അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/അംഗദാദികളുടെ സംശയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


മർക്കടസഞ്ചയം ദേവിയെയാരാഞ്ഞു
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്രദിവസം കഴിഞ്ഞിതെന്നും ധരാ-
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും
ചിന്തിച്ചു ഖേദിച്ചു താരാസുതൻ നിജ-
ബന്ധുക്കളായുള്ളവരോടു ചൊല്ലിനാൻ
'പാതാളമുൾപുക്കുഴന്നു നടന്നു നാ-
മേതുമറിഞ്ഞീല വാസരം പോയതും
മാസമതീതമായ്‌ വന്നിതു നിർണ്ണയം
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം
രാജനിയോഗമനുഷ്ഠിയാതെ വൃഥാ
രാജധാനിയ്ക്കു നാം ചെല്ലുകിലെന്നുമേ
നിഗ്രഹിച്ചീടുമതിനില്ല സംശയം
സുഗ്രീവശാസനം നിഷ്ഫലമായ്‌ വരാ
പിന്നെ വിശേഷിച്ചു ശത്രുതനയനാ-
മെന്നെ വധിയ്ക്കുമതിനില്ലൊരന്തരം
എന്നിലവന്നൊരു സമ്മതമെന്തുള്ള-
തെന്നെ രക്ഷിച്ചതു രാമൻ തിരുവടി
രാമകാര്യത്തെയും സാധിയാതെ ചെൽകിൽ
മാമകജീവനം രക്ഷിയ്ക്കയില്ലവൻ
മാതാവിനോടു സമാനയാകും നിജ-
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവൻ
പാപി ദുരാത്മാവിവനെന്തരുതാത്തതും?
തൽപാർശ്വദേശേ ഗമിയ്ക്കുന്നതില്ല ഞാ-
നിപ്പോളിവിടെ മരിക്കുന്നതേയുള്ളു
വല്ലപ്രകാരവും നിങ്ങൾ പോയ്ക്കൊൾകെന്നു
ചൊല്ലിക്കരയുന്ന നേരം കപികളും
തുല്യദുഃഖേന ബാഷ്പം തുടച്ചൻപോടു
ചൊല്ലിനാർ മിത്രഭാവത്തോടു സത്വരം
'ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ
ഇന്നും നാം പോന്ന ഗുഹയിലകം പുക്കു
നന്നായ്‌ സുഖിച്ചു വസിക്കാം വയം ചിരം
സർവ്വസൗഭാഗ്യസമന്വിതമായൊരു
ദിവ്യപുരമതു ദേവലോകോപമം
ആരാലുമില്ലൊരുനാളും ഭയം സഖേ!
തരേയ പോക നാം വൈകരുതേതുമേ'
അംഗദൻ തന്നോടിവണ്ണം കപികുല-
പുംഗവന്മാർ പറയുന്നതു കേൾക്കയാൽ
ഇംഗിതജ്ഞൻ നയകോവിദൻ വാതജ-
നംഗദനെത്തഴുകിപ്പറഞ്ഞീടിനാൻ
'എന്തൊരു ദുർവ്വിചാരം? യോഗ്യമല്ലിദ-
മന്ധകാരങ്ങൾ നിനയായ്‌വിനാരുമേ
ശ്രീരാമനേറ്റം പ്രിയൻ ഭവാനെന്നുടെ-
താരാസുതനെന്നു തന്മാനസേ സദാ
പാരം വളർന്നൊരു വാത്സല്യമുണ്ടതു
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ
സൗമിത്രിയെക്കാളതിപ്രിയൻ നീ തവ
സാമർത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?
ആകയാൽ ഭീതി ഭവാനൊരുനാളുമേ
രാഘവൻ പക്കൽനിന്നുണ്ടായ്‌വരാ സഖേ!
ശാഖാമൃഗാധിപനായാ സുഗ്രീവനും
ഭാഗവതോത്തമൻ വൈരമില്ലാരിലും
വ്യാകുലമുള്ളിലുണ്ടാകരുതേതുമേ
നാകാധിപാത്മജനന്ദന! കേളിദം
ഞാനും തവ ഹിതത്തിങ്കൽ പ്രസക്തന-
ജ്ഞാനികൾ വാക്കു കേട്ടേതും ഭ്രമിയ്ക്കൊലാ
ഹാനി വരായ്‌വാൻ ഗുഹയിൽ വസിയ്ക്കെന്നു
വാനരൗഘം പറഞ്ഞീലയോ ചൊല്ലു നീ
രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ
ലോകത്രയത്തിങ്കലില്ലെന്നറിക നീ
അൽപമതികൾ പറഞ്ഞു ബോധിപ്പിച്ചു
ദുർബ്ബോധമുണ്ടായ്‌ ചമയരുതാരുമേ
ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിയ്ക്കയില്ലേടോ സജ്ജനഭാഷിതം
ദുർജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും
സജ്ജനത്തോടു വിപരീതഭാവവും
ദേവദ്വിജകുലധർമ്മവിദ്വേഷവും
പൂർവ്വബന്ധുക്കളിൽ വാച്ചൊരു വൈരവും
വർദ്ധിച്ചു വർദ്ധിച്ചു വംശനാശത്തിനു
കർത്തൃത്വവും തനിക്കായ്‌ വന്നുകൂടുമേ
അത്യന്തഗുഹ്യം രഹസ്യമായുള്ളൊരു
വൃത്താന്തമമ്പോടു ചൊല്ലുവൻ കേൾക്ക നീ
ശ്രീരാമദേവൻ മനുഷ്യനല്ലോർക്കെടോ!
നാരായണൻ പരമാത്മാ ജഗന്മയൻ
മായാഭഗവതി സാക്ഷാൽ മഹാവിഷ്ണു-
ജായാ സകലജഗന്മോഹകാരിണി
സീതയാകുന്നതു ലക്ഷ്മണനും ജഗ-
ദാധാരഭൂതനായുള്ള ഫണീശ്വരൻ
ശേഷൻ ജഗത്സ്വരൂപൻ ഭുവി മാനുഷ-
വേഷമായ്‌ വന്നു പിറന്നതയോദ്ധ്യയിൽ
രക്ഷോഗണത്തെയൊടുക്കി ജഗത്ത്രയ-
രക്ഷവരുത്തുവാൻ പണ്ടു വിരിഞ്ചനാൽ
പ്രാർത്ഥിതനാകയാൽ പാർത്ഥിവപുത്രനായ്‌
മാർത്താണ്ഡഗോത്രത്തിലാർത്തപരായണൻ
ശ്രീകണ്ഠസേവ്യൻ ജനാർദ്ദനൻ മാധവൻ
വൈകുണ്ഠവാസി മുകുന്ദൻ ദയാപരൻ
മർത്ത്യനായ്‌ വന്നിങ്ങവതരിച്ചീടിനാൻ
ഭൃത്യവർഗ്ഗം നാം പരിചരിച്ചീടുവാൻ
ഭർത്തൃനിയോഗേന വാനരവേഷമായ്‌
പൃത്ഥ്വിയിൽ വന്നു പിറന്നിരിയ്ക്കുന്നതും
പണ്ടു നാമേറ്റം തപസ്സുചെയ്തീശനെ-
ക്കന്റു വണങ്ങി പ്രസാദിച്ചു മാധവൻ
തന്നുടെ പാരിഷദന്മാരുടെ പദം
തന്നതിപ്പോഴും പരിചരിച്ചിന്നിയും
വൈകുണ്ഠലോകം ഗമിച്ചു വാണീടുവാൻ
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ'
അംഗദനോടിവണ്ണം പവനാത്മജൻ
മംഗലവാക്കുകൾ ചൊല്ലിപ്പലതരം
ആശ്വസിപ്പിച്ചുടൻ വിന്ധ്യാചലം പുക്കു
കാശ്യപീപുത്രിയെ നോക്കി നോക്കി ദ്രുതം
ദക്ഷിണവാരിധിതീരം മനോഹരം
പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ
ദുസ്തരമേറ്റമഗാധം ഭയങ്കരം
ദുഷ്പ്രാപമാലോക്യ മർക്കടസഞ്ചയം
വൃത്രാരിപുത്രാത്മജാദികളൊക്കെയും
ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടൻ
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ-
'മെന്തിനിച്ചെയ്‌വതു സന്തതമോർക്ക നാം
ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും
വിഹ്വലന്മാരായ്‌ കഴിഞ്ഞിതു മാസവും
തണ്ടാരിൽമാതിനെ കണ്ടീല നാം ദശ-
കണ്ഠനേയും കണ്ടു കിട്ടീല കുത്രചിൽ
സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം
നിഗ്രഹിച്ചീടുമവൻ നമ്മെ നിർണ്ണയം
ക്രുദ്ധനായുള്ള സുഗ്രീവൻ വധിക്കയിൽ
നിത്യോപവാസേന മൃത്യു ഭവിപ്പതു
മുക്തിയ്ക്കു നല്ലു നമുക്കു പാർത്തോള'മെ-
ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം
ദർഭ വിരിച്ചു കിടന്നിതെല്ലാവരും
കൽപിച്ചതിങ്ങനെ നമ്മെയെന്നോർത്തവർ