അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/സമുദ്രലംഘനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


ലവണജലനിധിശതകയോജനാവിസ്തൃതം
ലംഘിച്ചുലങ്കയിൽ ചെല്ലുവാൻ മാരുതി
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
കപിവരരൊടമിതബല സഹിതമുരചെയ്തിതു
കണ്ടുകൊൾവിൻ നിങ്ങളെങ്കിലെല്ലാവരും
മമജനകസദൃശനഹ മതിചപലമംബരേ
മാനേനപോകുന്നിതാശരേശാലയേ
അജതനയതനയശരസമമധിക സാഹസാ-
ലദൈവപശ്യാമിരാമപത്നീമഹം
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി-
ങ്ങദ്യ കൃതാർത്ഥനായേൻ കൃതാർത്ഥോസ്മ്യഹം
പ്രണതജനബഹുജനനമരണ ഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവൻ
ജനിമരണജലനിധിയെ വിരവൊടുകടക്കുമ-
ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യാംഗുലീയവുമുണ്ടു ശിരസി മേ
കിമപി നഹി ഭയമുദധി സപദിതരിതും;നിങ്ങൾ
കീശപ്രവരരേ! ഖേദിയായ്കേതുമേ
ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയർത്തിപ്പരത്തി കരങ്ങളും
അതിവിപുല ഗളതലവുമാർജ്ജവമാക്കിനി-
നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയനനായ്
ദശവദനപുരിയിൽ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ