ഐതിഹ്യമാല/കുമാരമംഗലത്തു നമ്പൂരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുമാരമംഗലത്തു നമ്പൂരി


കുമാരമംഗലത്തു നമ്പൂരിയുടെ ഇല്ലം കോട്ടയം താലൂക്കിൽ വിജയപുരം പകുതിയിൽ പാറമ്പുഴ ദേശത്താണ്. ഈ ഇല്ലക്കാർ പണ്ടു മന്ത്രവാദത്തിലും മോടിവിദ്യയിലും അദ്വിതീയന്മാരും പ്രസിദ്ധരുമായിരുന്നു.

ഇപ്പോൾ തിരുവിതാംകൂർ എന്നു പറയുന്ന രാജ്യം[1] പണ്ടൊരുകാലത്ത് വേണാട് (തൃപ്പാപ്പൂര്), ഓടനാട് (കായംകുളം), ദേശിംഗനാട് അല്ലെങ്കിൽ ജയസിംഹനാട് (കൊല്ലം), ചെമ്പകശ്ശേരി (അമ്പലപ്പുഴ), തെക്കുംകൂർ, വടക്കുംകൂർ മുതലായി പല രാജ്യങ്ങളിലായിരുന്നല്ലോ. അങ്ങനെയിരിക്കെ ഒരു കാലത്ത് കായങ്കുളത്ത് രാജാവിന്റെ രാജ്യത്ത് കൃഷ്ണപുരം എന്ന ദേശത്ത് ഒരു യക്ഷിയുടെ ഉപദ്രവം വന്നുകൂടി. ആ യക്ഷി സർവ്വാംഗസുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷം ധരിച്ചുകൊണ്ട് നാട്ടുവഴിയിൽ പോയി നില്ക്കും. ആ വഴിയിൽക്കൂടി പുരുഷന്മാരാരെങ്കിലും വന്നാൽ പുഞ്ചിരി തൂകിക്കൊണ്ട് അടുത്ത് ചെന്ന് “ഒരിക്കൽ മുറുക്കാൻ തരാമോ?”എന്നു ചോദിക്കും. ആ പുഞ്ചിരി കാണുമ്പോൾ മനുഷ്യരായിട്ടുള്ളവരുടെയൊക്കെ മനസ്സു മയങ്ങിപ്പോകും. മുറുക്കാൻ കൊടുത്തു കഴിയുമ്പോൾ “വരണം നമുക്ക് വീട്ടിലേക്ക് പോകാം; ഊണു കഴിഞ്ഞിട്ട് പോയാൽ മതി.” എന്നു ക്ഷണിക്കും. അതിനെ ധിക്കരിച്ചു പോകാൻ ആർക്കും ധൈര്യമുണ്ടാകാറില്ല. മിക്കവരും വഴി നടന്നും വിശന്നും വളരെ ക്ഷീണിച്ചവരായിരിക്കും. അല്ലെങ്കിലും ആ മോഹനാംഗിയുടേ ക്ഷണത്തെ ഉപേക്ഷിച്ച് എങ്ങനെ പോകും? അതു മനുഷ്യരാൽ സാധ്യമല്ലായിരുന്നു. അതിനാൽ ക്ഷണിച്ചാലുടനെ സമ്മതിച്ച് എല്ലാവരും അവളുടെ കൂടെപ്പോകുക പതിവായിരുന്നു.

വഴിയിൽ നിന്നു കുറച്ചു ദൂരം പോയാൽ അക്കാലത്തു ജനവാസമില്ലാത്ത ഒരു വനപ്രദേശമുണ്ടായിരുന്നു. ആ കൊടുങ്കാട്ടിൽച്ചെല്ലുമ്പോൾ ആ സുന്ദരി വേഷം മാറി തന്റെ സ്വന്തം വേഷം ധരിക്കും. ഏറ്റവും ഭയങ്കരിയായ ആ യക്ഷിയുടെ വേഷം കാണുമ്പോൾ തന്നെ മനുഷ്യരെല്ലാം ബോധം കെട്ടു നിലത്തുവീഴും. ഉടനെ യക്ഷി അവരെപ്പിടിച്ചു ചീന്തി ചോര കുടിച്ചു കൊല്ലുകയും ചെയ്യും. ഇങ്ങനെയായിരുന്നു പതിവ്.

ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇതി പ്രസിദ്ധമായിത്തീരുകയും ആ യക്ഷിയെക്കുറിച്ചുള്ള ഭയം നിമിത്തം ആ വഴിയിൽക്കൂടി ആരും നടക്കാതെയാവുകയും ചെയ്തു. അപ്പോൾ യക്ഷി രാജ്യവാസികളെത്തന്നെ ഉപദ്രവിച്ചു തുടങ്ങി. അതിനാൽ അവിടെ ആർക്കും പുറത്തിറങ്ങി സഞ്ചരിക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. അതറിഞ്ഞ് കായങ്കുളത്തു രാജാവ് ഈ യക്ഷിയെ അവിടെനിന്ന് ഓടിച്ചുവിടുന്നതിനായി അനേകം മന്ത്രവാദികളെ അവിടെ വരുത്തിൽ അവരെല്ലാവരും പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ച് നോക്കീട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന് മാത്രമല്ല, ആ യക്ഷി ചില മന്ത്രവാദികളുടെ കഥ കഴിക്കുകയും കൂടി ചെയ്തു. അതിനാൽ കായങ്കുളത്തു രാജാവ് ഏറ്റവും വിഷണ്ണനായും തീർന്നു.

അങ്ങനെയിരുന്നപ്പോൾ തെക്കുംകൂർ രാജാവിന്റെ രാജ്യത്ത് പാറമ്പുഴ എന്ന ദേശത്ത് ‘കുമാരമംഗലം’ എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂരിയുണ്ടെന്നും അദ്ദേഹം വലിയ മാന്ത്രികനാണെന്നും അദ്ദേഹത്തെ വരുത്തിയാൽ ഈ യക്ഷിയെ നിഷ്പ്രയാസം ഇവിടെ നിന്ന് ഓടിച്ചുകളയുമെന്നും ആരോ കായംകുളത്ത് രാജാവിനെ ഗ്രഹിപ്പിച്ചു. ഉടനെ കായങ്കുളത്തു രാജാവ് ആ നമ്പൂരിയെ അങ്ങോട്ട് പറഞ്ഞയച്ചാൽ കൊള്ളാമെന്ന് തെക്കുംകൂർ രാജാവിന്റെ പേർക്ക് എഴുതിയയക്കുകയും തെക്കുംകൂർ രാജാവ് നമ്പൂരിയെ അവിടെപ്പറഞ്ഞയക്കുകയും ചെയ്തു. നമ്പൂരി കായങ്കുളത്തെത്തി രാജാവിനെ കണ്ടപ്പോൾ സംഗതികളെല്ലാം രാജാവു നമ്പൂരിയെ ഗ്രഹിപ്പിച്ചു. നമ്പൂരി കുളിയും ഊണും കഴിച്ചതിന്റെ ശേഷം കൃഷ്ണപുരത്തേക്കു പോയി. അദ്ദേഹം ഒരു വഴിപോക്കന്റെ ഭാവത്തിൽ വഴിയിൽ കൂടി പോയപ്പോൾ പതിവു പോലെ മനുഷ്യസ്ത്രീയുടെ വേഷം ധരിച്ചു കൊണ്ട് നമ്പൂരിയുടെ അടുക്കൽച്ചെന്നു മുറുക്കാൻ ചോദിച്ചു. ഉടനെ നമ്പൂരി ചിരിച്ചുകൊണ്ട് “മുറുക്കാൻ മാത്രമല്ല, എന്റെ കൂടെ വന്നാൽ നിനക്കു വേണ്ടതെല്ലാം ഞാൻ തന്നുകൊള്ളാം” എന്നു പറയുകയും, അതിനിടയ്ക്ക് അദ്ദേഹം ഒരു മന്ത്രം ജപിച്ച് യക്ഷിയെ ബന്ധിക്കുകയും ചെയ്തിട്ട് നേരെ വടക്കോട്ട് നടന്നു തുടങ്ങി. നമ്പൂരിയുടെ മന്ത്രശക്തികൊണ്ട് ഒഴിഞ്ഞു പോകാൻ നിവൃത്തിയില്ലാതെയാവുകയാൽ യക്ഷി മനുഷ്യസ്ത്രീയുടെ വേഷമായിത്തന്നെ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അസ്തമിച്ചു നേരം വെളുക്കുന്നതിനു മുമ്പു നമ്പൂരി യക്ഷിയോടു കൂടി ഇല്ലത്തെത്തി. അപ്പോഴും യക്ഷി മനുഷ്യസ്ത്രീയുടെ വേഷം തന്നെയാണ് ധരിച്ചിരുന്നത്. ആ സ്ത്രീയെ കണ്ടിട്ട് ഇല്ലത്തുള്ള അന്തർജ്ജനങ്ങളും മറ്റും “ഇവളേതാണ്? എന്തിനാണ് വന്നത്?” എന്നും മറ്റും ചോദിച്ചു. അതിനു മറുപടിയായിട്ട് “അവൾ വഴിക്കുവെച്ച് എന്നോടു കൂടി പോന്നതാണ്. അവൾക്ക് ഉടയക്കാരായിട്ട് ആരുമില്ല. അവളൊരു അഗതിയാണ്. അവൾക്ക് കഞ്ഞിയോ ചോറോ വല്ലതും ആഹാരത്തിനു കൊടുത്തേച്ചാൽ അവളൊരു ദാസിയായിട്ട് ഇവിടെ പാർത്തുകൊള്ളും. ഇവൾ നാലുകെട്ടിനകത്തു കടക്കാൻ സമ്മതിക്കരുത്. രാത്രിയായാൽ ഇവിടെ ഉപഭവനമായിട്ടുള്ള മഠത്തിൽ ചെന്നു കിടന്നുറങ്ങട്ടെ.” എന്നു പറഞ്ഞു. അത് അവിടെയെല്ലാവരും സമ്മതിക്കുകയും യക്ഷി അവിടെ താമസമാവുകയും ചെയ്തു. അതിനിടയ്ക്ക് നമ്പൂരി, യക്ഷി അവിടെ പോയ്‌ക്കളയാതെയിരിക്കാനായിട്ട്, യക്ഷിയെ ഒരു ഇരുമ്പുനാരായത്തിന്മേൽ ആവാഹിച്ച് ആ നാരായം. ഇല്ലത്തു നാലുകെട്ടിനകത്തു നടുമുറ്റത്തു തറയ്ക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരു മന്ത്രവാദത്തിനായി നമ്പൂരിക്ക് ഒരു ദൂരസ്ഥലത്തേക്ക് പോകേണ്ടത് അത്യാവശ്യമായിത്തീരുകയാൽ അദ്ദേഹം പോയി. ആ തരത്തിന് യക്ഷി അന്തർജ്ജനങ്ങളുടെ അടുത്തുകൂടി നാലുകെട്ടിനകത്തു കടന്നു സ്ഥലമൊക്കെ ഒന്നു കാണുന്നതിനനുവദിക്കണമെന്ന് അപേക്ഷിച്ചു. അന്തർജ്ജനങ്ങൾ ആദ്യം കുറച്ചൊക്കെ വിരോധം പറഞ്ഞുവെങ്കിലും യക്ഷി വളരെ താഴ്മയോടുകൂടി നിർബന്ധപൂർവ്വം വീണ്ടും വീണ്ടും അപേക്ഷിക്കുകയാൽ അകത്തു കടന്നു ക്ഷണത്തിൽ എല്ലാമൊന്നു നോക്കിക്കണ്ടുകൊണ്ടു വേഗത്തിൽ പുറത്തിറങ്ങിക്കൊള്ളുന്നതിന് ഒടുക്കമനുവദിച്ചു. ഉടനെ യക്ഷി നാലുകെട്ടിനകത്തു കടന്ന് ഓരോ സ്ഥലങ്ങൾ നോക്കിക്കണ്ടു തുടങ്ങി. അപ്പോൾ എന്തോ ആവശ്യത്തിലേക്കായിട്ട് അന്തർജ്ജനങ്ങൾക്ക് അടുക്കളയിലേക്ക് ഒന്നു പോകേണ്ടതായി വരികയാൽ അവർ പോയി. അത്തരത്തിനു യക്ഷി നടുമുറ്റത്തിറങ്ങി നമ്പൂരി ജപിച്ചു തറച്ചിരുന്ന നാരായം ഊരിയെടുത്തു. അപ്പോൾ യക്ഷി ബന്ധനവിമുക്തയാവുകയാൽ പെട്ടെന്ന് അവിടെ നിന്നിറങ്ങി ആകാശമാർഗ്ഗേണ പോയ്‌ക്കളഞ്ഞു. അന്തർജ്ജനങ്ങൾ തിരിച്ചുവന്നപ്പോൾ ദാസിയെ അവിടെയെങ്ങും കാണായ്കയാൽ അവർ വളരെ വ്യസനിച്ചു. നമ്പൂരി വരുമ്പോൾ ചോദിച്ചാൽ എന്താണ് പറയേണ്ടതെന്നുള്ള വിചാരമാണ് അവരെ സന്തപിപ്പിച്ചത്. അപ്രകാരം തന്നെ പിറ്റേദിവസം നമ്പൂരി മടങ്ങിവന്നപ്പോൾ “ദാസിയെവിടെ?” എന്നു ചോദിക്കുകയും, “എന്തോ ഇന്നലെ ഉച്ചയായപ്പോൾ മുതൽ അവളെ ഇവിടെ കാണുന്നില്ല” എന്നു അന്തർജ്ജനങ്ങൾ മറുപടി പറയുകയും ചെയ്തു. ഉടനെ നമ്പൂരി നടുമുറ്റത്തിറങ്ങി നോക്കിയപ്പോൾ താൻ യക്ഷിയെ ആവാഹിച്ചു ജപിച്ചു തറച്ചിരുന്ന നാരായം അവിടെ കാണായ്കയാൽ “ആ ദാസി നാലുകെട്ടിനകത്തു കടന്നു, അല്ലേ?” എന്നു ചോദിച്ചു. സമ്മതിക്കാതെയിരിക്കാൻ നിവൃത്തിയില്ലായ്കയാൽ അന്തർജ്ജനങ്ങൾ പരമാർത്ഥമെല്ലാം സമ്മതിച്ചു പറഞ്ഞു.

ബന്ധനവിമുക്തയായ യക്ഷി യഥാപൂർവ്വം കൃഷ്ണപുരത്തുതന്നെ ചെന്നെത്തുകയും അവിടെ വഴിയേ പോകുന്നവരേയും രാജ്യവാസികളേയും പൂർവ്വാധികം ഉപദ്രവിച്ചു തുടങ്ങുകയും ചെയ്തു. അതറിഞ്ഞപ്പോൾ രാജാവു പിന്നെയും വ്യസനാക്രാന്തനും ഭയവിഹ്വലനുമായിത്തീർന്നു. അപ്പോൾ ചില സേവന്മാർ “ആ നമ്പൂരിക്ക് ഒന്നും കല്പിച്ച് കൊടുക്കാത്തതുകൊണ്ടാണ് അദ്ദേഹം പിന്നെയും യക്ഷിയെ ഇങ്ങോട്ടുതന്നെ വിട്ടത്. ഇനിയും അദ്ദേഹത്തെ വരുത്തി എന്തെങ്കിലും തക്കതായ സമ്മാനം കല്പിച്ചു കൊടുത്താൽ അദ്ദേഹം ഈ യക്ഷിയെ ബന്ധിച്ചു കൊണ്ടുപോയ്‌ക്കൊള്ളും. അദ്ദേഹമല്ലാതെ വേറെ ആരു വിചാരിച്ചാലും ഉഗ്രമൂർത്തിയായ ഈ യക്ഷിയെ ഇവിടെ നിന്ന് ഒഴിച്ചുവിടാൻ സാധിക്കുകയില്ലെന്നുള്ളത് ഇവിടെ അറിഞ്ഞിട്ടുള്ളതാണല്ലോ” എന്നറിയിച്ചു. അതു ശരിയാണെന്നു തോന്നുകയാൽ രാജാവു തെക്കുംകൂർ രാജാവിന്റെ പേർക്ക് പിന്നെയും എഴുത്തയച്ച് കുമാരമംഗലത്തു നമ്പൂരിയെ വരുത്തി യക്ഷിയുടെ ഉപദ്രവം പൂർവ്വാധികമായി പിന്നെയും തുടങ്ങിയിരിക്കുന്ന വിവരം പറഞ്ഞു. യക്ഷി തന്റെ പിടിയിൽ നിന്നു വിട്ടുപോയതിന്റെ കാരണം നമ്പൂരി അവിടെ അറിയിക്കുകയും ചെയ്തു. അപ്പോൾ രാജാവ് “ആട്ടെ, ഇനിയെന്താണ് വേണ്ടത്? ഏതു വിധവും ഈ ഉപദ്രവം ഇവിടെ നിന്ന് മാറ്റണം. ഇനിയും ഇങ്ങോട്ട് വരികയുമരുത്. അതിനു തക്കവണ്ണം എന്തെങ്കിലും ചെയ്യണം. അത് അങ്ങ് വിചാരിച്ചാലല്ലാതെ സാധിക്കുകയില്ല. ഈ ഉപദ്രവം ഇവിടെ വരാതിരിക്കത്തക്കവണ്ണം ഒഴിപ്പിച്ചാൽ അതിലേക്ക് എന്ത് വേണമെങ്കിലും തരാൻ ഞാൻ തയ്യാറാണ് “ എന്നു പറഞ്ഞു. ഉടനെ നമ്പൂരി “പ്രതിഫലമൊന്നും കിട്ടാഞ്ഞിട്ടും മനഃപൂർവ്വമായും ഞാൻ ഈ യക്ഷിയെ ഇങ്ങോട്ടു വിട്ടയച്ചതല്ലെന്നു മുൻപേ ഞാൻ അറിയിച്ചുവല്ലോ. ഞാൻ ഇങ്ങനെയുള്ള കാര്യത്തിൽ പ്രതിഫലം ആഗ്രഹിക്കാറുമില്ല. ആരെങ്കിലും എന്തെങ്കിലും മനസ്സോടുകൂടി തന്നാൽ വേണ്ടെന്നുവയ്ക്കാറുമില്ല. അങ്ങനെയാണ് എന്റെ പതിവ്. ഏതെങ്കിലും യക്ഷിയെ ഞാനിനിയും ബന്ധിച്ചു കൊണ്ടു പോവുകയും ഇങ്ങോട്ടുവരാതിരിക്കത്ത വിധത്തിൽ എവിടെയെങ്കിലും സ്ഥിരമായി ഇരുത്തുകയും ചെയ്യാം. പ്രതിഫലത്തിന്റെ കാര്യം തിരുമനസ്സുപോലെ?.. എന്നു വീണ്ടും അറിയിച്ചു. ഇതു കേട്ട് രാജാവ് ഏറ്റവും സന്തോഷത്തോടു കൂടി “എന്നാൽ അങ്ങനെയാവട്ടെ. നമ്പൂരി യക്ഷിയെ കൊണ്ടുപോയി എവിടെയെങ്കിലും സ്ഥിരമായി ഇരുത്തിക്കഴിഞ്ഞാലുടെനെ ഇവിടേ വരണം. ശേഷമെല്ലാം അപ്പോൾ പറഞ്ഞുകൊള്ളാം” എന്നു പറഞ്ഞു.

ഇതു കേട്ടു നമ്പൂരി യക്ഷി പതിവായി നിൽക്കാറുള്ള സ്ഥലത്തേക്ക് പോയി. നമ്പൂരിയെ പ്രത്യക്ഷമായി കണ്ടാൽ യക്ഷി മറഞ്ഞുകളഞ്ഞെങ്കിലോ എന്നു വിചാരിച്ച് അദ്ദേഹം വഴി വിട്ടു കാട്ടിൽക്കൂടിയാണ് പോയത്. അങ്ങനെ ചെന്ന് അദ്ദേഹം യക്ഷി നിന്നിരുന്ന സ്ഥലത്തോടടുത്ത് ഒരു മരത്തിനു മറഞ്ഞുനിന്ന് കൊണ്ട് കൈവശമുണ്ടായിരുന്ന നൂൽച്ചരടെടുത്ത് യക്ഷിയെ നോക്കി ഒരു മന്ത്രം ജപിച്ച് മൂന്നു കെട്ടുകെട്ടി. അതോടുകൂടി യക്ഷിയെ ബന്ധിക്കുകയും കഴിഞ്ഞു. ഉടനെ അദ്ദേഹം വടക്കോട്ടു നടന്നു തുടങ്ങി. പിന്നാലെ യക്ഷിയും പോയി. ആ പ്രാവശ്യം യക്ഷി പോയത് നമ്പൂരിക്കല്ലാതെ മറ്റാർക്കും തന്നെ കാണ്മാൻ പാടില്ലാത്ത വിധത്തിൽ ദേഹം മായയാൽ മറച്ചുകൊണ്ടാണ്.

ഇങ്ങനെ പോയി നമ്പൂരിയുടെ ഇല്ലത്തിനു സമീപത്തായപ്പോൾ യക്ഷി നമ്പൂരിയോട് “ഞാൻ ഒരിക്കൽ അങ്ങയെ ചതിച്ച് ഒളിച്ചോടിപ്പോയവളാണ്. എങ്കിലും അതു വിചാരിച്ച് എന്നെ ഉപദ്രവിക്കരുത്. ഇനി ഞാൻ അങ്ങയുടെ ഇഷ്ടം പോലെ താമസിച്ചുകൊള്ളാം. എങ്കിലും എന്നെ ദാസ്യവൃത്തിക്കു നിയമിക്കരുത്. അത് എനിക്ക് സങ്കടകരമാണ്” എന്നു പറഞ്ഞു. ഉടനെ നമ്പൂരി “നീ ആരെയും ഉപദ്രവിക്കാതെ മര്യാദയോടുകൂടി ഇവിടെ താമസിച്ചുകൊള്ളാമെങ്കിൽ നിന്നെ ഞാനെന്റെ പരദേവതയെപ്പോലെ വിചാരിച്ചു സബഹുമാനം ആദരിക്കുകയും ആചരിക്കുകയും ചെയ്തുകൊള്ളാം; ഇനിയും നീ എന്തെങ്കിലും അക്രമം പ്രവർത്തിച്ചാൽ ഞാൻ നിന്നെ അറുത്തു ഹോമിച്ചുകളയുമെന്നുള്ളതിനു സംശയമില്ല” എന്നും പറഞ്ഞു.

ഇല്ലത്തെത്തിയതിന്റെ ശേഷം നമ്പൂരി തൽക്കാലം യക്ഷിയെ അവിടെയുണ്ടായിരുന്ന ഒരു പാലവൃക്ഷത്തിന്മേൽ ഇരുത്തീട്ട് ഇല്ലത്തിന്റെ മുറ്റത്തുതന്നെ ചെറുതായിട്ട് ഒരു ശ്രീകോവിൽ പണിയിക്കുകയും ഒരു വിഗ്രഹമുണ്ടാക്കിച്ചു യക്ഷിയെ ആ ബിംബത്തിങ്കലാവാഹിച്ച് ആ ശ്രീകോവിലിൽ യഥാവിധി പ്രതിഷ്ഠിക്കുകയും അവിടെ പതിവായി നിവേദ്യം തുടങ്ങുകയും ചെയ്തു.

ഇത്രയുമൊക്കെക്കഴിച്ചതിന്റെ ശേഷം നമ്പൂരി കായങ്കുളത്തു രാജസന്നിധിയിലെത്തി. ഉടനെ രാജാവ് കുമാരമംഗലത്തില്ലത്തുള്ളവർ എന്നും അനുഭവിച്ചുകൊള്ളത്തക്കവണ്ണം ‘ചവറ’ എന്ന ദേശത്തുള്ള… വസ്തുക്കൾ കരമൊഴിവായിതന്നിരിക്കുന്നു എന്നൊരു നീട്ടെഴുതിച്ചു തുല്യം ചാർത്തി നമ്പൂരിയുടെ കയ്യിൽ കൊടുത്തു. അതു കണ്ടപ്പോൾ നമ്പൂരിക്കുണ്ടായ സന്തോഷം സീമാതീതമായിരുന്നു എന്ന് പറയണമെന്നില്ലല്ലോ. അദ്ദേഹം അത്രയൊന്നും വിചാരിച്ചിരുന്നില്ല. നമ്പൂരി യാത്ര പറഞ്ഞുപോയ സമയത്തും രാജാവ് അദ്ദേഹത്തിന് അനേകം സമ്മാനങ്ങൾ കൊടുത്തു. എല്ലാം കൊണ്ടും നമ്പൂരി അത്യന്തം സന്തുഷ്ടനായി ഭവിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.

പ്രതിഷ്ഠ കഴിഞ്ഞതിന്റെ ശേഷം ആ യക്ഷിയുടെ ഉപദ്രവം ഇക്കാലം വരെ ആർക്കും ഉണ്ടായിട്ടില്ല. ആ യക്ഷി കുമാരമംഗലത്തു നമ്പൂരിയുടെ പരദേവതയുടെ നിലയിൽ ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നു. ആ ഇല്ലത്തുള്ളവർ ആ യക്ഷിക്കു പതിവുള്ള നിവേദ്യം ഇപ്പോഴും മുടക്കം കൂടാതെ നടത്തിപ്പോരുന്നുമുണ്ട്.

യക്ഷിപ്പറമ്പത്തു യക്ഷിയെ സംഹരിച്ച ആളും പ്രസിദ്ധ മന്ത്രവാദിയുമായിരുന്ന ‘സൂര്യകാലടി’ ഭട്ടതിരിയുടെ ഇല്ലം കുമാരമംഗലത്തു നിന്ന് ഏകദേശം രണ്ടു നാഴിക പടിഞ്ഞാറ് ‘നട്ടാശ്ശേരി’ എന്ന ദേശത്താണ്. കാലടി ഭട്ടതിരിമാരും വളരെക്കാലം മുമ്പു മുതൽക്കു തന്നെ വലിയ മന്ത്രവാദികളാണല്ലോ. അതിനാൽ ഈ രണ്ടില്ലക്കാരും(കുമാരമംഗലവും കാലടിയും) തമ്മിൽ വലിയ കിടമത്സരവും ഉൾത്തിരക്കും പണ്ടേ ഉണ്ടായിരുന്നു. എന്നാൽ അത് അകത്തല്ലാതെ പുറമേ ഭാവിക്കുകയും പറയുകയും രണ്ടു കൂട്ടരും പതിവില്ല. പുറമേ രണ്ടില്ലക്കാരും തമ്മിൽ തമ്മിൽ വളരെ നല്ല സ്നേഹഭാവത്തോടുകൂടിയാണ് കഴിഞ്ഞിരുന്നത്.

അങ്ങനെയിരുന്നപ്പോൾ കാലടി ഭട്ടതിരിയുടെ ഇല്ലത്ത് ഒരടിയന്തിരത്തിനു സ്നേഹമുറയ്ക്ക് ഭട്ടതിരി കുമാരമംഗലത്ത് നമ്പൂരിയെയും ക്ഷണിക്കുകയും നമ്പൂരി വരികയും ചെയ്തിരുന്നു. അടിയന്തിരം സംബന്ധിച്ചുള്ള സദ്യയും മറ്റും കഴിഞ്ഞു നേരം വൈകിയപ്പോൾ ഭട്ടതിരി നമ്പൂരിയോട് “ഇന്നു കാർത്തികയാണല്ലോ. കുമാരനല്ലൂരു വാരസ്സദ്യ കേമമാണ്. കുമാരമംഗലം പോകുന്നുണ്ടോ” എന്നു ചോദിച്ചു. അതിനുത്തരമായിട്ടു നമ്പൂരി “ഭട്ടതിരി പോകുന്നുണ്ടെങ്കിൽ ഞാനും പോരാം” എന്നു പറഞ്ഞു. “എന്നാൽ പോകാം” എന്നു പറഞ്ഞു ഭട്ടതിരിയും നമ്പൂരിയും കൂടി പുറപ്പെട്ടു.

കാലടിയില്ലത്തുനിന്നു കുറച്ചു പടിഞ്ഞാട്ടു ചെല്ലുമ്പോൾ അവിടെ മീനച്ചിലാറിന്റെ കൈവഴിയായ ഒരു ചെറിയ ആറുണ്ട്. ആ ആറിനു വിസ്താരമില്ലെങ്കിലും അത്യധികമായ അഗാധതയും അതികഠിനമായ ഒഴുക്കുമുണ്ട്. ആറു കടന്നിട്ടുവേണം കുമാരനല്ലൂർക്ക് പോകാൻ തോണി കൂടാതെ അവിടെ അക്കരെ കടക്കുന്ന കാര്യം അസാദ്ധ്യവുമായിരുന്നു. ഭട്ടതിരി കൂടെയുള്ളതുകൊണ്ട് അവിടെ തോണി കാണും എന്നു വിചാരിച്ചാണ് നമ്പൂരി കൂടെ പുറപ്പെട്ടത്. ഭട്ടതിരി നമ്പൂരിയെ കൂട്ടിക്കൊണ്ട് പുറപ്പെട്ടത് അവിടെ വച്ച് അദ്ദേഹത്തെ ഇളിഭ്യനാക്കാമെന്നു കരുതിക്കൊണ്ടുമായിരുന്നു. നമ്പൂരിക്കു മന്ത്രവാദം കൂടാതെ വായുസ്തംഭം, ജലസ്തംഭം മുതലായ മോടിവിദ്യയും മറ്റും അറിഞ്ഞുകൂടാ എന്നായിരുന്നു ഭട്ടതിരിയുടെ വിചാരം. വാസ്തവത്തിൽ നമ്പൂരി മോടിവിദ്യയിൽ ഭട്ടതിരിയേക്കാൾ സമർത്ഥനായിരുന്നു. അതു ഭട്ടതിരി അറിഞ്ഞിരുന്നില്ല.

രണ്ടുപേരും കൂടി ആറ്റുകടവിലെത്തി. അപ്പോൾ അവിടെയെങ്ങും തോണി ഇല്ലായിരുന്നു. അതിനാൽ ഭട്ടതിരി നമ്പൂരിയോട് “ ഇവിടെ അക്കരെ കടക്കണമല്ലോ. അതിനെന്താ കൗശലം? ഞാൻ വല്ല വിധവും കടന്നുകൊള്ളാം. അങ്ങനെകടക്കാൻ കുമാരമംഗലം വിചാരിച്ചാൽ സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാൽ തിരിയെ പോയ്‌ക്കോളൂ” എന്നു പറഞ്ഞു. അപ്പോൾ നമ്പൂരി” ഭട്ടതിരി കടക്കുന്നതു കാണട്ടെ, പിന്നെ എന്റെ കാര്യം ഞാൻ തീർച്ചയാക്കികൊള്ളാം” എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി അടുത്തുള്ള ഒരു വീട്ടിൽ നിന്ന് ഒരു തൂശനില മുറിച്ചു വാങ്ങിച്ചു വെള്ളത്തിലിട്ട് അതിൽ കയറി കൈകൊണ്ടു തുഴഞ്ഞ് അക്കരെ കടന്നു. ഉടനെ നമ്പൂരി ഒരു തുളസിയില പറിച്ചു വെള്ളത്തിലിട്ട് അതിൽ കയറി തുഴഞ്ഞ് അക്കരയിറങ്ങി. അപ്പോൾ നമ്പൂരിയെ ഇളിഭ്യനാക്കണമെന്നു വിചാരിച്ച് ഭട്ടതിരി ഏറ്റവും ഇളിഭ്യനായി എന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.

കുറിപ്പുകൾ[തിരുത്തുക]

1.^ ഇപ്പോൾ തിരുവിതാംകൂർ രാജ്യമില്ല. 1949-ൽ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി സംസ്ഥാനമുണ്ടായി. 1956-ൽ അതിന്റെ തെക്കൻ താലൂക്കുകളൊഴികെയുള്ള പ്രദേശങ്ങളും മദ്രാസിന്റെ ഭാഗമായിരുന്ന മലബാറും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകളും ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.