പ്രരോദനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
[തിരുത്തുക] പ്രരോദനം
തന്റെ ഗുരുവായിരുന്ന ശ്രീ. ഏ. ആര്‍. രാജരാജവര്‍മ്മയുടെ മരണത്തെത്തുടര്‍ന്ന് ആശാന്‍ രചിച്ച വിലാപകാവ്യം.
[തിരുത്തുക] സമര്‍പ്പണം
സ്മരാമി രാജരാജസ്യ
തൈര്‍ഗുണൈര്‍മഹത:കവേ:
ചേതസാ ഭൃശദു:ഖേന
സ്വര്‍ഗ്ഗപ്രതിനവാതിഥേ
ഇദം സുധായേത വചോദ്യ യസ്യ മേ
സ്രുതാശ്രുതിക്താക്ഷരമാത്മസംശ്രയത്
ഇതി സ്വയം തല്പദ ഏവ ചാര്‍പ്പിതാം
കൃതാര്‍ത്ഥയിഷ്യാമി കൃതിം നവാമിമാം
സൌഹാര്‍ദ്ദാദിതരേതരവ്യതികര-
- സ്സമ്പദ്യതേ ദേഹിനാം
യല്‍ കേനാപി ച സന്നികര്‍ഷയതി യം
- സാ തസ്യ സംബന്ധിതാ,
മിത്രം വാ കൃപണം ജനോയമഥവാ
- ശിഷ്യോ ഭവദ്ഗൌരവാ-
ദ്ദത്തേ ത്വദ്വിരഹപ്രവര്‍ത്തിനമിമം
- തേ ദേവ, ബാഷ്പാജ്ഞലിം
[തിരുത്തുക] പ്രരോദനം
-
-
- -1-
- -1-
-
മൂടും കാര്‍മുകിലാലകാലതിമിരം
- വ്യാപിച്ചു മായുന്നിതാ
കാടും കായലുമിക്കടല്‍ത്തിരകളും
- സഹ്യാദ്രികൂടങ്ങളും;
ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്-
- ന്നിമ്മട്ടു വന്‍വൃഷ്ടിയാല്‍
പാടേ കേരള ഭൂമി കേണു ഭുവനം
- കണ്ണീരില്‍ മുക്കുന്നിതേ.
-
-
- -2-
- -2-
-
നീരാളും ഘനവേണിവായ്പുരസിജ-
- ക്കുന്നോടടിഞ്ഞ്ശ്രുവിന്‍-
ധാരാപോതമിടഞ്ഞു നാവിസരസീ-
- കൂലം കവിഞ്ഞോലവേ;
കേരോദഞ്ചിതപാണിയിദ്ധര, കരി-
- ങ്കല്ലും ദ്രവിച്ചീടുമാ-
റോരോന്നിച്ചരമാര്‍ണ്ണവാനിലരവം
- ക്കൂട്ടിപ്പുലമ്പുന്നിതേ
-
-
- -3-
- -3-
-
സ്പഷ്ടം പാവനഗാത്രിയിജ്ജനനിയാള്‍-
- ക്കിന്നോര്‍ക്കിലേതോ മഹാ-
ദിഷ്ടക്കേടു പിണഞ്ഞിരിക്കണമതേ-
- കില്ലേതുമില്ലായതില്‍;
ക്ലിഷ്ടശ്രേയീവള്‍ മുമ്പിലായ് വെറുനില-
- ത്തയ്യോ കിടക്കുന്നിതാ!
കഷ്ടം! "കൈരളി" കണ്ണു പൂട്ടി വിളറി-
- ക്കാല്‍നീട്ടി നിശ്ചേഷ്ടയായ്.
-
-
- -4-
- -4-
-
ഹാ! വേഗം സ്ഫുടമാക്കിടുന്നു കഥ, നീ-
- താങ്ങുന്നതും പുത്രിയെ-
ബ്‌ഭൂവേ, കയ്യുയര്‍ത്തി വിണ്ണിലുടനേ-
- ലക്‌ഷ്യം കുറിക്കുന്നതും;
പൂവേലും പല പൊയ്കയും പുഴകളും
- തോട്ടങ്ങളും പൂണ്ടെഴും
"മാവേലിക്കര"യെത്തിരിഞ്ഞു നെടുവീര്‍-
- പ്പിട്ടിട്ടു നോക്കുന്നതും.
-
-
- -5-
- -5-
-
വ്യോമത്തിന്‍ മലിനത്വമേറ്റിയവിടെ-
- പ്പൊങ്ങുന്നതെന്തോ മഹാ-
ഭീമത്വം കലരുന്ന കാലഫണിതന്‍
- ജിഹ്വാഞ്ചലംപോലവേ,
ശ്രീമദ്ഭാസുര”ശാരദാലയ”മഹാ-
- ദീപം കലാശിച്ചെഴും
ധൂമത്തിന്‍ നികരുംബമല്ലി? - വസുധേ,
- കേണിടു കേണിടു നീ!
-
-
- -6-
- -6-
-
ആഹന്ത! പ്രിയപുത്ര യാത്രയിതു ക-
- ണ്ടിക്കൈരളിത്തയ്യലാള്‍
ദേഹധ്വംസമെഴാത്ത തന്‍ ഹൃദയസം-
- വേഗം സഹിച്ചില്ലഹോ;
സ്നേഹത്തിന്‍ ഗരിമാവുകൊണ്ടധികമാ-
- മശ്ശോകഭാരത്തിനാല്‍
മോഹത്തിന്റെയഗാധമാം തലമണ-
- ഞ്ഞിട്ടുണ്ടു തച്ചേതന.
-
-
- -7-
- -7-
-
“വത്സാ! മല്പ്രിയരാജരാജ! വിരവോ-
- ടെന്തിന്നു വിണ്ണേറുവാ-
നുത്സാഹിച്ചതു? ചൊല്‍ക, നീ കനിവൊടെ-
- ന്തോര്‍ക്കാഞ്ഞതീ ഞങ്ങളെ?
സത്സാഹിത്യവിധിജ്ഞയാം പ്രിയസുതേ!
- മാഴ്കായ്ക, -അല്ലെങ്കിലി-
ക്കുത്സാര്‍ഹാമരഭാവയാമിവളെയും,
- മൂര്‍ച്ഛേ തുണച്ചീടുക.”
-
-
- -8-
- -8-
-
ഈവണ്ണം പലതോതി,യാധിശിഖിയാ-
- ലുള്‍ക്കാമ്പു കത്തി,ഗ്ഗള-
വ്യാവല്ഗത്സ്വരയായ് സ്വയം ധര കര-
- ഞ്ഞീടുന്നു നിസ്സംശയം;
ദേവപ്രജ്ഞയണുക്ഷയത്തിലുലകിന്‍-
- വൈകല്യമോരും, മഹാ-
ഭാവങ്ങള്‍കുളവാം വിപത്തുകള്‍ പരം
- പ്രക്ഷേഭഹേതുക്കള്‍താന്‍.
-
-
- -9-
- -9-
-
സത്യം, സ്യന്ദനചക്രമെഗ്ഘനപഥം
- മര്‍ദ്ദിച്ചു തീപാറുമാ-
റത്യന്തം ജവമോറ്റമര്‍ത്യരിവിടെ-
- ക്കൂടുന്നു ഗാഢാര്‍ത്തരായ്;
പ്രത്യക്ഷം സ്തനിതക്ഷണപ്രഭകളാ-
- ലിന്നായതീ വേഴ്ചയാല്‍
നിത്യം മണ്ണൊടു വിണ്ണിനുള്ള ഭഗിനീ-
- സൌഹാര്‍ദ്ദവും സ്പഷ്ടമായ്.
-
-
- -10-
- -10-
-
പാരം പങ്കിലമായി വീര്‍ത്തു ജഡമാം
- ഭൂവിന്മുഖം ഖിന്നയായ്
ചാരത്താഞ്ഞു മുകര്‍ന്നിടുന്നു നിഭൃതം
- ദ്യോവിദ്ദിഗന്തങ്ങളില്‍;
ദൂരത്തിപ്പൊഴുമേറ്റവും മുകളിലാ-
- യങ്ങങ്ങു കേള്‍ക്കുന്നൊരി-
സ്സാരംഗധ്വനിയാലുടന്‍ കരകയും
- ചെയ്യുന്നിതയ്യോയിവള്‍!
-
-
- -11-
- -11-
-
നക്തം നിര്‍ഭരമാം തമസ്സില്‍ വിലസും
- ഖദ്യോതജാലങ്ങള്‍പോല്‍
വ്യക്തസ്ഫൂര്‍ത്തികലര്‍ന്നുയര്‍ന്ന പുകയില്‍
- പാറും സ്ഫുലിംഗങ്ങളാല്‍;
ഉക്തവ്യഗ്രതയോടുമൂര്‍ദ്ധ്വമുഖരാ-
- മദ്ദേവര്‍ തിങ്ങി ദ്രുതം
രിക്തത്വം വെടിയുന്നു താഴെ നരര്‍ കേ-
- ണീടും ശ്മശാനാഭ്രവും.
-
-
- -12-
- -12-
-
അന്നെട്ടിച്ചരിവിങ്കല്‍ നഗഫണധ-
- മ്മില്ലങ്ങള്‍ ചിന്നീടുവോര്‍,
ചെന്നെല്ലിങ്കതിരൊത്ത കേരമലരിന്‍-
- മാല്യങ്ങള്‍ പൂണ്ടുള്ളവര്‍;
ഇന്നെണ്ണാം നവതാളപത്രഹരിത-
- ച്ഛത്രങ്ങളേന്തി ദ്രുതം
വന്നെത്തുന്നിതു ദേവിമാര്‍ സഹജമാം
- സാമ്യംപെടും മൂന്നുപേര്‍.
-
-
- -13-
- -13-
-
വന്നാരാല്‍ നിജവൈനതേയഹയമാം
- തേര്‍വിട്ടിറങ്ങി ദ്രുതം
ചെന്നാഹന്ത! ചിതാന്തികത്തിലുടനേ
- ധൈര്യം കലാശിക്കയാല്‍;
നിന്നാപാണ്ഡുരപുണ്ഡരീകമുകുളശ്രീ-
- ഹസ്തശംഖത്തിനാ-
ലൊന്നാമത്തവളാനതാസ്യകമലം
ഛാദിച്ചു രോദിക്കയായ്.
-
-
- -14-
- -14-
-
ശിഷ്ടന്മാര്‍ പല പൂര്‍വ്വവല്ലഭരെ നീ
- സേവിച്ചു വിദ്വല്‍ പ്രിയേ!
പുഷ്ടശ്രീഗുണഭൂമി ‘മൂലനൃവരന്‍’
- വാഴുന്നുമുണ്ടെങ്കിലും;
നഷ്ടപ്പെട്ടൊരു ബന്ധുരത്ന,മിതുപോല്‍
- സുരീന്ദ്രരില്ലൂഴിയില്‍
കഷ്ടം, ഹാ! പ്രിയവഞ്ചിലക്ഷ്മി, മിഴിനീര്‍
- വാര്‍ക്കാന്‍ മടിക്കേണ്ട നീ.
-
-
- -15-
- -15-
-
പല്ലക്കേറി മനോജ്ഞമംഗളവിള-
- ക്കേന്തിശ്മശാനത്തില്‍ വ-
ന്നല്ലല്‍പ്പാടൊടിറങ്ങി നോക്കി നടുവേ-
- നിന്നന്യ കേഴുന്നഹോ!
ഫുല്ലശ്രീ ഹരികേതു പാറിയ രഥം-
- വിട്ടെത്തി ദൂരത്തുപോയ്
തെല്ലന്തര്‍ഗ്ഗതമാര്‍ന്നുനിന്നു വിലപി-
- ച്ചീടുന്നു മൂന്നാമവള്‍.
-
-
- -16-
- -16-
-
അത്യാരൂഢവിപത്തിതെ,ങ്ങനെയിവര്‍-
- ക്കുല്‍ത്താപമാറും? സ്വതേ
വ്യത്യാസംകലരാത്തൊരിബ്ഭ്ഗിനിമാര്‍
- പണ്ടേ പിരിഞ്ഞാകിലും;
നിത്യാപത്യമിവര്‍ക്കു “കൈരളി”യൊരാള്‍;
- കഷ്ടം! തദീയാത്മജന്‍
പ്രത്യാശാസ്പദതന്തു,ബന്ധനമിതി-
- ന്നിന്നറ്റു തെട്ടെന്നതും!
-
-
- -17-
- -17-
-
നിന്നാമട്ടവരൊട്ടുടന്‍ കടലിനെ-
- ക്കാര്‍കൊണ്ടലിന്‍ശ്രേണിപോ-
ലിന്നാകായലിനെ സ്ഫുടം പുഴകള്‍പോല്‍
- കണ്ടാര്‍ത്തയാം ഭൂമിയെ;
ചെന്നാലോലദൃംഗംബു വാര്‍ത്തു തഴുകി-
- ത്തേങ്ങിക്കരഞ്ഞോര്‍, കലര്‍-
ന്നൊന്നായരിവര്‍;-കൂറ്റുകാരെ-
- യൊരുമിപ്പിപ്പു കുടുംബാധികള്‍.
-
-
- -18-
- -18-
-
ഉത്താളദ്രുമരാജി ചൂഴുമിരുളി-
- ക്കാറ്റില്‍ ചലിക്കുന്നതി-
ന്നൊത്തോരോ ഘനപാളി നീങ്ങി-
- യിടതൂര്‍ന്നീടും നഭോവീഥിയില്‍;
ഹൃത്താരില്‍ ഭയമേകുമാറുരു കരും-
- ഭൂതങ്ങള്‍ തിങ്ങുന്നുതാന്‍
ചത്തോരിബ്‌ബുധവാസരത്തിനുടലൊ-
- ത്താ പാണ്ഡുവാം രാവിതില്‍.
-
-
- -19-
- -19-
-
നേരാണിങ്ങിതു “പര്‍പ്പ”വംശപരദൈ-
- വങ്ങള്‍ക്കു മുമ്പേ പരം
ഘോരാഡംബരമോടകമ്പടിനട-
- ന്നെത്തുന്ന പട്ടാളമാം;
ധാരാലദ്യുതിയാര്‍ന്നു കാണ്മു, വഴിയേ
- ഖദ്യോതവൃന്ദങ്ങളില്‍
ധാരാവൃഷ്ടിയില്‍തില്‍ കെടാത്തൊരെഴുനെ-
- ള്ളത്തിന്‍ വിളക്കെങ്ങുമേ.
-
-
- -20-
- -20-
-
കൂവിടുന്നു കുറുക്കനും നിലവിളി
- ച്ചീടുന്നു ഭേകങ്ങളും
ചീവീടും കരയുന്നു കൂമനുമിതാ
- കേഴുന്നിതൂഴങ്ങളില്‍;
ആവിശ്ശോകമൊടിന്നിവറ്റകളിലാ-
- വേശിച്ചു തദ്ദേവര്‍താന്‍
വാവിട്ടാര്‍ത്തു പുലമ്പുകല്ലി? നിശതാന്‍
- രോദിക്കുമാരുഗ്രമായ്.
-
-
- -21-
- -21-
-
മൂന്നാളിമ്മഹനീയമാം നൃപകുല-
- ത്തിങ്കല്‍ കലാജാതരായ്
പോന്നാര്‍ “ബാഹട” “കാളിദാസ” “പണി-
- പുത്ര”ന്മാര്‍ മഹാന്മാരിവര്‍;
ഇന്നാ ശാഖ വിടിര്‍ന്ന പൂക്കളിവ മൂ-
- ന്നും പോയ് മഹാശൂന്യമാ-
യൊന്നായമ്മലര്‍വാടിയും പൃഥിവിയും
- നിഷ്ക്രാന്തസദ്ഗന്ധയായ്!
-
-
- -22-
- -22-
-
എന്നല്ലീയൊടുവില്‍ സ്ഫുടിച്ച മലരിന്‍-
- ലോകോത്തരാമോദമി-
ങ്ങന്നന്നേറുവതോര്‍ത്തതമ്മുടിയിലേ-
- ന്തും തല്‍കുലശ്രീയുമേ
ഇന്നപ്പൂവു കരിഞ്ഞകണ്ടഹഹ! തന്‍-
- പുണ്യം പരിക്ഷീണമാ-
യെന്നഞ്ചുന്നിത; മര്‍ത്ത്യരില്‍ പതനഭീ-
- യില്ലാതെയിലാരുമേ.
-
-
- -23-
- -23-
-
‘ജീവേശ’ ‘പ്രിയതാത’ ഇങ്ങനെയഹോ!
- സൌധസ്ഥരാം രാജ്ഞിമാ-
രാവേഗത്തൊടിതാ തുടര്‍ന്നു മുറയി-
- ട്ടീടുന്നു; തല്‍ക്രന്ദനം
ജീവല്പ്രേത “മഹാബലിക്ഷമ”വിഡം-
- ബിക്കുന്നു ദൂരത്തുനി-
ന്നാവര്‍ത്തിപ്പൊരതിന്റെ മാറ്റൊലികളാല്‍
- കേഴുന്നു ദിഗ്ദേവിമാര്‍!
-
-
- -24-
- -24-
-
സ്നേഹാര്‍ദ്രാശയ! വൈദുഷീജിതജഗ-
- ത്തായീറ്റുമങ്ങെയ്ക്കെഴും
മാഹാത്മ്യങ്ങളില്‍ വിസ്മയിച്ചു കരയുന്നൂ
- ഹന്ത! മാദൃക്കുകള്‍,
ദേഹാലംബനമാം ഭവല്പ്രണയിലോകം
- പിന്നെയെന്താം!-തടി-
ത്താഹാ! ചുട്ടു മഹാദ്രുമം; ലത നിലം-
- പറ്റീ, പ്രരോഹാകുല.
-
-
- -25-
- -25-
-
സ്പഷ്ടം ഭൂമി മറയ്ക്കില്ലിന്ദു തെളിയും
- വീണ്ടും മുഹൂര്‍ത്തത്തില-
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും
- പക്ഷം കഴിഞ്ഞാല്‍ മതി;
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയാ-,
- യീ ‘രാജാരാജേ’ന്ദു! ഹാ!
കഷ്ടം ‘രോഹിണി’യക്കലേശനെയിനി-
- ക്കാണില്ല കേണാലുമേ.
-
-
- -26-
- -26-
-
ജീവച്ഛേദനമാകുമാധിപിടിപെ-
- ട്ടാലും മനസ്വിവ്രജം
വൈവശ്യംകലരാതെ കൃത്യമതിയാല്‍
- വാഴാം കുറഞ്ഞോരുനാള്‍
പൂവറ്റാലുമുടന്‍ കരിഞ്ഞിടുവതി-
- ല്ലോരില്ല തീക്ഷ്ണക്ഷതം;
ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാ-
- വത്തിന്‍ സ്വഭാവം വരാം.
-
-
- -27-
- -27-
-
ആരാലെന്തു നിവൃത്തി?-ജീവിതരസം
- കാംക്ഷിച്ചു മേന്മേലഹോ!
തീരാത്തോരതിതൃഷ്ണയാല്‍ രസന നീ-
- ട്ടാന്‍ കഷ്ട!മിദ്ദേഹികള്‍;
തോരാതുള്ളൊരു കണ്ണുനീരിലവരെ-
- ച്ചുട്ടിട്ടു തല്ലാനയ-
സ്ക്കാരാഢ്യന്‍ പറ്റുപശ്യതോഹരനവാ-
- ര്യക്രൌര്യനെന്നും വിധി!
-
-
- -28-
- -28-
-
അന്തശ്ചന്ദ്രശാരദ്ഘനാഭ തടവി-
- പ്പൊങ്ങി പ്രദീപാംശുവാല്‍
പ്രാന്തസ്ഫൂര്‍ത്തി കലര്‍ന്ന മാളികയില-
- ശ്ശയ്യാതലത്തില്‍ ക്ഷണം;
സ്വന്തം ദീപ്തി നശിച്ചഹോ രജതപാത്രം-
- പോല്‍ തണുത്തേറ്റവും
ശാന്തം ഹന്ത! ശയിച്ചിരുന്നു ശിവനേ!-
- യബ്ഭാനുവിന്‍മണ്ഡലം
-
-
- -29-
- -29-
-
കായും ഹൃത്തൊടടുത്തു കേണരുളുവോര്‍
- നേരെ ചിരിച്ചും, തിരി-
ഞ്ഞായുര്‍ജ്യോതിഷതത്ത്വവിദ്യകളെ
- നോക്കിക്കൊഞ്ഞ്ണംകാട്ടിയും,
ഭീയും ദീനതയും മഹാവിരതിയും
- നോട്ടങ്ങളാല്‍ ചേര്‍ത്തുമാ-
ശ്രീയുക്താവയവങ്ങള്‍ തോറുമൊരുപോല്‍
- കൂത്താടിയാര്‍ത്തൂ മൃതി!
-
-
- -30-
- -30-
-
ലോകത്തെജ്ജഡമാക്കി നിര്‍ഭരനിശീ-
- ഥത്തിന്റെ സന്താനമാം
മൂകത്വത്തെ മുതിര്‍ന്നു തന്‍ മുലകുടി-
- പ്പിക്കും മഹത്ത്വത്തൊടും,
ഹാ! കര്‍ണ്ണങ്ങളിലുഗ്രശംഖമുരജ-
- ധ്വാനങ്ങളേല്‍ക്കാതെയും
ഭൂകമ്പക്കിലനങ്ങിടാതെയുമിതാ!
- പൊങ്ങുന്നു നിശ്ശബ്ദത.
-
-
- -31-
- -31-
-
അമ്പേ! പിന്നതിശൂന്യമാമൊരു മര-
- ത്തോട്ടത്തിലുല്‍ക്രാന്തനാം
വമ്പേരാര്‍ന്ന സുധാമുഖാഹിപതി നിര്‍-
- മ്മോചിച്ച ചട്ടയ്ക്കിതാ!
മുന്‍പേ പോയ ‘മയൂരദൂത’കവി തന്‍-
- ശേഷിച്ച ഭസ്മങ്ങളി-
ന്നമ്പേലും കുശലങ്ങള്‍ ചൊല്‍വൂ, നിപുണ-
- ശ്രോത്രങ്ങള്‍ കേള്‍ക്കുമ്പടി!
-
-
- -32-
- -32-
-
“വന്നാലും വിധിയാല്‍ സ്വയം ത്വരിതമാ-
- യെത്തും പ്രിയാകാരമേ-
യിന്നാളല്ലി, പിരിഞ്ഞു ഹന്ത, ചരമാ-
- ശ്ലേഷം കഴിഞ്ഞിങ്ങു നാം!
ഒന്നാണിങ്ങെഴുമുഗ്രനാമനലഭൂ-
- തത്തിന്‍ കരം തട്ടിയാല്‍
വന്നാളും പരിണാമഭിന്നത പറ-
- ഞ്ഞാലും ഭയം തോന്നുമേ!
-
-
- -33-
- -33-
-
മുക്കാലും പുകയായി ഞങ്ങള്‍ ചെളിയാ-
- യൊട്ടൊട്ടുപുല്‍ക്കൂട്ടമാ-
യുല്‍ക്കാചഞ്ചലമായ ജീവിതമതി-
- ങ്ങോരോന്നു മാറുംവഴി,
ഇക്കാണും നറുതുമ്പയും മൃദുലമാ-
- മിപ്പര്‍പ്പടപ്പുല്ലുമാ
നില്‍ക്കാതുള്ളൊരവസ്ഥ കണ്ടു ചെറുപൂ-
- ങ്കൊത്താല്‍ ചിരിക്കുന്നതാം.
-
-
- -34-
- -34-
-
വഞ്ചീശിത്രി പരേത ‘ലക്ഷ്മി’യുടെ പൂ-
- മൈചേര്‍ന്നു രോമോദ്ഗമം
തഞ്ചീടും തിരുമേനിതന്നവയവ-
- ക്ഷോദങ്ങളാം ഞങ്ങളെ,
മിഞ്ചീ പാവകനീവിധം; മനുജര്‍തന്‍
- ഭാഗ്യങ്ങളെങ്ങോര്‍ക്കിലു-
ള്ളഞ്ചീടും ചിതയെങ്ങു? ഞങ്ങള്‍ വിരവില്‍-
- ക്കണ്ടിങ്ങു രണ്ടും സ്വയം.
-
-
- -35-
- -35-
-
കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ
- സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി-
- ങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെ-
- പ്പക്കസ്തമിക്കുന്നിതി-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു! ഹാ! -ഇവിടമാ-
- ണദ്ധ്യാത്മവിദ്യാലയം!
-
-
- -36-
- -36-
-
ചോരച്ചെങ്കനല്‍ ചേര്‍ന്ന കൊള്ളിനിരപോല്‍
- പൂക്കും മുരുക്കും പരം
ചാര്‍ത്തീയെരിതീയൊടൊത്ത കുസുമം
- വായ്ക്കുന്ന മുള്‍ക്കള്ളിയും
ചാരംപൂണ്ടു ചവുണ്ട പൂവൊടിവിടം
- ചൂഴ്ന്നോരെരുക്കും സ്വയം
സാരജ്ഞര്‍ക്കു ന്രേതിഹാസചരമ-
- സ്ക്കന്ധം പ്രസംഗിക്കയാം.
-
-
- -37-
- -37-
-
പോകട്ടേയതു ഭൂതപിണ്ഡമനലന്‍
- ഭജ്ഞിക്കിലും ഭാവിയാം-
ലോകത്തില്‍ ക്ഷതിയില്ല പുണ്യചരിത-
- ന്മാര്‍ക്കെന്നു കേള്‍ക്കുന്നിതേ;
ശോകം വേണ്ടയി, നമ്മളാ മഹിതര്‍തന്‍-
- ശിഷ്ടാംശമല്ലോ, വരാ-
മാകല്പം പുകളിന്നമുക്കുമിനി നാം
- തങ്ങും സ്ഥലങ്ങള്‍ക്കുമേ
-
-
- -38-
- -38-
-
ഓരോന്നിങ്ങനെയോതുമപ്പൊടികളെ-
- ത്തര്‍ജ്ജിച്ചു മേല്‍ കുട്ടവ-
ച്ചാരോപിച്ചു വപുസ്സതങ്ങു മിഴിനീ-
- രോലുന്ന തജ്ഞാതികള്‍,
സാരോദഗ്രനവ”പ്രസാദസര”മൊ-
- ന്നര്‍പ്പിച്ചു തന്നാല്‍ സ്തുതന്‍
സ്ഫാരോച്ഛ്വാസമൊടാശ്രയാശനുമഹോ!
- പൊങ്ങീ ബുഭുക്ഷാകുലന്‍.
-
-
- -39-
- -39-
-
വൃതസ്തോത്രഗണം രചിച്ചു ദിവിഷദ്-
- ശ്രോത്രോത്സവം ചേര്‍ത്തു നല്‍-
ഭവ്യശ്രീകലരും നവീനമുനിയാ-
- മിക്ഷത്രിയശ്രോതിയന്‍
സുവ്യക്തം തനതംഗമിന്നു ബലിയായ്
- നല്‍കുന്നിതിമ്മട്ടെഴും
ഹവ്യം ഭൂമിയിലില്ലഹോ! ഹുതവഹ-
- സ്വാമിന്‍! പ്രസാദിക്ക നീ!
-
-
- -40-
- -40-
-
വൃതദ്വേഷി വിരഞ്ഞു വജ്രകരനാ-
- യെത്തീ വിയത്തില്‍ സ്വയം
മിത്രസ്നേഹമൊടിങ്ങിതാ വരുണനും
- വന്നൂ മരുത്തുക്കളും,
അത്രത്യാഗ്നിശിഖാളിപോല്‍ മുകളില്‍ വ-
- ന്നെത്തുന്നു രുദ്രാളിയും
ചിത്രം! മേഘഗണം ക്ഷണം മഴയിതാ
- നിര്‍ത്തുന്നു ദൈവാജ്ഞയാല്‍.
-
-
- -41-
- -41-
-
കൃത്യജ്ഞന്‍ ഹതകൈരളിക്കു നവമാം
- ജീവന്‍ കൊടുത്തെങ്ങുമ-
ന്നിത്യഖ്യാതിയിയന്നൊരിസ്സുകൃതിതന്‍
- ദിവ്യാംഗസംഗത്തിനാല്‍
അത്യര്‍ത്ഥാം പരിശുഷ്ക്കമാം ചിതയിലെ-
- ഗ്ഗന്ധേന്ധനങ്ങള്‍ക്കു മേല്‍
പ്രത്യഗ്രാരുണമായ് മുളച്ച തളിരോ
- പൊന്തുന്നു ചെന്തീയതോ?
-
-
- -42-
- -42-
-
ഹാ! ഗര്‍ത്തോപരി തീര്‍ത്ത പട്ടടയിലെ-
- സ്സംസ്ക്കാരപൂതം, മഹാ-
ഭാഗന്തന്‍ ഗുണധോരണീമധുര,മി-
- പ്രേതം സ്വദിച്ചീടുവാന്‍
ഭൂഗര്‍ഭസ്ഥിതമായ ഭൂതനിവഹം
- പൊക്കുന്നു നാക്കൊക്കെയ-
ന്നാഗശ്രേണികണക്കെ നീളുമനല-
- ജ്വാലാവലേഹങ്ങളാല്‍.
-
-
- -43-
- -43-
-
രോചിസ്സേറി വപുസ്സു പൊല്‍ത്തകിടുപോല്‍
- പാളി പ്രധൂമാംശുകം
മോചിച്ചിമ്മഹനീയദാഹവിധിയില്‍
- സംതൃപ്തനായ സത്വരം
വീചിക്ഷോഭമിയന്ന തീക്കടലുപോല്‍
- വ്യക്തസ്ഫുലിംഗാകുലന്‍
ശോചിഷ്ക്കേശനിതാ സ്ഫുടം ജട വിതുര്‍-
- ത്താടുന്നു രുദ്രാകൃതി
-
-
- -44-
- -44-
-
ഹാ! കാലാഭിഭവം വെടിഞ്ഞനുപദം
- പൊങ്ങുന്ന ദാക്ഷിണ്യമേ!
ലോകാരാധിതരീതിയാര്‍ന്ന ലളിത-
- ശ്രീ തേടുമൌദാര്യമേ!
പാകാര്‍ദ്രാവിരതാശ്രിതാശ്രിതപ്രണയമേ!
- നിര്‍ഗേഹരായ നിങ്ങളി-
ന്നേകാലംബനമായൊരാലയമിതാ
- കത്തുന്നു കേണീടുവിന്‍!
-
-
- -45-
- -45-
-
ഊഹാഭ്യാസനിശാതചാരുധിഷണേ!
- യുന്മേഷസമ്മൃഷ്ടസം-
മോഹാന്ധ്യപ്രതിഭേ! മുഹൂര്‍ദ്ധൃതകലാ-
- പ്രസ്താരയാം ധാരണേ!
ആഹാ വെന്തെരിയുന്നു! നിങ്ങളഭയം
- കൈക്കൊണ്ടു ചേര്‍ക്കാന്നൊരാ
സ്നേഹാര്‍ദ്രം, സരളദ്രുമം; നിലവിളി-
- ച്ചാരാല്‍ പറന്നീടുവിന്‍!
-
-
- -46-
- -46-
-
മങ്ങാത്തോരു മനോഗുണങ്ങളഖിലം
- കാലൂന്നി മെത്തും മണം
പൊങ്ങാറായതിനാല്‍ സ്വയം പുകയിലും
- സൌരഭ്യമേറുംപടി
ഇങ്ങാശിച്ചു വസിച്ചെരിഞ്ഞു പിരിയും
- ദേഹാണുപുഞ്ജങ്ങളേ-
യെങ്ങാഹാ!യിനി നിങ്ങള്‍ പോവതുയരും
- കാറ്റില്‍ കരഞ്ഞീവിധം.
-
-
- -47-
- -47-
-
പൊങ്ങിപ്പൊങ്ങിയകാലധൂമനിരപൊല്‍
- പര്യന്തമെങ്ങും നിറ-
ഞ്ഞിങ്ങിക്കാണുവതെന്തുവാന്‍? - സുദൃഢമി-
- ന്നോരോരു ഭാവങ്ങളാല്‍;
തിങ്ങിക്കൈരളിതന്മനോഗുഹവെടി-
- ഞ്ഞാശാഗണം താനഹോ!
മുങ്ങിത്തീയിലുമിത്തദാത്മജഗുണം
- തപ്പും മഴപ്പാറ്റകള്‍.
-
-
- -48-
- -48-
-
നാനാവ്യക്തി വഹിച്ചു കൈരളികരള്‍-
- ത്തട്ടാര്‍ന്നൊരാശോല്‍ക്കരം.
താനാണിശ്ശലഭങ്ങളെന്നു ദൃഢമാ-
- യുള്‍ച്ചിന്തുമിച്ചിന്തയില്‍,
സൂനാകാരമടിഞ്ഞിവറ്റ ചിറക-
- റ്റാഞ്ഞും കരിഞ്ഞും പെടും
ദീനാവസ്ഥകള്‍ കണ്ടെനിക്കു ഹൃദയം
- പൊട്ടുന്നു ഞെട്ടുന്നു ഞാന്‍.
-
-
- -49-
- -49-
-
മോഹത്താല്‍ തുനിയുന്നു നിങ്ങള്‍, മൃദവാ-
- മിമ്മേനിയെങ്ങു? ഗ്രനീ
ദാഹവ്യാപൃതനെങ്ങു വഹ്നീ? - അഥവാ,
- സത്യം പതംഗങ്ങളേ!
ദേഹം നശ്വരമാര്‍ക്കു, മിങ്ങതൊരുവന്‍
- കാത്താലിരിക്കാ,സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികില്‍ നൂ-
- റാവൃത്തി ചത്തീടുവിന്‍
-
-
- -50-
- -50-
-
ഹാ! വണ്ടിന്‍നികരങ്ങളും ത്സടിതിയി-
- ദ്ദിവ്യന്‍ കവീന്ദ്രന്റെ മേല്‍
ഭാവവ്യക്തികള്‍ കാട്ടിയിന്നനുമരി-
- ച്ചാശ്വാസമേലാനിതാ
ദേവന്മാര്‍ ചിലരാവസിച്ചിടുകയാല്‍
- കാറ്റത്ത്റ്റടിഞ്ഞാഞ്ഞിടും
ഞാവല്‍കായ് നിരപോലെ പോന്നു ചിതമേല്‍
- കേഴാതെ വീഴുന്നിതേ.
-
-
- -51-
- -51-
-
സത്യം ദേവകള്‍താന്‍ സുഖത്തിലനുമോ-
- ദിക്കുന്നു സത്തുക്കളോ-
ടത്യന്തം, സ്വയമപ്രകാരമനുശോ-
- ചിക്കുന്നു ദു:ഖത്തിലും
നിത്യ സ്പര്‍ദ്ധിമനുഷ്യവര്‍ഗ്ഗമിവിടെ-
- ക്കഷ്ടം ഗുണദ്വേഷിയായ്
പ്രത്യക്ഷത്തിലധ:പതിച്ചു സുരരേ!
- ഹാ! നിങ്ങള്‍ താങ്ങീടുവിന്‍.
-
-
- -52-
- -52-
-
പ്രാമാണ്യം സ്വയമാര്‍ന്ന പാണ്ഡിതി, പരി-
- ഷ്കാരത്തില്‍ നിത്യാദരം
സാമാന്യാധികമായ ശക്തി കവിതാ-
- സാമ്രാജ്യസംരക്ഷയില്‍
ശ്രീമാഹാത്മ്യമിവണ്ണമാര്‍ന്ന വിബുധ-
- ജ്യോതിഷ്പതേ! നിന്‍ യശോ-
ഭൂമാവില്‍ ചില്‍ കൌശികവ്രജമഹോ!
- പുച്ഛം നടിച്ചൂ ചിരം.
-
-
- -53-
- -53-
-
പണ്ടേയുണ്ടു മനുഷ്യനിഗ്‌ഗുണപുരോ-
- ഭാഗിത്വ, മദ്ദുര്‍ഗ്‌ഗുണം
കണ്ടേറുന്ന വിവേകശക്തിയതിനെ-
- ക്കൊന്നില്ലയിന്നേവരെ;
മിണ്ടേണ്ടാ കഥ-ഹന്ത! യിന്നതു വെറും
- മൂര്‍ഖത്വമോ മോഹമോ?
വണ്ടേ! നീ തുലയുന്നു; വീണയി വിള-
- ക്കും നീ കെടുക്കുന്നുതേ.
-
-
- -54-
- -54-
-
ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ-
- ങ്ങെങ്ങാ വെറും ശബ്ദമാ-
മാങ്കോലക്കുരുവിന്റെയെണ്ണയിലെഴു-
- ന്നജ്ജാലകൌതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പരഗുണോല്‍-
- കര്‍ഷങ്ങള്‍? ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ!
- പുംസ്കോകിലങ്ങള്‍ക്കുമേ.
-
-
- -55-
- -55-
-
വേണ്ടാ ചിന്തയിനിക്കലാനിലയ, വി-
- ണ്ണേറും ഭവല്‍ജ്യോല്‍സ്നയെ-
ത്തീണ്ടാ ഭൌമതമസ്സുമിന്നസീതമാം
- പക്ഷാന്തരംതാനുമേ
ഉണ്ടാകാം പരിഭൂതിഭീതി സുകൃത-
- ശ്ലോകര്‍ക്കു; വെണ്‍ചാമ്പലു-
ള്ളാണ്ടാറുന്ന തദസ്ഥിലേശനിരയും
- കത്തമതോര്‍ത്താധിയാല്‍.
-
-
- -56-
- -56-
-
ശോകംപൂണ്ടുഴറിച്ചിരം വികൃതിഭേ-
- ദാകൃഷ്ടമാം സാഹിതീ-
ലോകത്തിന്റെ ദുഷിച്ചുപോയ രുചിയെ
- പ്രത്യാനയിപ്പാന്‍ ഭവാന്‍,
പാകത്തില്‍ കവിരാജരാജ! ഫലമാം-
- വണ്ണം ചികിത്സിച്ചു;-ഭീ-
സ്തോകം വേണ്ടയിനിബ്‌ഭവാന്റെ ഗുളിക-
- ച്ചെപ്പേന്തുമേ ശിഷ്യരും
-
-
- -57-
- -57-
-
ക്ഷീണിക്കാത്ത മനീഷയും മഷിയുണ-
- ങ്ങീടാത്ത പൊന്‍പേനയും
വാണിക്കായ് തനിയേയുഴിഞ്ഞു വരമായ്
- നേടീ ഭവാന്‍ സിദ്ധികള്‍:
കാണിച്ചു വിവിദാദ്ഭുതങ്ങള്‍ വിധിദൃ-
- ഷ്ടാന്തങ്ങളായ്, വൈരിമാര്‍
നാണിച്ചു, സ്വയമംബ കൈരളി തെളി-
- ഞ്ഞൂക്ഷിച്ചു മോക്ഷത്തെയും.
-
-
- -58:-
- -58:-
-
എന്നാലിപ്പണിതീര്ന്ന ഗോപുരമുണ-
- ങ്ങീട്ടില്ലുറപ്പാര്‍ന്നതി-
ല്ലെന്നയഗ്ഗളനാളമെത്തിയ ഭവല്‍-
- പ്രാണങ്ങള്‍ കേണാകിലാം
എന്നായാധിയിവര്‍ക്കു; ഹാ! വിധി വിനോ-
- ദിക്കുന്നു; നട്ടുച്ചയായ്
നിന്നാ ഭാസ്ക്കരനസ്തമിച്ച; മുഴുകീ
- കണ്ണീരിലര്‍ണ്ണോജിനി.
-
-
- -59-
- -59-
-
കേണാലും മനമേ, കിളര്‍ന്നെരിയുവോ-
- രിത്തീയിലക്കൈരളീ-
പ്രാണാലംബനമാം കനിഷ്ഠതനയന്‍
- കത്തുന്നു തത്താദൃശന്‍!
വീണാഹാ! കര്യുന്നിതാര്‍ദ്രമുഖിയി-
- ബ്‌ഭൂദേവി, വാഗ്ദേവിതന്‍
വീണാമുക്തകരാര്‍പ്പിതാസ്യകമലം
- കണ്ണീര്‍ തുളുമ്പാറുമായ്.
-
-
- -60-
- -60-
-
കാണുംമട്ടിലിടയ്ക്കിടയ്ക്കു തെളിവോ-
- രിത്താരചക്രോല്‍ക്കരം
പൂണും തേരുകളേറി മേഘമൊഴിയും
- വിണ്ണിന്റെ ഖണ്ഡങ്ങളില്‍
താണുമ്പൊങ്ങിയുമങ്ങടുത്തുമകല-
- ത്തായും തിരക്കായിതേ
ചേണുട്ടീടിന വിദ്യയാല്‍ സ്ഥിരപദം
- പ്രാപിച്ച വൈമാനികര്‍.
-
-
- -61-
- -61-
-
വാനത്തബ്ബഹുദൂരെ വന്മഹിമയാല്‍
- പണ്ടേ മഹാത്യുന്നുത-
സ്ഥാനം ചേര്‍ന്നവരിങ്ങെഴും വ്യസനമോര്‍-
- ത്തിന്നാര്‍ത്തിതേടുന്നിതേ!
നൂനം ഭൂമിയൊടുണ്ടവര്‍ക്കു വലുതാം
- സ്നേഹം, തമസ്സറ്റെഴും
ജ്ഞാനത്താല്‍ നിജ ദേശകാലകൃതമാം
- ദൂരങ്ങളോരില്ലവര്‍.
-
-
- -62-
- -62-
-
എന്നല്ലിത്തിരുമേനിതാനുമിവരൊ-
- ത്തന്യൂനമാഹാത്മ്യമാര്‍-
ന്നെന്നേക്കും സ്വയമപ്പദത്തില്‍ വിലസും
- ജ്യോതിസ്സിലൊന്നാമിനി
എന്നദ്ദിവ്യരറിഞ്ഞു ഭൂമി വെടിയു-
- ന്നോരീ മഹാനെ ദ്രുതം
വന്നേറ്റം ബഹുമാനപൂര്വ്വമെതിരേ
- റ്റീടുന്നുവെന്നുംവരാം.
-
-
- -63-
- -63-
-
ഓജസ്സാര്‍ന്ന മുഖങ്ങള്‍ ചൂഴെയുരുകും
- തൂവെള്ളിപോല്‍ ശുഭ്രമാം
തേജസ്സിന്‍ പരിവേഷമാര്‍ന്നു തെളിവില്‍
- കാണുന്നിതാ വ്യക്തികള്‍;
രാജച്ചന്ദ്രികയൊത്ത രമ്യവസനം
- പൂണ്ടോരഹോ! സ്ഫാടിക-
ഭ്രാജന്മൂര്‍ത്തികള്‍ വാണിതന്റെ പരിഷല്‍-
- സാമാജികന്മാരിവര്‍.
-
-
- -64-
- -64-
-
ത്വിട്ടാളും മിഴിശബ്ദരാശിതിവാന്‍
- വിട്ടും വിരഞ്ഞാദിനൂല്‍
കിട്ടാന്‍ പണ്ടു കടുന്തുടിധ്വനികളില്‍
- കര്‍ണ്ണം കൊടുത്തും സ്വയം
എട്ടായ് തീര്‍ത്ത സരങ്ങള്‍ കുച്ഛസഹിതം
- കൂട്ടിപ്പഴക്കത്തിലും
പൊട്ടാതക്കിയ സൂത്രഹാരമെഴുമീ
- ശ്രീമാനതില്‍ പാണിനി.
-
-
- -65-
- -65-
-
'ഭാഷാ' വ്യാകരണം നിജാഭിധയിലായ്
- തീര്‍ത്തന്നിജോപജ്ഞമാം.
ഭാഷാശാസ്ത്രമതില്‍ "ലഘൂ"കരണവും
- ചെയ്തൊരു ദേഹത്തിനായ്
തോഷാശ്രുക്കള്‍ പൊഴിഞ്ഞു രണ്ടു കരവും
- പൊക്കീട്ടു മുല്പെട്ടിതാ
ശേഷാരാധിതപാദനമ്മുനി കനി-
- ഞ്ഞാശിസ്സു തൂവുന്നിതേ.
-
-
- -66-
- -66-
-
തന്നെത്താന്‍ നിജചിന്തയില്‍ ബലികഴി-
- ച്ചാര്‍ജ്ജിച്ച നിക്ഷേപമി-
ങ്ങന്യന്മാര്‍ പകരുന്നകണ്ടു, കൃതിയായ്-
- ത്തീരുന്നു വിദ്വാന്‍ സ്വയം,
പിന്നെത്തല്പരിപോഷണശ്രമഫലം
- പാര്‍ത്താലവന്‍ പൂണ്ടിടും
ധന്യത്വം പറയേണ്ടതില്ലയി ഭവാന്‍
- മോദിച്ചു സത്യം മുനേ!
-
-
- -67-
- -67-
-
കാണാമമ്മഹനീയരില്‍ പലരെയും
- പിന്നിട്ടു പിന്നെപ്പരം
ചേണാര്‍ന്നോരു കവീന്ദ്രപട്ടബിരുദം
- പൂണ്ടുജ്ജ്വലന്മൌലിയായ്
വീണാപുസ്തകഹസ്തരാം പരിജന-
- ത്തോടൊത്തു ഗൈര്‍വാണിതന്‍
പ്രാണാധായകനാം മഹാദ്യുതിയെഴു-
- ന്നെള്ളുന്നു മെല്ലെന്നിതാ.
-
-
- -68-
- -68-
-
അംഗാരത്തിലെരിഞ്ഞു ശുദ്ധിതടവും
- പൊന്നൊത്തു സത്വാഗ്നിയില്‍
ശൃംഗാരക്കറ പോയ്തെളിഞ്ഞൊരു മഹാ-
- സൌന്ദര്യസാരാകൃതി;
അംഗാശ്ലേഷവിധിക്കു മിത്രമണിയെ-
- ക്കുണ്ടാഞ്ഞു നീട്ടുന്നിതാ
തുംഗാഭിഖ്യയെഴും കരാംകുരമഹോ!
- ശുക്രങ്കണക്കാക്കവി.
-
-
- -69-
- -69-
-
നൊന്താളുന്നഴലൊത്തു നിര്‍മ്മലമുഖാ-
- ദര്‍ശത്തില്‍ മൂര്‍ച്ഛിച്ചെഴും
ചിന്താരൂഢകൃതജ്ഞതാബഹുമതി-
- സ്നേഹാനുമോദങ്ങളാല്‍
സന്താപാശ്രുകണങ്ങളൊത്തു തുടരും
- സന്തോഷബാഷ്പം ചൊരി-
ഞ്ഞെന്താമിക്കുശലോക്തിയില്‍ കവിവരന്‍
- ബന്ധിക്കുമന്തര്‍ഗ്ഗതം?
-
-
- -70-
- -70-
-
ആ മന്ത്രിച്ചഴലാര്‍ന്ന ഭൂമിയെ വെടി-
- ഞ്ഞെത്തും ഭവാന്നാദ്യമായ്
ശ്രീമന്‍, ബാഷ്പസമാവിലാക്ഷരമുര-
- ച്ചീടുന്നു ഞാന്‍ സ്വാഗതം
ഹാ! മര്‍ത്യന്‍ സുരഭാവമാര്‍ന്നിടുകിലും
- ഭൂസ്നേഹി; നിര്‍ഹേതുക-
പ്രേമം തന്നെ ജയിപ്പൂ, ലോകമതുതാ-
- നാനന്ദദു:ഖാത്മകം.
-
-
- -71-
- -71-
-
ഏകാന്തം സുഖമിങ്ങു, നിത്യമഴലാം
- താഴെത്തമോഭൂമിയില്‍,
പോകാ സക്തി തമ:പ്രകാശശബള-
- ശ്രീയൊത്ത മദ്ധ്യോര്‍വ്വിയില്‍,
ഛേകാത്മാചലഭോഗഭൂവില്‍ നിമിഷ-
- ന്തോറും രസോന്മേഷിയാം,
ശ്രീകാളും രസകാമധേനു രസയാ-
- മോര്‍ക്കില്‍ കവിക്കെന്നുമേ.
-
-
- -72-
- -72-
-
ഹേമക്ഷ്മാധരകൂടകല്പകമലര്‍-
- ക്കാവിന്റെ ഭാഗങ്ങളില്‍
പ്രേമത്തില്‍ സുരയൌവതങ്ങളനിശം
- പാടുന്ന മദ്വാണികള്‍
സാമഞ്ജസ്യമെഴും ഭവല്‍ഫണിതിയില്‍
- സഹ്യാദ്രിസാനുക്കളില്‍
ഭൂമന്‍, ഭൌമ’കുമാര’രോതുവതെനി-
- ക്കേകുന്നു രോമോദ്ഗമം.
-
-
- -73-
- -73-
-
ഭംഗംവിട്ടു രസപ്രവാഹമമര-
- പ്രാമാണികര്‍ക്കപ്സരോ-
രംഗത്തില്‍ തിരതല്ലിയെന്നുമരുളും
- മദ്രൂപകങ്ങള്‍ക്കു മേല്‍
അംഗസ്വന്ത’കലാവിലാസ’വശയാ-
- യാടുന്ന വാഗ്ദേവിത-
ന്നംഗക്ഷേപകതൂഹലങ്ങളുമെനി-
- ക്കാനന്ദമേകുന്നുതാന്‍.
-
-
- -74:-
- -74:-
-
രാസ്യശ്രീഗതിയാല്‍ സ്വയം ‘രഘു’വിനെ-
- പ്പോ’ലാംഗ്ലസാമ്രാജ്യ’മാം
പ്രാജ്യത്വംകലരുന്ന വാഗ്‌ലഹരിയാല്‍
- വിശ്വം ജയിച്ചു ഭവാന്‍;
പൂജ്യഖ്യാതിയെഴും സുധാസദൃശിയ-
- ഗ്ഗൈര്‍വാണിതാനും തണു-
ത്താജ്യമ്പോലെയുറച്ചുപോയ നിലവി-
- ട്ടിപ്പോള്‍ ദ്രവിച്ചു കവേ!
-
-
- -75-
- -75-
-
ഖേദവ്യാകുല, കേരളാവനി കര-
- ഞ്ഞീടുന്നതും, തീവ്രനിര്‍-
വ്വേദവ്യാഹതചിത്ത കൈരളി വിര-
- ഞ്ഞിമ്മട്ടു മൂര്‍ച്ഛിച്ചതും,
ഹാ! ദര്‍ശിച്ചു ഭവദ്ഗുണങ്ങളനുമാ-
- നിക്കാം സഖേ! ഭൂവില്‍ നിര്‍-
വ്വാദം വിശ്വഭരം രസത്തില്‍ നിലനിര്‍-
- ത്തീടുന്നു വാഗ്വേദികള്‍
-
-
- -76-
- -76-
-
താരിന്‍ സൌരഭധാടി തെന്നലതുപോല്‍
- സ്വച്ഛന്ദവഗ്വീചിയാല്‍
പാരിന്‍ പ്രാജ്യഗുണം പരത്തിയതിനെ-
- ബ്‌ഭോഗാര്‍ഹമാക്കും മഹാന്‍
നേരില്‍ പ്രാണനിളയുക്കു, പിന്നെ മറയാല്‍
- താരാട്ടി ബാല്യം മുതല്‍
ഭൂരിച്ഛാന്ദസര്‍ പോറ്റിയോരു വസുധ-
- യ്ക്കോര്‍ക്കില്‍ കഥിക്കേണമോ?
-
-
- -77-
- -77-
-
അംഗച്ഛേദനതുല്യമാണു ഭവതി-
- ക്കേതാദൃശ്യന്മാര്‍ നിജോ-
ത്സംഗം വിട്ടു പിരിഞ്ഞുപോവതു, വിധി-
- ക്കിമ്മട്ടു കീഴ്പ്പെട്ടിനി,
തുംഗപ്രാഭവമാര്‍ന്നിടും ത്രിപഥഗാ-
- സംഗത്തിനാല്‍ സ്തുത്യമാം
‘വംഗ’ദ്യോവിലുദിച്ചുയര്‍ന്ന ‘രവി’യെ
- സ്നേഹിക്ക വിശ്വംഭരേ!
-
-
- -78-
- -78-
-
ഈവണ്ണം തുടരുനതിന്നിടയില-
- ശ്ശാകുന്തളോദ്യദ്യശോ-
ധാവള്യംകലരും കവീന്ദ്രനുടനേ
- കമ്പിട്ടു മുമ്പാക്കവേ,
ഭാവസ്വച്ഛതയാര്‍ന്നു ചാരുകവിതാ-
- മന്ദസ്മിതംപോല്‍ മന-
സ്സാവര്‍ജ്ജിപ്പൊരു ധാമമെത്തി നിലകൊ-
- ള്ളുന്നൂ നിരാഡംബരം.
-
-
- -79-
- -79-
-
“ശ്രീമന്‍, ഭൂപരിവര്‍ത്തനങ്ങളിലിട-
- യ്ക്കെങ്ങോ മറഞ്ഞേറെനാ-
ളീമട്ടില്‍ പടുദന്തലേഖനി നയി-
- ച്ചിപ്പോള്‍ ‘ഗണേശോ’ദ്ധൃതം
ആ മന്നാടകചക്രമ്പില്‍ നിജവാ-
- ക്കൂടേ തിരിക്കും ഭവാ-
നാമര്‍ജ്ജിച്ചിതു കാലസിന്ധുവിലഹോ
- സംസാരപാരിപ്ലവം!“
-
-
- -80-
- -80-
-
ഖ്യാതിപ്പെട്ട പുരാണരൂപകകവി-
- പ്രൌഢന്‍ കനിഞ്ഞീ വച-
സ്സോതി സ്വസ്തി പറഞ്ഞുമാറുമുടന-
- ങ്ങോരോ കലാവല്ലഭര്‍
ഹാ! തിക്കുന്നു, സമാനുകമ്പരവരില്‍
- പൌരസ്ത്യപാശ്ചാത്യരാം
ജ്യോതിര്‍വിത്തുകള്‍ മുഖ്യരാണുപചിത-
- ജ്യോതിഷ്പ്രസാദോജ്വലര്‍.
-
-
- -81-
- -81-
-
നാലഞ്ചാളുകള്‍ പിന്നെയര്‍ച്യപദരാ-
- വേദാന്തിമാരപ്പുറ-
ത്താലങ്കാരികരാഗമജ്ഞര്‍ പലര-
- ന്നൈരുക്തികന്മാര്‍ ചിലര്‍
നീലശ്രീലശരന്നഭസ്സിലുയരും-
- ഗംഗാതരംഗത്തിലെ-
പ്പാലഞ്ചും പുതു ബുദ്ബുദപ്രഭയൊടും
- പൊങ്ങുന്നിതങ്ങങ്ങവര്‍
-
-
- -82-
- -82-
-
താണാ ദിക്കിനു തെല്ലുദൂരെയുടനെ
- കാര്‍കൊണ്ടലിന്‍ കോടിയില്‍
കാണാമാഭ കടല്‍ക്കരയ്ക്കൊരു കരും-
- വാര്‍കൈത പൂക്കുന്നപോല്‍,
ഏണാങ്കന്റെയപൂര്‍ണ്ണബിംബമവിടെ-
- പ്പൊങ്ങുന്നതോ? വാണിതന്‍
ചേണാര്‍ന്നീടിന ഹംസമാ വഴി പറ-
- ന്നെത്തുന്ന സന്നാഹമോ!
-
-
- -83-
- -83-
-
അല്ലില്‍ ദ്യോവില്‍ മഹാണ്ഡകോടികള്‍ ചലി-
- ച്ചങ്ങങ്ങു പൊങ്ങും രവം
തല്ലിക്കൂടിയ വാദ്യമൊത്തനുരണി-
- ച്ചാ വീണ കേണീടവേ,
കില്ലില്ലിങ്ങു കനിഞ്ഞു ദേവിയെഴുനെ-
- ള്ളീടുന്നിതിപ്പുത്രനെ-
ച്ചൊല്ലിത്താപമൊടും സുരര്‍ഷിനിവഹ-
- വ്യാഗീത, വാഗീശ്വരി.
-
-
- -84-
- -84-
-
അക്കാര്‍വിട്ടു തെളിഞ്ഞ ഹംസപതിമേല്‍
- തങ്ങി ക്ഷണം ഭൂമിയില്‍
തൃക്കാരുണ്യകടാക്ഷദീധിതി നറും
- പാല്‍പോല്‍ പരത്തി സ്വയം;
ചില്‍ക്കാമ്പാമവള്‍ കേരളോര്‍വ്വിയെയഹോ!
- കാണുന്നു ദു:ഖാബ്ധിയില്‍,
തല്‍ക്കായത്തിലടിഞ്ഞ കൈരളിയെയും
- നോക്കുന്നിതമ്പാര്‍ന്നുടന്‍.
-
-
- -85-
- -85-
-
ഉന്നിദ്രാഭകലര്‍ന്നു കാറ്റിലിളകും
- കാറൊത്തു കാലോളവും
പിന്നില്‍ പാറിയ കൂന്തല്‍മേല്‍ വിലസിയും
- തൂമഞ്ജുപൂ’മഞ്ജരി’
ചിന്നിപ്പൂവുടയാട ‘സാഹ്യ’മിയലും
- പൊന്‍നാടയാല്‍ മിന്നിയും
മന്നില്‍ പെട്ടു കിടക്കുമമ്മകളെ നിര്‍-
- വര്‍ണ്ണിച്ചു വര്‍ണ്ണാത്മിക.
-
-
- -86-
- -86-
-
സ്ഥൂലദ്രാവിഡമട്ടുവിട്ടു നിയമ-
- സ്വച്ഛാംഗിയായോമന-
ക്കോലം ‘സംസ്കൃത’മോടിയാല്‍ വികൃതമാ-
- ക്കീടാതെ ചേതോഹരി.
ഫാല്‍ത്തിങ്കലഴിഞ്ഞ് സൂക്ഷമ’തിലകം’
- പൂരിച്ചു സദ്”ഭൂഷണം”
ലോലശ്രീയൊടു പണ്ടു മൂര്‍ച്ഛയിതിലും
- ശോഭിച്ചിടുന്നുണ്ടിവള്‍.
-
-
- -87-
- -87-
-
മിണ്ടാതിന്നിലയില്‍ ശയിക്കിലുമഹോ
- മാധുര്യമേലും മുഖ-
ത്തണ്ടാരിന്‍ മൃദുസംവിധാനഗതിയാ-
- ലോതുന്നിതേതാണ്ടിവള്‍
“വേണ്ടാ ജീവിതമിന്നിയെന്നുടലിലും
- വൈരൂപ്യമേകീടുവോ-
രുണ്ടാം മേലിലനേക,രസ്തമിതനാ-
- യെന്‍ സൂര്യ”നെന്നൊക്കവേ.
-
-
- -88-
- -88-
-
ആകാശത്തിലുടന്‍ പ്രഭൂതരുജപു-
- ണ്ടെത്തുന്നിതഞ്ചാറു ന-
ല്ലാകാരപ്രഭ ഹംസപക്ഷരുചിയാം
- മേക്കട്ടിതന്‍ താഴെയും
ഹാ! കാരുണ്യമിയന്നു കുണ്ടിതഖിലം
- കേഴുന്നു വാഗ്ദേവിതാന്‍;
ശോകാവസ്ഥ പരസ്പരം പകരുമി-
- ങ്ങാര്‍ദ്രാശയര്‍ക്കാര്‍ക്കുമേ.
-
-
- -89-
- -89-
-
തേനഞ്ചീടിന ‘ഗാഥ’യാലൊരു മഹാന്‍
- താരാട്ടി മുമ്പമ്പിയ;-
ന്നാനന്ദാശ്രുവില്‍ മുക്കി മറ്റൊരു മഹാ-
- ധന്യന്‍ ‘കിളിക്കൊഞ്ചലാല്‍’;
ദീനത്വം കലരാതെയന്യസരസന്‍
- ‘തുള്ളിച്ചു’തന്‍പാട്ടിനാല്‍’;
നൂനം കൈരളിയമ്മയും ശിശുവുമായ്-
- നിന്നാളവര്‍ക്കന്നഹോ.
-
-
- -90-
- -90-
-
അക്കാണും പ്രഭപൂണ്ടടുത്ത് വിലസും
- സാരസ്വതന്മാരിലീ-
മുല്‍ക്കാര്യങ്ങള്‍ നിനച്ചു കേഴുവവരാ-
- ണിച്ചൊന്ന മൂന്നാളുകള്‍;
ഉള്‍ക്കാമ്പാടിയവര്‍ക്കു പിന്‍പിലെഴുമ-
- മ്മറ്റുള്ളപേര്‍ ദേവിതന്‍
തൃക്കാല്‍ കൂപ്പുകയാം സമാധി വരുവാന്‍
- തോരാത്ത കണ്ണീരൊടും.
-
-
- -91-
- -91-
-
പ്രവ്യഗ്രാശയരായ് പകച്ചഴല്‍ വഹി-
- ച്ചിമ്മട്ടു നിന്നീടുമ-
ദ്ദിവ്യസ്ത്രീപുരുഷര്‍ക്കുശേഷമുടനേ
- രോമാഞ്ചമേകും പടി;
ഭവ്യപ്രദ്യുതിപൂണ്ടു ഭാരതിയെഴും
- സ്ഥാനത്തില്‍നിന്നപ്പൊഴീ-
സുവ്യക്താക്ഷരവാണീ മാറ്റൊലിയൊറ്റും
- കേള്‍ക്കുന്നു ദിക്കാകവേ;
-
-
- -92-
- -92-
-
“വത്സേ! കൈരളി,യാശ്വസിക്ക,വിധിസ-
- ങ്കല്പത്തെ മാനിക്ക, നിന്‍-
ഹൃത്സേതുക്കള്‍ തകര്‍ത്ത മോഹനദിവി-
- ട്ടേറീടുകെന്‍ പൈതലേ,
സത്സേവ്യേ! സഖീ! കേരളാവനി! കുഴ
- ഞ്ഞീടായ്ക് ദു:ഖങ്ങളില്‍;
ചിത്സേകച്യുതമോഹനായ ഭഗവല്‍-
- പാദന്റെ മാതാവു നീ.
-
-
- -93-
- -93-
-
ലോകം നിത്യചലം, വൃഥാ മൃതിഭയം
- തോന്നുന്നു മാറ്റങ്ങളില്‍
പാകത്തില്‍ പൊരുളൊന്നുതന്നെ;പലതാ-
- മദ്ദേശകാലങ്ങളാല്‍;
ഏകവ്യാകുലവിശ്വചക്രപടലം
- ധര്‍മ്മാക്ഷദണ്ഡത്തില്‍നി-
ന്നാകല്പം ചുഴലുന്നു, തദ്ഗതി തടു-
- പ്പാനില്ല കൈയാര്‍ക്കുമേ!“
-
-
- -94
- -94
-
വീഴുന്നു സുരബാഷ്പവൃഷ്ടിയുടനേ-
- യല്‍ക്രാന്തനാത്മാഭയാല്‍
ചൂഴും തേരിലുയര്‍ന്നിടുന്നു വഴിമേല്‍
- ഹംസാരവത്തോടുമേ,
കേഴും വ്യക്തികള്‍ വാണിമാതൊടുമിതാ
- മായുന്നിതങ്ങങ്ങുതാന്‍.
താഴുന്നൂ ദശമീഹിമാംശു കടലില്‍
- പൊങ്ങും തരംഗത്തിലും.
-
-
- -95-
- -95-
-
ഹാ! കണ്മൂടിയിരുണ്ടു ദിക്കഖിലവും
- വ്യാപിച്ചു മേന്മേല്‍ മഹാ-
കാകശ്രേണികള്‍പോലെ വന്നുരുതമ-
- സ്കാണ്ഡങ്ങള്‍ തിങ്ങുന്നിതേ
ലോകവ്യക്തചരിത്രകൃത്തു വിധിയീ-
- നാളായ താളില്‍ സ്വയം
ശോകവ്യഞ്ജകമായടച്ചു മഷിതേ-
- ച്ചീടുന്നു കില്ലില്ലതില്‍.
-
-
- -96-
- -96-
-
വാണീസംഗമവും സുരാഗമനവും
- മറ്റും വൃഥാ വാസനാ-
ശ്രേണീനിര്‍മ്മിതമാണു; കാണ്മതു ദിവാ-
- സ്വപ്നങ്ങളാണൊക്കെ ഞാന്‍
താണീലിന്നു വിയോഗവേദന, മറി-
- ച്ചെന്നന്താരാത്മാ ഭൃശം
കേണീടുന്നിതുണര്‍ന്നഹോ! ജനനിയെ-
- ത്തേടും കിടാവെന്നപോല്‍
-
-
- -97-
- -97-
-
പോയീ കൈരളിതന്‍ പ്രശസ്തതനയന്‍!
- പോയീ മഹാപണ്ഡിതന്‍!
പോയീ ശിഷ്യസുഹൃല്പ്രിയന്‍ ഭസിതമഅ-
- യമ്മേനി! പേരായ് മഹാന്‍;
മായീഭൂതമഹോ ജഗത്സ്ഥിതി!യിതാ-
- മാദൃക്ഷരില്‍ ശോകമി-
സ്ഥായീഭാവമിയന്നു; ബാഷ്പനിരയും
- നില്‍ക്കാത്ത നീര്‍ച്ചാട്ടമായ്.
-
-
- -98-
- -98-
-
ആഹാ! നിഷ്ഠുരരാത്രി! യമ്മഹിതനെ-
- ത്തിന്നന്നു സിദ്ധിച്ചൊര-
ദ്ദേഹായാമമൊടുന്നുരണ്ടു പുരുഷാ-
- യുസ്സെന്തു നീളാഞ്ഞു നീ?
സ്നേഹാര്‍ത്തര്‍ക്കു സുഖം വളര്‍ത്തുമതു നീ
- ചെയ്തില്ല; വേണ്‍റ്റാ, സ്വയം
മോഹാന്ധത്വമിയന്നു ഞങ്ങള്‍, പകലും
- രാവാണു ഞങ്ങള്‍ക്കിനി.
-
-
- -99-
- -99-
-
പറ്റീ പേരിതു "കാലയുക്ത്യ"ഭിധമാ-
- മാണ്ടേ! അനര്‍ത്ഥങ്ങളെ-
പ്പെറ്റീടാനിടചേര്‍ന്നൊരുഅ"മ്മിഥുന"മേ!
- യോഗം മഹാകേമമായ്!
തെറ്റീട്ടില്ല നിനക്കു "പഞ്ചത"യുമ-
- ന്നാളേ! യഹോ! നിങ്ങളെ-
പ്പറ്റീട്ടഞ്ചണമിങ്ങു ഞങ്ങള്‍ മൃതിയെ-
- പ്പക്ഷേ ജയിച്ചലുമേ.
-
-
- -100-
- -100-
-
ഐരോപ്യാഹവവഹ്നി ഭൂമിയെ ദഹി-
- പ്പിക്കുന്നു, കച്ചോടമാം
പേരാളും ധനരക്തനഅഡി നിലവായ്,
- ത്തെറ്റീ ഗ്രഹാനുഗ്രഹം,
ഓരോ വ്യാധികളായിതാ യമനുമാര്‍-
- ന്നെത്തുന്നു, ഞങ്ങള്‍ക്കെഴും
ഘോരാന്തര്‍ജ്വരപീഡ കാണ്‍കതുകളെ-
- ത്തുച്ഛീകരിച്ചു വിധേ!
-
-
- -101-
- -101-
-
ഇല്ലേറെപ്പരമാര്‍ത്ഥസൂരികള്‍, കവി-
- സ്ഥാനാര്‍ഹരില്ലത്രപേര്‍;
ചൊല്ലേറും ശുഭശീലനിഷ്ഠരവരില്‍-
- പ്പിന്നെച്ചുരുക്കം ചിലര്‍;
ഉല്ലേഖിച്ച ഗുണങ്ങള്‍തന്നെ തികവോ-
- രില്ലാരു മുണ്ടെങ്കില-
ങ്ങല്ലേ? ഹാ! തിരുമേനി,-ആരിവിടെയീ
- നഷ്ടത്തെ വീട്ടാനിനി?
-
-
- -102-
- -102-
-
ചാരുത്വം തികയും സുമങ്ങളെയുടന്‍
- വീഴ്ത്തുന്നു പൂവല്ലികള്‍;
ചോരും മാധുരിയാര്‍ന്ന പക്വനിരയെ-
- ത്തള്ളുന്നു വൃക്ഷങ്ങളും;
പാരും കൈവെടിയുന്നു പുത്രരെയഹോ!
- പാകാപ്തിയില്‍-ദോഷമായ്-
ത്തീരുന്നോ ഗുണമിങ്ങിവറ്റ കഠിന-
- ത്യാഗം പഠിപ്പിക്കയോ?
-
-
- -103
- -103
-
കേണീടിന്‍ പ്രിയരേ!യുഴന്നു ഗതികെ-
- ട്ടുള്ളോര്‍ സമസ്തസ്വമായ്-
പേണീടും ചുടുകണ്ണുനീരിനു തുലോം
- ധന്യത്വമേകീടുവിന്‍!
പ്രാണീഭൂതമഹാനിനി പ്രതിനിവൃ-
- ത്തിക്കില്ല, ശോകാപഗാ-
വേണീവായ്പില്‍ വിവേകവഞ്ചി ശകലം
- പോകില്ല മുമ്പോട്ടുമേ.
-
-
- -104-
- -104-
-
സ്യാനന്ദൂരപുരത്തവാന്തരവഴി-
- ക്കോണൊന്നി,ലാഡംബര-
ന്യൂനശ്രീ തടവി, സ്സദാ പലകലാ-
- നിഷ്ണാതര്‍ തേടുന്നതായ്
ആനന്ദാലയമായ് ലസിച്ച ഗുരുവില്‍-
- വെണ്മാടമേ! എന്തിന-
സ്ഥാനത്തിശ്ശവഗോപുരാകൃതിയില്‍ നീ
- നില്‍ക്കുന്നു? നോക്കാന്‍ പണി!
-
-
- -105-
- -105-
-
കൂറാളും തിരുമേനി കൃത്യപരനായ്
- പിന്‍ പൂമുഖം പൂകവേ
മാറാതമ്മലര്‍വായു വീശുവൊരു നന്‍-
- മല്ലീനികുഞ്ജങ്ങളേ!
വേറാശയ്ക്കിടമില്ല, നിങ്ങള്‍ ചൊരിയും
- വെണ്‍പൂക്കളെത്തദ്ബലി-
ച്ചോരായോര്‍ത്തു ചുഴന്നു കാക്കകളിനി-
- ക്കൊത്തീടുമോര്‍ത്തീടുവില്‍!
-
-
- -106-
- -106-
-
ജാലംപോലെ ഭവാന്റെ ലീലകള്‍ വിഭോ!
- പോയീ, പ്രിയാനന്ദന-
സ്യാലന്മാര്‍ക്കു നിജാലയം 'ബലിപുരം'
- താനായിനിസ്സര്‌വ്വഥാ;
ആലംബിച്ചവയെക്കുമാരരവിടെ-
- ത്തച്ചിത്രവൈദഗ്ധിതന്‍-
കാലദ്ധ്വം സനജാഡകൊണ്ടു വെറുതേ-
- യുല്‍ക്കണ്ഠ കൂട്ടാം ചിലര്‍.
-
-
- -107-
- -107-
-
ഓമല്‍ത്താര്‍മണമാര്‍ന്നൊരായരമന-
- പ്പുവാപിയില്‍ പ്രീതിയാല്‍
ശ്രീമന്‍! രോഹിതരൂപനങ്ങു നടുവില്‍
- പോയ് നീന്തി നീരാടിപോല്‍;
ഹാ! മത്തന്‍ യമധീവരന്‍ വലയെറി-
- ഞ്ഞേല്പ്പിച്ചുപോല്‍; ഈശ്വരാ!
ഭീമത്വം കലരുന്ന വൈതരണിയീ-
- വാര്‍ത്തയ്ക്കു ലാക്കാം കുളം!
-
-
- -108-
- -108-
-
ഹാ! രോഗം കഫദോഷമല്ലി, സുഖമാം
- നാലഞ്ചുനാള്‍ക്കുള്ളിലെ-
ന്നോരോന്നാശയൊടോര്‍ത്തു ഞങ്ങള്‍; വിധിയോ
- ചിന്തിച്ചു വേറേവിധം;
ഘോരോദന്തമിതാ തറച്ചിതു ചെവി-
- ക്കാഹന്ത! നേരായിതുള്‍-
ത്താരോര്‍ക്കാ-ബത, രാഹുതന്നെ രവിയില്‍
- കല്പാന്തകാലാഹിയായ്!
-
-
- -109-
- -109-
-
മങ്ങാതിപ്പൊഴുമുള്ളിലമ്മുഖവുമ-
- സ്സല്ലാപവും മൈത്രിയാല്‍
വിങ്ങാറുള്ള വിലോകനങ്ങളുമഹോ!
- നല്‍കുന്നിതമ്മാതിരി;
എങ്ങാവോ തിരുമേനിയിന്നു? വരുമോ
- വീണ്ടും? കവീന്ദ്രോക്തിപോ-
ലിങ്ങാഗന്ഋഉകവൈകൃതം സ്ഥിതിയഹോ!
- ദേഹിക്കു നിത്യം മൃതി.
-
-
- -110-
- -110-
-
കാലത്തൂണുകഴിഞ്ഞു കൗതുകമൊടും
- ചെമ്മേ മുറുക്കു സ്വയം
ലോലശ്രീതിലകാഭ തൂവി, വിതറി-
- പ്പൂങ്കര്‍ണ്ണഭൂഷാരുചി
പാലഞ്ചും സ്മിതമോടൊരംശുകമുടു-
- ത്തെത്തുന്നൊരമ്പാര്‍ന്നതി-
ക്കോലം പോയിതു ചിത്തമേ, യയവിറ-
- ക്കിക്കൊള്‍കയക്കാഴ്ച നീ!
-
-
- -111-
- -111-
-
ചട്ടറ്റീടിന ശോഭചേര്‍ന്ന പനിനീര്‍-
- പ്പൂച്ചെണ്ടു പൊന്നൂലിനാല്‍
കെട്ടപ്പെട്ടതുപോലിണങ്ങിയ തല-
- പ്പാവാര്‍ന്നു കാമ്യാകൃതി
ചട്ടയ്ക്കാഭകലര്‍ത്തി മേല്വിലസുമ-
- ച്ചിത്രാംഗവസ്ത്രാഢ്യനായ്
തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ-
- ത്തില്‍ത്താന്‍ ചരിക്കാമിനി
-
-
- -112-
- -112-
-
ശ്രീതാവുന്നൊരു വഞ്ചിവല്ലഭമഹാ
- ഹൌണീകലാശാലയാം
മാതാവിന്‍ സ്തനമുണ്ടറിഞ്ഞിതു ഭവാന്‍
- പാശ്ചാത്യവിദ്യാരസം
നേതാവും സ്വയമായിതങ്ങൊടുവില-
- ന്നാ വീരസൂ ധന്യയാ-
യോതാമിന്നവള്‍ കൈരളിക്കു കിടയായ്
- വാടുന്നു വിദ്വന്മണേ!
-
-
- -113-
- -113-
-
ലീലാനിര്‍ജ്ജിതവിദ്യരായ് പുകഴ്പര-
- ത്തീടുന്നൊരേതല്‍ കലാ-
ശാലാപണ്ഡിതലോകവും പ്രിയതയാല്‍
- വിദ്യാര്‍ത്ഥിസന്ദോഹവും
ആലാപങ്ങളിലിന്നു താവകഗുണം
- വര്‍ണ്ണിച്ചു കണ്ണീര്‍ക്കണം
ലോലാഭം പുതുമുത്തുപോലരിയ കൈ-
- ലേസാല്‍ തുടയ്ക്കുന്നിതേ!
-
-
- -114-
- -114-
-
ഗാഢസ്നേഹമൊടങ്ങു കക്‍ഷ്യയിലണ-
- ഞ്ഞാ ശിഷ്യതാരാവലി-
ക്കൂഢശ്രീ ഹിമരശ്മിയായ് സുധചൊരി-
- ഞ്ഞാരാല്‍ വിളങ്ങുന്നതും,
പീഠംവിട്ടു നിവര്‍ന്നെണീറ്റു നൊടിയില്‍-
- ച്ചാഞ്ഞാഞ്ഞുദാരാഭയില്‍
പാഠവ്യാഖ്യ കുറിക്കുമപ്പലക ലാ-
- ക്കാക്കി ത്വരിക്കുന്നതും.
-
-
- -115-
- -115-
-
ഒറ്റക്കാല്‍, പിറകൂന്നിയൂര്‍മ്മികകളാല്‍
- മിന്നും വലംകൈയതില്‍
ചെറ്റമ്മൃത്തികയേന്തി വാക്യമെഴുതി-
- ക്കാണിച്ചു നില്‍ക്കുന്നതും,
അറ്റം തെല്ലു ചുരുട്ടിയായിടതുകൈ
- പിന്‍ചേര്‍ത്തു വിശ്രാന്തനായ്
കറ്റക്കാര്‍ശിഖ പിന്‍പൊതുക്കി മറുകൈ-
- ത്താര്‍ വീശി ലാത്തുന്നതും.
-
-
- -116-
- -116-
-
കോപസ്ഫൂര്‍ത്തിയറിഞ്ഞിടാതരുണമാ-
- മോമല്‍ കടക്കണ്ണുതന്‍
ക്ഷേപത്താല്‍ തിരുമേനി ശിഷ്യരെയിട-
- യ്ക്കോരോന്നു വീക്ഷിപ്പതും
സ്വാപഭ്രാന്തികണക്കു മാഞ്ഞിതഖിലം!
- ഹാ! രംഗമേ ശൂന്യമായ്
ദീപം പോയ വെറും വിളക്കു തടയാ-
- യെപ്പോഴുമിപ്പീഠവും!
-
-
- -117-
- -117-
-
ഈ വിദ്യാലയവേഴ്ചയാനധികവും
- ത്വദ്ഗ്രന്ഥരത്നങ്ങള്‍ ത-
ന്നാവിര്‍ഭാവനിമിത്തമെന്നതു നിന-
- ച്ചമ്പാര്‍ന്നു കുമ്പിട്ടിടാന്‍
ഹേ! വിദ്വന്‍! ഭവദീയഭക്തജനത-
- യ്ക്കാരാദ്ധ്യമാമോര്‍മ്മതന്‍
കോവില്‍ ഗര്‍ഭഗൃഹങ്ങളായി നെടുനാള്‍
- നില്‍ക്കട്ടെ തല്‍ കക്‍ഷ്യകള്‍!
-
-
- -118-
- -118-
-
നീലപ്പുല്‍ത്തറകള്‍ക്കു മേല്‍ പല നിഴല്‍-
- ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ക്കനിയേകിയും കിളികള്‍ തന്‍-
- ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമിതിന്‍
- മുമ്പേറെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ! കേഴുകീ വിരഹമോര്‍-
- ത്തെന്നും മഴക്കാറ്റില്‍ നീ!
-
-
- -119-
- -119-
-
പ്രാദുര്‍ഭാവമിയന്നു തന്നിതു കവേ!
- യങ്ങയ്ക്കു ഗൈര്‍വാണിയീ
വൈദുഷ്യപ്രഥ ഭാരതാവനിയിലും;
- പാശ്ചാത്യലോകത്തിലും;
സ്വാദുറ്റോര്‍ത്തവിടുന്നു സംസ്കൃതകലാ-
- ശാലോന്നതിവ്യഗ്രനായ്
ഹാ! ദുര്യോഗ,-മിതാ പ്രയത്നതരു പൂ-
- ക്കാറായി; പോയീ ഭവാന്‍!
-
-
- -120-
- -120-
-
ഹന്ത! ദ്യോവിലിയുര്‍ന്നിതങ്ങൊരു മഹാ-
- നിന്നീ’യനതാലയ’-
ത്തന്തര്‍ദ്ധാനമിയന്നിത’ക്കവി’ ‘ബുധന്‍’
- പോയ്, പോയി ‘വാചാസ്പതി’
സ്വന്തക്ഷീണത രാജധാനി! പരിഗോ-
- പിച്ചിന്നു പോറ്റാം നിന-
ക്കന്ത, സ്സീ’ഗ്രഹചാര’ദോഷമധികം
- മാലോകരാലോചിയ.
-
-
- -121-
- -121-
-
മദ്രാഭിഖ്യമഹാപുരത്തിലുയരും
- മാര്‍ത്താണ്ഡരമ്യാഭയായ്
മുദ്രാതീതമഹത്ത്വമാര്‍ന്നു വിലസും
- ശ്രീ ‘വിശ്വവിദ്യാസഭേ!‘
ത്വദ്രാജദ് ബിരുദങ്ങള്‍ നേടിയയി! നിന്‍-
- സേനാഗ്രഭൂവാര്‍ന്നൊരാ
ഭദ്രാത്മാ നിജകൃത്യയാത്രയിലിതാ
മുങ്ങീ മഹാംഭോധിയില്‍.
-
-
- -122-
- -122-
-
ഭ്രാജിക്കും ഭവദീയരാജ്യപരിധി-
- ക്കുള്ളില്‍ സ്വതേജസ്സിനാല്‍
രാജിക്കും പല ശബ്ദലോകമൊടു തന്‍-
- ഭാഷാപ്രകാണ്ഡത്തെയും
യോജിപ്പിച്ചഭിവൃദ്ധി ചേര്‍ക്കുവതിനായ്
- വാഗസ്ത്രമേന്തി ശ്രമി-
ച്ചീ ജിഷ്ണുദ്യുതി കൈരളിക്കുമരുളീ
- ക്ഷേമം നിനക്കും സഭേ!
-
-
- -123-
- -123-
-
ഈടേറുന്നൊരു നഷ്ടമിങ്ങനെ പിണ-
- ഞ്ഞാഹന്ത! ശോകാന്ധമായ്
പാടേയൂര്‍ദ്ധ്വഗവാക്ഷദൃഷ്ടികള്‍ മിഴി-
- ച്ചിന്നാ സഭാസൌധമേ!
കേടേശാതുരു ശാന്തവാക്കുകള്‍ കടല്‍-
- ക്കാറ്റോതിനിന്നീടിലും
ചൂടേലും നെടുവീര്‍പ്പുകൊണ്ടു നഗരി-
- ക്കേകുന്നു താപത്തെ നീ!
-
-
- -124-
- -124-
-
ഹാ! കഷ്ടം പ്രതിഭാപ്രകാശഭരമാര്‍-
- ന്നര്‍ക്കോജ്ജ്വലന്‍ മര്‍ത്യനും
ലോകത്തിമ്മൃതി തുല്യമിന്നുമൊളി ക-
- ണ്ടിടാത്ത കീടത്തിനും;
ഈ കര്‍മ്മക്ഷമവിദ്യയൊന്നുമിനിയും
- നല്‍കീല സാഹായ്യമീ
ശോകത്തിന്നു,-വൃഥാ കപാലഫലകം
- കായിച്ചു നീണാള്‍ നരന്‍!
-
-
- -125-
- -125-
-
എന്തായീ ശ്രമ? മെത്രനാളുഴറി നീ
- ശാരീരവിജ്ഞാനമേ!
എന്താശിപ്പതു’രാസ’‘ബൌതിക’മഹാ-
- തന്ത്രങ്ങളേ! നിങ്ങളും?
ചിന്താമര്‍ജ്ജരനായ നിങ്ങടെ പിതാ-
- വാം മര്‍ത്യനെത്തീടുമീ-
യന്താവസ്ഥയഹോ! ദയാര്‍ഹ, മിതഹോ!
- നിങ്ങള്‍ക്കു ലജ്ജാവഹം.
-
-
- -126-
- -126-
-
പാരില്‍ സൃഷ്ടിദിനം തുടങ്ങി മരണം
- പേടിച്ചു ചൂടേറുമുള്‍-
ത്താരിന്‍ ജ്വാലകളല്ലി, നിങ്ങള്‍ പറവിന്‍
- തീവ്രാര്‍ക്കതാപങ്ങളേ?
പൂരിക്കും നെടുവീര്‍പ്പുതന്‍ നിചയമ-
- ല്ലേ നിങ്ങള്‍ വായുക്കളേ?
ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിന്‍-
- വര്‍ഷങ്ങളേ! നിങ്ങളും?
-
-
- -127-
- -127-
-
ചത്താല്‍ ജീവിതവാര്‍ത്ത പോയി, പടു-
- കാറ്റേറ്റോ ഘൃതം വറ്റിയോ
കത്താതായ വിളക്കിനൊത്തതു കഴി-
- ഞ്ഞെന്നാലിരുട്ടണുപോല്‍;
ഉത്താപത്തൊടു, ഭോഗവാസനകളാല്‍,
- നിര്‍ദ്ദേഹനാം ദേഹി, കൈ-
യെത്താതായ പഴം കൊതിച്ച ശിശു-
- വായ് കേഴുന്നുപോലേറെനാള്‍;
-
-
- -128-
- -128-
-
കര്‍മ്മത്തിന്‍ വശരായുയര്‍ന്നു സുഖമായ്
- സ്വാരാജ്യമോ ദു:ഖമായ്
നിര്‍മ്മാര്‍ജ്ജിച്ചതിഘോരമാം നരകമോ
- പുകന്നുപോല്‍ ദേഹികള്‍;
ശര്‍മ്മമ്പോലെയശര്‍മ്മവും മറുതടം
- കാണാത്ത നിത്യബ്ധിപോല്‍;
ധര്‍മ്മവ്യായതചക്രചാരിപുരുഷന്‍
- വീണ്ടും വരുന്നുണ്ടുപോല്‍;
-
-
- -129-
- -129-
-
ഓരോന്നിങ്ങനെയൂഹമോ നിഗമമോ
- ലാക്കാക്കിയോതാം ചിലര്‍-
ക്കാരോരുന്നിതു തത്ത്വ?മെങ്ങനെയൊരാള്‍
- കാണുന്നിതങ്ങേപ്പുറം?
നേരോ പ്രേതകഥപ്രസക്തി? പൊളിയോ?
- മസ്തിഷ്കവൈകല്യമോ?
വേരോടിങ്ങു കരിഞ്ഞുപോയ തരുവിന്‍
- ഛായയ്ക്കു നില്‍ക്കാവതോ?
-
-
- -130-
- -130-
-
അല്ലെങ്കില്‍ പുതിഭയ്ക്കു ദൂരഗതമാ-
- മക്കാര്യമൂഹത്തിനാ-
ലില്ലെന്നെങ്ങനെ നിര്‍ണ്ണയിക്കു?മിരുളില്‍-
- ത്തങ്ങുന്നുവല്ലോ പൊരുള്‍!
കില്ലെന്തിന്നതുമല്ലനന്തനിയമം
- വിശ്വം; വരാമേതുമേ,
തെല്ലെന്നാകിലുമര്‍ത്ഥമെന്നി നിലനി-
- ല്‍ക്കില്ലോര്‍ക്കില്‍ വിശ്വാസവും.
-
-
- -131-
- -131-
-
ചൊല്ലാം തീയുടെ തീക്ഷ്ണദന്തമണയാ-
- തത്യന്തസൂക്ഷ്മാംഗമായ്
തെല്ലാശാസ്പദതത്ത്വമങ്ങു ‘തടി’യില്‍
- ശേഷിക്കുമെക്കാലവും;
അല്ലാഞ്ഞാല്‍ നരവാഴ്ചയല്ല; ഭുവനം-
- താനും വൃഥാരംഭമാം;
ഇല്ലാതാം വില കണ്ണുനീരിനു;മതി-
- ന്നാര്‍ക്കാനുമോര്‍ക്കവതോ?
-
-
- -132-
- -132-
-
ആ പക്ഷം ശരിയെങ്കിലിന്നയീ! “മൃതേ!“
- ഹാ! നിന്റെ ഘോരങ്ങളാ-
മാ പല്ലിന്നിരകള്‍ക്കു മൂര്‍ച്ചയിനിയും
- പോരെന്നു തോന്നാമുടന്‍;
ആപത്തിന്‍ പരകാഷ്ഠയായ പുലിയാ-
- യീ ഞങ്ങളഞ്ചുന്നൊരാ
നീ പച്ചത്തൃണരാശി തിന്നരിയ പാ-
- ലേകുന്ന ഗോവെന്നുമാം.
-
-
- -133-
- -133-
-
നേരാമായതു ഹാ! ശുഭേ! ഭയദമാം
- വന്തോക്കുതന്‍ വായിലാ-
വീരാഖ്യയ്ക്കു കൊതിക്കുമെത്രതരുണന്‍
- ക്കാശ്വാസമേകുന്നു നീ!
ആരായുന്നിതു രാഗപുഷ്പസൃതിമേല്‍
- മുള്ളേറ്റ നോവാറ്റുവാന്‍
താരാര്‍മേനികള്‍തന്നെ ശീതതരമാം
- നിന്നംഗസംഗം മൃതേ!
-
-
- -134-
- -134-
-
ത്രാണിക്കൊത്തു പകല്‍ പരിശ്രമമിയ-
- ന്നോര്‍ക്കമ്പിയെന്നന്തിയാല്‍
പേണിക്കണ്ണു തലോടിയെന്നുമണവോ-
- രാ ഭദ്രയാം നിദ്രപോല്‍
പ്രാണിക്കിന്നെടുജീവിതപ്പെരുവഴി-
- ക്ലേശം കഴിച്ചെത്രയും
ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവില്‍-
- ച്ചേര്‍ക്കുന്നു സൌഖ്യം മൃതി
-
-
- -135-
- -135-
-
ജ്ഞാനം താന്‍ ക്ഷണവൃത്തി; ബുദ്ധിയിമവെ-
- ട്ടെമ്പോളിടയ്ക്കാത്തമ:-
സ്ഥാനം കാണുവതില്ലയാതവലയ-
- ത്തോടൊത്ത വേഗത്തിനാല്‍
നൂനം ഹാ! ക്ഷമൃത്യുവിങ്ങനുദിനം
- നിദ്രാഖ്യമായ് ദീര്‍ഘമാ-
മൂനം വിട്ടതു നീണ്ടനന്തരമിതാം
- വിശ്രാന്തി ജന്തുക്കളില്‍.
-
-
- -136-
- -136-
-
ഈവണ്ണം ശരി! സൃഷ്ടിയും പ്രളയവും
- കല്പിച്ചൊടുക്കം മഹാ-
കൈവല്യം വരുമെന്നു കാത്തിടുകയാ-
- മോരാ പുരാവിത്തുകള്‍;
ജീവന്നിങ്ങു ബഹുക്രിയാജടിലമാ-
- മീ ദീര്‍ഘയാത്രാകഥ-
യ്ക്കാവശ്യം മൃതിയാം ‘വിരാമ’തിലകം
- സ്വാര്‍ത്ഥപ്രതീതിക്കുമേ.
-
-
- -137-
- -137-
-
കില്ലില്ലിമ്മൃതി ജീവിതത്തിനുമഹോ!
- സൌഭഗ്യമേറ്റുന്നതാ-
ണല്ലില്ലെങ്കിലതീവ ഘോരതരമാ-
- മോര്‍ക്കുമ്പോഴാര്‍ക്കും പകല്‍
അല്ലിത്താര്‍മണമാര്‍ന്നഹസ്സു നടമാ-
- ടീടട്ടെ, രമ്യാഭമായ്
മല്ലിശ്രീപെടുമാമ്പല്‍ നീണ്ട മുടിയില്‍
- ചൂടിശ്ശയിക്കും നിശ.
-
-
- -138-
- -138-
-
പാരം പ്രാകൃതപക്ഷിവര്‍ഗ്ഗമഖിലം
- വാഴ്ത്താം ദിനത്തിന്‍ ഗുണം,
സ്വൈരം, രാത്രി, ഭവല്‍ പ്രശസ്തി മധുരം
- പാടുന്നു രാപ്പാടികള്‍;
ദൂരത്തുള്ള വികല്പമോര്‍ക്കുകിലടു-
- ത്തോര്‍ക്കില്ല, രണ്ടും സ്വയം
സാര്‍ജ്ഞന്‍ പടു കോകിലോത്തമനുപ-
- ശ്ലോകിപ്പു നിര്‍ഭേദമായ്.
-
-
- -139-
- -139-
-
മങ്ങാതോര്‍ക്കില്‍ മൃതേ! പ്രവൃത്തിപരമാ-
- ണിജ്ജീവിതം, മാറ്റിനാല്‍
പൊങ്ങാനും മതി വിശ്രമപ്രവണമാം
- പൌരസ്ത്യചിത്തത്തില്‍ നീ
തങ്ങാമൊന്നയി! നിന്നില്‍ മെച്ചമിനിയും
- നിന്‍ കൂരിരുട്ടഞ്ചിയാ-
മിങ്ങാദ്ധ്യാത്മിക ദീപമാദിമുനിമാ-
- രാവിഷ്ക്കരിച്ചുള്ളതും.
-
-
- -140-
- -140-
-
പോരും ഹാ!ധിഷണേ മഹാപുരുഷനെ-
- ത്തേടിബ്ഭൃശോന്മത്തയായ്-
ത്തീരുന്നെന്തിനു? “ശല്യ”വേദിനി, ശവം
- ശോധിപ്പതെന്തിന്നു നീ?
തീരും നിന്‍ വ്യഥ കണ്ണുനീര്‍ പൊഴിക,യി-
- ങ്ങിശ്രാന്തപാന്ഥന്‍ സുഖം-
ചേരുമ്മട്ടിലുറങ്ങിടട്ടെ, സഭയം
- കുമ്പിട്ടു മാറട്ടെ ഞാന്‍.
-
-
- -141-
- -141-
-
ഓന്നോതാം തിരുമേനിയിങ്ങു മൃതിയെ-
- ത്താന്‍ തന്നെ കര്‍ണ്ണാന്തികം
വന്നോതാതറികില്ലൊരാള്‍ അകലെനി-
- ന്നുച്ചത്തിലോതില്ലവള്‍,
ഇന്നോ ഞങ്ങളെ നോക്കിയമ്പില്‍ വിവരം
- ചൊല്ലാമുറക്കെബ്‌ഭവാ-
നെന്നോര്‍ത്തിങ്ങതിരുട്ടില്‍ മൂകകഥയായ്
- പോമെന്നു വെമ്പുന്നു ഞാന്‍.
-
-
- -142-
- -142-
-
എല്ലാം പോകുക, കീഴടങ്ങുക വിധി-
- ക്കിന്നിച്ചിതയ്ക്കപ്പുറ-
ത്തില്ലാതാകൂക ജീവിതം;-മതി വിഭോ!
- ത്വന്നാമപുണ്യാക്ഷരം;
ചൊല്ലാമായതു ഞങ്ങള്‍ നട്ടു മിഴിനീര്‍
- തൂവിപ്പുലര്‍ത്തും, പടര്‍-
ന്നെല്ലാവര്‍ക്കുംകതേകിടും മലര്‍മണം
- കാലാഗ്നി ചെല്ലില്ലതില്‍.
-
-
- -143-
- -143-
-
ഹാ! കഷ്ടം ഗതിമുട്ടിനിന്നിവിടെയെ-
- ന്തെല്ലാം പുലമ്പുന്നു ഞാന്‍,
ശോകവ്യാകുലമായ ബുദ്ധി പതറി-
- ച്ചെല്ലാമമാര്‍ഗ്ഗങ്ങളില്‍;
നീ കണ്ണഞ്ചിടുമാറു സൂര്യ! വിലസു-
- ന്നുണ്ടാകുമെങ്ങാനുമീ-
ലോകത്തിന്നിരുളാണു ദേവ, വിരയാം
- മിന്നമിനുങ്ങിങ്ങതില്‍.
-
-
- -144-
- -144-
-
നക്ഷത്രങ്ങളെ നോക്കിയിപ്പഴു പറ-
- ന്നീടുന്നു മേല്പോട്ടതിന്‍-
പക്ഷം ദുര്‍ബലമാണതോര്‍ത്തു ഭയവും
- തോന്നുന്നു മേന്മേല്‍ വിഭോ!
രക്ഷയ്ക്കായതിനിന്നു നിന്‍കരുണയ-
- ല്ലാതില്ല രാപ്പക്ഷിതന്‍-
ദിക്ഷയ്ക്കാക്കൊല, നിന്‍പ്രകാശകണിക-
- യ്ക്കാപത്തു ചേര്‍ത്തീടൊലാ.
-
-
- -145-
- -145-
-
വാനത്തില്‍ തടവില്ല, ധര്‍മ്മരഥമി-
- ങ്ങോടിച്ചു ദാരാഭനായ്
നൂനം ഭാസ്ക്കരനെത്തുമന്ധതമസം
- നില്‍ക്കില്ലെയെക്കാലവും,
ഊനമിട്ട ഭയങ്ങള്‍തന്റെ നിഴലും
- പോം ഹന്ത! മിന്നാമിനു-
ങ്ങാനന്ദാലയമാം മഹസ്സില്‍ മറയും
- നക്ഷത്രജാലത്തൊടും.
-
-
- -146-
- -146-
-
ദേഹാംശങ്ങളിലീയിരുട്ടുമൊളിയും
- നാനാപ്രഭേദത്തൊടാ-
ന്നാര്‍ഹാ! ശാശ്വതധര്‍മ്മശക്തി! ഭുവന-
- പ്പന്താട്ടമാടുന്നു നീ
സ്നേഹാരാധകനെത്തലോടിയമൃതം
- നല്‍കുന്നു നീ, പിന്നെ നിര്‍-
മ്മോഹാസംഗമഖണ്ഡവിശ്രമസുഖം
- തേടുന്നു താനേയവന്‍.
-
-
- -147-
- -147-
-
ആകാശങ്ങളെയണ്ഡരാശികളൊടും
- ഭക്ഷിക്കുമാകാശമാ,-
യീ കാണുന്ന സഹസ്രരശ്മിയെയിരു-
- ട്ടാക്കും പ്രഭാസാരമായ്,
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും
- ദു:ഖീകരിക്കുന്നതാ-
മേകാന്താദ്വയശാന്തിഭൂവിനു നമ-
- സ്ക്കാരം, നമസ്ക്കാരമേ!