദന പൊങ്ങുകയാൽ
1009 ഓടിപ്പോയെങ്ങാനും ചാവതിനോങ്ങിനാൻ
1010 താഡിച്ചുകൊണ്ടാന്തന്മെയ്യിൽ പിന്നെ

1011 ചേതന വേർവിട്ട ദേഹത്തെപ്പോലെയ
1012 ബ്ഭൂതലം തന്നിലേ വീണു കേണാൻ.
1013 കണ്ണുനീർ കൊണ്ടവൻ ചൊല്ലാതെ ചൊല്ലിനാൻ
1014 കണ്ണൻറെ വാർത്തകളുള്ളവണ്ണം.
1015 അർജ്ജുനന്തന്നോടു ചൊല്ലിനാമ്പിന്നെയ
1016 ങ്ങച്യുതന്തന്നോടു ചൊന്നതെല്ലാം.
1017 യാദവനാഥനാമാഹുകന്തന്നോടു
1018 യാതനാകേണമേയെന്നു ചൊന്നാൻ.
1019 ദേവകിക്കന്നേരം മേവിന വേദന
1020 ഏവമെന്നിങ്ങനെ ചൊല്ലുവാനായ്

1021 ധാതാവു നിർമ്മിച്ച ലോകങ്ങളൊന്നിലും
1022 മേധാവിയായുള്ളോരാരുമില്ലേ.
1023 പന്തിരണ്ടാദിത്യന്മാരുടെ മണ്ഡലം
1024 ഒന്നിച്ചുകൂട്ടിച്ചമച്ചു പിന്നെ
1025 കല്പാന്തപാവകന്തന്നിങ്ങാക്കി നി
1026 ന്നുല്പാതവാതങ്ങൾ വീതുവീത
1027 പ്പാരം പഴുപ്പിച്ചു നേരറ്റു നിന്നങ്ങു
1028 ഘോരമായ് മേവുന്ന താരപിണ്ഡം
1029 ദേവകിതന്നുടെ താപത്തെച്ചിന്തിക്കിൽ
1030 ശീതളമായിട്ടേ വന്നുകൂടു."

1031 രുക്മിണിമുമ്പായ ദേവിമാർതാപവും
1032 അത്രയല്ലങ്ങതിലേറുമത്രെ.
1033 കൃഷ്ണായെന്നിങ്ങനെ നീളത്തിൽ ചൊന്നപ്പോൾ
1034 വൃഷ്ണികളെല്ലാരും കേഴുംനേരം
1035 വേരോടെ മേല്പെട്ടു പോയതു കാണായി
1036 സാരമായ് മേവുമപ്പാരിജാതം.
1037 എന്നതു കണ്ടുള്ള ബാലരും മാതരും
1038 ഖിന്നരായെല്ലാരും നിന്നു പിന്നെ
1039 ആഹൂകന്തന്നുടെ പിന്നാലെ പോയിപ്പോ
1040 യാഹവഭൂമിയിൽ ചെന്നു നേരേ

1041 സജ്വ നായുള്ളൊരർജ്ജുനന്തന്നാലെ
1042 സജ്ജിതയായൊരു നൽച്ചിതയിൽ
1043 പാരാതെ ചാടിത്തങ്കാമുകന്മെയ്യോടു
1044 നാരിമാരെല്ലാരും ചേർന്നുകൊണ്ടാർ.
1045 ആനകദുന്ദുഭിതാനുമായങ്ങനെ
1046 മാനിതയാകിയ ദേവകിയും
1047 അച്യുതന്തന്നെയുമിച്ഛയിൽ നണ്ണിനി
1048 ന്നച്ചിതതന്നിലേ പാഞ്ഞു പിന്നെ
1049 നിശ്ചലനായുള്ളൊരച്യുതന്തന്നുടെ
1050 നൽച്ചരണങ്ങളിലേശിക്കൊണ്ടാർ.

1051 എണ്ണിരണ്ടായിരം ഭാര്യമാരെല്ലാരും
1052 കണ്ണന്താൻ നിന്നൊരു ഭൂതലത്തിൽ
1053 ഭാവനകൊണ്ടു തങ്കാന്തമെപ്പൂണ്ടു നൽ
1054 പ്പാവകന്തന്നിൽ പതിച്ചുനിന്നാർ.
1055 മാനുഷഭാവത്തെക്കൈവെടിഞ്ഞെല്ലാരും
1056 വാനവരായിച്ചമഞ്ഞു പിന്നെ
1057 മുന്നമേ ചെന്നുള്ള യാദവന്മാരോട
1058 ങ്ങൊന്നിച്ചു മേവിനാർ വിണ്ണിലപ്പോൾ:
1059 "വെള്ളത്തിൽ മുങ്ങി നികന്നേ"നെന്നുള്ളതേ
1060 ഉള്ളത്തിൽ തോന്നീതവർക്കന്നേരം.

1061 ഔദകമായുള്ള കർമ്മവും പിണ്ഡവും
1062 വൈദികരീതിയിൽച്ചൊന്നവണ്ണം
1063 പ്രേതരായ് നിന്നുള്ള യാദവന്മാർക്കെല്ലാം
1064 ആചരിച്ചീടിനാൻ പാർത്ഥനപ്പോൾ.
1065 ദ്വാരകതന്നെയും മുക്കിനാനന്നേരം
1066 വാരിധി വന്നു തകർത്തു മേന്മൽ.
1067 മാധവന്തന്നുടെയാലയമായൊരു
1068 ഭൂതലംതന്നെയൊഴിച്ചെല്ലാമേ.
1069 ചിന്തകന്മാരുടെ ബന്ധവും വേർവിടു
1070 ത്തന്തകഭീതിയെപ്പോക്കുവാനായ്

1071 മാധവന്തന്നധിവാസമുണ്ടാകുന്നു
1072 യാതൊരു ഭൂതലം തന്നിലിന്നും.
1073 ശേഷിച്ചുനിന്നുള്ള യോഷിജ്ജനത്തെയും
1074 ഊഷത്വം വാരാതെ കൊണ്ടുപോയി
1075 തന്നുടെ മന്ദിരം തന്നിലങ്ങാക്കുവാൻ
1076 ഖിന്നനാം പാണ്ഡവമ്പോകുന്നേരം
1077 കാട്ടൂടെ പാഞ്ഞങ്ങു കമ്മന്മാരായുള്ള
1078 കാട്ടാളർ ചെന്നു ചെറുത്താരപ്പോൾ
1079 രോഗത്തെപ്പൂണ്ടൊരു സിംഹത്തെച്ചെന്നിട്ടു
1080 വേഗത്തിൽ ശ്വാനങ്ങളെന്നപോലെ.

1081 ക്രുദ്ധനായുള്ളൊരു പാണ്ഡവന്താനപ്പോൾ
1082 യുദ്ധത്തിനായിത്തുനിഞ്ഞനേരം
1083 അസ്ത്രമെന്നുള്ള വിസ്മൃതമായ് വന്നു
1084 ചിത്തവും വെറൊന്നായ് വന്നുകൂടി.
1085 വില്ലിനെത്തന്നെ കുലപ്പതിന്നായിട്ടും
1086 വല്ലീലയങ്ങവനൊന്നുകൊണ്ടും.
1087 അംഗങ്ങളെല്ലാമേ സന്നങ്ങളായ് വന്നു
1088 അങ്ങനെയായിച്ചമഞ്ഞുതപ്പോൾ
1089 മന്ത്രത്തെക്കൊണ്ടു നിരുദ്ധനായുള്ളൊരു
1090 പന്നഗവീരന്താനെന്നപോലെ.

1091 കാട്ടാളരെല്ലാമക്കാമിനിമാരെയും
1092 ആട്ടിയക്കാട്ടിലേ പോയ് മറഞ്ഞാർ.
1093 " സ്ത്രികളെത്തന്നെയും പാലിച്ചുകൊള്ളുവാൻ
1094 ആകാതെയായല്ലൊ ഞാനിന്നിപ്പോൾ
1095 പൂതലായ്പോയൊരു ദാരുവെപ്പോലെ ഞാൻ
1096 ഭുതലം തന്നിലിരിക്കവേണ്ടാ."
1097 എന്നങ്ങു തന്നിലേ ചിന്തിച്ചുകൊണ്ടവൻ
1098 ഖിന്നനായ്പിന്നെയും പോകും നേരം
1099 വ്യാസനായുള്ളൊരു മാമുനി വന്നുട
1100 നാസന്നനായതു കാണായ്യപ്പോൾ.

1101 മാനിയായുള്ളൊരു പാണ്ഡവവീരന
1102 മ്മാമുനിതന്നുടെ കാല്ക്കൽ വീണാൻ.
1103 തന്നുടെ ഖേദങ്ങളെല്ലാമേ ചൊല്ലിനാ
1104 മ്പിന്നെയമ്മാമുനിയോടു നേരേ.
1105 എന്നതു കേട്ടൊരു മാമുനിതാനുമ
1106 ന്നിന്നൊരുപാണ്ഡവനോടു ചൊന്നാൻ:
1107 "എട്ടെടം മെയ്യിൽ വളഞ്ഞുനിന്നങ്ങനെ
1108 പൊട്ടനായുള്ളൊരു മാമുനിയേ
1109 പണ്ടിവർ കണ്ടു ചിരിച്ചുനിന്നീടിനാർ
1110 ഇണ്ടലങ്ങുള്ളത്തിൽ കൊള്ളുംവണ്ണം.

1111 എന്നതു കണ്ടു ശപിച്ചുനിന്നീടിനാൻ
1112 ഖിന്നനായ് നിന്നൊരു മാമുനിതാൻ.
1113 "കാട്ടാളർ കൊണ്ടുപോയ്ക്കാട്ടിലിന്നിങ്ങളേ
1114 കോട്ടിയാക്കീടുക"യെന്നിങ്ങനെ.
1115 എന്നതുകൊണ്ടിവരിങ്ങനെയായിപ്പോയ്
1116 നിന്നുടെ പോരായ്മയല്ലയേതും.
1117 ആരണശാപത്തിൻ പ്രാബല്യംകൊണ്ടു നിൻ
1118 വീരത പോയിച്ചുരുങ്ങീതായി.
1119 ആരണശാപത്തെപ്പോക്കിനിന്നീടുന്നോ
1120 രാരുമില്ലെന്നതോ കണ്ടുതല്ലൊ.

1121 വീരത പോയെന്നു ഖേദിക്കവേണ്ട നീ
1122 വീരനായുള്ള നീ വീരനത്രെ.
1123 കണ്ണന്മെയ് വേർവിട്ട ഖേദത്തെക്കൊണ്ടല്ലീ
1124 കണ്ണുനീർ തുകുന്നു പിന്നെയും നീ?
1125 യാദവന്മാരുടെ നാശത്തെക്കണ്ടിട്ടും
1126 ദ്വാരക പോയതു കണ്ടുമല്ലീ ?
1127 "ബന്ധുക്കളായുള്ളൊരന്ധകന്മാരുമായ്
1128 ചന്തത്തിൽനിന്നു സുഖിച്ചനേരം
1129 ദീനനായ്പോയാനെൻ കാവർണ്ണനെന്നല്ലീ
1130 മാനസംതന്നിലേ തോന്നുന്നിപ്പോൾ ?

1131 അജ്ഞരായുള്ളവർ ഖേദിക്കുംപോലെയീ
1132 പ്രാജ്ഞനായുള്ള നീ ഖേദിക്കൊല്ലാ;
1133 അംബരംപോലെയന്നിർമ്മലനായ് നിന്ന
1134 ചിന്മയനാകിയ ദേവനുണ്ടോ
1135 ജന്മവും കർമ്മവും നന്മയും തിന്മയും
1136 ഉണ്മയെച്ചിന്തിച്ചു കാണ്ക നീയേ.
1137 പാനസമായുള്ള പത്രങ്ങൾകൊണ്ടോരോ
1138 ഭാജനം തന്നെയും ഗോക്കളേയും
1139 ചാലെച്ചമച്ചോരോ ലീലകൾ കോലുന്ന
1140 ബാലകന്മാരെയോ കാണ്മുണ്ടല്ലൊ

1141 അവ്വണ്ണംതന്നെയിക്കാർമുകിൽവർണ്ണനും
1142 ചൊവ്വോടെ യാദവന്മാരെയെല്ലാം
1143 തന്നുടെ കോരകമെന്നങ്ങു തോന്നിച്ചു
1144 മന്നിടംതന്നിലേ നിന്നു പിന്നെ
1145 കാരിയം പൂരിച്ച യാദവന്മാരെയും
1146 ദ്വാരകതന്നെയും സംഹരിച്ചാൻ
1147 ലീലകഴിഞ്ഞുള്ള ബാലന്മാരെല്ലാരും
1148 ചാലക്കളിപ്പുരയെന്നപോലെ
1149 താനങ്ങു തന്നുടെകേവലമായുള്ളൊ
1150 രാനന്ദംതങ്കലേ നിന്നുകൊണ്ടാൻ

1151 നഷ്ടമായ്പോയാനെന്നിഷ്ടനായുള്ളവൻ
1152 കഷ്ടമേയെന്നങ്ങു ചിന്തിച്ചിപ്പോൾ
1153 സ്പഷ്ടമേയിങ്ങനെ ദുഃഖവുംപൂണ്ടുടൻ
1154 പൊട്ടനായ്പോയിതോ ഹന്ത നീതാൻ ?
1155 ആഹന്ത മാൽകൊണ്ടു വേകുന്ന നിന്നുടെ
1156 മോഹത്തെത്തന്നെ തൊഴുന്നേൻ ഞാനോ.
1157 ഭാരതമാകുന്ന പോരു തുടങ്ങുമ്പോൾ
1158 സാരമായ് നിന്നോടു വാരിജാക്ഷൻ
1159 മാനിച്ചു ചൊന്നുള്ള വാർത്തകളെല്ലാമേ
1160 പാനീയരേഖയായ്പോയിതോ ചൊൽ?

1161 താപത്തെത്തുകുന്ന ശോകത്തെപ്പൂരിച്ചാൽ
1162 ആപത്തേ കാണാവൂ നൂനമെന്നാൽ
1163 ശോകത്തെക്കൈവിട്ടു മോഹത്തെപ്പോക്കുന്ന
1164 രൂപത്തെച്ചിന്തിക്ക സന്തതം നീ."
1165 ഖിന്നത പോക്കുന്ന നന്മൊഴിയിങ്ങനെ
1166 പിന്നെയും പിന്നെയും ചൊല്ലിച്ചൊല്ലി
1167 പാർത്ഥന്തന്നുള്ളത്തിൽ ചീർത്തുനിന്നീടുന്നൊ
1168 രാർത്തിയെത്തീർത്താനത്തീർത്ഥപാദൻ.
1169 നിർമ്മലനായൊരു നന്മുനിതന്നുടെ
1170 നിർമ്മലത്തൂമൊഴി കേൾക്കയാലേ

1171 ചീർത്തുനിന്നീടുന്നൊരാർത്തിയെത്തന്നെയും
1172 തീർത്തുനിന്നീടുന്ന പാർത്ഥനപ്പോൾ
1173 ധന്യമായുള്ളൊരു തന്നുടെ മന്ദിരം
1174 തന്നെയും മുന്നിട്ടു ചെന്നു പിന്നെ
1175 ഉജ്ജ്വലനായൊരു വജ്രനെത്തന്നെയും
1176 വച്ചുനിന്നമ്പോടു മന്ദിരത്തിൽ
1177 ധർമ്മജന്തന്നുടെ മന്ദിരം പൂവതി
1178 ന്നുന്മനസ്സായവൻ പോകുംനേരം
1179 അഗ്രജനായുള്ള ധർമ്മജന്മാവുതാ
1180 നുഗ്രങ്ങളായ നിമിത്തങ്ങളേ

1181 അഗ്രത്തിലാമ്മാറു കണ്ടുകണ്ടേറ്റവും
1182 വ്യഗ്രനായ് ചൊല്ലിനാൻ ഭീമനോട്:
1183 "കൃഷ്ണനെക്കാണ്മാനായ് മുന്നമേ പോയൊരു
1184 ജിഷ്ണുതാൻ വന്നീലയല്ലൊയിന്നും.
1185 എന്തവനിങ്ങനെ വൈകിച്ചുകൊള്ളുവാൻ
1186 സ്വസ്ഥമാം കാലമല്ലെന്നുവന്നു.
1187 മുന്നമെപ്പോലെയല്ലിന്നിന്നിമ്മന്നെല്ലാം
1188 ഖിന്നമായ്ത്തന്നെയേ കാണാകുന്നു.
1189 മംഗലദീപത്തിൻഭംഗവും പൂണ്ടിട്ടു
1190 മങ്ങുന്ന മന്ദിരമെന്നപോലെ.

1191 മന്നിടംതന്നുടെ മംഗലദീപംതാൻ
1192 മങ്ങിമറഞ്ഞുപോയില്ലയല്ലീ?
1193 ഖിന്നമായ് നിന്നൊരിമ്മന്നിടം കാണുമ്പൊ
1194 ളെന്നതേ തോന്നുന്നുതുള്ളിലിപ്പോൾ.
1195 ധർമ്മിഷ്ഠരായുള്ള നിർമ്മലരെല്ലാർക്കും
1196 ഉന്മേഷം കാണുന്നൂതില്ലയിപ്പോൾ.
1197 ഗോക്കളെക്കണ്ടാലുമോർച്ചയും പൂണ്ടിട്ടു
1198 നോക്കിനിന്നീടുന്നതങ്ങുമിങ്ങും.
1199 പാഴരായ്പോരുന്ന പാപന്മാർതന്മുഖം
1200 പാരം തെളിഞ്ഞിന്നു കാണാകുന്നു.

1201 ദുഷ്ടങ്ങളായുള്ള ജന്തുക്കളെല്ലാമ
1202 ങ്ങൊട്ടൊട്ടു വന്നു പരന്നുതായി.
1203 മാമുനിമാരിലും മുന്നമെപ്പോലെയു
1204 ള്ളാമോദം കാണുന്നൂതില്ല ചെമ്മേ.
1205 എന്നുടെ മാനസം തന്നെയുമേറ്റവും
1206 ഖിന്നമായ്ക്കാണുന്നു പിന്നെപ്പിന്നെ.
1207 എന്തിതിങ്കാരണമെന്നതു ചിന്തിച്ചാ
1208 ലേതുമേ ചൊല്ലുവാനില്ലതാനും.
1209 ഉത്തമദാരുക്കളൊക്കവേ കണ്ടാലും
1210 പത്രവും വാടിച്ചമഞ്ഞതിപ്പോൾ.

1211 ജ്യോതിർഗ്ഗണങ്ങളും ദീപിക്കുന്നില്ലൊട്ടും
1212 ആദിത്യന്തന്നെയും കാണ്കയിപ്പോൾ
1213 ചാലത്തെളിഞ്ഞുള്ള തീർത്ഥങ്ങളെല്ലാമേ
1214 കാലുഷ്യം കോലുന്നു കാണുംതോറും.
1215 ആജ്യത്തെക്കൊണ്ടു ജ്വലിക്കുന്നതില്ലിപ്പോൾ
1216 പൂജ്യനായ്മേവുമപ്പാവകന്താൻ.
1217 ഒട്ടൊട്ടു പിന്നെ ജ്വലിച്ചുനിന്നീടുകിൽ
1218 പൊട്ടിയെരിഞ്ഞു പൊരിഞ്ഞുതാനും.
1219 മാരുതൻതന്നുടെ മാന്ദ്യവും കൈവിട്ടു
1220 ഘോരനായ് വീയുന്നു പാരമിപ്പോൾ.

1221 ഇങ്ങനെയോരോന്നു ചിന്തിച്ചുകാണുമ്പോൾ
1222 മംഗലമായിട്ടേ കണ്ടില്ലെങ്ങും.
1223 ഈശ്വരൻതന്നുടെയിച്ഛയെച്ചെയ്കയെ
1224 ന്നാശ്രയിച്ചീടിനേനേഷ ഞാനോ."
1225 സോദരാന്തന്നോടു വേദനയിങ്ങനെ
1226 ഓതിനിന്നീടുന്ന ധർമ്മജന്താൻ
1227 ഈശ്വരന്തങ്കലേ വാച്ചുനിന്നീടുന്നൊ
1228 രോർച്ചയും പൂണ്ടങ്ങു നിന്നനേരം
1229 വാസവനന്ദനൻ വന്നതു കാണായി
1230 വാടിനിന്നീടുന്നഭാവവുമായ്.

1231 പാരാതെചെന്നങ്ങു ധർമ്മജന്തന്നുടെ
1232 പാദങ്ങൾതന്നിലേ വീണു പിന്നെ
1233 ഭാവം കൊണ്ടന്നേരം ചൊല്ലിനതെല്ലാമേ
1234 നാവുകൊണ്ടായിട്ടും ചൊന്നാമ്പിന്നെ:
1235 "ഭൂമിക്കു നല്ലൊരു ഭൂഷണമാകുന്ന
1236 പൂമേനിപൂണ്ടൊരു കണ്ണനിപ്പോൾ
1237 തന്നുടെ ദാസനാമെന്നെയും വഞ്ചിച്ചു
1238 മന്നിടംതന്നെയും ഖിന്നമാക്കി
1239 വിണ്ണിലും പൂകിനാന്നെയുമിങ്ങനെ
1240 കണ്ണുനീർ തൂകുമാറാക്കിവച്ചാൻ."

1241 എന്നതു കേട്ടൊരു ധർമ്മജന്മാവുതാൻ
1242 തന്നെയുംകൂടി മറന്നു നേരേ
1243 കല്യതതന്നെയും കൈവെടിഞ്ഞങ്ങനെ
1244 അല്ലലിൽ വീണതു ചൊല്ലവല്ലേൻ.
1245 പാണ്ഡവമാതാവുമെന്നതു കേട്ടപ്പോൾ
1246 നീണ്ടുനിന്നീടുന്ന ശോകത്താലേ
1247 കണ്ണന്മെയ് തന്നിൽ തന്നുള്ളവും ബന്ധിച്ചു
1248 തിണ്ണം തിരണ്ടൊരു ഭാവനയാൽ
1249 ശാശ്വതനായുള്ളൊരീശ്വരന്തന്നോടു
1250 ചേർച്ചപൂണ്ടീടിനാളോർച്ച നീക്കി.

1251 പാർത്തലംതന്നെപ്പിരിഞ്ഞുനിന്നീടുവെ
1252 ന്നോർത്തുനിന്നീടുന്ന ധർമ്മജന്താൻ
1253 പാർത്ഥനുമായിപ്പറഞ്ഞുനിന്നമ്പിനോ
1254 ടാർത്തനായ് നിന്നു നുറുങ്ങുനേരം
1255 കേശവന്തന്നുടെ കേവലരൂപം ത
1256 ന്നാശയം തന്നിലുറപ്പിച്ചുടൻ
1257 ബന്ധുക്കളായോരിൽ സന്ധിച്ചുനിന്നൊരു
1258 ബന്ധവും ചാലെ മുറിച്ചു നേരെ
1259 നിസ്സംഗനായി നടന്നുതുടങ്ങിനാൻ
1260 ഉത്തരയായുള്ള ദിക്കു നോക്കി.

1261 എന്നതു കണ്ടുള്ള സോദരരെല്ലാരും
1262 പിന്നാലെ കൂടിനാർ കേടു നീക്കി.
1263 കൃഷ്ണനിലുള്ളൊരു തൃഷ്ണപൂണ്ടീടുന്ന
1264 കൃഷ്ണയും പിന്നെയങ്ങവ്വണ്ണമെ.
1265 വ്യാഘ്രങ്ങൾചേരുന്ന കാടുകൾ പിന്നിട്ടു
1266 ദീർഘമായുള്ളൊരു മാർഗ്ഗത്തൂടെ
1267 പിന്നാലെ ചെന്നോരെ നോക്കിനിന്നീടാതെ
1268 ധന്യരായങ്ങവർ പോകുംനേരം.
1269 പൂഞ്ചായലാരുടെ മൗലിയായ്മേവുമ
1270 പ്പാഞ്ചാലി ചാലെപ്പതിച്ചാളപ്പോൾ;

1271 അശ്വികൾ സൂനുക്കളായോരുമങ്ങനെ
1272 അർജ്ജനന്താനുമങ്ങവ്വണ്ണമേ.
1273 വീഴ്വതിനായിട്ടു വേഗവാനായെഴും
1274 ഭീമനും ചൊല്ലിനാന്മെല്ലെയപ്പോൾ :
1275 "ധീരരായ്പോരുമിന്നാല്വരും വീണതിൻ
1276 കാരണം ചൊല്ലേണ"മെന്നിങ്ങനെ
1277 ധർമ്മജൻ ചൊല്ലിനാന്തന്നുടെ തന്നുടെ
1278 വന്മദം കാരണമെന്നും പിന്നെ
1279 "അസ്ത്രങ്ങൾകൊണ്ടെന്നോടൊത്തവരില്ലയെ
1280 ന്നർജ്ജനനുണ്ടൊരു മാനമേറ്റം.

1281 മാനിതരായൊരു മാദ്രിതന്മക്കൾക്കും
1282 മാനമുണ്ടേറ്റവും മാനസത്തിൽ.
1283 "രൂപം കൊണ്ടെന്നോടു നേരൊത്തോരില്ലേയി
1284 പ്പാരിടം തന്നിലിന്നാരുമിപ്പോൾ"
1285 എന്നൊരു മാനമുണ്ടിന്നകുലന്നവൻ
1286 തന്നുടെ സോദരന്നാക പിന്നെ
1287 "ശാസ്ത്രങ്ങൾ കൊണ്ടന്നെത്താഴ്ത്തിനിന്നീടുവാൻ
1288 പാർത്തലംതന്നിലിന്നോർത്തുകണ്ടാൽ
1289 ആകുന്നോരില്ലാരു" മെന്നൊരു മാനം കൊ
1290 ണ്ടാഗളപൂരിതനായി നില്പോൻ.

1291 ഭർത്താക്കളായവൾക്കൈവരുണ്ടല്ലൊ ത
1292 ന്നുൾത്താരിൽ ചേർന്നതു പാർത്ഥനത്രെ
1293 എന്നൊരു ദോഷം കൊണ്ടിന്നവൾ വീണുതായ്
1294 നിന്നുടെ പാതവും വന്നണഞ്ഞു.
1295 ഊക്കുകൊണ്ടാരുമെതിർക്കയില്ലെന്നൊരു
1296 മൂർക്ക്വതയുണ്ടു നിനക്കുമുള്ളിൽ."
1297 ഇങ്ങനെ ചൊന്നൊരു ധർമ്മജമ്പിന്നെപ്പോ
1298 യങ്ങൊരു ദേശത്തു ചെന്നനേരം
1299 ചുറ്റത്തിൽ ചെന്നു ചുറന്നുനിന്നീടിനാൻ
1300 തെറ്റെന്നു വന്നൊരു സാരമേയൻ

1301 "കാൽത്തണൽതന്നിൽച്ചേർത്താത്തനാമെന്നെ നീ
1302 കാത്തുകൊള്ളേണമിന്നാസ്ഥയാലേ"
1303 അല്ലലായുള്ളൊരു ഭാവംകൊണ്ടിങ്ങനെ
1304 ചൊല്ലിനിന്നീടുന്നോനെന്നപോലെ.
1305 എന്നതു കണ്ടൊരു ധർമ്മജന്മാവുതാൻ
1306 തന്നിലേ നണ്ണിനാനുണ്മയായി:
1307 "ആശ്രിതപാലനം ധർമ്മമെന്നല്ലൊയി
1308 ശ്ശാശ്വതവാക്കുകൾ ചൊല്ലിപ്പോരു.
1309 ദീനനായ്മേവുമിശ്വാനനെയിന്നുഞാൻ
1310 മാനിച്ചുകൊള്ളേണം നൂനമെന്നാൽ"

1311 എന്നങ്ങു ചിന്തിച്ചു തന്നിലേ പിന്നെയും
1312 മുന്നമെപ്പോലെ നടന്നനേരം
1313 അംബരംതന്നൂടെ വന്നതു കാണായി
1314 പൊന്മയമായ വിമാനമപ്പോൾ.
1315 ചാരത്തു ചെന്നങ്ങു ചൊല്ലിനിന്നീടിനാൻ
1316 വാരുറ്റുനിന്നൊരു ദേവദൂതൻ:
1317 "നേരറ്റു നിന്ന വിമാനവുമേറി നീ
1318 പാരാതെ പോരണം വിണ്ണിലിപ്പോൾ
1319 പുണ്യങ്ങൾ ചെയ്ത ഫലങ്ങളെയെല്ലാമേ
1320 വിണ്ണിൽനിന്നങ്ങു ലഭിപ്പതിന്നായ്."

1321 ധർമ്മജൻ ചൊല്ലിനാനെന്നതു കേട്ടപ്പോൾ
1322 ധർമ്മത്തിന്നുണ്മയും നണ്ണി നണ്ണി :
1323 "ഖിന്നനായ് വന്നുനിന്നാശ്രയിച്ചീടിനാൻ
1324 മുന്നമേ നമ്മെയിശ്വാനനെന്നാൽ
1325 ധന്യമായ് നിന്നെഴും യാനമേറീടുവാൻ
1326 മുന്നലാമ്മാറവന്തന്നെ വേണം."
1327 എന്നങ്ങു കേട്ടൊരു വിണ്ണവർദൂതന്താൻ
1328 കർണ്ണങ്ങൾ പൊത്തിനാന്തിണ്ണമപ്പോൾ.
1329 സന്മതം തോയുമന്നന്മൊഴി ചൊല്ലിനാൻ
1330 ധർമ്മജന്തന്നോടങ്ങുണ്മയായി

1331 "നിർവ്വിണ്ണനായൊരു നിന്നുടെ മാനസം
1332 ഇവ്വണ്ണമായതെന്തിന്നു നേരേ;
1333 സോദരന്മാരിലുള്ളാശയെത്തന്നെയും
1334 വേരറുത്തല്ലയോ പോന്നുകൊണ്ടു
1335 ഘോരനായ്മേവുമിസ്സാരമേയങ്കൽ നിൻ
1336 മാനസം ചെന്നതിങ്കാരണം ചൊൽ?
1337 ജന്തുക്കളായതിൽ കഷ്ടമായുള്ളതോ
1338 ചിന്തിച്ചു കാകിലിശ്വാക്കളത്രേ.
1339 കഷ്ടങ്ങളായുള്ള ജന്തുക്കൾക്കെന്നുമേ
1340 കിട്ടുവോന്നല്ലയീ സ്വർഗ്ഗമെന്നാൽ

1341 ശ്വാനനിൽ ചെന്നെഴുമാശയും തീർത്തുടൻ
1342 യാനമേറീടു നീ വൈകിയാതെ."
1343 പിന്നെയും ചൊല്ലിനാൻ ധർമ്മജന്മാവുതാൻ
1344 തന്നിലേ ചിന്തിച്ചു ധർമ്മമെല്ലാം:
1345 "ആശ്രിതനായോനെക്കൈവെടിഞ്ഞുള്ളൊരു
1346 വാഴ്ചയിന്നേതുമേ ചേർച്ചയല്ലേ.
1347 ദീനനായ് വന്നവന്തന്നെയും വഞ്ചിച്ചു
1348 യാനമേറുന്നെനിക്കോർത്തുകണ്ടാൽ
1349 നാകലോകാപ്തിയിൽ കാര്യമില്ലേതുമേ
1350 പോക നീയെങ്ങിലോ നാകലോകേ."

1351 വിണ്ണവർദൂതനുമെന്നതു കേട്ടവൻ
1352 കർണ്ണങ്ങളേറ്റിനാന്തന്മൊഴിയും :
1353 "മണ്ണിലേ മാലോകർ പുണ്യങ്ങൾ ചെയ്യുന്നു
1354 വിണ്ണിനെക്കാമിക്കമൂലമത്രേ.
1355 പ്രജ്ഞപൂണ്ടീടിന മാമുനിമാരോരോ
1356 യജ്ഞങ്ങൾകൊണ്ടു യജിക്കുന്നതും
1357 തീയിലേ നിന്നു തപസ്സുചെയ്യുന്നതും
1358 തോയത്തിൽനിന്നു ജപിക്കുന്നതും
1359 ദാനങ്ങളൊന്നൊന്നേയാചരിക്കുന്നതും
1360 വാനിടം പൂവതിൻ വാഞ്ഛയത്രേ.

1361 അങ്ങനെയുള്ളൊരു വാനിടംതന്നെത്തൊ
1362 ട്ടിങ്ങനെ ചൊന്നവാറെങ്ങനെ നീ ?
1363 ദുഷ്ടനായ് വന്നൊരിക്കഷ്ടനെത്തൊട്ടല്ലൊ
1364 ഇഷ്ടമായ് വന്നതു കൈവെടിഞ്ഞു
1365 ദുർജ്ജനസംഗമമൊല്ലായെന്നല്ലയോ
1366 സജ്ജനമായുള്ളോർ ചൊല്ലിക്കേൾപ്പൂ ?
1367 ഒന്നല്ലയാതൊരിക്കാരിയം കാമിച്ചു
1368 നന്നല്ല നീയിന്നിച്ചൊന്നതൊട്ടും.
1369 പാണ്യങ്ങൾകൊണ്ടു നിൻ ചാരത്തു വന്നൊരു
1370 വിണ്ണിനെക്കൈവെടിഞ്ഞീടൊല്ലാതെ."

1371 ചിത്തവിലോഭനമായിനിന്നീടുന്നൊ
1372 രുക്തികളിങ്ങനെയോതിയോതി
1373 ലോലതതീർത്തവന്മാനസം തന്നുടെ
1374 ചാലനമായിതില്ലൊന്നുകൊണ്ടും.
1375 "പോകുന്നേനെങ്കിൽ ഞാനെ" ചൊല്ലിനാ
1376 നാകുലമായൊരു ഭാവവുമായ്.
1377 എന്നതു കേട്ടൊരു ധർമ്മജന്മാവുതാ
1378 നന്നടേ തന്നുടെ മുന്നൽത്തന്നെ
1379 മേവിനിന്നീടുന്ന യാനവും കൈവിട്ടു
1380 പോവതിന്നായിത്തുടങ്ങും നേരം

1381 നിർമ്മലനായൊരു ധർമ്മനായ്ക്കാണായി
1382 തണ്മയിൽ മേവുമശ്വാവുതന്നെ.
1383 തുഷ്ടനായ് നിന്നങ്ങുചൊന്നതും കേൾക്കായി
1384 ശിഷ്ടനായ്നിന്നൊരു തന്നോടപ്പോൾ :
1385 "നിന്നുടെ ധർമ്മത്തിന്നുണ്മ യക്കാണ്മാനായ്
1386 നിന്ദ്യമായുള്ളൊരു രൂപവുമായ്
1387 നിന്നുടെ ചാരത്തു വന്നതു ഞാനിപ്പോ
1388 ളെന്നതു നിന്നുള്ളിൽ തേറിനാലും.
1389 ധർമ്മംകൊണ്ടിന്നിന്നെ വെന്നുനിന്നീടുന്നോ
1390 രുണ്മയെച്ചൊൽകിൽ മറ്റാരുമില്ലേ.

1391 സന്തുഷ്ടനായേൻ ഞാനെന്നതുകൊണ്ടിനി
1392 ച്ചിന്തിച്ചതെല്ലാമേ സാധിച്ചീടും.
1393 വൈകാതെ പോയങ്ങു വാനിടം പൂക നീ
1394 വൈകല്യം വാരാതെയെങ്കിലിപ്പോൾ."
1395 ഇങ്ങനെ ചൊന്നവന്തന്നെയും ചെമ്മെയ
1396 മ്മംഗലയാനത്തിലാക്കിനിന്നാൻ.
1397 മങ്ങാതെനിന്നൊരു ധർമ്മജന്മാവുതാൻ
1398 മംഗലയാനത്തിലായനേരം
1399 കാൽപ്പൊടിതട്ടിക്കളഞ്ഞുനിന്നീടിനാൻ
1400 വായ്പോടു ചെന്നങ്ങൊരുത്തനപ്പോൾ.

1401 പൂമണം തോയുന്ന തെന്നലെത്തുകുന്ന
1402 ചാമരം കാണായി രണ്ടുപാടും.
1403 ചാലെച്ചഴന്നുനിന്നോലക്കമാളുന്നൊ
1404 രാലവട്ടങ്ങളും കാണായ്യപ്പോൾ.
1405 അങ്ങനെ പോയങ്ങു വിണ്ണിലങ്ങാമ്മാറു
1406 ഭംഗിയിൽച്ചെന്നവൻ പൂകുന്നേരം
1407 ഉമ്പർകോന്തന്നുടെ ചൊല്ലിനാലെല്ലാരും
1408 സംഭ്രമിച്ചീടിനാരമ്പിനോടെ
1409 മംഗലപാണികളായി വന്നീടിനാർ
1410 മംഗലമാരായുള്ളംഗനമാർ

1411 ചാലെ വിളങ്ങുന്ന ദീപങ്ങൾ കാണായി
1412 താലത്തിൽ മേവുന്ന വെള്ളരിയും.
1413 പൊൽക്കുടം കണ്ണാടി ചെപ്പുകളെന്നിവ
1414 ഒക്കവേ വന്നു പരന്നുതെങ്ങും.
1415 വാരുറ്റുനിന്നുള്ള ഭേരികൾനാദവും
1416 പാരിച്ചു കേൾക്കായിതോരോ ദിക്കിൽ.
1417 മംഗലസൂചകമായിനിന്നീടുന്ന
1418 ശംഖുകൾനാദവുമവ്വണ്ണമേ.
1419 കസ്തുരികൊണ്ടു തളിച്ചുനിന്നീടിനാർ
1420 ഉത്തമനാരിമാർപദ്ധതിയിൽ.

1421 കാണ്മതിനായിട്ടു വാനവരെല്ലാരും
1422 മേന്മേലേ വന്നു തുടങ്ങീതപ്പോൾ.
1423 സുന്ദരിമാരുമങ്ങന്നിലം തന്നിലേ
1424 ചെന്നുതുടങ്ങിനാർ ചേർച്ചയോടെ:
1425 ഉർവ്വീശന്തന്നുടെ നിർവേശംകാണ്മാനാ
1426 യുർവശിതാനുമങ്ങവ്വണ്ണമേ.
1427 സൽകൃതനായുള്ള ധർമ്മജൻചാരത്തു
1428 തിക്കു തുടങ്ങീതു പാരമപ്പോൾ.
1429 എന്നതു കണ്ടവന്തന്നിലേ നണ്ണിനാൻ:
1430 എന്നുടെ വൈഭവമല്ലിതൊന്നും ;

1431 കാവർണ്ണന്തന്നുടെ ലീലയാലൊന്നത്രെ
1432 കാരുണ്യമെന്നിലേ ചേരുകയാൽ
1433 എന്നതുകൊണ്ടു മദിച്ചുനിന്നീടൊല്ല
1434 യെന്നുടെ മാനസം" എന്നു നണ്ണി
1435 പങ്കജലോചനന്തങ്കഴൽ തന്നുള്ളിൽ
1436 അങ്കുരിച്ചീടുമാറാക്കിപ്പിന്നെ
1437 മുത്തുകൾകൊണ്ടുള്ള പന്തൽതങ്കീഴേ പോ
1438 യെത്തിനിന്നീടിനാൻ വിണ്ണിൽ നേരെ.
1439 വിണ്ണകംപൂകിന പുണ്യവാനന്നേരം
1440 കണ്ണുകളുണ്ടായ കാര്യമെല്ലാം

1441 സാധിച്ചു പിന്നെത്തൻ സോദരന്മാരെയും
1442 ചോദിച്ചു നിന്നാനദ്ദൂതനോടെ.
1443 ചോദിച്ചനേരത്തു ദൂതനും ചൊല്ലിനാൻ
1444 ഖേദിച്ചുനിന്നു നുറുങ്ങുനേരം:
1445 "സോദരന്മാരുടെ വേലയെച്ചൊല്കിലോ
1446 വേദനയായിട്ടു വന്നുകൂടും.
1447 കാണണമെന്നുള്ള സാഹസമുണ്ടെങ്കിൽ
1448 കാണരുതായ്കയുമില്ലതാനും."
1449 ഇങ്ങനെചൊന്നവന്തന്നെയും കൊണ്ടുടൻ
1450 അങ്ങൊരു കോണത്തുചെന്നു പിന്നെ

1451 ഘോരമായുള്ളൊരു നാരകദേശത്തെ
1452 പ്പാരാതെ കാട്ടിനാൻ ദേവദൂതൻ.
1453 കണ്ടൊരുനേരത്തു ധർമ്മജന്മാവുതാൻ
1454 ഇണ്ടലുംപൂണ്ടു ചമഞ്ഞു ചൊന്നാൻ:
1455 "പൂതരായ്നിന്നുള്ള സോദരന്മാരിപ്പോൾ
1456 യാതന പൂണ്മാറോ വന്നുകൂടി ?
1457 ഉത്തമർശീലവുമിത്തരമായിതോ
1458 സത്യവാനല്ലയോ ചിത്രഗുപ്തൻ?
1459 ധർമ്മിഷ്ഠരായുള്ള നിങ്ങൾക്കുമിന്നിതു
1460 സമ്മതമായിട്ടോ തോന്നിക്കൂടി?

1461 ദുഷ്ടത കണ്ടാലും കഷ്ടമായ്വന്നിതു
1462 ദുഷ്ടത വേറിട്ട നാകലോകം.
1463 ദണ്ഡ്യന്മാരല്ലാത പുണ്യമാണ്ടുള്ളോരേ
1464 ദണ്ഡിപ്പിക്കുന്നതു കാണും നേരം
1465 "ഒല്ലാ"യെന്നിങ്ങനെ ചൊല്ലിനിന്നീടുവാൻ
1466 വല്ലുവോനില്ലാതെ വന്നുതോതാൻ ?
1467 വാസലന്താനിതറിഞ്ഞില്ലെന്നല്ലല്ലീ
1468 വാസ്തവരീതിയിൽ വന്നതിപ്പോൾ
1469 ധർമ്മമില്ലാതൊരു വിണ്ണിലേ വാസമി
1470 ന്നുണ്മയെച്ചൊല്കിലെനിക്കു വേണ്ടാ.

1471 ച്ചൊല്ലിചെനിക്കു വേണ്ടാ.
1472 കാതരരായുള്ള സോദരന്മാരുമായ്
1473 യാതന പൂണ്ടുന്നേനെങ്കിലോ ഞാൻ."
1474 എന്നങ്ങു ചൊന്നവനന്നിലംതന്നിലേ
1475 ചെന്നങ്ങു ചാടുവാനോങ്ങുംനേരം
1476 പെട്ടെന്നു ചെന്നു ചെറുത്തുനിന്നീടിനാൻ
1477 തുഷ്ടനായ് നിന്നൊരു ദേവദൂതൻ
1478 കണ്ണടച്ചീടേണമെന്നങ്ങു ചൊന്നപ്പോൾ
1479 കണ്ണടച്ചങ്ങവൻ നിന്നു പിന്നെ
1480 കണ്മിഴിച്ചീടുമ്പൊഴന്നിലംതന്നെയേ

1481 രമ്യമായ്ക്കാണായിതുണ്മയായി.
1482 എന്നതു കണ്ടിട്ടു വിസ്മിതനായിട്ടു
1483 നിന്നൊരു ധർമ്മജനോടു ചൊന്നാൻ :
1484 "ദ്രോണിയെപ്പണ്ടു മരിച്ചാനെന്നുള്ളൊരു
1485 വാണിയെപ്പൊയ്യായിച്ചൊന്നാനല്ലൊ
1486 എന്നതുകൊണ്ടുള്ള കന്മഷംകൊണ്ടു നീ
1487 ഇന്നിതു കാണേണ്ടിവന്നുതിപ്പോൾ.
1488 പാതകം വേരറ്റ സോദരന്മാരുണ്ടോ
1489 യാതന പൂണുന്നു കാതരരായ് ?
1490 വിണ്ണിലേ വാസവുമെത്രനാളെന്നുള്ളൊ

1491 രെണ്ണത്തെക്കണ്ടോരില്ലാരുമിപ്പോൾ.
1492 വേദന വേറിട്ട സോദരന്മാരുമായ്
1493 ആമോദം പൂണ്ടാലുമായവണ്ണം.
1494 സ്വർധുനിതന്നിലേ മുങ്ങുകയെങ്കിലോ
1495 മർത്ത്യനെന്നുള്ളൊരു ഭാവം പോവാൻ."
1496 എന്നതു കേട്ടവനന്നടേതന്നെ പോയ്
1497 ചെന്നതിൽ മുങ്ങി നികന്നനേരം
1498 മാനവനെന്നുള്ള ഭാവവും കൈവിട്ടു
1499 വാനവനായിട്ടു വന്നുതപ്പോൾ.
1500 കല്പകശാഖികൾ നൽച്ചേല നല്കുവാൻ

1501 മുല്പാടു ഞാൻ വേണമെന്നു ചൊല്ലി
1502 തങ്ങളിലുള്ള പിണക്കവുമുണ്ടായി
1503 മുങ്ങി നികന്നവൻ നിന്നനേരം.
1504 നൂതനമായൊരു ചേലയും പൂണ്ടുടൻ
1505 ദൂതൻറെ ചൊല്ലാലെ പോയിപ്പിന്നെ
1506 വാസവന്തന്നാലെ പാലിതമായൊരു
1507 വാനകം പൂകിനാന്മാനിതനായ്.
1508 മന്ദിരമാണ്ടുള്ള വൃന്ദാരകന്മാരെ
1509 വന്ദിച്ചു പിന്നെ നടന്നനേരം
1510 വായുവിൽചാരത്തു ഭീമനെക്കാണായി

1511 വാസവൻചാരത്തു പാർത്ഥനേയും.
1512 നാസത്യന്മാരുടെ ചാരത്തു കാണായി
1513 വാസത്തെപ്പൂണ്ടയമന്മാരെയും.
1514 വിണ്ണവർക്കീടുന്ന ലക്ഷ്മിയായ്ക്കാണായി
1515 പുണ്യതപൂണുമദ്രൗപദിയേ.
1516 ഇങ്ങനെ കണ്ടൊരു ധർമ്മജനന്നേരം
1517 പൊങ്ങിന മോദവും പൂണ്ടു നേരേ
1518 നിർമ്മലനായൊരു ധർമ്മൻറെ ചാരത്തു
1519 ചെന്നങ്ങു മേവിനാന്താനുമപ്പോൾ
1520 വന്ദികളെല്ലാരും വാഴ്ത്തുവാനായിട്ടു

1521 വന്നുതുടങ്ങിനാരെന്നനേരം:
1522 ചേണുററു നിന്നുള്ള വീണകളെല്ലാമേ
1523 പാണിയിലാമ്മാറു ചേർത്തു ചെമ്മേ
1524 സ്വർസ്ത്രീകളായുള്ള നർത്തകിമാരുമായ്
1525 നർത്തകന്മാരുമങ്ങവ്വണ്ണമേ
1526 താളങ്ങൾ പൂണ്ടുള്ള ഗായകന്മാരുന്ന
1527 ന്മേളത്തിലാമ്മാറു വന്നണഞ്ഞാർ.
1528 നാകത്തിലാമ്മാറുവേഗത്തെപ്പൂണ്ടുകൊ
1529 ണ്ടാഗതരായാരമ്മാഗധരും.
1530 ഗീതിയിൽ തോഞ്ഞൊരു രീതിയുമായുടൻ

1531 പ്രീതന്മാരായുള്ള സൂതന്മാരും.
1532 നൂതനമായുള്ള ഗീതവും പാടിനാർ
1533 നീതിയിൽ നിന്നുള്ള ഗായകന്മാർ:
1534 വീണകൾകൊണ്ടുള്ള ഗാനവും മേളിച്ചാർ
1535 വേണുക്കൾകൊണ്ടുമങ്ങവ്വണ്ണമേ.
1536 നർത്തകിമാരങ്ങു നൃത്തം തുടങ്ങിനാർ
1537 നർത്തകന്മാരുമങ്ങൊത്തുകൂടി.
1538 സന്മാനസംതന്നിലുന്മേഷം പൊങ്ങിച്ചു
1539 സമ്മാനിച്ചാടിനാരമ്മാനയും.
1540 മാർദ്ദവം കോവുന്ന വാദ്യങ്ങളൊന്നൊന്നേ

1541 മാർഗ്ഗമായ് നിന്നു വദിപ്പിച്ചപ്പോൾ
1542 പാർത്ഥന്മാർക്കുണ്ടായ കീർത്തികളെല്ലാമേ
1543 വാഴ്ത്തിനിന്നീടിനാർ വന്ദികളും.
1544 കണ്ടുനിന്നീടുന്ന വിണ്ടലരെന്നപ്പോൾ
1545 കൊണ്ടാടിക്കൊണ്ടു പറഞ്ഞാർ തമ്മിൽ:
1546 "ധർമ്മത്തിന്നീടുന്നൊരുണ്മയെക്കാണ്മാനായ്
1547 ധർമ്മജനോളമിന്നാരുമോർത്താൽ
1548 മണ്ണിലും വിണ്ണിലുമില്ലയെന്നുള്ളതു
1549 നിർണ്ണയിച്ചാലുമിന്നിങ്ങളിപ്പോൾ
1550 എണ്ണമറ്റീടുന്ന യജ്ജങ്ങൾ ചെയ്തിട്ടു

1551 വിണ്ണവർ മോദത്തെപ്പൂരിച്ചതും.
1552 മാനസംതന്നെയമ്മാധവന്തങ്കലേ
1553 ലീനമായല്ലൊതാൻ മേവുന്നതും.
1554 ആസ്ഥപൂണ്ടീടുന്ന ഗായകന്മാരും തൻ
1555 കീർത്തിയേ വാഴ്ത്തുന്ന വന്ദികളും
1556 പാടുന്നനേരത്തു കൈടഭവൈരിതൻ
1557 കേടറ്റനാമത്തെക്കേൾക്കയാലേ
1558 മേനിയിൽകണ്ടാലും കോൾമയിർക്കൊണ്ടതും
1559 ആനന്ദബാഷ്പവും പാരമിപ്പോൾ.
1560 വീണ്ടലർനാട്ടിൽവന്നുണ്ടായ ലോകരിൽ

1561 പണ്ടുനാമിങ്ങനെയുണ്ടോ കണ്ടു ?
1562 ഇങ്ങനെ പോരുന്ന ദിവ്യന്മാർ നിന്നെടം
1563 മംഗലമായിട്ടേ വന്നുകൂടൂ.
1564 വിണ്ണിന്നുതന്നെയും നന്നായിവന്നുതി
1565 പ്പുണ്യവാൻ വന്നതുമൂലമായി.
1566 ഇജ്ജനംതന്നുടെയിച്ഛയെപ്പൂരിപ്പാൻ
1567 സജ്ജരാകേണം നാം" എന്ന ചൊല്ലി
1568 കൊണ്ടാടിനിന്നുള്ള വിണ്ടലരെല്ലാരും
1569 മണ്ടിനാരോരോന്നേ തെണ്ടുവാനായ്.
1570 തുംബുരുനാരദന്മാരുമന്നേരത്തു

1571 ധർമ്മജൻചാരത്തു ചെന്നു നന്നായ്
1572 കാർവർണ്ണന്തന്നുടെ കീർത്തിയേ വാഴ്ത്തിനി
1573 ന്നാനന്ദം പൂരിച്ചാരായവണ്ണം.
1574 ധർമ്മജന്തന്നുടെ സമ്മോദം പൂരിച്ച
1575 തുംബുരുനാരദന്മാരും പിന്നെ
1576 വന്ദികളെല്ലാരും ഗായകന്മാരുമായ്
1577 മന്ദിച്ചുനിന്നു തളർന്നനേരം
1578 അർജ്ജുനന്തന്നുടെ കാന്തിയെക്കണ്ടുള്ള
1579 നിർജ്ജരമാനിനിമാരെല്ലാരും
1580 പൂബാണമേറ്റിട്ടു നോവുകലർന്നങ്ങു

1581 വേവുറ്റു മേവുന്നൊരുള്ളവുമായ്
1582 തങ്ങളിൽ നിന്നു പറഞ്ഞുതുടങ്ങിനാർ
1583 തിങ്ങിയെഴുന്നൊരു കൗതുകത്താൽ:
1584 "വാഞ്ഛാനുരൂപമായ് നിന്നതു കണ്ടാലും
1585 പാഞ്ചാലിതന്നുടെ ഭാഗധേയം.
1586 മാലോകർകണ്ണിൻറെ സാഫല്യം പൂരിപ്പാൻ
1587 ഭൂലോകംതന്നിലിന്നാന്മുഖന്താൻ
1588 സുന്ദരമായൊരു രൂപത്തെ നിർമ്മിച്ചാൻ
1589 എന്നങ്ങു ചൊല്ലുന്നതുണ്മ ചെമ്മേ.
1590 ഗംഗയെച്ചൂടുന്ന മംഗലമ്പണ്ടു താ

1591 നംഗജന്മേനിയെച്ചുട്ടാനല്ലൊ;
1592 എന്നതു പാർക്കിലിന്നംഗജന്നേറ്റവും
1593 നന്നായി വന്നുതായെന്നുവന്നു;
1594 പാർത്ഥൻറെ മെയ്യിൽക്കിഴിഞ്ഞൊരു മെയ്യുമായ്
1595 പാർത്തലംതന്നിൽ നടക്കവേണ്ടാ.
1596 സൽഗുണജാലങ്ങളൊക്കവേ വന്നിവൻ
1597 വിഗ്രഹംതന്നിലേ പുക്കതും കാ.
1598 കോമളരീതിയെച്ചിന്തിച്ചുകാകിലോ
1599 സോമനുമിങ്ങനെ വന്നുകൂടാ.
1600 ശൂരതപാർക്കിലിക്കേസരിവീരനും

1601 ഘോരതയില്ലെന്നു വന്നുകൂടം
1602 കാരുണ്യം ചിന്തിച്ചു കാണുന്ന നേരത്തു
1603 കാർവർണ്ണൻതാനെന്നു ചൊല്ലാമത്രെ
1604 ശത്രുക്കളോടുള്ള ഘോരത ചിന്തിക്കിൽ
1605 വിത്രസ്തകനായ് വരുമന്തകനും.
1606 ലീലകൾ കോലുന്ന വേലയെച്ചിന്തിക്കിൽ
1607 ബാലകന്താനെന്നു തോന്നുമത്രെ
1608 ഗംഭീരഭാവത്തെച്ചിന്തിച്ചു കാണ്കിലി
1609 ന്നംബോധിതാനുമൊന്നഞ്ചുമേറ്റം
1610 യാനത്തെക്കാണ്കിലോ വാസവവാരണ

1611 ന്നാണത്തെപ്പൂണ്ടു നടുങ്ങുമപ്പോൾ.
1612 വാക്കിനെക്കേൾക്കിലദ്രാക്ഷയും ചെഞ്ചെമ്മേ
1613 രൂക്ഷയായ്വന്നീടും മാക്ഷികയും.
1614 ഇത്തരമായ ഗുണങ്ങളെയെണ്ണുകിൽ
1615 എത്രയുണ്ടെന്നതു കണ്ടില്ലാരും.
1616 നാമെല്ലാമിങ്ങനെ വാഴ്ത്തിനിന്നീടിലോ
1617 നാവു കുഴഞ്ഞീടുമൊട്ടുചെന്നാൽ.
1618 മാനിനിമാരുടെ മാനസമായൊരു
1619 മാനിന്നു നല്ലൊരു കാനനമായ്
1620 മേവിനിന്നീടുമിപ്പാർത്ഥനെ വാഴ്ത്തി നാം

1621 നാവിൻറെ പുണ്യത്തെപ്പൂണ്ടുതല്ലൊ.
1622 പുണ്യങ്ങൾ പൂണുമപ്പൂവൽമെയ്മൂലമായ്
1623 കണ്ണിൻറെ പുണ്യവും പൂരിപ്പൂ നാം.
1624 പാഞ്ചാലി ചെയ്തുള്ള പുണ്യങ്ങളൊന്നുമേ
1625 നാം ചാലെച്ചെയ്തില്ലയെന്നതല്ലൊ.
1626 ചാരത്തു കണ്ടിവന്മാറിടമിങ്ങനെ
1627 ചാലക്കൊതിക്കുമാറായിതിപ്പോൾ.
1628 പാരാതെ പോകണം നാമിനിച്ചെഞ്ചെമ്മേ
1629 വാരാളും നന്ദനംതന്നിലിപ്പോൾ;
1630 ലീലകൾ കോലുവാൻ ചാലെ മുതിർന്നവൻ

1631 കാലമേ വന്നീടുമെന്നു കേട്ടു."
1632 എന്നങ്ങു ചൊന്നുള്ള സുന്ദരിമാരെല്ലാം
1633 നന്ദനംതന്നിൽ നടന്നാരപ്പോൾ.
1634 വന്ദികൾ വാഴ്ത്തുന്ന വാർത്തകൾ കേൾക്കയാൽ
1635 നന്ദിച്ചു നിന്നുള്ള പാണ്ഡവന്മാർ
1636 എണ്ണമറ്റീടുന്ന പുണ്യങ്ങൾകൊണ്ടുപോയ്
1637 വിണ്ണിടമെങ്ങും നടക്കുകയാൽ.
1638 അത്ഭുതമായുള്ള വസ്തുക്കൾ കണ്ടുനി
1639 ന്നുല്പന്നമോദന്മാരായിപ്പിന്നെ
1640 ഇന്ദിരാനേരൊത്ത സുന്ദരിമാരുമായ്

1641 നന്ദനലീലയുമാചരിച്ചാർ.
1642 വാരുറ്റുനിന്നുള്ള നാരിമാർ ചൂഴുറ്റു
1643 വാരിവിഹാരവുമവ്വണ്ണമേ.
1644 ഉല്പന്നമോദങ്ങളായി നിന്നീടുന്ന
1645 കല്പകദാരുക്കൾ നല്കുകയാൽ
1646 നൽച്ചേലതന്നെയുമാഭരണങ്ങളും
1647 ഇച്ഛയിൽ പൂണ്ടു തെളിഞ്ഞു പിന്നെ.
1648 ദീപ്തരായ് നിന്നങ്ങു സാദ്ധ്വിയായുള്ളൊരു
1649 മാദ്ധ്വിയെക്കൊണ്ടു മദിച്ചു നന്നായ്
1650 കന്ദർപ്പൻചൊല്ലാലെ ചെന്നുചെന്നീടുന്ന

1651 സുന്ദരിമാരുമായ്മന്ദമന്ദം
1652 പൊന്മയമായിട്ടു രമ്യങ്ങളായുള്ള
1653 ഹർമ്മ്യങ്ങൾതോറും കളിച്ചു പിന്നെ
1654 അച്യുതന്തന്നുടെ നൽച്ചരണങ്ങളിൽ
1655 നിശ്ചലമായുള്ളൊരുള്ളവുമായ്.
1656 പൂഗങ്ങളായിട്ടു ചെന്നുചെന്നീടുന്ന
1657 ഭോഗങ്ങളാണ്ടു സുഖിച്ചുനിന്നാർ.
1658 അച്യൂതന്തന്നുടെ നൽച്ചരിതങ്ങൾ ഞാൻ
1659 അജ്ഞരായുള്ളോർക്കു ബോധിപ്പാനായ്
1660 പ്രാജ്ഞനല്ലെങ്കിലുമിങ്ങനെ നിർമ്മിച്ചു

1661 സജ്ജനം വാഴ്ത്തുമെന്നോർത്തല്ലൊട്ടും
1662 സജ്ജനം കണ്ടിതു നിന്ദിച്ചാരെങ്കിലോ
1663 ഇജ്ജനത്തിന്നൊരു ഹാനിയെന്തേ?
1664 നിന്ദ്യമല്ലാതതു നിന്ദിക്കയില്ലവ
1665 രെന്നൊരു നിർണ്ണ മുണ്ടെനിക്കും
1666 വന്ദ്യരായുള്ളവർ നിന്ദിച്ചാരെങ്കിലോ
1667 നിന്ദ്യമെന്നുള്ളതു നിർണ്ണയിപ്പൂ.
1668 ദുർജ്ജനം വന്നിതു നിന്ദിച്ചാരെങ്കിലോ
1669 ദുർജ്ജനത്തിന്നൊരു ഹ നിയുള്ളു;
1670 ദുർജ്ജനം വന്നിതിൻ നിന്ദയെച്ചെയ്കിലോ

1671 സജ്ജനം ചെന്നു ചെറുക്കുമല്ലൊ.
1672 സജ്ജനം മുമ്പിലിഗ്ഗാഥയെക്കാട്ടുവാൻ
1673 ലജ്ജപൂണ്ടതുമേ ചാലെ വല്ലേൻ.
1674 വേണുറ്റുനിന്നുള്ള മാണിക്കക്കൽകൊണ്ടു
1675 വാണിഭം ചെയ്യുന്ന വൈശ്യന്മുമ്പിൽ
1676 കാചത്തെക്കൊണ്ടുപോയ്ക്കാട്ടിനിന്നങ്ങതിൻ
1677 വീശത്തെച്ചൊല്ലെന്നു ചൊല്ലാമോതാൻ
1678 അച്യുതഗാഥയെച്ചൊല്ലിനിന്നീടാഞ്ഞു
1679 ലജ്ജയെക്കൊണ്ടിവനെന്നു നണ്ണി
1680 നീതിജ്ഞരായുള്ള സജ്ജനം തങ്ങളേ

1681 ശോധിച്ചുകൊൾകിലാമെന്നേയുള്ളു
1682 ന്യുനനായുള്ള ഞാൻ ചൊല്ലിനിന്നീടുന്നൊ
1683 രാനന്ദഗാഥയെക്കേൾപ്പോർക്കെല്ലാം
1684 താപത്തെത്തൂകുന്ന പാപത്തെക്കൊണ്ടുള്ളൊ
1685 രാപത്തെത്തീർത്തു തുണപ്പതിന്നായ്
1686 കാവർണ്ണന്തന്നുടെ കാരുണ്യംകൊണ്ടിതി
1687 പ്പാരിടമെങ്ങും നടക്കേണമേ.
1688 അത്രയുമല്ലയെന്നുൾത്താരിൽ ചേരുന്ന
1689 വൃത്രാരിലോകം ഞാൻ പൂകുംനേരം
1690 മാധവന്തന്നുടെ ഗാഥയെ നിർമ്മിച്ച

1691 മാനുഷൻ വന്നുതായെന്നു ചൊല്ലി
1692 മാനിച്ചുവന്നുള്ള മാനിനിമാരെല്ലാം
1693 ഗാനത്തെച്ചെയ്തിട്ടും കേൾക്കാകേണം.
1694 സ്വർഗ്ഗത്തിൽനിന്നു സുഖിച്ചങ്ങു നീള ഞാൻ
1695 നിർഗ്ഗമിച്ചീടുവാൻ കാലമായാൽ
1696 തേടിവന്നീടുന്ന കൈടഭവൈരിതൻ
1697 കേടറ്റ ദൂതന്മാർ പിന്നാലെ പോയ്
1698 മൂലോകനായകൻ മേവിനിന്നീടുന്ന
1699 പാലാഴിതന്നിൽ ഞാൻ ചെല്ലുംനേരം
1700 "ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെ

1701 പ്പൂതന്മാരാക്കിനാൻ നീതിയാലെ
1702 നിർഗ്ഗതിപൂണ്ടുള്ള വൃക്ഷങ്ങൾക്കെല്ലാമേ
1703 സൽഗതി നല്കിനാൻ ഗാഥകൊണ്ടേ
1704 ഭക്തന്മാരായുള്ളൊരുത്തമന്മാരുടെ
1705 ചിത്തവും ചാലെക്കുളുർപ്പിച്ചുടൻ
1706 മുക്തിയെത്തന്നെയും നല്കിനിന്നീടിനാൻ
1707 ഉത്തമഗാഥയെക്കൊണ്ടുതാനും.
1708 ചാരത്തു കൊള്ളേണം പാരാതെയെന്നാലി
1709 ദ്ദ്വാരസ്ഥനാമിവന്തന്നെയിപ്പോൾ.
1710 ദാസനായ്ക്കൊൾകയും വേണ"മെന്നിങ്ങനെ

1711 ദൂതരായുള്ളവർ ചൊന്നതെല്ലാം.
1712 അമ്പിനോടങ്ങനെ കേട്ടുകേട്ടേഷ ഞാൻ
1713 തമ്പുരാന്മുന്നിലും ചെന്നു പിന്നെ
1714 "വേലപ്പെണ്തന്നുടെ ബാലപ്പോർകൊങ്കതൻ
1715 മാവേയച്ചാറൂറും മാറുള്ളോനേ !
1716 പാലിച്ചുകൊള്ളേണം പാരാതെയെന്നെ നീ
1717 നീലക്കാർവണ്ണരേ ! കൈതൊഴുന്നേൻ."
1718 എന്നതു ചൊല്ലി വണങ്ങിനിന്നീടുന്നൊ
1719 രെന്നുടെ മേനിയിലെങ്ങുമപ്പോൾ
1720 കാർവർണ്ണന്തന്നുടെ കണ്ണിൽ നിറഞ്ഞൊരു

1721 കാരുണ്യവാരിയെത്തൂകുകയാൽ
1722 കോൾമയിർക്കൊണ്ടൊരു മേനിയുമായി ഞാ
1723 നാമോദം മേളിച്ചു മേവുംനേരം
1724 "ദാസനെന്നുള്ളതോ വന്നുതായല്ലൊ നിൻ
1725 ഗാഥയെ നിർമ്മിക്കകൊണ്ടുതന്നേ
1726 ഏതൊരുവേലയിലാക്കിനിന്നീടുന്നു
1727 നീതിയിലിന്നിവന്തന്നെയിപ്പോൾ ?"
1728 ദൂതന്മാരിങ്ങനെ ചോദിച്ചനേരത്ത
1729 പ്പാതകവൈരിയായുള്ളവൻതാൻ
1730 മെല്ലവേയെന്മുഖം നോക്കിനിന്നന്നേരം

1731 ചില്ലിതൻ തെല്ലാലെ ചൊല്ലുകയാൽ
1732 പ്രാഞ്ജലിയായ ഞാൻ പാഞ്ഞുചെന്നന്നേരം
1733 തോഞ്ഞുനിന്നീടുന്ന മോദത്താലെ
1734 പാതകം വേരറ്റ പാണിയെക്കൊണ്ടവൻ
1735 പാദങ്ങൾ മെല്ലെന്നെടുത്തു പിന്നെ
1736 നോറ്റുനിന്നീടുമെന്മാറത്തു ചേർന്നുനി
1737 ന്നേറ്റം തെളിഞ്ഞു പുണർന്നു മേന്മേൽ
1738 വാരിജസംഭവൻ വാമനമ്പാദത്തെ
1739 വാരിയക്കൊണ്ടു പണ്ടെന്നപോലെ
1740 ആനന്ദലോചനവാരിതൻപൂരംകൊ

1741 ണ്ടാദരവോടു കുളുർപ്പിച്ചപ്പോൾ
1742 ദുസ്സംഗം വേറിട്ടു സത്സംഗിയാകുമെ
1743 ന്നുത്സംഗംതന്നിലേ ചേർത്തു പിന്നെ
1744 എന്മനം തന്നിൽപ്പണ്ടുന്മേഷിച്ചുള്ളവ
1745 ഉണ്മയോയെന്നതു നിർണ്ണയിപ്പാൻ
1746 ഗാഥയിൽ ചൊന്നുള്ള രേഖകളോരോന്നേ
1747 ബാധയെക്കൈവിട്ടു നോക്കി നോക്കി
1748 മെല്ലെമെല്ലന്നു തലോടിനിന്നന്നേരം
1749 പല്ലവം വെല്ലുമപ്പാദങ്ങളേ
1750 പാണികൾക്കീടുന്നൊരാനന്ദം പൂരിച്ചു

1751 വാണീടവേണമേ ദൈവമേ ! ഞാൻ.

ശ്രീകൃഷ്ണ സ്തുതി """"""""""""""""""""""""""""""

മറപൊരുളായി മറഞ്ഞവനേ ഹരി മലർമകൾകൊങ്ക പുണർന്നവനേ ഹരി

മധുരിതവെണ്ണ കവർന്നവനേ ഹരി മരുതുമരങ്ങൾ ഞെരിച്ചവനേ ഹരി

മഴമുകിൽകാന്തി കലർന്നവനേ ഹരി മധുമൊഴിമാർതുകിൽ കട്ടവനേ ഹരി

മധുരയിൽ വന്നു പിറന്നവനേ ഹരി മധുരരസത്തെ നുകർന്നവനേ ഹരി

മധുരിപുനാമമിയന്നവനേ ഹരി മഗധനൃപന്മദമീഴ്ത്തവനേ ഹരി

മധുരഗുണങ്ങളിണങ്ങുന്നവനേ ഹരി മനസിജസൂനുവെയാണ്ടവനേ ഹരി

മരതകകാന്തി കലർന്നവനേ ഹരി മലയിജവാസിതമാറുളനേ ഹരി

മലിനത മാച്ചു കളഞ്ഞവനേ ഹരി മഹിമയിലാത്മ സമസ്തകനേ ഹരി

മദകരനാശകനായവനേ ഹരി മമതവെടിഞ്ഞവർ നായകനേ ഹരി

മലിപുകൾബാണനെ വെന്നവനേ ഹരി മനസിജവൈരിയോടേറ്റവനേ ഹരി

മുകരമുഖായിതകുണ്ഡലനേ ഹരി മുകുരമനോഹരഗണ്ഡകനേ ഹരി

മഹിതമഹാമുനിവന്ദിതനേ ഹരി മണിഗണമണ്ഡിതസുന്ദരനേ ഹരി

മണമെഴും മാലകൾ പൂണ്ടവനേ ഹരി മണ്ഡിതശിഞ്ജിത നൂപുരനേ ഹരി

മങ്കകൾ പാൽ തയിർ വഞ്ചകനേ ഹരി വഞ്ചകകംസനു മാരകനേ ഹരി

മല്ലിക മുല്ലയണിഞ്ഞവനേ ഹരി മല്ലരെ വെന്നു നിറന്നവനേ ഹരി

മന്നിടഭാരമൊഴിച്ചവനേ ഹരി മരണവിഷാദമൊഴിച്ചവനേ ഹരി

മധുകണമണ്ഡിതമാലകനേ ഹരി മഖരസിതാവലി പാലകനേ ഹരി

മധുമലർമാണ്പിനമാച്ചവനേ ഹരി മകുടമഹാമണിധാരകനേ ഹരി

മംഗലമന്ദിരമായവനേ ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി