ഗ്രാമവൃക്ഷത്തിലെ കുയില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
ഗ്രാമവൃക്ഷത്തിലെ കുയില്‍
- 1 -
ഉഗ്രവ്രതന്‍ മുനി വസിക്കുമൊരൂരില്‍ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാള്‍,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാര്‍ന്ന കുയിലോടൊരു ദേവനോതി:-
- 2 -
ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തില്‍ നോക്കി
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തില്‍
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിന്‍ഗുണങ്ങള്‍
- 3 -
അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-
യിമ്മാവില്‍ നീ മമതയൂന്നിയ നാള്‍ തുടങ്ങി
സമ്മാന്യമായിതതു കേള്‍ക്ക സഖേ, പ്രസിദ്ധം,
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീര്‍ഷ്യയാലെ,
- 4 -
വാവായ നാള്‍ ജനമിടും ബലിപിണ്ഡമുണ്ടു
പോവാന്‍ മടിച്ചു ചില കാക്കകള്‍ ചെന്നു പറ്റി
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-
മ്മാവാദ്യമാര്‍ന്ന നിലയിന്നു മറന്നു ലോകം.
- 5 -
അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ
നിന്‍പാട്ടു നിത്യമിതു കേട്ടു തളിര്‍ത്തു താനേ
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച
വമ്പാര്‍ന്നു പൊങ്ങി വിയദാഭ കലര്‍ന്നുവല്ലൊ.
- 6 -
ബദ്ധാനുരാഗമിതില്‍ നീ കുടിവാണമൂലം
ശ്രദ്ധാര്‍ഹമായതിനെയോര്‍ത്തു ഖഗാന്തരങ്ങള്‍
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി
ലിദ്ധാത്രിയില്‍ തണലില്‍ വാണുസുഖിച്ചു പാന്ഥര്‍
- 7 -
ബാലാരുണന്‍ കരദലാഗ്രമണച്ചിതിങ്കല്‍
നീലാരുണാഭ തളിര്‍മേലെഴുതുന്ന പോതും
ചേലായ്കഠോരവി പച്ചയിടുന്നു പോതും
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാല്‍
- 8 -
ആപാദചൂഡമണിവാനിളമഞ്ഞരത്ന-
വ്യാപാരിയാകമൃതു മഞ്ജരികോര്‍ത്തിടുമ്പോള്‍
ഈ പാദപത്തില്‍ മമതാതിശയം വരുത്താന്‍
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.
- 9 -
മന്ദാനിലന്‍ ജലധിശീകരമോഹനന്‍ നിന്‍
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-
യന്നാള്‍ നടന്നു മലയാചലസാനുതോറും.
- 10 -
സാരസ്യമാര്‍ന്നു ഖഗമേയുടനന്നീനാദം
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;
തീരാത്ത മാറ്റൊലി ഗുഹാന്തരമാര്‍ന്നു; സിന്ധു-
തീരാന്തരങ്ങള്‍ വരെയധ്വനിയെത്തിനിന്നു.
- 11 -
തേമ്പൂര്‍ണ്ണമായിതള്‍ വിടര്‍ന്നളവേ ചുവന്ന
മാമ്പൂക്കള്‍ തന്‍ മൃദുലപാണ്ഡുരമാം പരാഗം
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടില്‍.
- 12 -
ശേഷിച്ചു മോടി പലതും തികവാര്‍ന്ന ശോഭ
പോഷിച്ചു മാവിതില്‍ മറഞ്ഞുരുശാഖതോറും
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോര്‍ത്തു
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങള്‍
- 13 -
സ്കന്ദന്‍ മയൂരഹയമേറിയടുത്തു ദേവ-
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-
സ്സന്ദര്‍ഭമോര്‍ത്തു വിധിവല്ലഭ പോലുമെത്തി.
- 14 -
പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ
മേല്‍വീശി വച്ചൊരതിസൌരഭമണ്ഡപത്തില്‍
മേവിസ്സുഖത്തൊടവര്‍ നിന്‍ ശ്രുതിയജ്ഞമെന്നും
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.
- 15 -
കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യര്‍ നോക്കി;
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തില്‍.
- 16 -
വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോര്‍ത്തും
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും
തോഷം കലര്‍ന്നമരരേകിയനുഗ്രഹങ്ങള്‍.
- 17 -
സമ്പര്‍ക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-
മുമ്പര്‍ക്കു മര്‍ത്യരൊടു മൈത്രി ദൃഢീഭവിച്ചു,
സമ്പല്‍ സമൃദ്ധിയവരേകിയതും വിപത്തിന്‍
വമ്പസ്തമിച്ചതുമിവര്‍ക്കു മറന്നുകൂടാ
- 18 -
എന്നല്ല, മര്‍ത്യരുടെ ദു:സ്ഥിതിയെക്കുറിച്ച
ചെന്നസ്സുധര്‍മ്മയിലമര്‍ത്യര്‍ നടത്തി വാദം;
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.
- 19 -
ആതങ്കമറ്റിവര്‍ വിളങ്ങുവതന്യജന്തു-
വ്രാതങ്ങള്‍ കണ്ടതുകള്‍ കൂട്ടി മഹങ്ങള്‍ വേറെ,
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!
നീ തന്നെ പാര്‍ക്കില്‍ വഴി കാറ്റിയതിങ്ങവര്‍ക്കും.
- 20 -
പിന്നെപ്‌ഫലപ്രസവകാലമിയന്നമാവില്‍
നിന്നെ ത്യജിച്ചുടനെ വാകയില്‍ വണ്ടുപോയി;
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.
- 21 -
സ്പഷ്ടം ദുരാഗ്രഹികളന്നുമുതല്‍ക്കുമാവി-
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്
കഷ്ടം നിനച്ചിതുലകില്‍ പുതുതല്ല ഭദ്ര,
ശിഷ്ടന്റെ ശിഷ്ടതയില്‍ ദുഷ്ടനു ദോഷബുദ്ധി.
- 22 -
ശുഷ്കാന്തിയില്‍ പരഹിതവ്രതനാം ഭവാന്റെ
നിഷ്കാസനത്തിനിവരില്‍ ചിലര്‍ ചെയ്തു യത്നം
നിഷ്കാമകര്‍മ്മപടുവിന്‍ നിലയെക്കുറിച്ച-
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.
- 23 -
കര്‍ണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-
പ്പര്‍ണ്ണങ്ങളാം ചിറകിയന്ന പഴങ്ങള്‍ മാവില്‍
സ്വര്‍ണ്ണപ്രഭാശബളരക്തിമയാല്‍ കഴുത്തില്‍
വര്‍ണ്ണം തെളിഞ്ഞ ശുകപംക്തികള്‍ പോലെ തൂങ്ങി.
- 24 -
കണ്ടായവസ്ഥ കൃപണര്‍ക്കുടനിന്ദ്രിയങ്ങള്‍
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങള്‍ പോലെ
വേണ്ടാസനങ്ങള്‍ ഫലിയാതെയവര്‍ക്കു വൈരം
നീണ്ടാര്‍ത്തുപിന്നെ നിധിനാഗമൊടൊത്തനിന്നില്‍.
- 25 -
കാകന്‍ മുതിര്‍ന്നു പകലാക്രമണം നടത്താന്‍
രാ കണ്ടുവന്നു കടവാതില്‍ കവര്‍ച്ച ചെയ്‌വാന്‍
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി
നീ കല്യ, രാപ്പകല്‍ വസിച്ചിതവറ്റ തോറ്റു.
- 26 -
അത്യന്തമീര്‍ഷ്യയൊടുമിജ്ജളരോര്‍പ്പിതാ നിന്‍
സ്തുത്യര്‍ഹഭൂതികരമിസ്സഹകാരമെന്നായ്
സത്യം സ്വധര്‍മ്മമിവ രണ്ടിലുമുള്ള നിന്റെ
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി
- 27 -
ഗോത്രപ്രവൃദ്ധമുനിതന്‍പുകള്‍ നാട്ടില്‍ നാട്ടും
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേര്‍ക്കുവാനും
പാത്രത്വമോര്‍ത്തു പരമേശപദാര്‍ച്ചനയ്ക്കും
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.
- 28 -
സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും
പാരം കറന്നകിടു വറ്റിയ ധേനുവോടും
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-
ഭാരം ക്ഷയിച്ചുടല്‍ ചടയ്ക്കുകിലും വിളങ്ങി.
- 29 -
ഭൂവാസമാര്‍ക്കുമതിദുസ്സഹമാക്കി വായ്ക്കും
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോള്‍
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും
മാവാര്‍ത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.
- 30 -
ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-
ര്‍ന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ
ചേതസ്സില്‍ വച്ചവിരതം സ്ഥിരശീലര്‍ വാഴ്ത്തു-
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.
- 31 -
നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സില്‍
ധരാധരാഖ്യജലനീലി പരക്കുമെന്നും,
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,
- 32 -
പാഴായിടാതെ വരുണസ്തുതി പാടിയെത്തും
വേഴാമ്പലിന്‍, ശ്രുതി മുഴങ്ങിയ ശീതവായു
നന്മാവില്‍ മാരിയൊടടിച്ചതു ശാഖയാട്ടി-
യുന്മാദതാണ്ഡുവമൊടൊര്‍ത്തു കളിക്കുമെന്നും.
- 33-
എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാന്‍ നിനപ്പൂ- (വിശേഷകം)
- 34 -
‘നീ മൂളി വാഴുവതിനാല്‍ മുടിയുന്നു ഭൂമി-
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,
ഹാ! മൂര്‍ഖരിങ്ങനെ പഴിപ്പിതു; ദുര്‍ജ്ജനത്തിന്‍
വാ മൂടുവാന്‍ പണി, അതോര്‍ത്തു വലഞ്ഞു താന്‍ നീ,
- 35 -
വേഷം മറച്ചു പലെടത്തുമഹോ നടന്നി-
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോര്‍,
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നില്‍
രോഷം ചുമത്തിയപവാദശതങ്ങള്‍ ചൊല്‍വൂ.
- 36 -
അന്യന്റെ താളഗതിയെശ്ശണിയാതെ പാടും
വന്യന്‍, വനപ്രിയനിവന്‍, സ്വരഹീനകണ്ഠന്‍,
മാന്യത്വമേറിയ മഹര്‍ഷിയെ മാനിയാത്ത
ശൂന്യശ്രമാര്‍ത്തനിവനിങ്ങനെയെന്നുവേണ്ട.
- 37 -
ശ്രംഗാരഗായകനിവന്‍ ജഡനെന്നൊരുത്തന്‍,
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തന്‍,
ഭ്രംഗാഭപല്ലവപടച്ചര, നന്യഗേഹ-
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തന്‍
- 38 -
ഈവണ്ണമന്യപരിഹാസവിമര്‍ദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;
ദൈവം പരന്റെ നുണ കേള്‍ക്കുകയില്ല; സൌമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേല്‍ (വിശേഷകം)
- 39 -
ലേശാംശമിപ്പരിഷ ചൊല്‍വൊരു ദോഷമുള്ളി-
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-
മീശാംഘ്രീരാഗമൊടു പാര്‍ത്തു രമിപ്പവന്‍ നീ.
- 40 -
സ്വാരാജ്യസീമകളെ നിര്‍മ്മലരാഗവീചി-
ധാരാര്‍ദ്രമാകുമൊരു നിന്‍ കളലോലഗീതം
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-
രാരാല്‍ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.
- 41 -
വാദാന്തരത്തില്‍ വിധിഗേഹമീയന്നുനിന്‍ ഹൃദ്
ഭേദാപഹാരി ഗളകാകളിയാല്‍ ലഭിപ്പു
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,
വേദാന്തിയദ്വയചിദേകരസാവഗാഹം
- 42 -
കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിന്‍
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോള്‍
- 43 -
എന്താണതില്പരമൊരാള്‍ക്കു വരേണ്ടഭാഗ്യ-
മെന്താണു ധന്യതയിതില്‍പ്പരമിജ്ജഗത്തില്‍
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവില്‍
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.
- 44 -
പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം
ശൊകാര്‍ഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,
പാകാഢ്യമായിതു തപസ്സതുമല്ലയേലി-
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാര്‍.
- 45 -
മാനവ്യതീതദയയും സ്വയമാര്‍ന്നു നിന്നി-
ലാനന്ദധാമപതി ധര്‍മ്മരഹസ്യഗോപ്താ,
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.
- 46 -
മതികലുഷത മാറ്റീട്ടാത്മസമ്മര്‍ദ്ദനത്താല്‍
സ്മൃതിപുടികയില്‍ നിന്നും പൂര്‍വ്വബോധം കണക്കെ
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂര്‍ദ്ധ്വലോക-
ത്തതിമഹിതനവന്‍പിന്നുല്‍കപോല്‍ പോയ്മറഞ്ഞാന്‍
- 47 -
ചിത്താനന്ദം കലര്‍ന്നക്കുയിലുടനെ ഖലന്മാരില്‍ നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാല്‍ പാപമേലായുവാനും
സത്താകും മാര്‍ഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-
ട്ടുത്താലോദ്യാനമൊന്നാര്‍ന്നിതു പുരജനതാ കര്‍ണ്ണപുണ്യോല്‍കരത്താല്‍.