അനുകമ്പാദശകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അനുകമ്പാദശകം

രചന:ശ്രീനാരായണഗുരു (1914)

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും.       1

അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും.       2

അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.       3

അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം.       4

വരുമാറു വിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേർ;
ഉരുവാമുടൽ വിട്ടു കീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും.       5

പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവൻ?       6

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?       7

ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ?       8

ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്റെ പരാർത്ഥ്യഭക്തനോ?       9

നരരൂപമെടുത്തു ഭൂമിയിൽ
പെരുമാറീടിന കാമധേനുവോ?
പരമാദ്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാവൻ!       10

ഫലശ്രുതി

അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.

"https://ml.wikisource.org/w/index.php?title=അനുകമ്പാദശകം&oldid=174697" എന്ന താളിൽനിന്ന് ശേഖരിച്ചത്