അനുഗ്രഹക്കടലേ എഴുന്നള്ളി വരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അനുഗ്രഹക്കടലേ എഴുന്നള്ളി വരിക

രചന:സാധു കൊച്ചുകുഞ്ഞുപദേശി

നുഗ്രഹക്കടലേ എഴുന്നള്ളി വരികയി -
ന്നനുഗ്രഹമടിയരിൽ അളവെന്യേ പകരാൻ
പിച്ചളസർപ്പത്തെ നോക്കിയ മനുജർ -
ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയേ

എന്നിൽനിന്നു കുടിച്ചിടുന്നോർ വയറ്റിൽ നി -
ന്നനുഗ്രഹജലനദി ഒഴുകുമെന്നരുളി നീ
പന്ത്രണ്ടപ്പോസ്തലൻമാരിൽക്കൂടാദ്യമായ്‌
പെന്തക്കോസ്തിൻ നാളിൽ ഒഴുക്കിയ വൻനദി

ആത്മമാരികൂടാതെങ്ങനെ ജീവിക്കും
ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണേ
യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം
ഞങ്ങളിൽ ഇന്നു നീ നിവൃത്തിയാക്കിടേണം

മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി -
ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം
പീശോൻ ഗീചോൻ നദി ഹിദ്ദേക്കൽ ഫ്രാത്തതും
മേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ

സിംഹങ്ങൾ കേറാത്ത വഴി ഞങ്ങൾക്കേകണേ
ദുഷ്ടമൃഗങ്ങൾക്ക് കാടുകളാകല്ലേ
രാജമാർഗേ ഞങ്ങൾ പാട്ടോടും ആർപ്പോടും
ക്രൂശിന്റെ കൊടിക്കീഴിൽ ജയത്തോട് വാഴാൻ

സീയോൻ യാത്രക്കാരെ ദൈവമേ ഓർക്കണേ
വഴിമദ്ധ്യേ അവർക്കുള്ള സങ്കടം തീർക്കണേ
വരുമെന്നരുളിയ പൊന്നുകാന്താ നിന്റെ
വരവിനു താമസം മേലിലുണ്ടാകല്ലേ