അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/സുതീഷ്ണാശ്രമപ്രവേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
നിത്യസംപൂജ്യമാനനായ്‌ വനവാസികളാൽ
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളിൽ
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260
സത്സംസർഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം
മുഖ്യതാപസകുലശിഷ്യസഞ്ചയപൂർണ്ണം
സർവർത്തുഗുണഗണസമ്പന്നമനുപമം
സർവകാലാനന്ദദാനോദയമത്യത്ഭുതം
സർവപാദപലതാഗുൽമസംകുലസ്ഥലം
സർവസൽപക്ഷിമൃഗഭുജംഗനിഷേവിതം.
രാഘവനവരജൻതന്നോടും സീതയോടു-
മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്‌ഠൻ 270
കുംഭസംഭവനാകുമഗസ്ത്യ‍ശിഷ്യോത്തമൻ
സംപ്രീതൻ രാമമന്ത്രോപാസനരതൻ മുനി
സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
സംപൂജ്യച്ചരുളിനാനർഗ്‌ഘ്യപാദാദികളാൽ.
ഭക്തിപൂണ്ടശ്രുജനനേത്രനായ്‌ സഗദ്‌ഗദം
ഭക്തവത്സലനായ രാഘവനോടു ചൊന്നാൻഃ
"നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
സന്തതം ജപിപ്പു ഞാൻ മൽഗുരുനിയോഗത്താൽ.
ബ്രഹ്‌മശങ്കരമുഖ്യവന്ദിമാം പാദമല്ലോ
നിന്മഹാമായാർണ്ണവം കടപ്പാനൊരു പോതം. 280
ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാൻ
ത്വൽപാദാംബുജം നിത്യമുൾക്കാമ്പിലുദിക്കണം.
പുത്രഭാര്യാർത്ഥനിലയാന്ധകൂപത്തിൽ വീണു
ബദ്ധനായ്‌ മുഴുകീടുമെന്നെ നിന്തിരുവടി
ഭക്തവാത്സല്യകരുണാകടാക്ഷങ്ങൾതന്നാ-
ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
മൂത്രമാംസാമേദ്ധ്യാന്ത്രപുൽഗല പിണ്ഡമാകും
ഗാത്രമോർത്തോളമതി കശ്‌മല,മതിങ്കലു- 290
ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
ച്ചാർത്തിനാശന! ഭവാൻ വാഴുകെന്നുളളിൽ നിത്യം.
സർവഭൂതങ്ങളുടെയുളളിൽ വാണീടുന്നതും
സർവദാ ഭവാൻതന്നെ കേവലമെന്നാകിലും
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
സേവാനുരൂപഫലദാനതൽപരൻ ഭവാൻ
ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ! 300
വിശ്വസംഹാരസൃഷ്‌ടിസ്ഥിതികൾ ചെയ്‌വാനായി
വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ
രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
ച്ചിദ്രൂപനായ ഭവാൻ വാഴുന്നു, മോഹാത്മനാം
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കൽ
ഭാനുമാൻ ജലംപ്രതി വെവ്വേറെ കാണുംപോലെ.
ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ-
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാൻ ദയാനിധേ!
അദ്യൈവ ഭവച്ചരണാംബുജയുഗം മമ
പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാൽ. 310
ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
നിർമ്മലനായ ഭവാൻ ചിന്മയനെന്നാകിലും
സന്മയമായി പരബ്രഹ്‌മമായരൂപമായ്‌
കർമ്മണാമഗോചരമായോരു ഭവദ്രൂപം
ത്വന്മായാവിഡംബനരചിതം മാനുഷ്യകം
മന്മഥകോടികോടിസുഭഗം കമനീയം
കാരുണ്യപൂർണ്ണനേത്രം കാർമ്മുകബാണധരം
സ്മേരസുന്ദരമുഖമജിനാംബരധരം
സീതാസംയുതം സുമിത്രാത്മജനിഷേവിത-
പാദപങ്കജം നീലനീരദകളേബരം. 320
കോമളമതിശാന്തമനന്തഗുണമഭി-
രാമമാത്മാരാമമാനന്ദസമ്പൂർണ്ണാമൃതം
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!"
വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
മന്ദഹാസവും പൂണ്ടു രാഘവനരുൾചെയ്‌തുഃ
"നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌വന്നു മുനേ! 330
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
ന്മന്ത്രോപാസകന്മാരായ്‌ നിരപേക്ഷന്മാരുമായ്‌
സന്തുഷ്‌ടന്മാരായുളള ഭക്തന്മാർക്കെന്നെ നിത്യം
ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമല്ലോ.
ത്വൽകൃതമേതൽ സ്തോത്രം മൽപ്രിയം പഠിച്ചീടും
സൽകൃതിപ്രവരനാം മർത്ത്യനു വിശേഷിച്ചും
സൽഭക്തി ഭവിച്ചീടും ബ്രഹ്‌മജ്ഞാനവുമുണ്ടാ-
മൽപവുമതിനില്ല സംശയം നിരൂപിച്ചാൽ.
താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ. 380
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യ‍നെ-
ക്കണ്ടു വന്ദിച്ചുകൊൾവാ,നെന്തതിനാവതിപ്പോൾ?
തത്രൈവ കിഞ്ചിൽക്കാലം വസ്‌തുമുണ്ടത്യാഗ്രഹ-
മെത്രയുണ്ടടുത്തതുമഗസ്ത്യ‍ാശ്രമം മുനേ!"
ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീക്ഷ്‌ണനു-
"മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാൻ
കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാൾ.
വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെൻ ഗുരുവിനെ.
പുഷ്‌ടമോദത്തോടൊക്കത്തക്കപ്പോയ്‌ക്കാണാമല്ലോ." 390
ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
പ്രീതനാം മുനിയോടും ജാനകീദേവിയോടും
സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്‌
ചെന്നിതു രാമനഗസ്ത്യ‍ാനുജാശ്രമേ ജാവം
വന്നു സൽക്കാരംചെയ്താനഗസ്ത്യ‍സഹജനും
വന്യഭോജനവുംചെയ്തന്നവരെല്ലാവരു-
മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷംഃ