അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സുഗ്രീവൻ ശ്രീരാമസന്നിധിയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


‘അങ്ങനെ തന്നെ പുറപ്പെടുകെങ്കിൽ നാ-
മിങ്ങിനിപ്പാർക്കയില്ലെ’ന്നു സുഗ്രീവനും
തേരിൽ കരേറി സുമിത്രാത്മജനുമായ്
ഭേരീമൃദംഗശംഖാദി നാദത്തൊടും
അഞ്ജനാപുത്ര നീലാംഗദാദ്യൈരല-
മഞ്ജസാ വാനരസേനയോടും തദാ
ചാമരശ്വേതാ‍തപത്രവ്യജനവാൻ
സാമരസൈന്യനഖണ്ഡലനെപ്പോലെ
രാമൻ തിരുവടിയെച്ചെന്നു കാണ്മതി-
നാമോദമോടു നടന്നു കപിവരൻ
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന
വിഹ്വലമാനസം ചീരാജിനധരം
ശ്യാമം ജടമകുടോജ്ജ്വലം മാനവം
രാമം വിശാലവിലോലവിലോചനം
ശാന്തം മൃദുസ്മിതചാരുമുഖാംബുജം
കാന്താവിരഹസന്തപ്തം മനോഹരം
കാന്തം മൃഗപക്ഷി സഞ്ചയസേവിതം
ദാന്തം മുദാ കണ്ടു ദൂരാല് കപിവരന്
തേരില്നിന്നാശു താഴത്തിറങ്ങീടിനാന്
വീരനായോരു സൌമിത്രിയോടും തദാ
ശ്രീരാമപാദാരവിന്ദാന്തികേ വീണു
പൂരിച്ച ഭക്ത്യാ നമസ്കരിച്ചീടിനാന്
ശ്രീരാമദേവനും വാനരവീരനെ-
ക്കാരുണ്യമോടു ഗാഢം പുണര്ന്നീടിനാന്
‘സൌഖ്യമല്ലീ ഭവാനെ’ന്നുരചെയ്തുട-
നൈക്യഭാവേന പിടിച്ചിരുത്തീടിനാന്
ആതിഥ്യമായുള്ള പൂജയും ചെയ്തള-
വാദിത്യപുത്രനും പ്രീതിപൂണ്ടാന് തുലോം