അസ്ഥിയുടെ പൂക്കൾ/ആശ്രമമൃഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  ആശ്രമമൃഗം

ആഗമതത്ത്വവിചക്ഷണനാകുമാ
യോഗീശ്വരനെ സ്തുതിപ്പു ലോകം.
ഗീതയരച്ചു കുടിച്ചവനാണുപോൽ
ചേതസ്സിൽ ചൈതന്യമുള്ളവൻപോൽ
ത്യാഗപരിമളസാരമീ വിസ്തൃത-
ലോകം മുഴുവൻ പരത്തുവോൻ പോൽ.
ആയിരമായിരമാശ്രമങ്ങൾക്കധി-
നായകനാണു പോൽ, സാത്വികൻ പോൽ
വേദവേദാന്തപാരംഗതനാണുപോൽ
മേദിനി നേടിയ മൌക്തികമ്പോൽ! ...
രാവിലെ കന്നാലി പൂട്ടുവാൻ പാടത്തു
പോവുന്ന മൂഢൻ ഞാനെന്തറിഞ്ഞു?
ഞാനെഴുത്തൊന്നും പഠിച്ചില്ല,-ലേശവും
ജ്ഞാനമെനിക്കില്ല, വൃദ്ധനായ് ഞാൻ.
ഇന്നേഴുകുഞ്ഞുങ്ങൾക്കച്ഛനാണെങ്കിലും
സന്യാസിമാരെ ഞാനാദരിപ്പൂ.
ഇപ്പുഞ്ചപ്പാടവും നെല്ലും പണങ്ങളു-
മിപ്പോൾ ഞാൻ തീർത്തൊരീ മാളികയും,
ഇങ്ങുകൈവിട്ടിട്ടുടുതുണികൂടിയു-
മില്ലാതിവിടുന്നു പോകണം ഞാൻ.
നന്നായറിയാമെനിക്കിതതുകൊണ്ടു
സന്യാസിമാരെ ഞാനാദരിപ്പൂ! ...

നാണിക്കു നാള്മുറമാറി-യവസാനം
നാരായണനെയെനിക്കു നൽകി.
പത്തുവയസ്സു കഴിഞ്ഞൊരെൻ നാണുവെൻ-
ചിത്തം മുഴുവനും തീറെടുത്തു.
ചേലിൽ വെളുത്തു കൊഴുത്തൊരു സദ്ഗുണ-
ശീലനാം ബാലനാണക്കുമാരൻ.
മറ്റുള്ളതൊക്കെത്തെറിച്ചവരാണ്മക്കൾ
കുറ്റപ്പെടുത്തീടും ഞാനവരെ.
പെണ്മക്കളോടെനിക്കില്ല വഴക്കൊട്ടും
കണ്മണിമാരവർ ശാലിനികൾ.
നാണുവിൻ ശാന്തസ്വഭാവവും നന്മയും
പ്രാണാനുഭൂതി പകർന്നിതെന്നിൽ.
ആകയാലെന്നത്യസന്താനക്കൂമ്പൊരു
യോഗീശനാകുവാൻ ഞാൻ കൊതിച്ചു.
ആശ്രമത്തിലയച്ചു ഞാൻ ...ചിത്തത്തി-
ലാശ്വാസമായി, കൃതാർത്ഥനായി! ...

വത്സരം രണ്ടു കഴിഞ്ഞുപോയ്-അന്നൊരു
വർഷാന്തയമിനിയായിരുന്നു.
ആ വാനും ഭൂവും തിരിച്ചറിഞ്ഞീടുവാ-
നാവാതിരുൾപൊതിഞ്ഞിരുന്നു.
ഇല്ലൊരു നക്ഷത്രം കാറും കൊടുങ്കാറ്റു-
മല്ലും മദിച്ചുപുളച്ചുനിന്നു.
കമ്പിളിപ്പച്ചപ്പുതപ്പും പുതച്ചു ഞാൻ
കമ്പിതാവശരീരനായി
നാണിയിടിച്ചുതന്നീടിന താംബൂലം
മോണയിൽ മർദ്ദിച്ചുകൊണ്ടവിടെ
തെക്കേത്തളത്തിൽ വിവിധവിചാരങ്ങ-
ളുൾക്കമ്പിലുൾച്ചേർന്നിരുന്നിരുന്നു ...

കാവിവസ്ത്രത്തിൽ, മെതിയടിതൻപുറ-
ത്താവലംകൈത്താരിൽ യോഗദണ്ഡും,
വാമഹസ്തത്തിൽ പിടിമൊന്തയുമായി
ശ്രീമയദീപ്തിമുഖത്തു ചാർത്തി
പാപാന്ധകാരമകറ്റി, പ്പരവശ-
പ്പലനലോലനായ് ജ്ഞാനിയായി
'ചിന്മയാനന്ദ' നായ് സഞ്ചരിച്ചീടുന്നി-
തെന്മകൻ-കോൾമയിർക്കൊണ്ടുപോയ് ഞാൻ-
പിന്നിലായെത്രപേർ, കാണ്മവരൊട്ടുക്കു
വന്നു കാൽതൊട്ടു ശിരസ്സിൽ വെയ്പൂ...!
അക്കഴ്ച ദൈവമേ, നേരിട്ടു കാണാനൊ-
ന്നൊക്കാതെയെൻകണ്ണടയുമല്ലോ! ...

പെട്ടന്നൊരു കൂർത്തമുള്ളുകൊണ്ടെന്മനം
ഞെട്ടി-ഞാൻ നാണിതൻനേർക്കുനോക്കി.
അക്കവിളൊളിയോരോമനത്തൂമുഖം
ദു:ഖത്തിൻ കണ്ണാടിയായിരുന്നു
നിസ്തുലഗാഢപ്രണയാർദ്രമായൊരാ
ഹൃത്തിൻ വിശുദ്ധനിഗൂഢതയിൽ
ഏകാന്തശാന്തിയിൽ നൂലിട്ടു നിൽക്കുമ-
ശ്ശോകാർദ്രചിന്തയെന്താർക്കറിയാം? ...
പല്ലുകൊഴിഞ്ഞൊരത്തൂവായ്മലരണി-
ച്ചില്ലൊളിപ്പൂഞ്ചിരിപ്പൂനിലാവിൽ,
ഉത്തമപ്രേമാനുഭൂതികൾ മേളിച്ചു
മത്തടിക്കുന്നിതെൻചിത്തമിന്നും!
മൃത്യുവന്നെത്തിപ്പിരിക്കുമോ ഞങ്ങളെ
ശപ്തദിനമതടുക്കലാണോ? ...
മിന്നൽ, കൊടുങ്കാറ്റു, പേമഴ-തെല്ലൊന്നു
കണ്ണടയ്ക്കാമിനി, വൈകിനേരം.
"അമ്മേ!" വിളിക്കയാണാരോ "തുറക്കുകീ-
യുമ്മറവാതിൽ!" എന്റെ നാണുവല്ലേ?
കോരിത്തരിപ്പോടെ വെമ്പിയെണീറ്റു ഞാൻ
പാരം വിറയ്ക്കുന്ന മെയ്യുമായി.
നാണിപോയ് വാതിൽ തുറന്നു-നനഞ്ഞൂറ്റി
നാണു വിറകൊണ്ടകത്തു വന്നു.
കാവിമുണ്ടല്ലാ, വെളുപ്പു, വെളു"പ്പാട്ടെ
നീ വന്നതെന്തേ?-നനഞ്ഞല്ലോ നീ!
മുണ്ടു മാറീടുക!" ...കാരണംകൂടാതൊ-
രിണ്ടലന്നെന്നിലിഴഞ്ഞുകേറി.
തെല്ലുനേരത്തേക്കാ രാത്രിയെന്നോണമൊ-
രല്ലെന്റെ ഹൃത്തിൽ പതിയിരുന്നു.
വസ്ത്രങ്ങൾ മാറ്റിത്തലതോർത്തി വീണ്ടുമെൻ-
പുത്രനെൻ മുന്നിലായ് വന്നു നിന്നു.

"നീ വന്നതെന്തേ വിചാരിച്ചിരിക്കാതെ
രാവിലിരുട്ടിലിപ്പേമഴയിൽ?"
"ആശ്രമം വിട്ടു ഞാൻ!"-"എന്ത്"- ഞാൻ ഞെട്ടിപ്പോയ്
"ആശ്രമം വിട്ടു ഞാനെന്നെന്നേക്കും!"
"എന്തെന്മകനേ പറയുന്നതേവം നീ"
സന്തപ്തനായ് ഞാൻ തിരക്കി മന്ദം!
"അസ്വാമി നല്ലതല്ലച്ഛാ വെറും മൃഗം."
അശ്രുപൊടിഞ്ഞിതാക്കണ്ണിണയിൽ,
ഞാനമ്പരന്നു .. സന്യാസിക്കുകോപമോ
ജ്ഞാനിക്കും നമ്മേപ്പോൽ ശുണ്ഠിയുണ്ടോ?
ചൊല്ലി ഞാൻ: "വല്ലതും തെറ്റു നിന്നിൽക്കണ്ടു
തെല്ലു നിന്നോടു കയർത്തിരിക്കാം.
ഇത്ര മഠയനോ നീയതുമൂലമാ-
സ്സത്വാത്മകാശ്രമം കൈവെടിയാൻ? .."
"സത്വാശ്രമംതന്നെയാണത," വജ്ഞയോ-
ടുച്ചരിച്ചീടിനാൻ നാണു വേഗം.
"പോകണം വീണ്ടും നീ!" "ഇല്ലച്ചാ, ഞാനിനി-
പ്പോകില്ലവിടെ" ശ്ശഠിച്ചു പുത്രൻ.
"സ്വാമി നിന്നോടെന്തു ചെയ്തു?" ഭാവം പകർ-
ന്നീമട്ടൊന്നട്ടഹസിച്ചുപോയ് ഞാൻ.
മിണ്ടുന്നതില്ലവൻ-നിശ്ചയം, ഹാ ചെയ്തി-
ട്ടുണ്ടവനുഗമാം കുറ്റമെന്തോ!

"ആശ്രിതവത്സലനാ യോഗി നിന്നോടി-
ന്നാശ്രമം വിട്ടുപോകാൻ പറഞ്ഞോ? ...
"ഇല്ല, പറഞ്ഞില്ല, നേരേമറിച്ചു, പോ-
കൊല്ലയെന്നെന്നോടു കേണിരുന്നു."
എൻകണ്ണുരണ്ടും നിറഞ്ഞു-ഗുണം വരാ-
നെങ്കുഞ്ഞിനീശ്വരാ, യോഗമില്ലേ?

"ധിക്കരിച്ചെന്നിട്ടുപോന്നതെന്താണു നീ
നിൽക്കേണ്ടിവിടെത്തിരിച്ചുപോകൂ!
അപ്പദപത്മത്തിൽ വീണു നിൻതെറ്റിനു
മുൽപാടുചെന്നു നീ മാപ്പിരക്കൂ!" ...
"പോകയില്ലച്ഛാ ഞാ, നെന്തച്ഛൻ ചെയ്താലും
പോകില്ല ഞാനിനിയാശ്രമത്തിൽ!"
"സ്വാമി നിന്നോടെന്തുചെയ്തു?" ഗർജ്ജിച്ചു ഞാ-
നീമട്ടു വീണ്ടും ക്ഷമയൊടുങ്ങി.
"സ്വാമിപോലും!-മൃഗം, പേമൃഗം!-വേണെങ്കിൽ
സ്വാമിക്കൊരുത്തിയെക്കെട്ടരുതോ? .."

നിന്നില്ല പിന്നെയെൻ മുന്നിലവൻ-നാണി
കണ്ണും മിഴിച്ചു പകച്ചുനിൽപൂ!
ഞാനും പകച്ചു ...മനസ്സിലായില്ലൊന്നും
നാണുവിന്റെ ബുദ്ധിക്കിളക്കമുണ്ടോ?
പെണ്ണിനെക്കെട്ടലും സ്വാമിയും നാണുവും
തമ്മിലെന്താണൊരു ബന്ധമാവോ!
യോഗിയാക്കീടാൻ ഞാനെത്ര കൊതിക്കിലും
യോഗമില്ലെങ്കിൽ പിന്നെന്തുചെയ്യും?
എങ്കിലുമെന്തോ തകരാറെവിടെയോ
ശങ്കയി, ല്ലുണ്ടെ, ന്തെന്നാരറിഞ്ഞു? ....