അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/രാവണമാരീചസംഭാഷണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു
ചിത്രഭാനുവുമുദയാദ്രിമൂർദ്ധനി വന്നു.
തേരതിലേറീടിനാൻ ദേവസഞ്ചയവൈരി
പാരാതെ പാരാവാരപാരമാം തീരം തത്ര
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം
ഘോരനാം ദശാനനൻ കാര്യഗൗരവത്തോടും.
മൗനവുംപൂണ്ടു ജടാവല്‌ക്കലാദിയും ധരി-
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളിൽ 1160
രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-
ണ്ടാമോദത്തോടു മരുവീടിന മാരീചനും
ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ
ലോകോപദ്രവകാരിയായ രാവണൻതന്നെ
കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്‌തു പൂണ്ടു-
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്‌ഠൻ
യോജിച്ചു ചിത്തമപ്പോൾ ചോദിച്ചു മാരീചനുംഃ
"എന്തൊരാഗമനമിതേകനായ്‌തന്നെയൊരു
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കൽ. 1170
ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ
നല്ലതു വരുത്തുവാനുളളതിൽ മുമ്പനല്ലോ.
ന്യായമായ്‌ നിഷ്‌കൽമഷമായിരിക്കുന്ന കാര്യം
മായമെന്നിയേ ചെയ്‌വാൻ മടിയില്ലെനിക്കേതും."
മാരീചവാക്യമേവം കേട്ടു രാവണൻ ചൊന്നാ-
"നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.
സാകേതാധിപനായ രാജാവു ദശരഥൻ
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോൽ
രാമലക്ഷ്‌മണന്മാരെന്നിരുവരിതുകാലം
കോമളഗാത്രിയായോരംഗനാരത്നത്തോടും 1180
ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വർ ബലാ
ലെന്നുടെ ഭഗിനിതൻ നാസികാകുചങ്ങളും
കർണ്ണവും ഛേദിച്ചതു കേട്ടുടൻ ഖരാദികൾ
ചെന്നിതു പതിന്നാലായിരവുമവരെയും
നിന്നു താനേകനായിട്ടെതിർത്തു രണത്തിങ്കൽ
കോന്നിതു മൂന്നേമുക്കാൽ നാഴികകൊണ്ടു രാമൻ.
തൽപ്രാണേശ്വരിയായ ജാനകിതന്നെ ഞാനു-
മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ
ഹേമവർണ്ണം പൂണ്ടോരു മാനായ്‌ ചെന്നടവിയിൽ
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം. 1190
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ
വാമഗാത്രിയെയപ്പോൾ കൊണ്ടു ഞാൻ പോന്നീടുവൻ.
നീ മമ സഹായമായിരിക്കിൽ മനോരഥം
മാമകം സാധിച്ചീടുമില്ല സംശയമേതും."
പംകതികന്ധരവാക്യം കേട്ടു മാരീചനുളളിൽ
ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്‌താൻഃ
"ആരുപദേശിച്ചിതു മൂലനാശനമായ
കാരിയം നിന്നോടവൻ നിന്നുടെ ശത്രുവല്ലോ.
നിന്നുടെ നാശം വരുത്തീടുവാനവസരം-
തന്നെപ്പാർത്തിരിപ്പോരു ശത്രുവാകുന്നതവൻ. 1200
നല്ലതു നിനക്കു ഞാൻ ചൊല്ലുവൻ കേൾക്കുന്നാകിൽ
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.
രാമചന്ദ്രനിലുളള ഭീതികൊണ്ടകതാരിൽ
മാമകേ രാജരത്നരമണീരഥാദികൾ
കേൾക്കുമ്പോളതിഭീതനായുളള ഞാനോ നിത്യം;
രാക്ഷസവംശം പരിപാലിച്ചുകൊൾക നീയും.
ശ്രീനാരായണൻ പരമാത്മാവുതന്നെ രാമൻ
ഞാനതിൽ പരമാർത്ഥമറിഞ്ഞേൻ കേൾക്ക നീയും.
നാരദാദികൾ മുനിശ്രേഷ്‌ഠന്മാർ പറഞ്ഞു പ-
ണ്ടോരോരോ വൃത്താന്തങ്ങൾ കേട്ടേൻ പൗലസ്ത്യ‍പ്രഭോ! 1210
പത്മസംഭവൻ മുന്നം പ്രാർത്ഥിച്ചകാലം നാഥൻ
പത്മലോചനനരുൾചെയ്‌തിതു വാത്സല്യത്താൽ
എന്തു ഞാൻ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു
ചിന്തിച്ചു വിധാതാവുമർത്ഥിച്ചു ദയാനിധേ!
'നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു
പംക്തികന്ധരൻതന്നെക്കൊല്ലണം മടിയാതെ.'
അങ്ങനെതന്നെയെന്നു സമയംചെയ്‌തു നാഥൻ
മംഗലം വരുത്തുവാൻ ദേവതാപസർക്കെല്ലാം.
മാനുഷനല്ല രാമൻ സാക്ഷാൽ ശ്രീനാരായണൻ-
താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ. 1220
പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ
മായാമാനുഷൻതന്നെസ്സേവിച്ചുകൊൾക നിത്യം.
എത്രയും പരമകാരുണികൻ ജഗന്നാഥൻ
ഭക്തവത്സലൻ ഭജനീയനീശ്വരൻ നാഥൻ."
മാരീചൻ പറഞ്ഞതു കേട്ടു രാവണൻ ചൊന്നാൻഃ
"നേരത്രേ പറഞ്ഞതു നിർമ്മലനല്ലോ ഭവാൻ.
ശ്രീനാരായണസ്വാമി പരമൻ പരമാത്മാ-
താനരവിന്ദോത്ഭവൻ തന്നോടു സത്യംചെയ്‌തു
മർത്ത്യനായ്‌ പിറന്നെന്നെക്കൊല്ലുവാൻ ഭാവിച്ചതു
സത്യസങ്കൽപനായ ഭഗവാൻതാനെങ്കിലോ 1230
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?
നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോർത്തീലൊട്ടും
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം
ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം.
ഉത്തിഷ്‌ഠ മഹാഭാഗ പൊന്മാനായ്‌ ചമഞ്ഞു ചെ-
ന്നെത്രയുമകറ്റുക രാമലക്ഷ്‌മണന്മാരെ.
അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവൻ
പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ.
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി-
ലെന്നുടെ വാൾക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ." 1240
എന്നതു കേട്ടു വിചാരിച്ചിതു മാരീചനുംഃ
'നന്നല്ല ദുഷ്‌ടായുധമേറ്റു നിര്യാണംവന്നാൽ
ചെന്നുടൻ നരകത്തിൽ വീണുടൻ കിടക്കണം,
പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌വരുമല്ലോ
രാമസായകമേറ്റു മരിച്ചാ'ലെന്നു ചിന്തി-
ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാൻഃ
"രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കിൽ
സാക്ഷാൽ ശ്രീരാമൻ പരിപാലിച്ചുകൊൾക പോറ്റീ!"
എന്നുരചെയ്‌തു വിചിത്രാകൃതി കലർന്നൊരു
പൊൻനിറമായുളെളാരു മൃഗവേഷവും പൂണ്ടാൻ. 1250
പങ്‌ക്തികന്ധരൻ തേരിലാമ്മാറു കരേറിനാൻ
ചെന്താർബാണനും തേരിലേറിനാനതുനേരം.
ചെന്താർമാനിനിയായ ജാനകിതന്നെയുളളിൽ
ചിന്തിച്ചു ദശാസ്യനുമന്ധനായ്‌ ചമഞ്ഞിതു.
മാരീചൻ മനോഹരമായൊരു പൊന്മാനായി
ചാരുപുളളികൾ വെളളികൊണ്ടു നേത്രങ്ങൾ രണ്ടും
നീലക്കൽകൊണ്ടു ചേർത്തു മുഗ്‌ദ്ധഭാവത്തോടോരോ
ലീലകൾ കാട്ടിക്കാട്ടിക്കാട്ടിലുൾപ്പുക്കും പിന്നെ
വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-
രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും 1260
രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ
രാകേന്ദുമുഖി സീത കണ്ടു വിസ്‌മയംപൂണ്ടാൾ.


രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥൻ
ദേവിയോടരുൾചെയ്താനേകാന്തേ, "കാന്തേ! കേൾ നീ
രക്ഷോനായകൻ നിന്നെക്കൊണ്ടുപോവതിനിപ്പോൾ
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പർണ്ണശാലയിൽ നിർത്തീടണം.
വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞു വസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം. 1270
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-
ദാശ്രയഭൂതേ! സീതേ! ധർമ്മരക്ഷാർത്ഥം പ്രിയേ!"
രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും
കോമളഗാത്രിയായ മായാസീതയെത്തത്ര
പർണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കൽ
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോൾ.