അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ഹനൂമൽസുഗ്രീവസംവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


ഇങ്ങനെ വാഴുന്ന കാലമൊരുദിന-
മങ്ങു കിഷ്കിന്ധാപുരത്തിങ്കൽ വാഴുന്ന
സുഗ്രീവനോടു പറഞ്ഞു പവനജ-
നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:
"കേൾക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം
വാക്കുകൾ ഞാൻ പറയുന്നവ സാദരം.
നിന്നുടെ കാര്യം വരുത്തി രഘൂത്തമൻ
മുന്നമേ സത്യവ്രതൻ പുരുഷോത്തമൻ.
പിന്നെ നീയോ നിരൂപിച്ചീലതേതുമെ-
ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ.
ബാലി മഹാബലവാൻ കപിപുംഗവൻ
ത്രൈലോക്യസമ്മതൻ ദേവരാജാത്മജൻ
നിന്നുടെമൂലം മരിച്ചു ബലാ, ലവൻ
മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു
രാജ്യാഭിഷേകവും ചെയ്തു മഹാജന-
പൂജ്യനായ്താരയുമായിരുന്നീടു നീ.
എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും
ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ.
അദ്യ വാ ശ്വോ വാ പരശ്വോഥ വാ തവ
മൃത്യു ഭവിക്കുമതിനില്ല സംശയം
പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
പർവതാഗ്രേ നിജ സോദരൻതന്നോടു-
മൂർവീശ്വരൻ പരിതാപേന വാഴുന്നു
നിന്നെയും പാർത്തു, പറഞ്ഞ സമയവും
വന്നതും നീയോ ധരിച്ചതില്ലേതുമേ.
വാനരഭാവേന മാനിനീസക്തനായ്‌
പാനവും ചെയ്തു മതിമറന്നന്വഹം
രാപ്പകലുമറിയാതേ വസിക്കുന്ന
കോപ്പുകളെത്രയും നന്നുനന്നിങ്ങനെ.
അഗ്രജനായ ശക്രാത്മജനെപ്പോലെ
നിഗ്രഹിച്ചീടും ഭവാനെയും നിർണ്ണയം."
അഞ്ജനാനന്ദൻതന്നുടെ വാക്കു കേ-
ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും
ഉത്തരമായവൻതന്നോടു ചൊല്ലിനാൻ:
"സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം.
ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ
പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ
സത്വരമെന്നുടെയാജ്ഞയോടും ഭവാൻ
പത്തുദിക്കിങ്കലേക്കുമയച്ചീടണം,
സപ്തദ്വീപസ്ഥിതന്മാരായ വാനര-
സത്തമന്മാരെ വരുത്തുവാനായ്‌ ദ്രുതം
നേരെ പതിനായിരം കപിവീരെ-
പ്പാരാതയയ്ക്ക സന്ദേശപറത്തെ
പക്ഷതിനുള്ളിൽ വരേണം കപികുലം
പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ
വദ്ധ്യനവനതിനില്ലൊരു സംശയം
സത്യം പറഞ്ഞാലിളക്കമില്ലേതുമേ."
അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു
മഞ്ജുളമന്ദിരം പുക്കിരുന്നീടിനാൻ
ഭർത്തൃനിയോഗം പുരസ്കൃത്യ മാരുത-
പുത്രനും വാനരസത്തമന്മാരെയും
പത്തു ദിക്കിന്നുമയച്ചാനഭിമത-
ദത്തപൂർവ്വം, കപീന്ദ്രന്മാരുമന്നേരം
വായുവേഗപ്രചാരേണ കപികുല-
നായകന്മാരെ വരുത്തുവാനായ്‌ മുദാ
പോയിതു ദാനമാനാദി തൃപ്തത്മനാ
മായാമാനുഷ്യകാര്യാർത്ഥമതിദ്രുതം.