ഐതിഹ്യമാല/രാമപുരത്തു വാര്യർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
രാമപുരത്തു വാര്യർ


രാമപുരത്തു വാര്യരുടെ സ്വദേശം മീനച്ചിൽ താലൂക്കിൽ ചേർന്ന രാമപുരം തന്നെയാണ്. ഇദ്ദേഹത്തിന്റെ ജനനം കൊല്ലം 9-ആം ശതാബ്ദത്തിന്റെ ഒടുവിലായിരിക്കണം. ഇദ്ദേഹം സാമാന്യം വ്യുത്പത്തിയും നല്ല കവിതാവാസനയും ഉള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാനകൃതി കുചേലവൃത്തം വഞ്ചിപ്പാട്ടാണ്. അതുകൂടാതെ ചില ഒറ്റശ്ശോകങ്ങളും കീർത്തനങ്ങളും മറ്റുമല്ലാതെയൊന്നും ഇദ്ദേഹം ഉണ്ടാക്കിയിട്ടുള്ളതായി കാണുന്നില്ല. ഇദ്ദേഹം വഞ്ചിപ്പാട്ടുണ്ടാക്കാനുള്ള കാരണം താഴെപറയുന്നു.

രാമപുരത്തു വാര്യർ ദാരിദ്ര്യം സഹിക്കവയ്യാതായിട്ട് സ്വദേശം വിട്ടു പുറപ്പെട്ട് വൈക്കത്തുചെന്നു ചേർന്നു. ഈ ദാരിദ്ര്യദുഃഖം വൈക്കത്തപ്പൻതന്നെ തീർത്തു തരണം എന്നു പ്രാർത്ഥിച്ചുകൊണ്ട് ഇദ്ദേഹം അവിടെയൊരു സംവത്സരഭജനം തുടങ്ങി. "വൈക്കത്ത് ഊട്ടുപുരയിൽ സദ്യയുള്ള ദിവസംമാത്രം ഒരു നേരം ഊണുകഴിക്കാം. സദ്യയില്ലെങ്കിൽ അന്നുണ്ണുകയും വേണ്ട" എന്നുള്ള നിശ്ചയത്തോടു കൂടിയാണ് വാര്യർ ഭജനം തുടങ്ങിയത്. അദ്ദേഹം ഭജനം തുടങ്ങിയതിൽ പിന്നെ അവിടെ ഒരു ദിവസവും മുടങ്ങാതെ സദ്യയുണ്ടായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്.

ഭജനം കാലംകൂടുന്ന ദിവസം മാർത്താണ്ഡവർമ്മ മഹാരാജാവ് വൈക്കത്തെഴുന്നള്ളി. വാര്യർ മഹാരാജാവിനെ സ്തുതിച്ച് നാലഞ്ചു ശ്ലോകങ്ങളുണ്ടാക്കി എഴുന്നള്ളത്തോടുകൂടെയുണ്ടായിരുന്ന രാമയ്യൻ ദളവ മുഖാന്തരം തൃക്കൈയ്യിലെത്തിച്ചു. തിരിയെ എഴുന്നള്ളത്തു പുറപ്പെട്ടു ബോട്ടിൽ എഴുന്നള്ളുന്ന സമയം കടവിൽ വാര്യരും ഹാജരുണ്ടായിരുന്നു. വാര്യരുംകൂടി ബോട്ടിൽ കയറിക്കൊള്ളുന്നതിനു കല്പിക്കുകയും വാര്യരുംകൂടി കേറുകയും ചെയ്തു. ബോട്ടു നീക്കി കുറെ പോയപ്പോൾ വാര്യർ ഒരു വഞ്ചിപ്പാട്ടുണ്ടാക്കിപ്പാടുന്നതിന് തമ്പുരാൻ കല്പിച്ചു. ആ കൽപ്പന പ്രകാരമാണ് കുചേലവൃത്തം വഞ്ചിപ്പാട്ടുണ്ടാക്കിയത്. വഴിക്കൊക്കെ വാര്യർ പാട്ടുണ്ടാക്കുകയും പാടുകയും ചെയ്തുകൊണ്ടുപോയി. പള്ളിബോട്ട് തിരുവനന്തപുരത്ത് കല്പാലക്കടവിലടുത്തപ്പോഴേയ്ക്കും പാട്ടു മുഴുവനാക്കുകയും ചെയ്തു. ആ പാട്ടിൽ "എങ്കലുള്ള പരമാർഥം പാട്ടുകൊണ്ടുണ്ടാം" എന്നു പ്രയോഗിച്ചിരിക്കുന്നതുകൊണ്ട് വാര്യർ കുചേലനെപോലെ ദരിദ്രനാണെന്നു സൂചിപ്പിച്ചിരിക്കുന്നു.

തിരുവനന്തപുരത്തു വന്നു ചേർന്നയുടനെ വാര്യർക്കു താമസിക്കുന്നതിന് ഒരു സ്ഥലവും ആഴ്ചമുറക്ക് എണ്ണയും രണ്ടു നേരവും പക്കത്തു ഭക്ഷണവും മറ്റും കൊടുക്കുന്നതിനു കല്പിച്ചു ചട്ടം കെട്ടി. അങ്ങനെ വാര്യർ കുറച്ചു ദിവസം അവിടെ താമസിച്ചു. ഒടുക്കം മുഖം കാണിച്ച് യാത്രയറിയിച്ചുപോയ സമയം വാര്യർക്കു യാതൊന്നും കൽപ്പിച്ചുകൊടുത്തില്ല. കുചേലൻ ദ്വാരകയിൽനിന്നെന്നപോലെ വാര്യർ വി‌ഷാദത്തോടുകൂടി തിരുവനന്തപുരത്തുനിന്നു മടങ്ങിപ്പോയി. സ്വഗൃഹത്തിന്നടുക്കൽ ചെന്നപ്പോഴും വാര്യർക്കു കുചേലനുണ്ടായതുപോലെയുള്ള പരിഭ്രമവും അന്ധാളിത്തവുമൊക്കെയുണ്ടായി. വാര്യർ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലംകൊണ്ടു കല്പനപ്രകാരം വാര്യരുടെ ഗൃഹം വലിയ മാളികയായിട്ടു പണിയിക്കുകയും ഗൃഹത്തിൽ വേണ്ടുന്ന സകലപാത്രങ്ങളും അവിടെയുള്ളവർക്കെല്ലാം ആഭരണങ്ങളും കരമൊഴിവായിട്ട് വളരെ വസ്തുക്കളും കൊടുക്കുകയും കഴിഞ്ഞിരുന്നു. അനന്തരം വാര്യർ കുചേലനെപ്പോലെ അർത്ഥമിത്രപുത്രകളത്രാദികളോടും മഹാരാജാവിങ്കലും ഈശ്വരങ്കലും വളരെ ഭക്തിയോടുംകൂടി സുഖമായി പാർക്കുകയും ചെയ്തു.