അസ്ഥിയുടെ പൂക്കൾ/വജ്രമാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  വജ്രമാല

കാമുകരൊക്കെയും പോയി .. മലീമസ-
യാമങ്ങൾ രണ്ടും കടന്നുപോയി.
ഇന്നത്രിയാമത്തിലുണ്ടവസാനത്തെ
സ്പന്ദനം പാവനം, ശാന്തിപൂർണ്ണം.
വേഗം കുളിച്ചു, 'വിലാസിനി' സമ്പൂത-
ഭാഗവതത്തിലലിഞ്ഞുചേർന്നു!

ആ വിഷവൈദ്യനെത്തട്ടിയുണർത്തിക്കൊ-
ണ്ടാവിർഭവിച്ചു നാലഞ്ചു മർത്ത്യർ.
സർപ്പം കടിച്ചുപോൽ സച്ചിദാനന്ദനെ!
സ്വപ്നത്തിൽനിന്നുമുണർന്നു വൈദ്യൻ.
"എങ്ങുവെച്ചാണിന്നിസ്സംഭവം?"-ചോദിച്ചു
തിങ്ങുമുത്കണ്ഠയാൽ വൈദ്യവര്യൻ.
കട്ടിലിൽ നിശ്ചലനായിക്കിടക്കുന്നു
കഷ്ട, മപ്പാവം മരിച്ചിതെന്നോ? ...

"ആ വേശ്യയില്ലേ, -വിലാസിനി-യാ ധൂർത്ത-
യാവസിക്കും ഗൃഹത്തിന്റെ മുമ്പിൽ
ഉള്ളോരിടവഴിയിങ്കല്വെ" ച്ചോതിനാ-
രുള്ളപോലക്കാര്യമാഗതന്മാർ.
"നിത്യവും ക്ഷേത്രത്തിൽ പോകുവോനാണയാൾ"
"സാത്വികൻ", "ശുദ്ധൻ", "പരമഭക്തൻ"
എന്നിട്ടും സർപ്പം കടിച്ചു!-"വിധി", "വിധി-
യെങ്ങനെ മാറ്റുവാൻ സാധ്യമാകും?"

വൃന്ദാവനത്തിൽ ശയിപ്പൂ വിലാസിനി
നന്ദാത്മജൻതൻ മടിത്തട്ടിൽ
ആനതമാകുന്നിതാമുഖം-കോള്മയിർ
മേനിയിലോളംതുളുമ്പിനിൽക്കേ,
തൻ തളിർച്ചുണ്ടിലാ ഗീതാവതാരകൻ
മന്ദസ്മിതം പൊഴിച്ചുമ്മവെയ്പൂ.
"താവകസ്മാരകമായെനിക്കേകുവാൻ
ദേവി, യെന്തുണ്ടു നിങ്കയ്യിലിപ്പോൾ?"
ചോദിച്ചു സസ്മിതം ഗാപാലബാലകൻ
മോദമുൾച്ചേർന്നവളേവമോതി:
"ഒന്നുമില്ലെൻ കണ്ണുനീർത്തുള്ളിയല്ലാതെ"
തന്വംഗി വീർപ്പൊന്നു വിട്ടുപോയി!
"പോര, നീ നിത്യം ധരിച്ചീടുമാ വജ്ര-
ഹാരമെനിക്കെടുത്തേകുക നീ!"
"വജ്രഹാരം വിഭോ! മൺകട്ടയാണെനി-
ക്കുജ്ജ്വലമാം തവ മേനിയിങ്കൽ;
അല്ലല്ല, താവകപാദപത്മത്തിലെ-
ന്നല്ലലിൻകണ്ണീരേ ചാർത്തീടു ഞാൻ.
മറ്റുള്ളതെല്ലാം മലിനങ്ങൾ, നീചങ്ങൾ,
മൽപ്രഭോ, ലജ്ജിപ്പു ഞാനവയിൽ.
എന്തിനേക്കാളും വിലപ്പെട്ടതാണെനി-
യ്ക്കെൻതപ്തബാഷ്പ, മതെന്തെന്നല്ലേ?
അങ്ങാണെനിക്കതേകുന്നതു, മറ്റുള്ള-
തന്യന്മാർ നൽകുന്ന പിച്ചമാത്രം!"
"എങ്കിലുമിഷ്ടപ്പെടുന്നു ഞാനോമനേ!
നിൻകണ്ഠമണ്ഡിതവജ്രമാല്യം"
"ഞാനിതാ നൽകുന്നേൻ..." കൈകൾകഴുത്തിലേ-
ക്കാനയിച്ചാളുടനത്ഭുതാംഗി.
കാണുന്നതില്ല തൻഹാരം;-ശിരസ്സുടൻ
താണുപോയ് ലജ്ജയാലെന്തു ചെയ്യും?
"എങ്ങത്?"-"ഞാനതു കാണ്മീല നാഥാ, ഞാ-
നിന്നതു ചാർത്തിയതായിരുന്നു."
"എന്നാലൊരുവൻ നിൻചാരെക്കിടന്നവ-
നിന്നതു മോഷ്ടിച്ചു കൊണ്ടുപോയി.
ഞാനിന്നവനെക്കടിച്ചു...നിനക്കതു
നൂനമുടന്തന്നെ വീണ്ടുകിട്ടും!"
"വേണ്ട, മജ്ജീവേശ, വേണ്ട-തൽപ്രാണനെ
വീണ്ടുമേകിടാൻ കനിഞ്ഞാൽ പോരും."
"നീ വേശ്യയല്ലേ 'വിലാസിനി?'"-"ഭൂവിതിൽ
ജീവേശ ഞാനൊരു വേശ്യതന്നെ."
"വേശ്യയ്ക്കുമേവം കനിവോ?"-"ഹൃദയമാ
വേശ്യയ്ക്കുമുണ്ടാകാം പ്രാണനാഥാ!"
"ധന്യ നീ," "യങ്ങുതൻദാസിഞാൻ!"-പെട്ടെന്നു
കണ്ണുതുറന്നിത, ക്കമ്രഗാത്രി.
വിണ്ണിൽപുലരൊളി പുൽകുകയാണുതൻ
സ്വർണ്ണവർണ്ണാംഗങ്ങൾ മന്ദമന്ദം.
രോമഹർഷം മാഞ്ഞുപോയിട്ടി, ല്ലെങ്ങുപോയ്
കാമുകൻ വാതിൽ തുറന്നു തന്വി.
വാതിൽപ്പടിയിലിരിക്കുന്നു, ഹാ, തന്റെ
വാരൊളിചിന്നുമാ വജ്രമാല്യം.
പൂതപ്രഭാതത്തിൽക്കാണ്മൂ പുകയേതോ
പൂതിഗന്ധം വരുന്നെങ്ങുനിന്നോ! ...